Friday 21 July 2023

കള്ളന്റെ മകന്‍

കുര്‍ബാന കഴിഞ്ഞ് എല്ലാവരും വീടണയാനുള്ള തിരക്കിലാണ്. അപ്പോഴാണ് നിറഞ്ഞ ചിരിയോടെ അവന്‍ അടുത്തെത്തിയത്. എവിടെയോ കണ്ടു നല്ല പരിചയം. ഈ വിദേശരാജ്യത്ത് പരിചയഭാവത്തില്‍ സമീപിക്കുന്ന യുവാവ് ആരായിരിക്കും? ഓര്‍മ്മയുടെ ആല്‍ബങ്ങളിലാകെ പരതി നില്ക്കുമ്പോള്‍ അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു:

''സര്‍, ഞാന്‍ ബ്ലസ്സന്‍. സാറെന്നെ വി.ബി.എസ് പഠിപ്പിച്ചിട്ടുണ്ട്.''

''എവിടെ?...'' ഞാന്‍ സന്ദേഹത്തോടെ അവന്റെ കൈ പിടിച്ചു.

അവന്‍ നാട്ടില്‍ അവന്റെ ഗ്രാമത്തിന്റെ പേരു പറഞ്ഞു. 

ശരിയാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവന്റെ ഗ്രാമത്തില്‍ അവധിക്കാല വേദപരിശീലന ക്ലാസ്സില്‍ ഡയറക്ടറായി പോയിട്ടുണ്ട്. അത് തൊണ്ണൂറ്റി മൂന്നിലോ തൊണ്ണൂറ്റി നാലിലോ ആയിരുന്നിരിക്കണം. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ ഗ്രാമപ്രദേശത്തെ കൊച്ചു ദേവാലയത്തിലെ വി.ബി.എസ്സിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സജീവമാകുന്നു. ആ ഓര്‍മ്മച്ചിത്രങ്ങള്‍ക്കിടയില്‍ തോമസ് എന്നൊരു കൊച്ചു കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വരികയാണ്.

മുഷിഞ്ഞ വേഷം ധരിച്ച്, തലമുടി ചീകിയൊതുക്കാതെ ക്ലാസ്സില്‍ ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന പത്തുവയസ്സുകാരന്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് പതിവു ക്ലാസ് സന്ദര്‍ശനവേളയിലാണ്. ഞാന്‍ ആ ക്ലാസ്സിലെത്തിയപ്പോള്‍ മിഷണറി ചരിത്രപാഠം പഠിപ്പിക്കുകയായിരുന്നു ക്ലാസ് ടീച്ചര്‍.

''സാര്‍, ഈ തോമസ് ഇവിടെ മഹാ ശല്യമാ... ദേ, എന്റെ കൈ നുള്ളിപ്പറിച്ചു.'' അവന്റെ തൊട്ടടുത്തിരുന്ന ചുണക്കുട്ടിയുടെ പരാതിയാണ്. തോമസിനെ ചൂണ്ടിയ ശേഷം സ്വന്തം കൈയിലെ നഖക്ഷതം കാട്ടിക്കൊണ്ടാണ് ആ കൊച്ചു കുറുമ്പന്റെ പരിഭവം.

ഞാന്‍ തോമസിനെ ഒന്നു നോക്കി. ആ കുഞ്ഞു മുഖത്ത് എല്ലാവരോടുമുള്ള അമര്‍ഷം പ്രകടമാണ്. കൈവിരലുകളിലെ നഖങ്ങള്‍ക്കിടയില്‍ ചെളി പുരണ്ട കറുപ്പ്. ബട്ടണുകള്‍ പലതും പൊട്ടിപ്പോയ ഷര്‍ട്ടിന്റെ വിടവിലൂടെ അവന്റെ നെഞ്ചിന്‍കൂട് തെളിഞ്ഞു കാണാം. രാവിലെ കുളിച്ച ലക്ഷണമില്ല. എണ്ണമയം കാണാത്ത മുടി അനുസരണയില്ലാതെ പാറിപ്പറന്നു കിടക്കുന്നു. ഞാനവന്റെ തോളില്‍ കൈവച്ച് ചോദിച്ചു:

''നേരാണോ തോമസേ, അവനെ നുള്ളിയോ?''

മറുപടിയൊന്നും പറയാതെ തോമസ് എന്റെ കൈ തട്ടി മാറ്റി, വല്ലാത്തൊരു പകയോടെ.

ഉടനെ പരാതിക്കാരന്‍ ഇടപെട്ടു:

''സാറേ അവനോടു മിണ്ടണ്ട. അവന്‍ കള്ളന്റെ മോനാ... അവന്റപ്പന്‍ ജയിലിലാ.''

ഞാനൊന്നു ഞെട്ടി. ഒരു കൊച്ചു കുട്ടിക്ക് അവന്റെ സഹപാഠി ചാര്‍ത്തി നല്കിയ മുദ്ര- കള്ളന്റെ മോന്‍! അതും ക്ലാസ്സിലുള്ള മുഴുവന്‍ കുട്ടികളും കേള്‍ക്കെ. അതു സത്യമാണോ എന്ന സന്ദേഹത്തോടെ ഞാന്‍ ക്ലാസ് ടീച്ചറെ നോക്കി. അതെയെന്ന ഭാവത്തില്‍ പുഞ്ചിരിയോടെ അവര്‍ തലയാട്ടി. കള്ളന്റെ മകനാണവനെന്നത് എല്ലാവരും അറിയണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി. കുഞ്ഞുപ്രായത്തില്‍ അവനു ചാര്‍ത്തിക്കിട്ടിയ മുദ്ര എന്റെ മനസ്സില്‍ നീറ്റലാണുണ്ടാക്കിയത്. അങ്ങനെയെങ്കില്‍ ആ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും. 

സംഘാടകരിലൊരാളോട് പിന്നീട് ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹമാണ് തോമസിന്റെ കുടുംബത്തിന്റെ കഥ പറഞ്ഞത്. 

ഒരു മോഷ്ടാവാണ് തോമസിന്റെയപ്പന്‍. ഇപ്പോള്‍ ജയിലിലാണയാള്‍. കുറേക്കാലം ജയിലില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങും. വീണ്ടും മോഷണം നടത്തും. കൃത്യമായി പോലീസ് അയാളെ പൊക്കും. തോമസിന്റെയമ്മ ഒരു വീട്ടില്‍ അടുക്കള ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. അവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്ക് ആ കുടുംബത്തിന്റെ കഥകളെല്ലാമറിയാമെങ്കിലും ആ സ്ത്രീയുടെ വിശ്വസ്തതയെക്കുറിച്ച് അവര്‍ക്കു നല്ല മതിപ്പാണ്. മറ്റു ബന്ധുക്കളാരും അവര്‍ക്കില്ല.

 മോഷ്ടാവിന്റെയും കുടുംബത്തിന്റെയും കഥയുടെ പേരില്‍ പകല്‍ മുഴുവന്‍ മനസ്സ് വല്ലാതെ നൊന്തു. പിന്നീടുള്ള രണ്ടുമൂന്നു ദിനങ്ങളില്‍ അവനെയൊന്നു കൂട്ടുകാരനാക്കാനായിരുന്നു എന്റെ ശ്രമം. ചെറിയ മാജിക്കുകളും പസ്സില്‍ ഉപകരണങ്ങളുമായി ഞാനവന്റെ പിന്നാലെ കൂടി. പത്തു വയസ്സുകാരനില്‍ കൗതുകമുണര്‍ത്താനും അവനെ എന്നിലേക്ക് അടുപ്പിക്കാനും അതൊക്കെ ധാരാളമായിരുന്നു. ആരും കൂട്ടുകാരായില്ലാത്ത തോമസ് പതിയെ എന്നോടടുത്തു.

നാലു ദിവസം കഴിഞ്ഞ് ഒരു നാള്‍ വൈകുന്നേരം ഞാന്‍ തോമസിന്റെ വീടു സന്ദര്‍ശിച്ചു. ഓടിട്ട ചെറിയൊരു വീട്. മഴവെള്ളം വീണ് നിറം മങ്ങി പഴകിയ പലകകള്‍കൊണ്ടുണ്ടാക്കിയ വാതില്‍ അടഞ്ഞു കിടക്കുകയാണ്. ഞാന്‍ വാതിലില്‍ മൃദുവായി കൊട്ടി. ശബ്ദം കേട്ട് വാതില്‍ തുറന്നത് തോമസിന്റെ അമ്മയാണ്. എന്നെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് വല്ലാത്ത അങ്കലാപ്പ്. തോമസിന്റെ അപ്പനെ അന്വേഷിച്ചു വരുന്ന പോലീസുകാരെ മാത്രമേ ആ അമ്മയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നു തോന്നി. ഒരുപക്ഷേ, പോലീസുകാരില്‍നിന്ന് പരുപരുത്ത അനുഭവങ്ങളാവാം ആ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.

വാതില്‍ പാളിയില്‍ പിടിച്ച് ആശങ്കയോടെ എന്നെ നോക്കി ഭയം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു:

''ആരാ?... എന്താ വന്നത്?...''

പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു:

''ഞാന്‍ തോമസിന്റെ വി.ബി.എസ്സിലെ സാറാ... തോമസിന്റെ വീടൊന്നു സന്ദര്‍ശിക്കണമെന്നു തോന്നിയതുകൊണ്ടു വന്നതാ.''

അപ്പോഴേക്കും തോമസ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് ഓടിയെത്തി. എന്നെ കണ്ടപ്പോള്‍ അവനും അദ്ഭുതം.

അപ്പോഴും അമ്മയുടെ അങ്കലാപ്പ് മാറിയിട്ടില്ല. അവര്‍ ചോദിച്ചു:

''എന്തു പറ്റി സാറേ? ഇവനവിടെ പ്രശ്‌നമെന്തേലുമുണ്ടാക്കിയോ?''

അവനൊരു പ്രശ്‌നക്കാരനാണെന്നോ, പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കിലേ ആരെങ്കിലും തങ്ങളുടെ വീട് തേടിയെത്തൂ എന്നോ ആ അമ്മ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നി.

''അയ്യോ, പ്രശ്‌നമൊന്നുമുണ്ടായിട്ടല്ല ഞാന്‍ വന്നത്. തോമസ് നല്ലൊരു കുട്ടിയല്ലേ? ഞങ്ങള്‍ നല്ല കൂട്ടുകാരാ... വി.ബി.എസ്സിലെ കുട്ടികളുടെയൊക്കെ വീട് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. അക്കൂട്ടത്തില്‍ തോമസിന്റെയും വീട്ടിലൊന്നു വരാമെന്നു തോന്നി. അതാ...'' അതു കേട്ടതോടെ തോമസിന്റെ അമ്മയ്ക്ക് അല്പം ആശ്വാസമായി. അവര്‍ പറഞ്ഞു:

''കേറിയിരിക്കു സാറേ...'' അങ്ങിങ്ങ് തുരുമ്പു വീണ് ദ്രവിച്ച പഴയൊരു ഇരുമ്പു കസേര അവര്‍ ചൂണ്ടിക്കാട്ടി. ഞാനിരുന്നു. തോമസ് അഭിമാനത്തോടെയും സന്തോഷത്തോടെയും എന്റെയടുത്തു വന്നു നില്പാണ്. ഞാന്‍ തോമസിനെ തോളില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തിയിട്ട് അമ്മയോടു ചോദിച്ചു:

''തോമസ് വീട്ടില്‍ അമ്മയെ സഹായിക്കുമോ?''

''സഹായിച്ചില്ലേലും വേണ്ടില്ല സാറേ... നന്നായിട്ടു പഠിച്ചാല്‍ മതിയായിരുന്നു. അവന്റെ കണ്ണില്‍ നോക്കിയാ ഞാന്‍ ജീവിക്കുന്നത്. എങ്ങനേലും ഇവനെ ഒരു നെലയ്‌ക്കെത്തിച്ചിട്ട് കണ്ണടച്ചാല്‍ മതി എനിക്ക്.''

''അതോര്‍ത്തു വിഷമിക്കണ്ട... അവന്‍ ഉയര്‍ന്ന നിലയിലെത്തും. ദൈവം അവനെ അനുഗ്രഹിക്കും. തോമസേ... നിനക്ക് ആരാകാനാ ആഗ്രഹം?''

''പോലീസ്...'' 

അതു പറയാന്‍ തോമസിന് അധികം ആലോചിക്കേണ്ടി വന്നില്ല. അപ്പനെ പിടിച്ചുകൊണ്ടു പോകാറുള്ള പോലീസുകാരാണ് അപ്പനെക്കാള്‍ ശക്തരെന്ന തോന്നലായിരിക്കാം അങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലെന്നു ഞാന്‍ ചിന്തിച്ചു.

''പോലീസാകണമെങ്കില്‍ എന്തു വേണം?''

''ബലം വേണം.'' ഒട്ടും താമസമില്ലാതെയാണ് അവന്റെ ഉത്തരങ്ങള്‍.

''ബലം മാത്രം മതിയോ?''

''പോരാ, ബുദ്ധിയും വേണം.''

''ഉം... നന്നായി പഠിക്കണം. പിന്നെ ദൈവാശ്രയവും വേണം. ദൈവാനുഗ്രഹമുണ്ടെങ്കിലേ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ പറ്റൂ. പഠിക്കുമോ നീയ്?''

''പഠിക്കാം...''

പിന്നെയും കുറേനേരം സംസാരിച്ചിരുന്ന ശേഷമാണ് ഞാനവിടെനിന്നിറങ്ങിയത്. പത്തു ദിവസത്തെ വി.ബി.എസ് സമാപനദിനങ്ങളോടടുത്തപ്പോള്‍ തോമസിന് വല്ലാത്ത സങ്കടം. എന്നെ വിട്ടുമാറാനാവാത്തതു പോലെ ഇടവേളകളിലൊക്കെ അവന്‍ അടുത്തുകൂടി. ഇടയ്‌ക്കൊരിക്കല്‍ ചോദിച്ചു:

''സാറിവിടുന്നു പോയിക്കഴിഞ്ഞാല്‍ ഞങ്ങളെയൊക്കെ മറക്കുമായിരിക്കുമല്ലേ?''

ഞാനവനെ ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടി.

''അങ്ങനെ മറക്കാന്‍ പറ്റുമോ തോമസേ? നിന്നെ മറന്നാല്‍ പിന്നെ ആരെയാ ഓര്‍ത്തിരിക്കുക?''

അവന്റെ കണ്ണു നിറഞ്ഞു. കണ്ണീരില്‍ തെളിഞ്ഞ പുഞ്ചിരിക്ക് മഴവില്ലിന്റെ ശോഭയുണ്ടായിരുന്നു.

വി.ബി.എസ്സിന്റെ സമാപന ദിവസം പക്ഷേ തോമസ് വന്നില്ല. സദസ്സില്‍ കുട്ടികളുടെയിടയില്‍ ഞാനവന്റെ മുഖം തിരയുകയായിരുന്നു. വി.ബി.എസ് പൂര്‍ത്തിയാക്കി അവിടെനിന്നു മടങ്ങുന്നത് വൈകുന്നേരമാണ്. എനിക്കു പോകേണ്ട ബസ്സ് വന്നു നിന്നപ്പോള്‍ അതാ, തോമസ് ആ ബസ്സില്‍നിന്ന് ഇറങ്ങുന്നു. എവിടെയോ പോയിട്ട് മടങ്ങി വരികയാണവന്‍. അവസാനമായി അവനെ കാണാനായല്ലോ എന്ന ആശ്വാസത്തില്‍ ഞാനവന്റെ തോളത്ത് കൈ വച്ചു. ആളുകള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്ന സമയത്തിനിടയില്‍ അവന്‍ വിങ്ങിക്കരഞ്ഞുകൊണ്ട് എന്നോടു ചോദിച്ചു:

''സാറു പോകുവാണോ?...'' ആ വിതുമ്പല്‍ നിയന്ത്രണം വിട്ട കരച്ചിലായി മാറി. എന്തു ചെയ്യണമെന്നറിയാതെ നില്ക്കുകയാണ് ഞാന്‍. ഇറങ്ങാനുള്ള യാത്രക്കാരെല്ലാം ബസ്സില്‍നിന്നിറങ്ങിക്കഴിഞ്ഞു. കയറാനുള്ളവരും കയറി. ഇനി നിന്നാല്‍ എനിക്കു പോകാനാവില്ല. യാത്രാസൗകര്യം കുറവായ ആ ഗ്രാമത്തില്‍നിന്ന് പട്ടണത്തിലേക്കുള്ള അവസാനത്തെ ബസ്സാണത്. ഈ ബസ്സ് പിടിക്കാനായില്ലെങ്കില്‍ എന്റെ യാത്ര മുടങ്ങും. ഞാന്‍ തോമസിനെ വിട്ട് ബസ്സിലേക്ക് ചാടിക്കയറി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ വെളിയിലേക്കു നോക്കി. തേങ്ങിക്കരഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കുകയാണ് തോമസ്.

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ തോമസ്സിന്റെ മുഖം കണ്ട് നില്ക്കുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. കണ്ണുനീരിന്റെ അവ്യക്തതയകന്നപ്പോള്‍ ബ്ലസ്സന്‍ എന്റെ കൈപിടിച്ച് നില്ക്കുകയാണ്. ഞാന്‍ ബ്ലസ്സനോടു ചോദിച്ചു:

''ബ്ലസ്സന്‍, അവിടെയൊരു തോമസ് ഉണ്ടായിരുന്നു... ഞാനവിടെ വന്ന കാലത്ത് അവന്റെയപ്പന്‍ ജയിലിലായിരുന്നു. അവനിപ്പോള്‍ എവിടെയാണെന്നറിയാമോ?''

ബ്ലസ്സന്‍ പറഞ്ഞു:

''അതെ സര്‍, തോമസ് വി.ബി.എസ്സില്‍ എന്റെ ക്ലാസ്സിലായിരുന്നു. അപ്പന്‍ കള്ളനാണെന്ന പേരുദോഷം കാരണം ജീവിതം വലിയ ദുരിതത്തിലായപ്പോള്‍ ആ കുടുംബം നാടുവിട്ടു. തമിഴ്‌നാട്ടില്‍ ഏതോ ഉള്‍നാട്ടിലാണെന്നാണ് പിന്നീടു കേട്ടത്. ഇപ്പോള്‍ നാട്ടിലാരുമായും അവര്‍ക്ക് ബന്ധമൊന്നുമില്ല.''

ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു. തിരസ്‌കാരം എത്ര വലിയ ഒറ്റപ്പെടലിലേക്കും ദുരന്തത്തിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്! തോമസേ... മാപ്പ്! മാപ്പ്!!... നിന്നെ ഉള്‍ക്കൊള്ളാതെ പോയ സമൂഹത്തിന്റെ ഭാഗമായിപ്പോയല്ലോ ഞാനും...