Monday, 31 December 2012

കാലടികള്‍ ശ്രദ്ധിക്കൂ

കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'

Thursday, 6 December 2012

ക്രിസ്മസ്: എളിമയുടെ പൂത്തിരിവെട്ടം

      വര്‍ണ്ണാഭമാണിന്നു ക്രിസ്മസ്. സാന്റാക്ലോസും നക്ഷത്രവിളക്കും വീടിന്റെ ഉമ്മറത്ത് അലങ്കരിച്ചൊരുക്കിയ പുല്‍ക്കൂടുമെല്ലാം പ്രതാപം വിളിച്ചോതുന്ന മായാക്കാഴ്ചകള്‍ തന്നെ. നക്ഷത്രവിളക്കിന്റെ എണ്ണത്തിലും വലുപ്പത്തിലും ക്രിസ്മസ് ട്രീയുടെ മോടിയിലും അയലത്തുകാരനെ കടത്തിവെട്ടാനുള്ള വെപ്രാളമാണെവിടെയും. കണ്ണഞ്ചിപ്പിക്കുന്ന കമ്പോളനക്ഷത്രത്തിന്റെ ഗതി നോക്കി വിദ്വല്‍ഗര്‍വ്വു ഭാവിക്കുന്ന നമ്മുടെ സമൂഹമിന്ന് ബേത്‌ലഹേമില്‍നിന്ന് വളരെ ദൂരെ ഏതോ മരുഭൂമിയിലെത്തിയിരിക്കുന്നു. സ്‌നേഹം വറ്റിവരണ്ട സ്വാര്‍ത്ഥതയുടെ ഈ മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ എവിടെയാണ് കാരുണ്യരൂപിയായ ഉണ്ണിയ്ക്കു പിറക്കാനിടം ലഭിക്കുക? അപരനെ അറിയാന്‍ അല്പനേരം മാറ്റിവയ്ക്കാനില്ലാതെ ബന്ധങ്ങളറ്റ വിരസജീവിതങ്ങള്‍ക്കിടയിലെവിടെയാണ് ആ ദയാമയന് സ്ഥാനമുണ്ടാവുക? ക്രിസ്മസിന്റെ പേരില്‍ ഇന്നു പ്രചാരത്തിലുള്ള പ്രതീകങ്ങളെല്ലാം തുടക്കത്തില്‍ എളിമയുടെയും ഹൃദയവിശാലതയുടെയും പേരിലാണ് അംഗീകരിക്കപ്പെട്ടത് എന്ന സത്യം നാം മറക്കരുത്.
      ആദ്യത്തെ ക്രിസ്മസ് തന്നെ നോക്കൂ... അരക്ഷിതഭാവിയുടെ ഇരുളിമ പരന്ന മനസ്സുമായി ജീവിതത്തിന്റെ വെളിമ്പറമ്പില്‍ കഴിഞ്ഞിരുന്ന ഇടയന്മാര്‍ക്കാണ് സ്വര്‍ഗ്ഗസമാധാനത്തിന്റെ ദര്‍ശനമുണ്ടായത്. ആ കൊടുംതണുപ്പിലും അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, ഉള്ളിനെ ഊഷ്മളമാക്കുന്നൊരു സ്‌നേഹഭാവവുമായി തങ്ങളുടെ മശിഹാ വരുമെന്ന്. കഷ്ടതകളൊടുങ്ങുന്ന ആ നല്ല കാലം സ്വപ്നം കണ്ട അവര്‍ക്ക് ക്ഷണിക്കാതെ പൂക്കള്‍ നിറച്ചെത്തിയ വസന്തം പോലെ ആഹ്ലാദദായകമായി, ദൂതന്മാരുടെ ദര്‍ശനം.
      ദൂതന്‍ അവരോടു പറഞ്ഞതോ- "ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.' ലോകം സുരക്ഷിതത്വത്തിന്റെ തണലില്‍ ഗാഢനിദ്രയിലായ നേരത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ മേല്‍ക്കൂരയില്ലാത്ത വയലിടങ്ങളില്‍ ആടുകള്‍ക്കു കാവല്‍ കിടന്നവര്‍... ആടുകളുടെ ഭയമകറ്റുന്ന തൊഴിലാണ് അവര്‍ ചെയ്തിരുന്നതെങ്കിലും അവരുടെ ജീവിതമാകെ ഭയത്തിന്റെ കരിനിഴലിലായിരുന്നു. അത്തരമൊരു വിഭാഗത്തിനാണ് ദൂതന്‍ "ഭയപ്പെടേണ്ടാ' എന്ന സന്ദേശം നല്‍കുന്നത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന വലിയൊരു ജനതതി അന്ന് ആ നാട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് റോമന്‍ പട്ടാളക്കാരുടെ കിരാത ആക്രമണത്തിന്റെ ഭയം... മറ്റൊരു ഭാഗത്ത് റോമന്‍ ഭരണത്തെ എതിര്‍ത്ത തീവ്രവാദികളായ യഹൂദരെക്കുറിച്ചുള്ള ഭയം... ഇവയ്ക്കിടയില്‍ തങ്ങളുടെ ഭയമകറ്റാന്‍ താമസംവിനാ മശിഹാ പിറക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അവിടെയാണ് "ഭയപ്പെടേണ്ടാ...' എന്ന ദൂതന്റെ ശബ്ദം അവരില്‍ ആ വയലിലെ രാത്തണുപ്പിനെ അകറ്റുന്ന ഊഷ്മളതയായി നിറഞ്ഞത്. 
      ഭയത്തിന്റെ അസ്വസ്ഥതയില്‍ കഴിയുന്നവര്‍ക്ക് ഇന്നും ധൈര്യം പകരുന്ന സദ്വാര്‍ത്തയാണ് യേശുവിന്റെ ജനനം. അസ്ഥിരതയും അരക്ഷിതത്വവും രോഗങ്ങളും ശത്രുഭീഷണികളുമൊക്കെ ഇന്നും ഭീതിയായി നമ്മുടെയിടയില്‍ അലയടിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അനേകരുടെ കണ്ണീരൊപ്പിയ കരങ്ങളും നീട്ടി, ജീവിതത്തോണിയില്‍ അമരക്കാരനായി അവന്‍ വരുന്നു. അവന്റെ സാന്നിദ്ധ്യത്തില്‍ നിര്‍ഭയമായി മുന്നേറുമ്പോഴാണ് ശിരസ്സ് ധൈര്യമായി ഉയര്‍ത്താന്‍ സാധിക്കുന്നത്.  
      എവിടെ നിര്‍ഭയമാകുന്നു മാനസം
      അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
      ... ... ... ...
      അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ
      ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
      നിര്‍ഭയമായി ഉയര്‍ന്ന ശിരസ്സോടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനു പോലും നില്‍ക്കാനാവുന്നിടത്തേ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നാടുണര്‍ന്നു എന്നു പറയാനാവൂ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ വരികള്‍ മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റം നടത്തിയത് ഏറ്റുമാനൂര്‍ സോമദാസന്‍ മാഷാണ്.
      തങ്ങള്‍ക്ക് ഏറെ പരിചിതമായ പുല്ലിന്റെയും കന്നുകാലികളുടെയും മധ്യത്തില്‍ത്തന്നെ രക്ഷകനെ കണ്ടപ്പോള്‍ ഇടയന്മാര്‍ക്കുണ്ടായ സന്തോഷം എത്ര അധികമായിരുന്നിരിക്കും! മാത്രമോ കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്കു ലഭിച്ച അതേ പരിഗണന തന്നെയാണ് നിരാലംബരായ ആ ഇടയന്മാര്‍ക്കും രക്ഷകന്റെ സന്നിധിയില്‍ ലഭിച്ചത്.
      ക്രിസ്മസ് രാത്രിയില്‍ ഉണ്ണിയേശുവിന്റെ കരച്ചില്‍ കേട്ട് ആദ്യം റാന്തല്‍ വിളക്കുമായി എത്തിയ ചില ഇടയസ്ത്രീകളെക്കുറിച്ച് ഇങ്ങനെയൊരു കഥയുണ്ട്. അവര്‍ കൊണ്ടുവന്ന വിളക്കിന്റെ വെളിച്ചത്തിലാണത്രേ ഉണ്ണിയേശു മിഴി തുറന്നത്. അവര്‍ സമ്മാനിച്ച പുതപ്പാണു പോലും അവനു തണുപ്പകറ്റിയത്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. യേശു വളര്‍ന്നു. അവന്‍ യിസ്രായേലിലെങ്ങും പ്രസിദ്ധനായി. വാര്‍ദ്ധക്യത്തിലെത്തിയ ഇടയസ്ത്രീകള്‍ കൊച്ചുമക്കളെ അരികില്‍ വിളിച്ചു പഴയ സംഭവം പറഞ്ഞു.   ""മക്കളേ, ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമലുകള്‍ വളഞ്ഞതും ശിരസ്സ് കുനിഞ്ഞതും. മറിച്ച് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നതുകൊണ്ടാണ്. എന്നാല്‍ അന്ന് ആ ക്രിസ്മസ് രാത്രിയില്‍ ഞങ്ങളുടെ ശിരസ്സ് ഉയര്‍ന്നു, മനസ്സ് അഭിമാനത്താല്‍ നിറഞ്ഞു. കാരണം നമ്മെക്കാള്‍ ദരിദ്രനായിരുന്നു അവന്‍. നമ്മുടെ റാന്തലിന്റെ വെളിച്ചത്തിലേക്കാണവന്‍ മിഴി തുറന്നത്. നമ്മുടെ പുതപ്പിനടിയിലാണവന്‍ ആദ്യമായി നിദ്രയിലാണ്ടത്...'' മുത്തശ്ശിമാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തുവത്രേ: ""ഇമ്മാനുവേല്‍ എന്നതിന് "ദൈവം നമ്മോടുകൂടെ' എന്നു മാത്രമായിരിക്കില്ല അര്‍ത്ഥം, "നമ്മെ ചെറുതാക്കാതിരിക്കാന്‍ ദൈവം നമ്മോടൊപ്പം, നമ്മെപ്പോലെ' എന്നുകൂടി അര്‍ത്ഥമുണ്ടായിരിക്കണം.'' കഥ കേട്ട് കുഞ്ഞുങ്ങളുടെ ശിരസ്സും ഉയര്‍ന്നു. തീര്‍ച്ചയായും വിലാസമില്ലാത്തവരുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നവനാണ് നസ്രായന്‍ എന്നറിയപ്പെട്ട യേശു.
      ലോകത്തിലേക്കും വിലയുള്ള സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വിലയുള്ള സമ്മാനം- അതു ക്രിസ്തുവല്ലാതെ മറ്റൊന്നുമല്ല. തന്റെ ഏകജാതനെ നല്‍കുവാന്‍ തക്ക വിധം ലോകത്തെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ എന്തുണ്ട്? ഏറ്റവും വിലയുള്ളതിനെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിനുള്ള മനസ്സാണ് ദൈവത്തിന്റെ വലിയ സ്വഭാവം. ഏറ്റവും വിലയുള്ളതായി കരുതുന്നതിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോഴാണ് ഭവനത്തിന് രക്ഷയുണ്ടാകുന്നത് എന്ന സന്ദേശം സക്കേവൂസുമായുള്ള കണ്ടുമുട്ടലില്‍ യേശു നല്‍കുന്നുണ്ട്. അപരന്റെ വേദന കണ്ടറിഞ്ഞ് അവന്‍ ആവശ്യപ്പെടാതെതന്നെ അവനെ സഹായിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സ്‌നേഹം. "പറയാത്തത് അറിയാനുള്ള കഴിവാണ് സ്‌നേഹം' എന്ന് ഒരു നിര്‍വ്വചനം കേട്ടിട്ടുണ്ട്. സക്കേവൂസ് യേശുവിനെ കണ്ടുകഴിഞ്ഞപ്പോഴാണ് അപരന്റെ ആവശ്യങ്ങള്‍ കണ്ടത്. ആ കാഴ്ച അവനെ പങ്കുവയ്പിലേക്കു നയിച്ചു. വിശ്വാസത്തിന്റെ പൂര്‍ണതയിലേ ഏറ്റവും വിലയുള്ളതിനെ പങ്കുവയ്ക്കാനാവൂ എന്നതിനാലാവാം സക്കേവൂസ് അവന്റെ ഭൗതികസമ്പത്ത് അപരരുമായി പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ യേശു അവനെ "അബ്രഹാമിന്റെ മകന്‍' എന്നു സംബോധന ചെയ്യുന്നത്. ദൈവം വിളിച്ചപ്പോള്‍ വിശ്വാസത്താല്‍ സകലവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവനാണല്ലോ അബ്രഹാം. നിസ്വന്റെ വേദനയില്‍ ദൈവത്തിന്റെ വലിയ പങ്കുവയ്പ്പാണ് ക്രിസ്മസ്. അര്‍ത്ഥവത്തായ പങ്കുവയ്പ്പിലൂടെ അന്യന്റെ വേദനയില്‍ ആശ്വാസമേകാന്‍ സാധിക്കുമ്പോഴാണ് ക്രിസ്മസ് സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയുന്നത്.  
      ജനിക്കാന്‍ കാലിത്തൊഴുത്തു തെരഞ്ഞെടുത്ത യേശുവിന് വളരുവാന്‍ ലഭിച്ചതോ, മരപ്പണിക്കാരന്റെ ഭവനവും. ദരിദ്രരുടെയും പീഡിതരുടെയും പാപികളുടെയും രോഗികളുടെയും കാതുകള്‍ക്ക് യേശുവിന്റെ മൊഴികള്‍ ആശ്വാസദായകമായി. അവന്റെ നോട്ടം അവരെ വിലയുള്ളവരാക്കി. അവന്റെ കനിവുള്ള സ്പര്‍ശം അവര്‍ക്കു സൗഖ്യവും സ്വര്‍ഗ്ഗസായൂജ്യവുമേകി. ആത്മാവില്‍ ദരിദ്രരായവരും ദുഃഖിക്കുന്നവരും സൗമ്യതയുള്ളവരുമെല്ലാം ഭാഗ്യവാന്മാരാണെന്ന് പ്രസംഗിച്ച യേശു അവരുടെ ദുഃഖങ്ങളില്‍ പങ്കാളിയായി. അകക്കണ്ണു തുറന്ന അവര്‍ ഒന്നാകെ പറഞ്ഞു: "നീ ദൈവപുത്രനാണ്!' ആ ഗുരുപൂര്‍ണിമയിലെ എളിമയുടെ ദര്‍ശനമാണ് യേശുവിന്റെ ജീവിതം നമുക്കു പകരുന്നത്.
      സാന്റാക്ലോസിനെ അറിയില്ലേ? ലിസിയായിലെ ബിഷപ്പായിരുന്നു സെയിന്റ് നിക്കോളാസ്. വേദനിക്കുന്നവരുടെ കരളിലെ കനലുകള്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞ് കെടുത്താന്‍ തയ്യാറായതിന്റെ പേരിലാണ് നിക്കോളാസ് അംഗീകരിക്കപ്പെട്ടത്. സമൃദ്ധിയില്‍ പിറന്ന സെയിന്റ് നിക്കോളാസ് ഇല്ലായ്മയില്‍ കഴിഞ്ഞവര്‍ക്കായി തന്റെ കൈയിലുണ്ടായിരുന്ന വിഭവങ്ങള്‍ വിനിയോഗം ചെയ്തു. ലളിതജീവിതം നയിച്ച അദ്ദേഹം പാദരക്ഷയില്ലാതെ നടക്കുകയും തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നുവത്രേ. ആ സെയിന്റ് നിക്കോളാസ് ആണ് പിന്നീട് സാന്റാക്ലോസ് എന്ന് അറിയപ്പെട്ടത്. ഇന്നു പക്ഷേ, അപരനെ പരിഹസിക്കാനല്ലേ സാന്റാക്ലോസിന്റെ മുഖംമൂടി ഉപയോഗിക്കുന്നത്?
      വളര്‍ച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങളുമായി കാലസരണിയിലൂടെ നമ്മളൊരുപാടു മുന്നേറി. പരസ്യങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഒരു നാല്‍ക്കവലയില്‍ അനുഗ്രഹങ്ങളുടെ മധ്യത്തിലാണിന്നു നമ്മുടെ സമൂഹം. അനുഗ്രഹങ്ങളുടെ ധാരാളിമയില്‍ എളിമയുടെ മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ ആരുണ്ട്? വീടുണ്ടാക്കുമ്പോഴും വിവാഹം നടത്തുമ്പോഴും എന്തിനധികം മരണവേളകള്‍ പോലും ഗര്‍വ്വിന്റെ വേദികളാക്കുന്ന ജനത്തെ യേശു നിശബ്ദനായി നോക്കി നില്‍ക്കുന്നു. ആ കാരുണ്യരൂപന്റെ കണ്ണുകള്‍ നനയുന്നത് കാണുക. ഹൃദയം നോവുന്നത് അറിയുക. ആ ദര്‍ശനം ഇനിയുള്ള എളിമയുടെ വഴികളില്‍ നമുക്കു പ്രകാശമേകട്ടെ...

Thursday, 30 August 2012

കാരുണ്യത്തിന്റെ വില

      ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്.
     
      'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള്‍ തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'
     
      പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍.
     
      ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു.
     
      'ഇതാ സര്‍, ആ കുട്ടീടെ ഫയല്‍...'
     
      അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു. 
     
      ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്.
     
      ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്‌പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്‍കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്.
     
      പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്. 
     
      കാട്ടുചോല പോലെ തെളിവാര്‍ന്ന സ്‌നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്‍ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.
     
      ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന്‍ അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്‍.
     
      അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്‌പോണ്‍സര്‍ ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്‍ഡേഴ്‌സണ്‍. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്‌പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.
     
      'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'
     
      'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'
     
      'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'
     
      'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'
     
      ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന്‍ അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.
     
      'ഷൈനീ... സ്‌പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'
     
      അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല.
     
      മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.
     
      'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.
     
      'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി.
     
      'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.
     
      'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള്‍ കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'
     
      അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന്‍ പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?
     
    
       'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.
     
      ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'
     
      ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.
     
      പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്‌സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്‌സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ  വിദേശിയായ ചെറുകിട ബിസിനസ്സുകാരന്‍ പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു.
     
      ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം:
     
      പ്രിയ സുഹൃത്തേ,
     
      നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.
                         
      ആശംസകളോടെ,
                         
      കെന്നത്ത് ആന്‍ഡേഴ്‌സണ്‍.
 
      കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള്‍ അവന്‍ കാണാതിരിക്കാനാവണം അവള്‍ മുഖം വെട്ടിച്ചു കളഞ്ഞത്.

Tuesday, 31 July 2012

വേനലിലൊരു പുതുമഴ

      സ്കൂളിന്റെ ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ രാജലക്ഷ്മി ടീച്ചര്‍ തിരിഞ്ഞു നോക്കി. കുഞ്ഞാറ്റ അവിടെത്തന്നെ നില്‍പ്പുണ്ട്, നിറഞ്ഞുതുളുമ്പാന്‍ വെമ്പുന്ന കണ്ണുകളോടെ. കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും ഓഫീസിന്റെ ചുറ്റുവട്ടത്തൊക്കെത്തന്നെ കറങ്ങിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പലവട്ടം അവളെ നിര്‍ബന്ധിച്ചതാണ്.
      അപ്പോള്‍ അവള്‍ പറഞ്ഞു:
      'ടീച്ചറമ്മ പോയിക്കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ. അല്ലെങ്കിലും ഞാനെങ്ങോട്ടു പോകാനാ ടീച്ചറമ്മേ?...'
      ടീച്ചറമ്മ... അങ്ങനെയാണ് എപ്പോഴും കുഞ്ഞാറ്റ തന്നെ വിളിക്കുന്നത്. സാധാരണ കുട്ടികളെക്കാള്‍ അവള്‍ക്ക് തന്നോട് അല്പം കൂടുതല്‍ അടുപ്പമുണ്ട്. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി അവള്‍ അടുത്തെത്തും. പിന്നെ സാരിത്തുമ്പില്‍ പിടിച്ച് മാറാതെ നില്‍ക്കും. ഇടയ്ക്ക് കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സോപ്പിട്ട് കുപ്പിയിലാക്കാനും ശ്രമിക്കും.
      'ഈ സാരി ടീച്ചറമ്മയ്ക്കു നന്നായി ചേരുന്നുണ്ട് ട്ടോ...'
      'നല്ല സുന്ദരിയാ ടീച്ചറമ്മ...'
      'എനിയ്ക്കു ടീച്ചറമ്മയെ ഒരുപാടിഷ്ടമാ...'
      അവളോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരാളോടു കൂടുതല്‍ ഇഷ്ടം കാട്ടുന്നതു ശരിയല്ലല്ലോ. അതു മറ്റു കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?... പക്ഷെ, കുഞ്ഞാറ്റ വിടില്ല. അവള്‍ അടുത്തു വന്നു കഴിഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ തോന്നുകയുമില്ല.
      സ്വാതി എന്നാണ് അവളുടെ പേര്. കുഞ്ഞാറ്റ എന്നത് താന്‍ അവളെ വിളിക്കുന്ന ഓമനപ്പേരും. ആ പേര് അവള്‍ തന്നെയായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരു ദിവസം വിഷമങ്ങള്‍ പറയാന്‍ അടുത്തു വന്ന അവളെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ കണ്ണു തുടച്ച് അവള്‍ ചിരിച്ചു. ആ ചിരിയ്ക്ക് തെളിനീരിന്റെ മനോഹാരിതയുണ്ടായിരുന്നു.
      'ടീച്ചറമ്മേ... എന്നെ അമ്മമ്മ ഇങ്ങനെ അടുത്തു നിര്‍ത്തുമായിരുന്നു... കാച്ചിയ വെളിച്ചെണ്ണേടെ മണമാ അമ്മമ്മയ്ക്ക്. അമ്മമ്മ എന്നെ കുഞ്ഞാറ്റേന്നാ വിളിക്കുന്നെ. ടീച്ചറമ്മേം  ഇനി കുഞ്ഞാറ്റേന്നു വിളിച്ചാ മതി എന്നെ.'
      'എവിടെയാ കുട്ടീടെ അമ്മമ്മ?'
      'പോയി ടീച്ചറമ്മേ... ദൈവത്തിന്റടുത്തേക്ക്...'
      പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. എല്ലാവരും കുഞ്ഞാറ്റയെ വിട്ടു പോയവരാണ്. ആദ്യം അമ്മ പോയി, റബ്ബര്‍ വെട്ടുന്ന മാമന്റെ കൂടെ... അമ്മ അപ്പൂനേം ഒപ്പം കൊണ്ടുപോയി. അവളുടെ കുഞ്ഞാങ്ങളയാണ് അപ്പു. കുഞ്ഞാറ്റ അമ്മയെ കുറ്റപ്പെടുത്തില്ല. അവള്‍ പറയും, 'അച്ഛന്റെ കുടി സഹിക്കാന്‍ മേലാഞ്ഞിട്ടല്ലേ അമ്മ പോയത്... ന്നാലും ഈ കുഞ്ഞാറ്റയെക്കൂടി കൊണ്ടുപോകാമായിരുന്നു അമ്മയ്ക്ക്.'
      അമ്മ പോയതറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മമ്മ പോയത്. അമ്മമ്മയ്ക്ക് കുഞ്ഞാറ്റയെ ഒരുപാടിഷ്ടമായിരുന്നു. അമ്മമ്മ പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്: 'ഞാനൂടെ കുഴീലോട്ടു പോയിക്കഴിഞ്ഞാപ്പിന്നെ ന്റെ കുട്ടിയ്ക്ക് ആരാ പിന്നെയുള്ളത് ന്റീശ്വരാ...' എന്ന്.
      അമ്മ പോയതിന്റെ ദേഷ്യത്തില്‍ അച്ഛന്റെ കുടി കൂടുതലായി. വല്ലാതെ ഉപദ്രവിക്കുമായിരുന്നു, അച്ഛന്‍ കുഞ്ഞാറ്റയെ. അച്ഛന്‍ തല്ലിയ പാടുകള്‍ അവള്‍ ടീച്ചറമ്മയെ കാണിച്ചിട്ടുമുണ്ട്. പക്ഷെ, ഇന്നും കുഞ്ഞാറ്റയ്ക്കറിയില്ല, അച്ഛനെന്തിനാണ് മച്ചില്‍ കെട്ടിയ കയറിന്റെ കുരുക്ക് കഴുത്തിലൂടിട്ട് ഊഞ്ഞാലാടിയതെന്ന്. അച്ഛനും പോയെന്നറിഞ്ഞപ്പോള്‍ ഒത്തിരി കരഞ്ഞു.
      കുഞ്ഞാറ്റ മാത്രം എങ്ങോട്ടും പോകാനാവാതെ അച്ഛമ്മയ്‌ക്കൊപ്പം... അച്ഛന്റെ അമ്മയെ അവള്‍ അങ്ങനെയാണു വിളിക്കുന്നത്.
      ഒരു ദിവസം അവള്‍ രഹസ്യം പറയുംപോലെ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: 'ടീച്ചറമ്മേ... അച്ഛമ്മ ചീത്തയാ... എന്നെ വല്ലാതെ ഉപദ്രവിക്കും. വാ തുറന്നാല്‍ ചീത്തയേ പറയൂ. വീട്ടിലെ ജോലി മുഴുവന്‍ ഞാനാ ചെയ്യുന്നെ. എന്നിട്ടും ഇന്നാളൊരു ദീസം എന്നോടു പറയുവാ നിനക്കും പോയി ചത്തൂടായോന്ന്.'
      അതു കേട്ടപ്പോള്‍ തന്റെയും കണ്ണു നിറഞ്ഞതാണ്. അതവള്‍ കാണാതിരിക്കാന്‍ താനവളെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അടര്‍ത്തി മാറ്റാനാവാത്തപോലെ ചേര്‍ന്നുനിന്നു, കുഞ്ഞാറ്റ.
      ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണെന്നു കേട്ടപ്പോള്‍ അവള്‍ സങ്കടത്തോടെ  അടുത്തുവന്നു ചോദിച്ചു:
      'ഞാനൂടെ ടീച്ചറമ്മേടെ കൂടെ വന്നോട്ടെ? മൂന്നു ദീസം അവിടെ താമസിക്കാം.'
 അതു കേട്ടപ്പോള്‍ തനിക്ക് അങ്കലാപ്പായി.
      'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.'
      തന്റെ തീരുമാനം കേട്ടപ്പോള്‍ അവളുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതു കണ്ടു. അവളെ അഭിമുഖീകരിക്കാനാവാതെ താന്‍ ശ്രദ്ധ ബോര്‍ഡിലേക്ക് തിരിച്ചു.
      റോഡരികില്‍ സ്കൂളിന്റെ മതിലിനോടു ചേര്‍ന്നുള്ള പുറമ്പോക്കിലാണ് കുഞ്ഞാറ്റയുടെ കുടില്‍. ഇന്ന് അവള്‍ പറഞ്ഞത് ഓര്‍മ്മയിലേക്കു വരുന്നു: 'ടീച്ചറമ്മേ... സ്കൂള്‍ പൂട്ടിക്കഴിഞ്ഞാല്‍ ഞാനിവിടെ വരും. ജനലിനാത്തൂടെ അകത്തു കേറും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഇവിടിരുന്നാ ഞാന്‍ പഠിക്കുന്നേ. വീട്ടിലിരുന്ന് പഠിക്കാനൊന്നും പറ്റൂല്ല. അച്ഛമ്മയ്ക്കു ഞാന്‍ പഠിക്കുന്നതിഷ്ടമല്ലന്നേ.'
      പൂട്ടിയ സ്കൂളിനുള്ളില്‍ കയറുന്നതു ശരിയല്ലെന്നു പറയണമെന്നു തോന്നിയെങ്കിലും അത്രയും സമയമെങ്കിലും അവള്‍ സമാധാനം അനുഭവിച്ചോട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല.
      പക്ഷെ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ആരുമില്ലാത്ത നേരത്ത് രാത്രിയില്‍ കുഞ്ഞാറ്റ ഒറ്റയ്ക്ക് സ്കൂളില്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ. ചിന്തകള്‍ കാടുകയറിയപ്പോള്‍  അവളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. നേരെ നടന്നു കുഞ്ഞാറ്റയുടെ വീട്ടിലേക്ക്.
      വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അച്ഛമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
      'സ്വാതിയെ തെരക്കി വന്നതാന്നോ ടീച്ചറേ? ആ കൊച്ചിതുവരെയിങ്ങു വന്നില്ലന്നേ. എന്നതാ ടീച്ചറേ, അവളവിടെ പ്രശ്‌നമെന്തേലുമൊണ്ടോ? പറഞ്ഞാലൊരു വക അനുസരിക്കുകേലെന്നേ... അതെങ്ങനാ... വല്ലോന്റേം കൂടെറങ്ങിപ്പോയ തള്ളേടെയല്ലിയോ സന്തതി... നല്ല അടി കൊടുക്കണം ടീച്ചറേ...' ഒറ്റവായില്‍ പറയാവുന്നതിലധികം പറഞ്ഞു അവര്‍.
      അപ്പോഴേക്കും അവിടെ ഓടിയെത്തി, കുഞ്ഞാറ്റ. അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ തലമുടി കോതിയൊതുക്കിക്കൊണ്ട് ഇടറുന്ന സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു:
      'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.'
      അപ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണില്‍ അതുവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം കാണാനായി. വേനലില്‍ ഇലകളെല്ലാം കൊഴിഞ്ഞ ശിഖരം പുതുമഴ കണ്ടതുപോലൊരു തിളക്കം.

Sunday, 8 July 2012

സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും

      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      ഇതെഴുതുമ്പോള്‍ എനിയ്ക്ക് ഊട്ടുപുര അധികാരികളോട് പറഞ്ഞാല്‍ തീരാത്തത്ര രോഷമുണ്ട്. പതിനാല് വര്‍ഷമായി ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിച്ച് അവിടെത്തന്നെ ഉറങ്ങുന്ന എന്നോടും എന്റെ സഹവാസികളോടും അവര്‍ കാട്ടുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്?
      പ്രിയ സ്‌നേഹിതരേ, കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തുറന്നുതന്നെ എഴുതട്ടെ.
      ഊട്ടുപുരയില്‍നിന്നു തന്നെ തുടങ്ങാം. ഹിരണ്യകേശിയില്‍നിന്ന് ചിത്രഗിരിക്കുള്ള എല്ലാ ബസ്സുകളും വിനായകപുരം വഴിയാണു പോകുന്നത്. വിനായകപുരം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പാണ്ഡുരിയ്ക്കു കുറുകെയുള്ള പാലം കടന്നാല്‍ കൊടുംവനമാണ്. വനത്തിലൂടെ വീണ്ടും പതിനെട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനായകപുരത്തെത്താം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ ആദ്യത്തെ സ്‌റ്റോപ്പ്. അവിടെ ആരോടു ചോദിച്ചാലും ഊട്ടുപുരയിലേക്കുള്ള വഴി പറഞ്ഞുതരും. അല്ലെങ്കിലും ഗ്രാമത്തില്‍ വരുന്ന അപരിചിതരെല്ലാം ഊട്ടുപുരയിലേക്കു പോകുന്നവരാണെന്ന് അവര്‍ക്കറിയാമല്ലോ.
      സിദ്ധിവിനായകന്റെ ഊട്ടുപുരയും ഞാനുമായുള്ള ബന്ധത്തിന് പതിനാല് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നെക്കൂടാതെ ഊട്ടുപുരയ്ക്ക് നിലനില്‍പ്പുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല. പക്ഷേ, ഊട്ടുപുരയില്ലാതെ എനിയ്ക്ക് നിലനില്‍പ്പില്ലെന്ന ഭീകരസത്യം ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു.
      പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ യുവത്വത്തിന്റെ തുടിപ്പും പ്രതികരണശേഷിയുമുള്ളൊരു തൊഴിലന്വേഷകനായിരുന്നു. (എന്റെയീ വിവരണത്തില്‍ സ്ഥിരമായി വിനായകപുരത്ത് കവലപ്രസംഗം നടത്തിയിരുന്ന രാഷ്ട്രീയനേതാവിന്റെയും ഊട്ടുപുര സന്ദര്‍ശിച്ച മറ്റു പലരുടെയും വാക്കുകള്‍ കടമെടുക്കുന്നത് ക്ഷമിക്കുക. ഇന്നിപ്പോള്‍ വാക്കുകള്‍ പോലും സ്വന്തമായില്ലാത്തവനാണു ഞാന്‍.) തൊഴിലന്വേഷണത്തിന്റെ വേവലാതികള്‍ മനസ്സിലും യോഗ്യതാപത്രങ്ങളടങ്ങിയ കറുത്ത ബാഗ് കൈയിലും പേറിയാണ് ഞാന്‍ ആദ്യം ചിത്രഗിരിയിലെത്തുന്നത്. മുട്ടിയ വാതിലുകളൊന്നും തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതുവരെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിരാശ നിര്‍വികാരതയ്ക്കു വഴിമാറിക്കൊടുത്തു.
      ചിത്രഗിരിയിലെത്തിയിട്ട് പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. കോടതി ഗുമസ്തനായ കേദാര്‍നാഥിന്റെ കരുണകൊണ്ട് അയാളുടെ വീടിന്റെ ഒരു ഇരുണ്ട മുറി വാടക കൂടാതെ തല ചായ്ക്കാന്‍ കിട്ടിയിരുന്നു. എന്റെ യോഗ്യതകളും ഗതികേടുമെല്ലാം കേട്ടപ്പോള്‍ എന്തുകൊണ്ടോ അങ്ങനെയൊരു സഹായം ചെയ്യാന്‍ അയാളുടെ മനസ്സ് വിശാലമായി. ആ നല്ല മനുഷ്യന്റെ മുന്നില്‍ മാത്രം ഞാനെന്റെ ഉള്ളു തുറന്നു. വീട്ടിലെ പ്രതിസന്ധികളും ജോലി തേടിയുള്ള യാത്രകളുടെ മുന്‍ അദ്ധ്യായങ്ങളുമെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി.
      പതിമൂന്നാം ദിവസം രാവിലെ കേദാര്‍നാഥിന്റെ ഭാര്യ കൊണ്ടുവന്നു തന്ന ചൂടുചായ ധൃതിയില്‍ കുടിച്ച് സന്തതസഹചാരിയായ കറുത്ത ബാഗുമായി ഞാനിറങ്ങി- നഗരത്തിന്റെ നാട്യങ്ങളിലേക്ക്... വൈചിത്ര്യങ്ങളിലേക്ക്...
      തൊഴില്‍ സാധ്യതയില്ലെന്ന പല്ലവി കേട്ടു തളര്‍ന്ന് സായാഹ്നത്തില്‍ നഗരത്തിലെ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലൊരു ബെഞ്ചില്‍ ഞാനിരുന്നു. തൊഴില്‍ ചെയ്ത് തളര്‍ന്നവരും തൊഴില്‍ തേടി തളരുന്നവരും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും തളര്‍ച്ചയറിയാത്തവരും ഒന്നിച്ചു ചേരുന്ന സ്ഥലമല്ലേ നഗരത്തിലെ പാര്‍ക്കുകള്‍! ഇത്രയും വലിയ പട്ടണത്തില്‍ ഒരു പാവപ്പെട്ടവനു നല്‍കാന്‍ തൊഴിലില്ലത്രേ!
      ചെറുപ്പത്തില്‍ എന്റെ ജാതകദോഷത്തെക്കുറിച്ചു പറഞ്ഞ് അച്ഛന്‍ വ്യാകുലപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിത്ര കടുപ്പമാവുമെന്ന് കരുതിയിരുന്നില്ല. പോക്കറ്റില്‍ ഇനി ഇരുപത്തിരണ്ടു രൂപ അന്‍പതു പൈസ ബാക്കിയുണ്ട്.
      ഇലച്ചാര്‍ത്തുകള്‍ക്കപ്പുറം ആകാശസീമയില്‍ അനിശ്ചിതത്വത്തിന്റെ പുകപടലം. അകലെയേതോ ക്ഷേത്രത്തില്‍ നിന്ന് സാമഗീതത്തിന്റെ മന്ദനാദം. സമയരേഖയുടെ അതിര്‍ ലംഘിച്ച വേവലാതിയോടെ കുറേ കരിയിലക്കിളികള്‍ കലപിലകൂട്ടി പറന്നുപോയി. വിടര്‍ന്നു പ്രതാപികളായി നിന്നിരുന്ന റോസാപ്പുഷ്പങ്ങള്‍ വാടിത്തുടങ്ങിയ നേരത്താണ് ആ വൃദ്ധസന്യാസി എന്റെയടുത്തു വന്നത്.
      ചെറുപ്പം മുതലേ സന്യാസിമാരോടെനിക്ക് വിദ്വേഷമാണ്. കാഷായം ധരിച്ച് അര്‍ത്ഥമില്ലാത്ത മന്ത്രങ്ങള്‍ ജപിച്ച് ഉപജീവനത്തിനിറങ്ങുന്ന മടിയന്‍മാരായാണ് ഞാനവരെ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മനസ്സിന്റെ ശാന്തിയുടെ കാര്യത്തിലെങ്കിലും എന്നെക്കാള്‍ ഈ വൃദ്ധസന്യാസിക്കുള്ള മഹത്വത്തെ ഞാന്‍ ആദരിക്കുന്നു. അതുകൊണ്ടു മാത്രം അയാള്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.
      'ചിത്രഗിരിയില്‍ പുതിയ ആളാണല്ലേ?' വനസീമയും കടന്നെത്തിയ തെക്കന്‍കാറ്റു പോലെ ലോലമായിരുന്നു ആ ശബ്ദം.
      'അതെ...' തെല്ലിട ശങ്കിച്ച് ഞാന്‍ പറഞ്ഞു.
      'ഒരു തൊഴിലന്വേഷകനാണെന്നു തോന്നുന്നു...' അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ഞാന്‍ മറുപടി പറഞ്ഞില്ല. ആ നിരീക്ഷണപടുവായ യമിയെ ഇമവെട്ടാതെ നോക്കിയിരിക്കുക മാത്രം ചെയ്തു.
      'നോക്കൂ കുട്ടീ...' അദ്ദേഹം തുടര്‍ന്നു:  'തൊഴില്‍ശാലകള്‍ക്ക് രണ്ടു വാതിലുകളുണ്ട്. മുന്‍വാതിലും പിന്‍വാതിലും. നീ അവയുടെ മുന്‍വാതില്‍ മാത്രമേ കണ്ടിട്ടുള്ളെന്നു തോന്നുന്നു. പിന്‍വാതിലിന്റെ വഴിയറിഞ്ഞവനേ ഈ നഗരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അവ പക്ഷേ നിഷ്കളങ്കര്‍ക്കു വഴങ്ങാറില്ല.'
      അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ താത്പര്യമുണ്ടെന്ന് എന്റെ കണ്ണുകളില്‍നിന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, അദ്ദേഹം തുടര്‍ന്നു:
      'പറയൂ കുട്ടീ... എന്തിനാണു തൊഴില്‍?'
      'ജീവിക്കാന്‍ തൊഴിലും പണവും വേണമല്ലോ...'
      'തൊഴിലും പണവുമൊന്നുമില്ലാത്തവരും ജീവിക്കുന്നില്ലേ? നീ സിദ്ധിവിനായകന്റെ ഊട്ടുപുരയിലേക്കു പോയി നോക്കൂ... തൊഴിലും പണവുമൊന്നും ജീവിതത്തിന് തടസ്സമാവാത്ത ഒത്തിരിപ്പേരെ നിനക്കവിടെ പരിചയപ്പെടാം.'
      അന്നെനിക്ക് സിദ്ധിവിനായകന്റെ ഊട്ടുപുരയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. സന്യാസി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ആ സംഭാഷണത്തിലെ സിദ്ധിവിനായകന്റെ ഊട്ടുപുര മാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു.കതിരവന്‍ ആകാശാധിപത്യം ചന്ദ്രനു വിട്ടുകൊടുത്ത വേളയിലാണ് ഞങ്ങള്‍ പിരിഞ്ഞത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര തേടി കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ദിവസത്തെ ജോലി. അതിന് വലിയ പ്രയാസമുണ്ടായില്ല. ചിത്രഗിരിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം താണ്ടിയാലെത്താവുന്ന വിനായകപുരത്തെ ഊട്ടുപുരയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകത്തിന് ഇപ്പോഴും വ്യത്യാസമില്ല- 'ജീവിതയാത്രയില്‍ ക്ഷീണിച്ചവര്‍ക്കായി ഇവിടെ ഈശ്വരകാരുണ്യത്തിന്റെ തണല്‍.'
      അന്ന് വാതില്‍ക്കലെത്തി സംശയിച്ചുനിന്ന എന്നെ താടി നീട്ടി വളര്‍ത്തിയ ഒരു മധ്യവയസ്കന്‍ ക്ഷണിച്ചു:
      'അകത്തേക്കു വരാമല്ലോ.'
      അങ്ങനെ ഞാന്‍ ഊട്ടുപുരയുടെ ഭാഗമായി മാറുകയായിരുന്നു. ഞാനുള്‍പ്പെടെ അന്ന് പതിനാറ് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ അംഗസംഖ്യ മുപ്പത്തിനാലായിരിക്കുന്നു.
രാവിലെയും വൈകുന്നേരവും നടത്തപ്പെടുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് പണികളൊന്നും ഉണ്ടായിരുന്നില്ല. അധികം സംസാരിക്കാന്‍ പോലും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ആ അന്തരീക്ഷം എന്നില്‍ അല്പം വീര്‍പ്പുമുട്ടല്‍ ഉളവാക്കിയെന്നതു സത്യം തന്നെ. പിന്നെപ്പിന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാനറിഞ്ഞു.
പതിനാലു വര്‍ഷത്തെ ഊട്ടുപുര വാസം എന്നില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ഊട്ടുപുരയില്ലാതെ എനിയ്ക്ക് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇന്നലെ കേട്ട വാര്‍ത്ത എന്നില്‍ അഗ്നികോരിയിട്ടത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      വാര്‍ത്ത ആദ്യം ഞങ്ങളുടെ ചെവിയിലെത്തിച്ചത് വിഷ്ണുശര്‍മ്മനായിരുന്നു.ഊട്ടുപുരയിലെ വാര്‍ത്താവാഹിയാണ് ആ മുപ്പത്തിയെട്ടുകാരന്‍. ഏതു വാര്‍ത്തയും ആദ്യം അറിയുന്നത് വിഷ്ണുശര്‍മ്മനായിരിക്കും. വാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതിനും സമൂഹമധ്യത്തില്‍ അവ അവതരിപ്പിക്കുന്നതിനും അയാള്‍ക്കുള്ള കഴിവ് അസാമാന്യം തന്നെ!
      അധികാരികള്‍ നിര്‍വ്വാഹകസമിതി കൂടുന്ന മുറിയ്ക്കു സമീപം ഒളിച്ചു നിന്നു കേട്ടതാണത്രേ അയാള്‍ ആ വാര്‍ത്ത. അറിയിച്ചത് വിഷ്ണുശര്‍മ്മനാണെങ്കിലും എനിയ്ക്ക് ആദ്യം അത് വിശ്വസനീയമായി തോന്നിയില്ല. ഇന്ന് പ്രഭാതഭക്ഷണസമയത്ത് കാര്യദര്‍ശി ഔദ്യോഗികമായി വിഷയം അറിയിച്ച സ്ഥിതിയ്ക്ക് അതു വിശ്വസിക്കാതെ തരമില്ലല്ലോ.
      'കൂട്ടരേ, സംഗതി സത്യം തന്നെ... സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണ്.
      ഇനി ഞാനെങ്ങനെ ജീവിയ്ക്കും? ഇന്നു പകല്‍ മുഴുവന്‍ എന്റെ വേവലാതി ഇതായിരുന്നു. ഈ രാത്രിയിലും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
      മനുഷ്യപുത്രന്‍മാര്‍ പാര്‍ക്കുന്ന മേല്‍ക്കൂരയില്ലാത്ത ഭൂമിയ്ക്കു മേലേ ദൈവംതമ്പുരാന്‍ നക്ഷത്രത്തുന്നലുള്ള കരിമ്പടം വിരിച്ചു കഴിഞ്ഞു. നില്‍ക്കാന്‍ നേരമില്ലെന്നു പുലമ്പിക്കൊണ്ട് ഹവിസ്സുകളുടെ സുഗന്ധവും പേറി തെക്കന്‍കാറ്റു കടന്നുപോയി. എന്റെ മനസ്സിലും കാളിമ പടരുകയാണ്.
      സ്‌നേഹിതരേ... എന്തെങ്കിലുമൊരു തൊഴില്‍ ചെയ്യാന്‍ ഇന്നു ഞാന്‍ പ്രാപ്തനല്ല. ജാതകദോഷം എനിയ്ക്കു വിളമ്പിയ അനിശ്ചിതത്വത്തിന്റെ കാണാനിഴല്‍ എന്നെ പിന്തുടരുന്നു. നിങ്ങളുടെ അറിവില്‍ ഇതുപോലെയൊരു സ്ഥാപനമുണ്ടെങ്കില്‍ ദയവായി അറിയിക്കുക. എന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍.
      നിങ്ങളുടെ മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.

Tuesday, 19 June 2012

ദൈവം നല്‍കുന്ന സമയം

      നഗരത്തിനു മുകളില്‍ പെയ്യുന്ന ക്രിസ്മസ് മഞ്ഞിന് പതിവിലേറെ കുളിരുണ്ടായിരുന്നു.
      സന്ധ്യയ്ക്ക് ടൗണിലെ മലയാളി സമാജം ഓഫീസില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. പുരോഹിതരും സഭാനേതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമാണ് ഒത്തുകൂടുന്നത്. മഞ്ഞില്‍ കുതിര്‍ന്ന തെരുവിലൂടെ മലയാളി സമാജം ഓഫീസ് ലക്ഷ്യമാക്കി സ്കൂട്ടറോടിക്കുമ്പോള്‍ ഫാദര്‍ സാമുവല്‍ ചിന്താമഗ്നനായി. 
      നാളെ രാവിലെയാണ് പള്ളിയിലെ യുവാക്കളോട് ഒരുമിച്ചു കൂടാന്‍ പറഞ്ഞിരിക്കുന്നത്. തലേ ഞായറാഴ്ചയും അവര്‍ ഒത്തുകൂടിയിരുന്നു. അന്നത്തെ അവരുടെ ചര്‍ച്ചകള്‍ ഫാദറിന്റെ മനസ്സിലേക്ക് ഓടിയെത്തി.
      ഫാദര്‍ സാമുവല്‍ ആ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്സാണ്. അതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. അത് യുവാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.
      നല്ല ചുറുചുറുക്കുള്ള കുട്ടികള്‍. ആ ആഹ്വാനം അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ... എന്താണു വ്യത്യസ്തമായി ചെയ്യാനാവുന്നത്?...
      മുന്‍വര്‍ഷങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചറിഞ്ഞു. കാരള്‍സംഘമായി ക്രിസ്മസ് രാത്രികളില്‍ വീടുസന്ദര്‍ശനം, ഹോസ്പിറ്റലുകളില്‍ കേക്ക് വിതരണം, ക്രിസ്മസ് കലാസന്ധ്യ... ... അതിനപ്പുറമൊന്നും അവരുടെ ഓര്‍മ്മയിലില്ല. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ചില ആഹ്ലാദാഘോഷങ്ങളാണ് അവരുടെ മനസ്സില്‍ നിറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാദര്‍ അവര്‍ക്കൊരു നിര്‍ദ്ദേശം നല്‍കി.
      "അടുത്ത ശനിയാഴ്ച രാവിലെ നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടും. അന്ന് എല്ലാവരും അവരവരുടെ മനസ്സിലുള്ള പദ്ധതിയെന്തെന്ന് തീരുമാനിച്ചു വരണം. അവ ചര്‍ച്ച ചെയ്ത് ഏറ്റവും അര്‍ത്ഥവത്തായ ഒന്ന് ഈ വര്‍ഷം ക്രിസ്മസ് പ്രവര്‍ത്തനമായി നാം നടപ്പിലാക്കും.'
      മഞ്ഞിന്റെ കാഠിന്യം ഏറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റിന് മുകളിലൂടെ ഒരു കമ്പിളി പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് ഉള്ളിലേക്ക് തുളച്ചു കയറുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ധൃതിയിലാണ് എല്ലാവരും. വിപണി ഉണരുന്ന കാലമാണ് ക്രിസ്മസ്. പണത്തിന്റെ ഹുങ്കു കാട്ടാനാണോ പലരും ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഫാദര്‍ സാമുവലിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഈ ആര്‍ഭാടത്തിനൊന്നും ആദ്യത്തെ ക്രിസ്മസ്സുമായി യാതൊരു ബന്ധവുമില്ലല്ലോ. പിറക്കാനിടമില്ലാതെ പുല്‍ക്കൂടിനെ പുല്‍കേണ്ടി വന്ന ക്രിസ്തു, നിസ്വന്റെ പ്രതിനിധിയല്ലേ? അവന്റെ ഹൃദയത്തില്‍ ഇപ്പോഴും വെളിമ്പറമ്പുകളിലുഴലുന്ന ആട്ടിടയന്‍മാര്‍ക്കായിരിക്കും സ്ഥാനമുണ്ടാവുക. ഉത്തരവാദിത്തത്തിന്റെ വേദനയും പേറി ജീവിതത്തിന്റെ വെളിമ്പറമ്പിലലയുന്ന അവര്‍ക്കാണല്ലോ മാലാഖമാര്‍ ആദ്യം പ്രത്യക്ഷരായത്. ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ജാക്കറ്റിനെ തുളച്ചു കയറിയ തണുപ്പ് എങ്ങോ പോയൊളിച്ചെന്ന് ഫാദര്‍ സാമുവലിന് തോന്നി.
      അല്പം വൈകി, മലയാളി സമാജം ഓഫീസിലെത്താന്‍. ധൃതിയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത്, മുടി ചീകിയൊതുക്കി, പുതച്ചിരുന്ന കമ്പിളി മടക്കി കൈയിലൊതുക്കി തിരിയുമ്പോള്‍ മുന്നിലൊരാള്‍ ദൈന്യഭാവത്തോടെ. ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധന്‍. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമായി കൈനീട്ടി നില്‍ക്കുകയാണയാള്‍. കുപ്പായത്തിന്റെ പോക്കറ്റില്‍ പരതി, കൈയില്‍ കിട്ടിയ നാണയം അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തൊഴുതു.
      "ഫാദര്‍, ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല... ... കഴിക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍... വല്ലാതെ തണുക്കുന്നു ഫാദര്‍... ഈ തണുപ്പു സഹിക്കാനാവുന്നില്ല...'
      ഫാദര്‍ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കമ്പിളിയും കനല്‍ച്ചിമ്മിനിയുമില്ലാതെ പുല്‍ക്കൂടിന്റെ തണുപ്പില്‍ പിറന്നുവീണ നിസ്വന്റെ മുഖഛായയില്ലേ ഈ യാചകന്? ഫാദര്‍ തന്റെ കൈയിലിരുന്ന കമ്പിളി നിവര്‍ത്തി ആ മനുഷ്യനെ പുതപ്പിച്ചു. അതിശയത്തോടെ എന്തു പറയണമെന്നറിയാതെ നില്‍ക്കുന്ന അയാളെ ഫാദര്‍ അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചപ്പാത്തിയും ഡാലും ആര്‍ത്തിയോടെ അയാള്‍ കഴിക്കുന്നത് നോക്കിയിരുന്നു. പിരിയുമ്പോള്‍ നന്ദി പറയേണ്ടതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു അയാള്‍.
      പിറ്റേന്ന് യുവാക്കളുടെ മീറ്റിംഗിലെ ആമുഖപ്രസംഗത്തില്‍ ഫാദര്‍ തലേന്നത്തെ അനുഭവം പങ്കുവച്ചു. ഒടുവിലായി ഇത്രയും കൂട്ടിച്ചേര്‍ത്തു:
      "... ...അതുകൊണ്ട് ഈ ക്രിസ്മസ്സില്‍ തെരുവിലെ തണുപ്പില്‍ കഴിയുന്നവര്‍ക്കെല്ലാം ഓരോ കമ്പിളി കൊടുക്കാനായാല്‍ അതാവും അര്‍ത്ഥവത്തായ ആഘോഷമെന്ന് എനിക്കു തോന്നുന്നു. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍പോലും അറിയാതെയാവണം അവരെ കമ്പിളി പുതപ്പിക്കേണ്ടത്. തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'
      യുവാക്കളില്‍ ആരോ ഒരാള്‍ ഫാദറിന്റെ വാക്കുകള്‍ക്കു പിന്നാലെ കൈയടിച്ചു. ആ കൈയടി ബാക്കിയുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ അതൊരു കരഘോഷമായി മാറി. ഫാദര്‍ പ്രസംഗം തീര്‍ത്ത് ഇരുന്ന ഉടന്‍ യുവാക്കളിലൊരാള്‍ എഴുന്നേറ്റു.
      "ഫാദര്‍, കമ്പിളി വിതരണം താമസിപ്പിക്കരുത്, ഇന്നുതന്നെ നടത്തണമെന്നാണ് എന്റെ അഭിപ്രായം.'
      മറ്റുള്ളവരുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. കമ്പിളി വിതരണത്തിന് ഫാദറിനെ സഹായിക്കാന്‍ കൂട്ടത്തില്‍ ചിലരെ അവര്‍തന്നെ നിയോഗിക്കുകയും ചെയ്തു.
      രാത്രി... നഗരമുറങ്ങുന്ന നേരത്ത് കമ്പിളിദാതാക്കളെത്തി, ഒരു വെള്ള ടെമ്പോട്രാവലറില്‍. ഫാദറിനോടൊപ്പം മൂന്നു യുവാക്കളുണ്ട്. ദിവാകരന്‍ നായര്‍ എന്ന കോട്ടയംകാരനാണ് വാഹനമോടിക്കുന്നത്.
      മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ദിവാകരന്‍ നായര്‍ നഗരത്തിലെ മലയാളികള്‍ക്ക് ദിവാകരേട്ടനാണ്. ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍   ഓടിയെത്തുന്ന ദിവാകരേട്ടന്‍ വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം നഗരത്തിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. തെരുവിലെ കടത്തിണ്ണകളില്‍ എവിടെയൊക്കെ ആളുകള്‍ ക്ഷീണിച്ച് ഉറങ്ങുന്നുണ്ടെന്ന് ദിവാകരേട്ടനറിയാം.
      തണുപ്പിന്റെ കാഠിന്യം സഹിച്ച് വിശ്രമിക്കുന്ന അവരെയൊക്ക കമ്പിളി പുതപ്പിച്ച് നിശബ്ദരായി മടങ്ങുമ്പോള്‍ അടുത്ത സ്ഥലം എവിടെയാണെന്ന് പറയുന്നത് ദിവാകരേട്ടനാണ്. എല്ലാവര്‍ക്കും നല്ല ഉത്സാഹം. ഒരു വലിയ ആത്മസംതൃപ്തി തോന്നി ഫാദറിന്. ഈ യാചകരൊക്കെ നാളെ രാവിലെ ഉണരുമ്പോള്‍ തങ്ങള്‍ക്കു ദൈവം നല്‍കിയ കമ്പിളിയെക്കുറിച്ച് അത്ഭുതം കൂറും.
      സമയം പന്ത്രണ്ടര. കമ്പിളി പുതപ്പിക്കല്‍ കര്‍മ്മം തുടങ്ങിയിട്ട് മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു. ഫാദര്‍ ക്ഷീണത്തോടെ കണ്ണടച്ചു കൊണ്ട് പറഞ്ഞു:
      "ദിവാകരേട്ടാ... നമുക്കിന്നിത് നിര്‍ത്താം... ബാക്കി നാളെയാകട്ടെ...'
      "ഫാദര്‍, അല്പസമയം കൂടി... ടൗണിനു പുറത്തേക്കുള്ള വഴിയില്‍ പാലത്തിനടുത്തിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യനുണ്ട്. പരശുറാം എന്നാണ് അയാളുടെ പേര്. അയാള്‍ക്കു കൂടി കൊടുത്തിട്ട് നിര്‍ത്താം.'
      "ഇല്ല ദിവാകരേട്ടാ, ഞാന്‍ വല്ലാതെ തളര്‍ന്നു. നാളെ ഞായറാഴ്ചയല്ലേ? രാവിലെ കുര്‍ബ്ബാനയുള്ളതാണ്. അതിന്റെ ക്രമീകരണങ്ങള്‍ പലതും ചെയ്യാനുണ്ട്... നമുക്കു മടങ്ങാം. ഇനി ബാക്കിയൊക്കെ നാളെയാകട്ടെ...' ഫാദര്‍ അക്ഷമനായി.
      മറുത്തൊന്നും പറഞ്ഞില്ല, ദിവാകരേട്ടന്‍. പള്ളിമേടയിലേക്കു മടങ്ങുന്ന വഴിക്ക് കുട്ടികളെ അവരുടെ വീടുകള്‍ക്കു മുന്നിലിറക്കി. പള്ളിയിലെത്തിയപ്പോള്‍ സമയം ഒരുമണി. ക്ഷീണം കാരണം കിടന്നതേ ഓര്‍മ്മയുള്ളൂ. വെളുപ്പിന് ഉണര്‍ന്ന ശേഷം കുര്‍ബ്ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍.
      കുര്‍ബ്ബാന കഴിഞ്ഞ് സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പരിശീലനവും പ്രാര്‍ത്ഥനായോഗങ്ങളുമെല്ലാമായി പതിവു ഞായറാഴ്ചത്തിരക്കുകള്‍. വൈകുന്നേരത്തെപ്പോഴോ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കുറേ മിസ്ഡ് കോളുകളുണ്ട്. സൈലന്റ് മോഡിലിട്ടിരുന്നതിനാല്‍ അറിയാതിരുന്നതാണ്. ദിവാകരേട്ടന്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. പിന്നെ മറ്റാരുടെയൊക്കെയോ കോളുകളും. ആരെയും വിളിക്കാന്‍ തോന്നിയില്ല. ഇന്നിനി ഒന്നിനും വയ്യ. നല്ല ക്ഷീണമുണ്ട്. ദിവാകരേട്ടനെ നാളെ രാവിലെ വിളിക്കാം. നാളെ രാത്രിയില്‍ കമ്പിളി വിതരണം തുടരുകയുമാവാം.
      പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍. ഫാദര്‍ ആ അടിക്കുറിപ്പ് വായിച്ചു. "തണുപ്പിനും തോല്‍പ്പിക്കാനാവില്ലിനി: അതിശൈത്യം മൂലം മരണമടഞ്ഞ പരശുറാം എന്ന ഭിക്ഷക്കാരന്‍. നഗരത്തിലെ പാലത്തിനു സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.'
      മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ എടുത്തു നോക്കി.
      ദിവാകരേട്ടനാണ്. അറ്റന്‍റ് ചെയ്യണോ... എന്തു പറയും ദിവാകരേട്ടനോട്?...
      അല്ലല്ല... ദൈവത്തോട് എന്തു പറയും?...

Sunday, 3 June 2012

നന്മയില്‍ വളരട്ടെ നമ്മുടെ കുരുന്നുകള്‍

      പുതിയ വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. നാളുകള്‍ക്കു ശേഷം കൂട്ടുകാരെ കാണുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം പറയാനുണ്ടാവും!
      ഞാന്‍ ഈ ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്തതു നാലും പാവപ്പെട്ട കുട്ടികളുടെ അനുഭവങ്ങളായിരുന്നു. കീറിയ യൂണിഫോം ഇട്ടു സ്കൂളില്‍ പോകുകയും പരിഹാസപാത്രമായി ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വേളാങ്കണ്ണി (വേളാങ്കണ്ണിയുടെ ഓര്‍മ്മ), ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് അതിനെ മുതലെടുക്കുന്ന കച്ചവടതന്ത്രം വിദഗ്ധമായി പ്രയോഗിച്ച ശ്രീനി (കച്ചവടം), പട്ടിണിയുടെ മധ്യത്തിലും തനിക്കു കിട്ടിയ പൊതിച്ചോറ് അമ്മയ്ക്കു പങ്കുവയ്ക്കാന്‍ മറക്കാത്ത അര്‍ച്ചന (സ്‌നേഹവിരുന്ന്), എങ്ങനെയെങ്കിലും പഠിക്കണമെന്നുറച്ച് ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ പോകാന്‍ തയ്യാറായ സന്ദീപ് (അമ്മയാണു ധനം). ഇവരുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവുമല്ലോ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ കനലനുഭവങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. ഈ കുട്ടികള്‍ നാലും ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്. വിശപ്പിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിഞ്ഞ പാവങ്ങളുടെ പ്രതിനിധികള്‍.
      എന്നാല്‍ സുഭിക്ഷതയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് എന്തെന്ന് അറിയുമോ? വിശക്കുന്നവന്റെ വേദനകള്‍ അറിയുമോ?
      ഒരു സംഭവം ഓര്‍മ്മ വരുന്നു.
      ഇതു നടന്നത് പട്ടണത്തിലെ ഒരു സ്കൂള്‍ ഹോസ്റ്റലിലാണ്. സ്കൂള്‍ വര്‍ഷാവസാനം ലൈബ്രറി ബുക്ക് തിരികെ നല്‍കാത്ത ഒരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ലൈബ്രേറിയന്‍ അവന്റെ മുറിയിലെത്തി. വലിയ വിലയുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷാസഹായിയായിരുന്നു അത്. അവന്‍ ആ പുസ്തകം ലൈബ്രേറിയനു കൈമാറി. അവന്റെ ഷെല്‍ഫിലേക്കു നോക്കിയ ലൈബ്രേറിയന്‍ ഒരു നിമിഷം അമ്പരന്നു നിന്നു. അതേ പുസ്തകത്തിന്റെ മറ്റൊരു കോപ്പി അവന്റെ പുസ്തകങ്ങള്‍ക്കിടയില്‍!!!
      'ഇതേ പുസ്തകം തന്നെയല്ലേ അവിടെയിരിക്കുന്നത്? പിന്നെയെന്തിനാ നീയിത് ലൈബ്രറിയില്‍ നിന്നെടുത്തത്?' ലൈബ്രേറിയന്‍ ചോദിച്ചു.
      'എന്‍ട്രന്‍സ് പരീക്ഷയല്ലേ മാഷേ... ലൈബ്രറിയില്‍നിന്നു മറ്റൊരുത്തന്‍ ഈ ബുക്കെടുത്താല്‍ എന്റെ സാധ്യതയല്ലേ ഇല്ലാതാകുന്നത്?' വളരെ ലാഘവത്തോടെയാണ് അവന്‍ അതു പറഞ്ഞത്.
      അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ആകുലപ്പെടുമ്പോള്‍ സ്വന്തം സാധ്യതയ്ക്കു ഭീഷണിയാകാനിടയുള്ളവന്റെ എല്ലാ സാധ്യതകള്‍ക്കും തടയിടുന്ന മറ്റൊരു വിഭാഗം. ഇതു നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.
      കൗശലബുദ്ധിയും വിദ്വേഷവും ക്രൂരമനസ്സും കുട്ടികളില്‍ ഇന്ന് ഏറിയിട്ടുണ്ട്. ആരാണ് ഇതിനുത്തരവാദികള്‍? ആലപ്പുഴ ജില്ലയിലെ മുട്ടാറില്‍ ലെജിന്‍ വര്‍ഗീസ് എന്ന പത്താം ക്ലാസുകാരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ബാഗിലും ഷൂസിനിടയിലുമായി ഒന്നിലധികം കത്തികളും കുപ്പിച്ചില്ലുകൊണ്ടുണ്ടാക്കിയ ആയുധവും കൊണ്ടുനടക്കുമായിരുന്നത്രേ. എന്നെ അതിശയിപ്പിക്കുന്നത് അവന്റെ വീട്ടിലെ മറ്റ് അംഗങ്ങളോ സ്കൂളിലെ അധ്യാപകരോ അത് മനസ്സിലാക്കിയിരുന്നില്ലേ എന്നതാണ്.
      കുട്ടികളെ ശ്രദ്ധിക്കുവാനും(Listen) സ്‌നേഹിക്കുവാനും(Love) നന്മയുടെ വഴിയില്‍ അവരെ നയിക്കുവാനും(Lead) മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. എല്ലാ കുട്ടികളും നല്ലവരാണ്. വളര്‍ച്ചയുടെ പാതയില്‍ മുതിര്‍ന്നവരുടെ തെറ്റായ സമീപനങ്ങളാണ് കുട്ടികളെ വികലസ്വഭാവങ്ങളിലേക്കു നയിക്കുന്നത്.
      പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ കുട്ടികളെ നമുക്കു സ്‌നേഹിക്കാം. കൂടുതല്‍ ശ്രദ്ധിക്കാം. സ്കൂളില്‍ ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം വീട്ടില്‍ തുറന്നു പറയത്തക്ക വിധം അവരുടെ മനസ്സ് സ്വതന്ത്രമാകട്ടെ. കൂട്ടുകാരെപ്പോലെ അവരോട് ഇടപെടാം. അവര്‍ക്കു നല്ല ഭാവിയുണ്ട്.           

Thursday, 31 May 2012

അമ്മയാണു ധനം

      മഞ്ഞു പൊഴിയുന്ന പ്രഭാതം.
      ഏഴിന് അഞ്ചു മിനിട്ട് മുമ്പു തന്നെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തി. തലേദിവസം സന്ദീപ് പറഞ്ഞത് ഓര്‍മ്മയില്‍ വന്നു.
      'സാര്‍ ടൗണില്‍നിന്ന് ഡാം സൈറ്റിലേക്ക് രാവിലെ ഏഴിനാണ് ആദ്യ വണ്ടി. അതു കഴിഞ്ഞാല്‍ പിന്നെ പതിനൊന്നരയ്‌ക്കേ വണ്ടിയുള്ളൂ. ടൗണ്‍ പിന്നിട്ടു കഴിഞ്ഞാല്‍ വനമാണ്. വനത്തിനുള്ളില്‍ രണ്ടാമത്തെ സ്‌റ്റോപ്പ്. അതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവിടെയൊരു വെയിറ്റിംഗ് ഷെഡുണ്ട്. ഞാനവിടെ കാത്തു നില്‍ക്കും.'
      സന്ദീപിനെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങളായിട്ടില്ല. നല്ല ചുറുചുറുക്കുള്ളൊരു യുവാവ്. പരിഷ്ക്കാരവും വിനയവും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഇടപെടല്‍. ടൗണില്‍ പാല്‍ വില്‍ക്കാന്‍ വരുന്ന അവന്‍ കാണുമ്പോഴെല്ലാം ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്യുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. മനസ്സിലുണ്ടായ സംശയം തലേദിവസം അവനോടു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു.
      'സന്ദീപ് നീ ഏതു സ്കൂളിലാണ് പഠിച്ചത്? ഇവിടുത്തെ സാധാരണ കുട്ടികളെക്കാള്‍ നിനക്ക് അറിവുണ്ടല്ലോ... നീയിങ്ങനെ പാല്‍ വിറ്റു നടക്കേണ്ടവനല്ലല്ലോ.'
      അവന്‍ ഒന്നു മന്ദഹസിച്ചു. 'സാര്‍ അതൊരു വലിയ കഥയാണ്. നാളെ രാവിലെ എന്റെ വീട്ടിലേക്കു വരുമോ? എങ്കില്‍ ആ കഥ ഞാന്‍ പറയാം.'
      'ഡാം സൈറ്റ്... ഡാം സൈറ്റ്...' കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഡാം സൈറ്റിലേക്കുള്ള ബസ് തൊട്ടു മുന്നില്‍. പാല്‍പാത്രങ്ങളുമായി കുറേ ആദിവാസി സ്ത്രീകള്‍ കലപില ശബ്ദമുണ്ടാക്കി ബസ്സില്‍ കയറാന്‍ തിരക്കു കൂട്ടുന്നു. പച്ചയും ചുവപ്പുമൊക്കെ നിറത്തിലുള്ള സാരികള്‍ പ്രത്യേക രീതിയില്‍ ഉടുത്ത അവര്‍ കൈ നിറയെ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. കഴുത്തു നിറയെ മുത്തുമാലകളും. അവര്‍ ധരിച്ചിരിക്കുന്ന കമ്മലുകളെ താങ്ങാനുള്ള ശേഷി അവരുടെ കാതുകള്‍ക്കില്ലെന്നു തോന്നി. അവരെല്ലാവരും കയറിക്കഴിയുന്നതു വരെ കാത്തുനിന്നു.
      അവധി ദിവസമായതുകൊണ്ടാവാം, ആദിവാസി സ്ത്രീകളെ കൂടാതെ മൂന്നു യാത്രക്കാരേ ബസ്സിലുണ്ടായിരുന്നുള്ളൂ. തണുപ്പു കാരണം ആരും വിന്‍ഡോ ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. അകലെയേതോ ക്ഷേത്രത്തില്‍നിന്ന് 'ഭാഗ്യദ ലക്ഷ്മീ ബാറമ്മ...' എന്ന കന്നഡ ഭക്തിഗാനത്തിന്റെ ശ്രുതിമധുരമായ ഈരടികള്‍ ഒഴുകിയെത്തി. ബസ് പതിയെ മുന്നോട്ടു നീങ്ങി. ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് പണം നല്‍കുമ്പോള്‍ കണ്ടക്ടര്‍ ഒന്നു പാളി നോക്കി. സ്ഥിരമായി വനമധ്യത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നവരെ അയാള്‍ക്കറിയാമായിരിക്കാം.
      മഞ്ഞണിഞ്ഞ കാനനക്കാഴ്ചകള്‍ പിന്നോട്ടോടി. പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെയും പൂവുകളുടെയും ഗന്ധങ്ങള്‍ നാസികകള്‍ക്കു വിരുന്നൊരുക്കി. വനമധ്യത്തിലെ ബസ്‌സ്റ്റോപ്പും വെയിറ്റിംഗ് ഷെഡും ദൂരെനിന്നേ കണ്ട ഞാന്‍ എഴുന്നേറ്റു. ബസ് നിന്നപ്പോള്‍ കണ്ടു, വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ കാത്തു നില്‍ക്കുന്ന സന്ദീപിനെ. ചിരിയോടെയാണ് അവന്‍ വരവേറ്റത്.
      'സാര്‍ സ്ഥലം മനസ്സിലാക്കാന്‍ പ്രയാസമുണ്ടായോ?'
      'ഏയ് ഇല്ല, സന്ദീപ് വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനേരമായോ?'
      'അഞ്ചു മിനിറ്റ് ആയതേയുള്ളു സാര്‍. നമുക്കിനി അല്‍പ്പം നടക്കാനുണ്ട്...'
      എനിക്കു സന്തോഷമായി. കാട്ടുവഴിയിലൂടെ കാടിനെ അടുത്തറിയാവുന്ന ഒരാളോടൊപ്പം ഒരു പ്രഭാതസവാരി!!!
      'കാട്ടുമൃഗങ്ങള്‍ ഉണ്ടാവുമോ സന്ദീപ്?'
      'പേടിക്കേണ്ട സാര്‍, മനുഷ്യന്റെ അടുത്തേക്ക് അവ വരില്ല. പിന്നെ എന്റെ കൈസര്‍ കൂടെയുള്ളപ്പോള്‍ ഒട്ടും പേടിക്കേണ്ട.'
      അപ്പോഴാണ് ഞാന്‍ കൈസറിനെ ശ്രദ്ധിച്ചത്. നല്ല ഉശിരന്‍ ഒരു നാടന്‍ നായ.
      മെയിന്‍ റോഡില്‍നിന്ന് ഞങ്ങള്‍ കാടിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു മുമ്പേ കൈസര്‍ ഇലകളും കായ്കളും മണത്തുനോക്കി വഴികാട്ടിയെപ്പോലെ നടന്നു. നടക്കുന്നതിനിടയില്‍ സന്ദീപ് അവന്റെ കഥ പറഞ്ഞുതുടങ്ങി.
      സന്ദീപ് ജനിച്ചത് അവിടെനിന്ന് മുന്നൂറോളം കിലോമീറ്ററുകള്‍ അകലെ ഒരു മറാഠി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലെ അറിയപ്പെടുന്നൊരു കര്‍ഷകനായിരുന്നു അവന്റെ അച്ഛന്‍. ഒരു ട്രാക്ടറും സ്കൂട്ടറും പത്ത് ഏക്കറോളം കൃഷിയിടവും കുറേ പശുക്കളും സ്വന്തമായി ഉണ്ടായിരുന്നു അയാള്‍ക്ക്. സുഭിക്ഷമായി ജീവിച്ചിരുന്ന ആ കാലത്താണ് ദുരിതം രോഗത്തിന്റെ വേഷത്തില്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
      സന്ദീപിന്റെ അമ്മ ഹൃദ്രോഗബാധിതയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും സന്ദീപും അടങ്ങുന്ന ആ കുടുംബം ഇരുളില്‍ തപ്പി. ദൂരെയുള്ള മെഡിക്കല്‍കോളജില്‍ അമ്മ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷനും അനന്തരചികിത്സയുമൊക്കെയായപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍... ഏഴാം ക്ലാസ് പാസായ മകന്‍... രോഗിണിയായ ഭാര്യ... എന്തു ചെയ്യണം? സന്ദീപിന്റെ അച്ഛന്‍ വ്യാകുലപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിടപ്പാടം വില്‍ക്കാന്‍ ആ നല്ല കുടുംബനാഥന്‍ മടിച്ചില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ ആ മാതാവിനു ലഭിച്ചു.
      ഇനി എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു കൃഷിയിടം കണ്ടെത്തണം. അങ്ങനെയാണ് കര്‍ണ്ണാടകയില്‍ പശ്ചിമഗിരിനിരകളിലെ ആ വനത്തിനു നടുവില്‍ വളക്കൂറുള്ള മണ്ണു കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നറിഞ്ഞ് അയാള്‍ അവിടെയെത്തിയത്.
      സന്ദീപ് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.
      'അപ്പോള്‍ സന്ദീപ് ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളോ?'
      അവന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു-
      'സാര്‍, ആ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.'
      ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.
      'സാര്‍ പഠിക്കാന്‍ എനിക്കു വലിയ ആഗ്രഹം തോന്നി. ഞാനത് അച്ഛനോടു തുറന്നു പറഞ്ഞു. പക്ഷേ അച്ഛന്‍ നിസ്സഹായനായിരുന്നു. ഈ കാടിനു നടുവില്‍നിന്ന് ഏറ്റവും അടുത്തുള്ള സ്കൂളിലെത്തണമെങ്കില്‍ പതിമൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടിലൂടെ എന്നെ സ്കൂളിലയയ്ക്കാന്‍ അച്ഛനു മനസ്സു വന്നില്ല. അങ്ങനെ എന്റെ പഠനം മുടങ്ങി.'
      ഇതു പറയുന്നതിനിടയില്‍ അപ്പുറത്ത് കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം!!! എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി. സന്ദീപ് 'കൈസര്‍...' എന്നു വിളിച്ചതും കൈസര്‍ അവിടേക്കു ചാടിയതും ഒന്നിച്ചായിരുന്നു. പിന്നെ കണ്ടത് വലിയൊരു മുയലിനെ കൈസര്‍ കടിച്ചു കുടയുന്നതാണ്. എന്നിട്ട് അവന്‍ അതിനെ സന്ദീപിന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്ന് ഇട്ടു. കാട്ടിലകള്‍ പറിച്ച് മുയലിന്റെ രക്തം തുടച്ചു കളഞ്ഞിട്ട് സന്ദീപ് അതിനെ കൈകളിലെടുത്തു. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു-
      'കൈസറിനെ ഓടിത്തോല്‍പ്പിക്കാന്‍ ഒരു മുയലിനും പറ്റില്ല.'
      മുയലിനെ തൂക്കിപ്പിടിച്ച് മുന്നോട്ടു നടക്കുമ്പോള്‍ സന്ദീപ് അവന്റെ അനുഭവ വിവരണം തുടര്‍ന്നു.
      'അങ്ങനെ സ്കൂളില്‍ പോകാതെ ഞാന്‍ ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടി വന്നു. അതിനിടയ്ക്ക് സ്കൂളില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടെന്ന് അച്ഛന്‍ സുഹൃത്തായ ഒരു പോലീസുകാരനോടു പറഞ്ഞു. അച്ഛന്റെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം ഒരു വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. സ്റ്റേഷനില്‍ ചെന്ന് എസ് ഐയെ കണ്ട് ഒരു കൈമടക്ക് കൊടുക്കുക. ബാക്കിയൊക്കെ അദ്ദേഹം പറഞ്ഞു തരും. അങ്ങനെ അച്ഛന്‍ എസ് ഐയെ കണ്ടു. അദ്ദേഹം എന്നെ വിളിപ്പിച്ചു സംസാരിച്ചു. പിറ്റേന്ന് പോലീസുകാര്‍ വീട്ടില്‍ വന്ന് എന്നെ അറസ്റ്റ് ചെയ്തു.'
      ഇതു പറഞ്ഞ് സന്ദീപ് ഒന്നു നിര്‍ത്തി. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന്‍ തുടര്‍ന്നു.
      'അതേ സാര്‍, ഒരു തെറ്റും ചെയ്യാതെ ഞാന്‍ പതിമൂന്നാം വയസ്സില്‍ ക്രിമിനല്‍കേസില്‍ പ്രതിയായി. എന്നെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. പോലീസുകാര്‍ പഠിപ്പിച്ചതനുസരിച്ച് ഞാന്‍ തെറ്റു ചെയ്തതാണെന്ന് കോടതിയുടെ മുന്നില്‍ സമ്മതിച്ചു. കോടതി എന്നെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. ഇവിടെനിന്ന് നൂറു കിലോമീറ്റര്‍ അകലെ പട്ടണത്തിലെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എനിക്ക് പഠിക്കാന്‍ നല്ല അന്തരീക്ഷമായിരുന്നു. ഞാന്‍ വാശിയോടെ പഠിച്ചു. പഠിക്കാനുള്ള എന്റെ ഉത്സാഹവും ശാന്തസ്വഭാവവും കാരണം പത്താം ക്ലാസിനു ശേഷം എന്നെ ശിക്ഷ ഇളവു ചെയ്ത് വീട്ടിലേക്ക് അയച്ചു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ എനിക്കു സാധിച്ചില്ല സാര്‍. ഇനിയൊരിക്കല്‍ക്കൂടി പ്രതിയാകാനും ശിക്ഷയനുഭവിക്കാനും ഞാനില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് എട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. കൂടാതെ കുറേ പശുക്കളും. ഞാനിപ്പോള്‍ അച്ഛനെ സഹായിക്കുകയാണ്.'
      അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സന്ദീപിന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും പുല്ലു മേഞ്ഞ മേല്‍ക്കൂരയുമായി ഒരു വീട്! അതിനപ്പുറത്ത് കൃഷിയിടം. കൃഷിയിടത്തിനു നടുവില്‍ ഒരു മരം. അതിലൊരു ഏറുമാടം. കൃഷിയിടത്തിനപ്പുറം പുഴയാണ്. വീടിനെയും കൃഷിയിടത്തെയും കാടുമായി വേര്‍തിരിക്കുന്ന ഭാഗത്ത് വലിയൊരു കിടങ്ങ് കുഴിച്ചിട്ടുണ്ട്. ആ കിടങ്ങിനു കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലത്തിലൂടെ ബാലന്‍സ് ചെയ്ത് നടന്നു വേണം സന്ദീപിന്റെ വീട്ടിലെത്താന്‍. ശ്രദ്ധയോടെ ആ പാലത്തിലൂടെ നടക്കുമ്പോള്‍ സന്ദീപ് പറഞ്ഞു-      'കാട്ടുമൃഗങ്ങളുടെ ശല്യം ഒഴ്വാക്കാനാണു സാര്‍ ഈ കിടങ്ങ്.'
      വീട്ടില്‍ സന്ദീപിന്റെ മാതാപിതാക്കളും സഹോദരിമാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് മടങ്ങുമ്പോള്‍ സന്ദീപിനോടു ചോദിച്ചു-
      'മഹാരാഷ്ട്രയിലെ സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഈ കാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നതില്‍ വിഷമം തോന്നുന്നുണ്ടോ സന്ദീപ്?'
      അവന്റെ മറുപടി പെട്ടെന്നായിരുന്നു-
      'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'
                   
 

Tuesday, 22 May 2012

സ്‌നേഹവിരുന്ന്

      ഉദ്യാനനഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. തക്കാളിയും കാരറ്റും മുന്തിരിയും വളരുന്ന പാടങ്ങള്‍ ഗ്രാമത്തിനു ചുറ്റും കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടപ്പുണ്ട്.
 
      അവിടെയുള്ള 'കമ്പാഷന്‍ ഇന്‍ഡ്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊരു അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ച് ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി കരുതി. യാത്ര എന്നും എനിക്ക് ഹരമാണ്. തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയുമായുള്ള ബന്ധത്തില്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പഠിച്ച കന്നഡ ഭാഷ ഒന്നുകൂടി ഉപയോഗിക്കാന്‍ ഒരു അവസരവുമായി.
 
      ക്ലാസിന് കുട്ടികള്‍ ഉത്സാഹത്തോടെയാണു വരുന്നത്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അവരെത്തും. ഉച്ച വരെ പാട്ടും കഥകളും ചിത്രരചനയും കളികളുമൊക്കെയായി സ്വര്‍ഗ്ഗതുല്യമായ സന്തോഷം. എഴുനൂറോളം കുട്ടികളുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമാണവര്‍ മടങ്ങുന്നത്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യും.
 ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതുതന്നെ വളരെ ശ്രമകരം. സംഘാടകര്‍ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്‌പോണ്‍സേഴ്‌സാണ് പണം മുടക്കുന്നത്.
 
      ഒരു ദിവസം കുട്ടികള്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു:
 
      'നാളെ സ്‌നേഹവിരുന്നാണ്. എല്ലാവരും വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരണം. ഇവിടെ നമുക്ക് ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവച്ച് ഭക്ഷണം കഴിക്കണം. അങ്ങനെ പങ്കുവയ്പ്പിന്റെ മഹത്വം നാം പഠിക്കും.'
 
      അനുസരണമുള്ളവരാണു കുട്ടികള്‍. അവര്‍ പിറ്റേന്ന് ഭക്ഷണവുമായി വന്നു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ക്കു നല്കുവാന്‍വേണ്ടി സംഘാടകര്‍ കുറേ ഭക്ഷണപ്പൊതികള്‍ കരുതിയിരുന്നു. ഭക്ഷണം കൊണ്ടുവരാതിരുന്നവരെ കണ്ടെത്തി അതു നല്‍കുവാന്‍വേണ്ടി സംഘാടകര്‍ ഓടിനടന്നു.
 
      ഭക്ഷണം കഴിക്കേണ്ട സമയമായി. കുട്ടികള്‍ ഉത്സാഹത്തോടെ പൊതികള്‍ അഴിച്ചു. വ്യത്യസ്തമായ വിഭവങ്ങള്‍! വ്യത്യസ്തമായ രുചികള്‍!! അവര്‍ സ്‌നേഹത്തോടെ അവ പരസ്പരം കൈമാറി. ചില കുസൃതികള്‍ കൈയിട്ടു വാരി. ഇതെല്ലാം കണ്ട് കുട്ടികള്‍ക്കിടയിലൂടെ അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് നടക്കുകയായിരുന്നു ഞാന്‍.
 
      ഒരിടത്തെത്തിയപ്പോള്‍ അറിയാതെ ഞാന്‍ നിന്നു. ഒരു പെണ്‍കുട്ടി അവളുടെ പൊതി തുറന്നിട്ടില്ല. പത്തു വയസ്സുണ്ടാവും അവള്‍ക്ക്. നിറം മങ്ങിയ പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ചെമ്പിച്ച തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നു. തുളുമ്പിയൊഴുകാന്‍ വെമ്പുന്ന കണ്ണുകള്‍... മുമ്പിലിരിക്കുന്ന പൊതി സംഘാടകര്‍ കൊടുത്തതാണ്. ഞാന്‍ സ്‌നേഹത്തോടെ അടുത്തിരുന്നിട്ട് അവളോടു പറഞ്ഞു:
 
      'മോളേ, പൊതി തുറന്നു കഴിക്കൂ...' അവള്‍ പ്രതികരിച്ചില്ല.
 
      തോളില്‍ തട്ടിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:
 
      'മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ചു കഴിയാറായി... മോളെന്താ ഭക്ഷണം കഴിക്കാത്തത് ?'
 അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനാകെ സങ്കോചത്തിലായി. ഒരു കാര്യം വ്യക്തം. അവളുടെയുള്ളില്‍ വേദനിപ്പിക്കുന്ന എന്തോ ഒരു അനുഭവമുണ്ട്. അത് ഒരുപക്ഷേ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പറയാന്‍ അവള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാനവളെ പുറത്തേക്കു വിളിച്ചു. പുറത്ത് മാവിന്‍ചുവട്ടില്‍ വച്ച് അവള്‍ സ്വന്തം അനുഭവം പറഞ്ഞു.
 
      അര്‍ച്ചന എന്നാണ് അവളുടെ പേര്. അച്ഛനും അമ്മയുമുണ്ട് അവള്‍ക്ക്. ഇരുപത് കിലോമീറ്റര്‍ അകലെ പട്ടണത്തില്‍ ഒരു കടയിലാണ് അച്ഛനു ജോലി. എല്ലാ ദിവസവും പട്ടണത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ മദ്യപിച്ച് സുബോധമില്ലാതെയാവും അച്ഛന്‍ വീട്ടിലെത്തുക. പിന്നെ പുകിലാണവിടെ. അമ്മയെയും അര്‍ച്ചനയെയും അയാള്‍ വല്ലാതെ ഉപദ്രവിക്കും. അടുക്കളയിലുള്ള പാത്രങ്ങളൊക്കെ നശിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊന്നും വാങ്ങിക്കൊടുക്കുകയില്ല. ദിവസവും മര്‍ദ്ദനമേറ്റ് അര്‍ച്ചനയുടെ അമ്മ ശാരിരികമായും മാനസികമായും ആകെ തകര്‍ന്നു. ജോലിയൊന്നും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാവിലെ ഒരു ചായ പോലും കുടിക്കാതെയാണ് അര്‍ച്ചന ക്ലാസിനു വന്നിരിക്കുന്നത്. ഒന്നും അറിയാത്തവനെപ്പോലെ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിക്കഴിഞ്ഞു.
 
      കഥയിത്രയും പറഞ്ഞ് അവള്‍ ഒന്നു നിര്‍ത്തി. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വിങ്ങലോടെ അവള്‍ തുടര്‍ന്നു:
 
      'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'
 
      എന്റെ നാവിറങ്ങിപ്പോയി. വല്ലാത്തൊരു കോരിത്തരിപ്പ് . അമ്മയോടുള്ള സ്‌നേഹത്തില്‍ സ്വന്തം വിശപ്പുപോലും മറന്നുപോയ ഒരു പത്തു വയസ്സുകാരി!!!
 
      ഇതിനകം അവിടെയെത്തിയ സംഘാടകര്‍ അവളുടെ അമ്മയ്ക്കായി മറ്റൊരു ഭക്ഷണപ്പൊതി നല്‍കിയ ശേഷമേ അര്‍ച്ചന അവളുടെ പൊതി തുറന്നുള്ളൂ.  ഇതിനപ്പുറം എന്തു സ്‌നേഹവിരുന്നാണുള്ളത്!!!

   

Sunday, 6 May 2012

കച്ചവടം

      മൂവന്തി നേരത്താണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. നല്ല തിരക്കുണ്ടായിരുന്നു. കമ്പാര്‍ട്ട്മന്റ് തേടി ഓടുന്നവര്‍, ഭക്ഷണപ്പൊതികളും ചായയും കാപ്പിയും മാസികകളുമൊക്കെ വില്‍ക്കുന്നവര്‍, ഭിക്ഷക്കാര്‍, റെയില്‍വേ ജീവനക്കാര്‍.... അവര്‍ക്കിടയിലൂടെ ഞാനും.
      അന്തിപ്പത്രവില്പ്പനക്കാരന്റെ "ചൂടുള്ള വാര്‍ത്ത' എന്ന വിളി കേട്ട് അയാളുടെ കയ്യിലിരുന്ന പത്രത്തിലേക്ക് അലസമായി ഒന്നു നോക്കി. എവിടെയോ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു... അതു നിത്യസംഭവമല്ലേ, അതിലെന്തു ചൂടുവാര്‍ത്ത എന്നു ചിന്തിച്ച് മേല്പ്പാലം ലക്ഷ്യമാക്കി ഓടി. ഒരു അഭ്യാസിയെപ്പോലെ രണ്ടും മൂന്നും പടികള്‍ ഒരുമിച്ചു ചാടി മറ്റു യാത്രക്കാര്‍ക്കു മുന്‍പേ റോഡിലെത്തിയപ്പോള്‍ എന്തോ കീഴടക്കിയ ഭാവമായിരുന്നു എന്റെ മുഖത്ത്.
      ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നിലൊരു വിളി.
      "പപ്പടം വേണോ സാര്‍... പപ്പടം...'
      ഒരു കൊച്ചു ബാലനാണ്. പന്ത്രണ്ടു വയസ്സുണ്ടാവും. നല്ല ചുറുചുറുക്കുള്ള മുഖം. കൈയില്‍ രണ്ടു കെട്ട് പപ്പടമുണ്ട്.
      ഈ മൂവന്തി നേരത്ത് പപ്പടം വിറ്റുനടക്കുന്ന ഇവന്‍ എപ്പോഴാണിനി വീട്ടിലേക്കു മടങ്ങുക? ഇവന്റെ വീട്ടില്‍ ആരൊക്കെയുണ്ടാവും? അവനെക്കുറിച്ച് കാടുകയറുന്ന ചിന്തകളുമായി ഞാന്‍ ഒന്നു നിന്നു.
      "സാര്‍, ഒരു കെട്ടു പപ്പടം വേണോ, പത്തു രൂപയേയുള്ളു.'
      സ്ഥിരം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഞാന്‍ ഈ പപ്പടം വാങ്ങിയിട്ട് എന്തു ചെയ്യാന്‍! ഞാന്‍ വാത്സല്യത്തോടെ അവന്റെ തോളില്‍ കൈവച്ചു. എന്നിട്ടു ചോദിച്ചു.
      "എന്താ മോന്റെ പേര്?'
      "കിരണ്‍...' അവന്‍ പേരു പറഞ്ഞു.
      "എവിടെയാ വീട്?'
      "മാരിയമ്മന്‍ കോവിലിനു പിന്നിലാണു സാര്‍. സാര്‍, പപ്പടം ഒരു കെട്ടു മതിയോ?'
      "കിരണ്‍, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടില്‍ പോകാത്തത്? നീ പഠിക്കുന്നുണ്ടോ?'
      "ഉണ്ടു സാര്‍, അഞ്ചാം ക്ലാസിലാ പഠിക്കുന്നത്. പപ്പടം എത്ര കെട്ടു വേണം സാര്‍?'
      "മോനേ, വീട്ടില്‍ പാചകം ചെയ്യാത്ത ഞാന്‍ പപ്പടം വാങ്ങിയിട്ടും പ്രയോജനമില്ല. നീയത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.' ഞാന്‍ നടക്കാനൊരുങ്ങി.
      "സാര്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അമ്മയും അനിയത്തിയുമേ വീട്ടിലുള്ളൂ. ഒരുപാടു കടമുണ്ടു സാര്‍. വീടു വാങ്ങാന്‍ ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ടു സാര്‍. നാളെ ബാങ്കിലെ പണം അടയ്ക്കണമെങ്കില്‍ ഇരുപത് രൂപ കൂടിയുണ്ടാകണം. അതു കൂടി ഉണ്ടായിട്ടേ ഞാന്‍ വീട്ടില്‍ പോകുന്നുള്ളു.'
      ഈ ചെറിയ പ്രായത്തില്‍ അവന്റെ ഉത്തരവാദിത്തമോര്‍ത്ത് എനിക്ക് അതിശയം തോന്നി.
      "അച്ഛന്‍ എങ്ങനെയാ മരിച്ചത്?'
      "ആത്മഹത്യയായിരുന്നു സാര്‍. കടബാധ്യത കൂടിയിട്ട്...'
      പോക്കറ്റില്‍നിന്ന് ഇരുപതു രൂപ എടുത്ത് അവനു നല്‍കിയിട്ട് ഞാന്‍ പറഞ്ഞു,
      "കിരണ്‍ വീട്ടില്‍ പൊയ്‌ക്കോളൂ. ഞാന്‍ സമയം പോലെ നിന്റെ വീട്ടില്‍ വരാം.'
      "സാര്‍ പപ്പടം...'
      "കിരണ്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ.'
      ആ രാത്രി ഉറക്കം വന്നില്ല. ഉത്തരവാദിത്തത്തിന്റെ വേദനയില്‍ കരിഞ്ഞുണങ്ങുന്ന കുരുന്നുബാല്യമായിരുന്നു മനസ്സു നിറയെ.
      പിറ്റേന്ന് കിരണിന്റെ വീടു തേടി മാരിയമ്മന്‍ കോവിലിനടുത്തെത്തി. അവിടെയാര്‍ക്കും കിരണിനെ അറിയില്ല. അടയാളമൊക്കെ കേട്ടിട്ട് പപ്പടം ഉണക്കിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു...
      "അത് ശങ്കരന്റെ മകന്‍ ശ്രീനിയാവും. അവനാ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് പപ്പടവുമായി പോകുന്നത്.' അപ്പുറത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അവര്‍ തുടര്‍ന്നു.
      "ദാ ആ നില്‍ക്കുന്നതാ അവന്റെ അമ്മ. അച്ഛനെയാ കാണേണ്ടതെങ്കില്‍ ഷാപ്പില്‍ പോയി നോക്കിയാല്‍ മതി.' എവിടെയോ കണക്കുകള്‍ പിഴയ്ക്കുന്നു. ആരാണ് കള്ളം പറയുന്നത്? അവര്‍ കാട്ടിത്തന്ന വീട്ടിലേക്ക് സംശയത്തോടെയാണ് നടന്നു കയറിയത്. അവന്റെ അമ്മ ചോദ്യഭാവത്തില്‍ നോക്കി.
      "ശ്രീനിയെ ഒന്നു കാണാന്‍ വന്നതാ.'
      "എന്താ സാര്‍ പപ്പടം വാങ്ങാനാണോ?'
      "അല്ല. എനിക്കവനെ ഒന്നു കണ്ടാല്‍ മതി.'
      "എടാ ശ്രീനീ...' അവര്‍ നീട്ടി വിളിച്ചു.
      പൂത്തിരി കത്തിച്ചതു പോലെയാണ് അവന്‍ ഓടി വന്നത്. എന്നെ കണ്ട അവന്‍ ഒന്നു ഞെട്ടിയോ?
      "ശ്രീനിയുടെ വീട് ഇതാണല്ലേ? എല്ലാവരെയും ഒന്നു പരിചയപ്പെടാമെന്നു കരുതി വന്നതാണ്. ഇന്നലെ വാങ്ങിയ പപ്പടം നന്നായിരുന്നു കേട്ടോ. അച്ഛന്‍ എവിടെ?' അവന്റെ പരുങ്ങല്‍ കണ്ട് ഞാന്‍ ചോദിച്ചു.
      "അങ്ങേരിനി വൈകിട്ടേ വരൂ സാര്‍. വീടിനെക്കുറിച്ച് ഒരു വിചാരവുമില്ലാത്ത മനുഷ്യന്‍... ഈ ചെറുക്കനാണു സാര്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.' ശ്രീനിയുടെ അമ്മ വാചാലയായി. നിമിഷനേരത്തിനകം കട്ടന്‍ ചായയുമായി അവര്‍ വന്നു. ചായ മൊത്തിക്കുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.
     "സാര്‍ പപ്പടം ഇനിയും വേണോ?'
     "ഇപ്പോള്‍ വേണ്ട. ഇനി ഞാന്‍ ശ്രീനിയോടു വാങ്ങിക്കൊള്ളാം.'
     ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ ശ്രീനി ഒപ്പം ഓടിയെത്തി. അവന്‍ ശബ്ദമടക്കി പറഞ്ഞു.
     "സാര്‍, അച്ഛന്‍ മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...' അവന്‍ കൈ നീട്ടിക്കൊണ്ടു തുടര്‍ന്നു- "ഇതാ സാറിന്റെ ഇരുപതു രൂപ.'
     ഞാന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു-
     "അതു നീ വച്ചോളൂ... പക്ഷെ, നീയെന്തിനായിരുന്നു നിന്റെ പേരു മാറ്റിപ്പറഞ്ഞത്?'
     അതിനവനു മറുപടിയുണ്ടായിരുന്നില്ല.