Monday, 21 January 2013

ക്ഷമയുടെ പരിശീലനക്കളരി

      റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...
      എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന്‍ കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്‌ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍.
       സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന്‍ തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍.
       ആബേലച്ചനെ കണ്ടാല്‍ ഫുട്ട്‌ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന്‍ നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.
       വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന്‍ ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന്‍ സിദ്ദിക്ക്.
       പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു:
       'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'
       ആബേലച്ചന്‍ ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'
       ഒന്നു ചിരിച്ചിട്ട് ആബേലച്ചന്‍ തുടര്‍ന്നു:
       'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'