Sunday, 3 June 2012

നന്മയില്‍ വളരട്ടെ നമ്മുടെ കുരുന്നുകള്‍

      പുതിയ വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. നാളുകള്‍ക്കു ശേഷം കൂട്ടുകാരെ കാണുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം പറയാനുണ്ടാവും!
      ഞാന്‍ ഈ ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്തതു നാലും പാവപ്പെട്ട കുട്ടികളുടെ അനുഭവങ്ങളായിരുന്നു. കീറിയ യൂണിഫോം ഇട്ടു സ്കൂളില്‍ പോകുകയും പരിഹാസപാത്രമായി ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വേളാങ്കണ്ണി (വേളാങ്കണ്ണിയുടെ ഓര്‍മ്മ), ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് അതിനെ മുതലെടുക്കുന്ന കച്ചവടതന്ത്രം വിദഗ്ധമായി പ്രയോഗിച്ച ശ്രീനി (കച്ചവടം), പട്ടിണിയുടെ മധ്യത്തിലും തനിക്കു കിട്ടിയ പൊതിച്ചോറ് അമ്മയ്ക്കു പങ്കുവയ്ക്കാന്‍ മറക്കാത്ത അര്‍ച്ചന (സ്‌നേഹവിരുന്ന്), എങ്ങനെയെങ്കിലും പഠിക്കണമെന്നുറച്ച് ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ പോകാന്‍ തയ്യാറായ സന്ദീപ് (അമ്മയാണു ധനം). ഇവരുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവുമല്ലോ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ കനലനുഭവങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. ഈ കുട്ടികള്‍ നാലും ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്. വിശപ്പിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിഞ്ഞ പാവങ്ങളുടെ പ്രതിനിധികള്‍.
      എന്നാല്‍ സുഭിക്ഷതയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് എന്തെന്ന് അറിയുമോ? വിശക്കുന്നവന്റെ വേദനകള്‍ അറിയുമോ?
      ഒരു സംഭവം ഓര്‍മ്മ വരുന്നു.
      ഇതു നടന്നത് പട്ടണത്തിലെ ഒരു സ്കൂള്‍ ഹോസ്റ്റലിലാണ്. സ്കൂള്‍ വര്‍ഷാവസാനം ലൈബ്രറി ബുക്ക് തിരികെ നല്‍കാത്ത ഒരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ലൈബ്രേറിയന്‍ അവന്റെ മുറിയിലെത്തി. വലിയ വിലയുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷാസഹായിയായിരുന്നു അത്. അവന്‍ ആ പുസ്തകം ലൈബ്രേറിയനു കൈമാറി. അവന്റെ ഷെല്‍ഫിലേക്കു നോക്കിയ ലൈബ്രേറിയന്‍ ഒരു നിമിഷം അമ്പരന്നു നിന്നു. അതേ പുസ്തകത്തിന്റെ മറ്റൊരു കോപ്പി അവന്റെ പുസ്തകങ്ങള്‍ക്കിടയില്‍!!!
      'ഇതേ പുസ്തകം തന്നെയല്ലേ അവിടെയിരിക്കുന്നത്? പിന്നെയെന്തിനാ നീയിത് ലൈബ്രറിയില്‍ നിന്നെടുത്തത്?' ലൈബ്രേറിയന്‍ ചോദിച്ചു.
      'എന്‍ട്രന്‍സ് പരീക്ഷയല്ലേ മാഷേ... ലൈബ്രറിയില്‍നിന്നു മറ്റൊരുത്തന്‍ ഈ ബുക്കെടുത്താല്‍ എന്റെ സാധ്യതയല്ലേ ഇല്ലാതാകുന്നത്?' വളരെ ലാഘവത്തോടെയാണ് അവന്‍ അതു പറഞ്ഞത്.
      അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ആകുലപ്പെടുമ്പോള്‍ സ്വന്തം സാധ്യതയ്ക്കു ഭീഷണിയാകാനിടയുള്ളവന്റെ എല്ലാ സാധ്യതകള്‍ക്കും തടയിടുന്ന മറ്റൊരു വിഭാഗം. ഇതു നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.
      കൗശലബുദ്ധിയും വിദ്വേഷവും ക്രൂരമനസ്സും കുട്ടികളില്‍ ഇന്ന് ഏറിയിട്ടുണ്ട്. ആരാണ് ഇതിനുത്തരവാദികള്‍? ആലപ്പുഴ ജില്ലയിലെ മുട്ടാറില്‍ ലെജിന്‍ വര്‍ഗീസ് എന്ന പത്താം ക്ലാസുകാരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ബാഗിലും ഷൂസിനിടയിലുമായി ഒന്നിലധികം കത്തികളും കുപ്പിച്ചില്ലുകൊണ്ടുണ്ടാക്കിയ ആയുധവും കൊണ്ടുനടക്കുമായിരുന്നത്രേ. എന്നെ അതിശയിപ്പിക്കുന്നത് അവന്റെ വീട്ടിലെ മറ്റ് അംഗങ്ങളോ സ്കൂളിലെ അധ്യാപകരോ അത് മനസ്സിലാക്കിയിരുന്നില്ലേ എന്നതാണ്.
      കുട്ടികളെ ശ്രദ്ധിക്കുവാനും(Listen) സ്‌നേഹിക്കുവാനും(Love) നന്മയുടെ വഴിയില്‍ അവരെ നയിക്കുവാനും(Lead) മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. എല്ലാ കുട്ടികളും നല്ലവരാണ്. വളര്‍ച്ചയുടെ പാതയില്‍ മുതിര്‍ന്നവരുടെ തെറ്റായ സമീപനങ്ങളാണ് കുട്ടികളെ വികലസ്വഭാവങ്ങളിലേക്കു നയിക്കുന്നത്.
      പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ കുട്ടികളെ നമുക്കു സ്‌നേഹിക്കാം. കൂടുതല്‍ ശ്രദ്ധിക്കാം. സ്കൂളില്‍ ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം വീട്ടില്‍ തുറന്നു പറയത്തക്ക വിധം അവരുടെ മനസ്സ് സ്വതന്ത്രമാകട്ടെ. കൂട്ടുകാരെപ്പോലെ അവരോട് ഇടപെടാം. അവര്‍ക്കു നല്ല ഭാവിയുണ്ട്.           

30 comments:

  1. എല്ലാ കുട്ടികളും നല്ലവരാണ്. നേര്‍വഴിയ്ക്ക് നയിച്ചാല്‍ പ്രകാശപൂരിതമാകേണ്ടുന്ന ജീവിതങ്ങള്‍. പക്ഷെ നേര്‍വഴിയ്ക്ക് നയിക്കേണ്ടുന്നവര്‍ കുറഞ്ഞുപോകുന്നു

    ReplyDelete
    Replies
    1. എത്ര ശരിയാണ്! ഇന്നു കുട്ടികള്‍ കാണുന്ന മാധ്യമങ്ങളും മുതിര്‍ന്നവരുമെല്ലാം നന്മയെക്കാള്‍ തിന്മയുടെ സന്ദേശങ്ങളല്ലേ അവര്‍ക്കു നല്‍കുന്നത്... അഭിപ്രായത്തിനു നന്ദി സര്‍...

      Delete
  2. സമൂഹത്തില്‍ നിന്നും നല്ല കാര്യങ്ങളെല്ലാം മാഞ്ഞു പോകുന്നു. പെരുവിരല്‍ ഗുരുദക്ഷിണയായി വാങ്ങിയ ഗുരുവിനെ ഓര്‍മ്മയില്ലേ.... അതിന്‍റ ബാക്കിപത്രമായാണ് എനിക്ക് ഈ പോസ്റ്റു തോന്നിയത്. ആശംസകള്‍...

    ReplyDelete
    Replies
    1. ഏകലവ്യനില്‍ നിന്ന് പെരുവിരലറുത്ത് വാങ്ങിയപ്പോള്‍ ജീവിതത്തില്‍ ഇനിയൊരിക്കലും അവന്‍ വില്ലുകുലയ്ക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു ദ്രോണാചാര്യരുടെയുള്ളില്‍. ഒരുപക്ഷേ അന്നായിരിക്കാം വിദ്യാലയമുറ്റം ആദ്യമായി ചോര വീണു ചുവന്നത്. സ്വാര്‍ത്ഥതയുടെ പേരില്‍ കത്തിയെടുക്കുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല അല്ലേ... ഓര്‍മ്മപ്പെടുത്തലിനും വായനയ്ക്കും പ്രതികരണത്തിനും നന്ദി... ഇനിയും വരണേ...

      Delete
  3. സീരിയലുകള്‍ക്കും സിനിമകള്‍ക്കുമപ്പുറം മക്കള്‍ക്ക്‌ മടിയിലിരുത്തി
    കഥ പറഞ്ഞു കൊടുക്കുന്ന എത്ര മാതാപിതാക്കളുണ്ട് ഇന്ന് നമ്മുടെ സമൂഹത്തില്‍ .?
    വായിച്ചാല്‍ വിളയും എന്ന് വിശ്വസിക്കുന്നവരോ.?
    തെറ്റും ശരിയും തിരിച്ചറിയാന്‍ തക്ക ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ പ്രയത്നിക്കാം ...
    ആശംസകള്‍

    ReplyDelete
    Replies
    1. മാതാപിതാക്കളുടെ സ്പര്‍ശനവും സാമീപ്യവും ഏറെ ആവശ്യമുള്ള കാലമാണ് കുട്ടിക്കാലം. അവരുടെ സംശയങ്ങള്‍ക്ക് അവരുടെ ലോകത്തെ ഉദാഹരണങ്ങളുടെയും കഥകളുടെയും സഹായത്തോടെ മറുപടി നല്‍കണം. പല മാതാപിതാക്കളും ഇന്ന് അതിനു സമയം കണ്ടെത്തുന്നില്ല. ബ്ലോഗുകളില്‍ത്തന്നെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന എത്ര നല്ല കഥകളുണ്ട്! അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി...

      Delete
  4. ആര്‍ക്കും ഒന്നിനും നേരമില്ല മാഷെ ആള്‍ക്കാര്‍ എന്തിനോക്കെയോ പായുകയാണ് വെറുതെ ഹും !!

    ReplyDelete
    Replies
    1. എത്ര ശരിയാണ്! ഇതു വായിച്ചപ്പോള്‍ സച്ചിതാനന്ദന്റേതാണെന്നു തോന്നുന്നു, രണ്ടു വരികള്‍ ഓര്‍മ്മ വരുന്നു...
      'കമ്പി കൊണ്ടും കമ്പിയില്ലാക്കമ്പി കൊണ്ടും
      ലോകമെല്ലാം ഒന്നായിരിക്കുന്നു, കരളുകൊണ്ടല്ല.'
      അഭിപ്രായത്തിനു നന്ദി...

      Delete
    2. കുട്ടികളും മാതാപിതാക്കളും ഈ കാലത്ത് ഒരേപോലെ സ്വാര്തരല്ലേ?
      പണ്ട് സ്കൂളില്‍ പോകാന്‍ കഴിയാത്ത ദിവസത്തെ നോട്ടുകള്‍ പകര്‍ത്തിയെഴുതാന്‍ ബുക്ക്‌ തന്നു വിട്ടു സഹായിക്കുന്നത്, പറഞ്ഞു തരുന്നത്, ഏഴുതിക്കൊടുക്കുന്നത് ഒക്കെ ഇന്നുണ്ടോ ആവോ?

      മുട്ടാരിലെ ആ കുട്ടിയെ പലതവണ സ്കൂള്‍ അധികൃതര്‍ വിലക്കിയിരുന്നു. ഇന്നു വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ളപ്പോള്‍ സ്കൂളിന് പുറത്താക്കിയാല്‍ സാറ് ചിലപ്പോള്‍ കോടതി വരാന്ത കയറിയിറങ്ങേണ്ടി വരും!!

      Delete
    3. ഏയ് ആ കാലമൊക്കെ എന്നേ പോയി... ഇന്നിപ്പോള്‍ ഉച്ചഭക്ഷണം കൊടുത്തയയ്ക്കുന്ന അമ്മമാര്‍ കുട്ടികളോടു പറയുന്നത് ഇത് ആര്‍ക്കും കൊടുക്കരുത്; ഒറ്റയ്ക്കു കഴിയ്ക്കണമെന്നാണ്. കാക്കത്തണ്ടും കല്ലുപെന്‍സിലുമൊക്കെ കൂട്ടുകാരുമായി പങ്കുവച്ചിരുന്ന പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരു നഷ്ടബോധം തോന്നുന്നു.

      Delete
  5. ഋതുവിലെ മെസ്സേജ് കണ്ടാണ് ഇവിടെ എത്തിയത് - കാര്യമാത്രപ്രസക്തമായ രചനകള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..അജിത്ജീ പറഞ്ഞപോലെ നേര്‍വഴിക്ക് നയിക്കേണ്ടവര്‍ സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗത്തിലേക്ക് പിന്തള്ളപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകളില്‍ പെടുത്താം ഇന്നത്തെ സമകാലീക പ്രശ്നങ്ങളില്‍ പലതും.

    ReplyDelete
  6. വളരെ നന്ദി... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം.

    ReplyDelete
  7. സ്വാര്‍ത്ഥതയില്‍ അധിഷ്ട്ടിതമാല്ലാത്ത ഒരു ലോകം സ്വപ്നം മാത്രമാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.. കൂടുതലായൊന്നും പറയാനില്ല കാരണം മറ്റൊന്നുമല്ല സ്വാര്‍ത്ഥതയുടെ പൂര്‍ണ്ണരൂപം ബെന്‍ ജി യുടെ പോസ്റ്റിലുണ്ട്, സ്വന്തം സാധ്യത വര്‍ദ്ധിപ്പിക്കാന്‍ മറ്റുള്ളവരുടെ സാദ്ധ്യതകള്‍ അടച്ചുകളയുന്ന സ്വാര്‍ത്ഥതയുടെ ലോകം.

    മുതിര്‍ന്നവര്‍ക്ക് മൂന്നു എല്ലുകള്‍ നിര്‍ബന്ധമായും വേണം. LISTEN , LOVE , AND LEAD.

    ReplyDelete
    Replies
    1. നിത്യഹരിതാ... സ്വാര്‍ത്ഥതയുടെ ലോകത്ത് നന്മയുടെ തിരി തെളിക്കാന്‍ നമുക്കൊരുമിക്കാം. ഒത്തിരി നന്ദി... ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും... ഇനിയും കാണാം.

      Delete
  8. ആദ്യമായിട്ടാണ് ഇവിടെ ..
    കാര്യമാത്രപ്രസക്തമായ ചിലത് കണ്ടു ഇവിടെ ..
    നമ്മുടെ കുട്ടികളുടെ മനോതലം തന്നെ മാറി പൊയിരിക്കുന്നു
    അതിനു കാരണക്കാര്‍ ഒരു വിധത്തില്‍ മാതാപിതാക്കള്‍ തന്നെ
    മല്‍സര ബുദ്ധി കുത്തി വച്ച് കുത്തി വച്ച് അവരെ മറ്റുള്ളവന്റെ
    ആവിശ്യങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റക്കാര്‍ അക്കിയെടുത്തു ..
    കൂടെ സ്വര്‍ത്ഥമായ ചിന്തകളുടെ ലോകത്തേക്ക് , എന്റെതെന്ന് -
    എന്നൊരു തലത്തിലേക്ക് കുഞ്ഞു മനസ്സുകളേ വളര്‍ത്തുന്നു ..
    ചുറ്റുമുള്ള മനസ്സുകള്‍ അവരെ നല്ലതിലേക്ക് മാത്രം നയിക്കുവാനുള്ളതകട്ടെ ..
    നല്ല വരികള്‍ കൊണ്ട് ഇനിയും മനസ്സുകള്‍ക്ക്
    പ്രകാശമേകുവാന്‍ കഴിയട്ടെ .. കൂടെ കൂടി കേട്ടൊ ..
    സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
    Replies
    1. റിനീ, വളരെ സന്തോഷം... ഈസന്ദര്‍ശനത്തിനും സ്‌നേഹത്തിനും സൗഹൃദത്തിനും നന്ദി... നന്മ നിറഞ്ഞ കൂട്ടുകാരെ കിട്ടുന്നതു തന്നെ ഭാഗ്യമല്ലേ...

      Delete
  9. എന്‌റെ പോസ്റ്റിലെ കമെന്‌റ്‌ കണ്‌ട്‌ കൂടെ പോന്നതാണ്‌.. വിദ്യാര്‍ത്ഥികളെശരിയായ രീതിയില്‍ തുടക്കം മുതലെ ഉപയോഗിച്ചാല്‍, ശിക്ഷണം കൊടുത്താല്‍ നമുക്ക്‌ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും മറിച്ചാണെങ്കില്‍ ഒരു മത്സര ബുദ്ധി അവരില്‍ കടന്ന് വരികയും ജീവിതം തന്നെ ഒരു ഒാട്ട മത്സരമായി എടുക്കാനുമുള്ള സാധ്യതകള്‍ ഉണ്‌ട്‌. ആശംസകള്‍ ഇനിയും കാണാം... :)

    ReplyDelete
    Replies
    1. വളരെ ശരിയാണ്. നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ മുതിര്‍ന്നവര്‍ക്കു സാധിക്കും... മുതിര്‍ന്നവര്‍ക്കേ സാധിക്കൂ... നന്ദി, സന്ദര്‍ശനത്തിനും ആശംസയ്ക്കും പിന്നെ ഈ സൗഹൃദത്തിനും...

      Delete
  10. മക്കളെ മത്സരബുദ്ധി കുത്തിവച്ചു മാതാപിതാക്കള്‍ തന്നാണ് ഇല്ലാതാക്കുന്നത് ...!
    എല്ലാരും ഒരേപോലെ ആകില്ലാ എന്നാലും !! പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു കൂട്ടുകാരിയോട് ക്ലാസ്സ്‌ ടെസ്റ്റ്‌ നടന്നപ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരം ചോദിച്ചു ..അവള്‍ തെറ്റായി പറഞ്ഞു തന്നു ടീച്ചര്‍ പോയി കഴിഞ്ഞപ്പോള്‍ ബുക്ക്‌ നോക്കിയപ്പോള്‍ ആന്‍സര്‍ തെറ്റാണ് എഴുതിയതെന്നു മനസിലായി ...എന്തിനാ തെറ്റ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഇത്തവണ അവള്‍ക്കു മാര്‍ക്ക് കൂടുതല്‍ വാങ്ങണമെന്ന് ... :)) ഇത് വായിച്ചപ്പോള്‍ എനിക്ക് എന്റെ അനുഭവം ഓര്‍മ്മ വന്നു ബെഞ്ചി ...:)

    ReplyDelete
    Replies
    1. കൊള്ളാമല്ലോ... അനുഭവം ഒരു കഥയാക്കാന്‍ പറ്റിയ വിഷയമാണല്ലോ... നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

      Delete
  11. നല്ലൊരു രചനകാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
    നന്മയറ്റുപോകുന്ന കാലത്ത് വിദ്യാലയാന്തരീക്ഷം മാത്രമാണ് പ്രതീക്ഷ.. വായനാവാരം വരുന്നുണ്ടല്ലോ.. എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരിക്കാം..

    ReplyDelete
    Replies
    1. നന്ദി ശ്രീജിത്ത്, വായനയ്ക്കും ഈ ആത്മാര്‍ത്ഥതയ്ക്കും... വീണ്ടും കാണാം.

      Delete
  12. തികച്ചും കാലിക പ്രസക്തമായ ഒരു കുറിപ്പ്.
    ധനത്തിന്റെ കുമിഞ്ഞു കൂടല്‍ അല്ലേ കുട്ടികളെ
    ഇത്തരക്കാരാക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ?
    മാതാപിതാക്കള്‍ക്ക് ധനസമ്പാദനം മാത്രം ചിന്ത
    കുട്ടികള്‍ക്ക് ആവശ്യമായതിലും അധികം
    അവര്‍ വാരിക്കോരിക്കൊടുക്കുന്നു അവരത് ധൂര്‍ത്തടിക്കുന്നു
    കുട്ടികള്‍ എങ്ങനെ ജീവിക്കുന്നു എന്നതവര്‍ക്കൊരു പ്രശനമേ അല്ല.
    മാതാപിതാക്കള്‍ക്കും ഒപ്പം കുട്ടികള്‍ക്കും ചിന്തിക്കാന്‍ വക ധാരാളം ഇതില്‍.
    ഒടുവില്‍ കുറിച്ച വരികള്‍ തികച്ചും ചിന്തോദീപകം തന്നെ
    ഞാനത് വീണ്ടും ഇവിടെ ചേര്‍ക്കട്ടെ.
    "കുട്ടികളെ ശ്രദ്ധിക്കുവാനും(Listen)
    സ്‌നേഹിക്കുവാനും(Love)
    നന്മയുടെ വഴിയില്‍ അവരെ നയിക്കുവാനും(Lead)
    മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം.
    എല്ലാ കുട്ടികളും നല്ലവരാണ്. വളര്‍ച്ചയുടെ പാതയില്‍
    മുതിര്‍ന്നവരുടെ തെറ്റായ സമീപനങ്ങളാണ്
    കുട്ടികളെ വികലസ്വഭാവങ്ങളിലേക്കു നയിക്കുന്നത്"


    PS:
    നേരത്തെ ബ്ലോഗില്‍ ചേര്‍ന്നെന്ന ചിന്തയായിരുന്നു
    അതത്രേ intimation കിട്ടാതിരുന്നതും ഇതു കാണാന്‍
    വൈകിയത്. ഇപ്പോള്‍ ചേര്‍ന്നു. മറ്റുള്ളവ പുറകെ വായിച്ചു
    വരാം
    നന്ദി വീണ്ടും എഴുതുക അറിയിക്കുക
    ആശംസകള്‍
    വളഞ്ഞവട്ടം ഏരിയല്‍

    ReplyDelete
    Replies
    1. വളരെ ശരിയായ വിലയിരുത്തല്‍ തന്നെ. കുട്ടികളാണ് ദൈവം നല്‍കിയ ഏറ്റവും വലിയ ധനമെന്നു മനസ്സിലാക്കി മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോഴേ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവൂ.
      വളരെ നന്ദി സര്‍, വീണ്ടും വന്നതിനും കൂടെ കൂടിയതിനും. ഇനിയും കാണാം.

      Delete
  13. ഒരു സുഹൃത്തിന്‍റെ ബ്ലോഗ്ഗിലെ കമന്റ്‌ കണ്ട് ക്ലിക്കിയപ്പോള്‍ എത്തിയതാണിവിടെ!
    എഴുത്തും എഴുതിയ വിഷയവും ഇഷ്ടായെന്നു അറിയിക്കുന്നു. ഇനിയും വരാം ഈ വഴി. കൂടെ കൂടുന്നു.

    സ്നേഹത്തോടെ മനു.

    ReplyDelete
    Replies
    1. വളരെ നന്ദി മനൂ, ഈ സൗഹൃദത്തിനും പങ്കുവയ്ക്കലിനും. ഇനിയും കാണാം.

      Delete
  14. വളരെ നന്ദി സുഹൃത്തേ, അഭിപ്രായത്തിനും സൗഹൃദത്തിനും... കുട്ടികളുടെ സ്വാര്‍ത്ഥസമീപനങ്ങള്‍ കണ്ടായിരിക്കാം ആ അദ്ധ്യാപകന്‍ അങ്ങനെ പറഞ്ഞത് അല്ലേ?... വീണ്ടും കാണാം.

    ReplyDelete
  15. മത്സര ബുദ്ധിക്കും അപ്പുറത് മൂല്യങ്ങളുള്ള ശരിയായ ആദര്‍ശങ്ങലുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നു വരട്ടെ ..

    ReplyDelete
    Replies
    1. അതെ, അതാണു വേണ്ടത്. അതിന് നമ്മുടെ കൂട്ടായ പരിശ്രമം വേണം. നന്ദി സുഹൃത്തേ... വീണ്ടും കാണാം...

      Delete
  16. മറ്റുള്ളവരുടെ പോരായ്മകളും, ഇല്ലായ്മകളും - ഉയര്‍ത്തി കാണിച്ചു,നമ്മുടെ ചെറിയ കാര്യങ്ങള്‍ ആപേക്ഷികമായി വലുതാക്കി കാണിക്കുക - ഇതാണ് ഇന്നത്തെ പ്രവണത
    കിണ്ടി കട്ടവന്‍, ഉരുളി കട്ടവനെക്കാള്‍ സ്രെഷടനാണ് എന്ന് സമര്‍ധിക്കുന്ന ല്യബോധം നമ്മളില്‍ വളരുന്നത്‌, മൂല്യബോധം ഇല്ലാത്ത മാതാപിതാക്കന്മാരും അധ്യാപകരും നമ്മളില്‍ പെരുകുന്നു എന്നതുകൊണ്ടാണ് -
    ഒരു ചെറിയ സംഭവം - ഒരുപാട് ചിന്തക്ക് വക നല്‍കി - നന്നായിരിക്കുന്നു

    ReplyDelete