Monday, 23 June 2014

പ്രണയത്തിന്റെ തത്വശാസ്ത്രം (Love’s Philosophy)

ഉറവുകളലിയുന്നു പുഴയില്‍പ്പതുക്കെ
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും
മധുരമാമൊരു ഹൃദ്യഭാവം കണക്കെ
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍?

സുരലോകസീമയെ മുത്തും ഗിരിനിര
തിരകള്‍ തിരകളെ പുണരുന്നു ഗാഢം
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്‍
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...

പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-


Love’s Philosophy
The fountains mingle with the river
   And the rivers with the ocean,
The winds of heaven mix for ever
   With a sweet emotion;
Nothing in the world is single;
   All things by a law divine
In one spirit meet and mingle.
   Why not I with thine?—

See the mountains kiss high heaven
   And the waves clasp one another;
No sister-flower would be forgiven
   If it disdained its brother;
And the sunlight clasps the earth
   And the moonbeams kiss the sea:
What is all this sweet work worth
   If thou kiss not me?

Thursday, 29 May 2014

നചികേതസ്സിന്റെ സന്ദേഹം

      ആശ്രമമുറ്റത്ത് യജ്ഞശാലയില്‍ യാഗത്തിരക്ക്. ഉദ്ദാലകമുനിയും ബന്ധുക്കളും ഭയഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി. ഉദ്ദാലകന്റെ താത്പര്യമനുസരിച്ചാണ് വിശ്വജിത്ത് എന്ന യാഗം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ യജ്ഞാചാര്യന്മാര്‍ സന്നിഹിതരാണ്. 
      യാജകപ്രധാനിയുടെ സമീപത്തുതന്നെ ആജ്ഞാനുവര്‍ത്തിയായി നില്‍പ്പുണ്ട്, നചികേതസ്സ്. ഉദ്ദാലകമുനിയുടെ മകനാണ് ആ ബാലന്‍. ഊര്‍ജ്ജസ്വലനും ബുദ്ധിമാനുമായ അവന്റെ സംശയങ്ങള്‍ക്കു മുന്നില്‍ പണ്ഡിതരായ മുനിവര്യന്മാര്‍ പോലും പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുണ്ട്.
ചിലപ്പോള്‍ അവന്‍ യാഗമന്ത്രങ്ങളുടെ അര്‍ത്ഥം അന്വേഷിക്കും. മറ്റു ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ അങ്ങനെ തന്നെ നടത്തിയില്ലെങ്കിലെന്താ എന്നാവും അവന്റെ സംശയം. ഈശ്വരപ്രസാദത്തെക്കുറിച്ചുള്ള സംശയങ്ങളും മഹര്‍ഷിശ്രേഷ്ഠരോട് ഉന്നയിക്കാന്‍ അവന്‍ മടിക്കാറില്ല. നചികേതസ്സിന്റെ സംശയങ്ങളൊന്നും അവസാനിക്കില്ലെന്നാണ് മുനികുമാരന്മാര്‍ തമാശയായി പറയാറുള്ളത്.
      യാഗം അവസാനഘട്ടത്തിലെത്തി. യാഗം ഫലം കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. വിശ്വജിത് യാഗത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യാജകര്‍ക്ക് ആതിഥേയന്‍ എല്ലാം ദാനം ചെയ്യണമെന്നാണു നിയമം. ഉദ്ദാലകന്‍ ഉദാരമനസ്കനായി എല്ലാം ദാനം ചെയ്യാന്‍ തയ്യാറായി.
      ആശ്രമത്തില്‍ കുറേ പശുക്കളുണ്ടായിരുന്നു- പാല്‍ വറ്റി ശോഷിച്ച മിണ്ടാപ്രാണികള്‍! ദാനം ചെയ്യാന്‍ ബാക്കിയൊന്നുമില്ലെന്നു വന്നപ്പോള്‍ ഉദ്ദാലകന്‍ അവയെയും ദാനം ചെയ്തു. കണ്ടു നിന്ന നചികേതസ്സ് ആ പശുക്കളുടെ കണ്ണിലേക്കു നോക്കി. അവയുടെ ദൈന്യഭാവം അവനില്‍ കനിവുണര്‍ത്തി. ഒപ്പം ഒരു സന്ദേഹവും ഉള്ളിലുണര്‍ന്നു.
ഞാനും അച്ഛന്റെ സ്വത്തല്ലേ? സര്‍വ്വവും ദാനം ചെയ്യണമെന്നാണെങ്കില്‍ എന്നെയും ദാനം ചെയ്യണമല്ലോ.
      നചികേതസ്സ് സംശയം മറച്ചുവച്ചില്ല. അവന്‍ പിതാവിനടുത്തെത്തി ചോദിച്ചു:
      "അച്ഛാ... എന്നെ ആര്‍ക്കാണു ദാനം ചെയ്യുന്നത്?''
      ആദ്യം ഉദ്ദാലകന്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. വിടാന്‍ ഭാവമില്ലാതെ മുനികുമാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം അവന്റെ ചോദ്യത്തെ അവഗണിക്കാനാവാതെ അല്പം നീരസത്തോടെ തന്നെ ഉദ്ദാലകന്‍ പറഞ്ഞു:
      "നിന്നെ ഞാന്‍ കാലനു കൊടുക്കും...''
      അറംപറ്റുന്ന ആ മറുപടി കേട്ട് യജ്ഞശാലയില്‍ അസ്വസ്ഥത പരന്നു. മുനിമാര്‍ വിഷണ്ണരായി. നചികേതസ്സ് മാത്രം അക്ഷോഭ്യനായി നിലകൊണ്ടു. പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി മുഴങ്ങി.
      "നചികേതസ്സേ, നീ യമഗൃഹത്തില്‍ പോകണമെന്നതാണ് നിന്റെ അച്ഛന്റെ ഉദ്ദേശ്യം. അതുകൊണ്ട് യമന്‍ വീട്ടിലില്ലാത്ത സമയം നോക്കി നീ അവിടെ ചെല്ലുക. അപ്പോള്‍ യമപത്‌നി ആതിഥ്യ മര്യാദയനുസരിച്ച് ആഹാരം കഴിക്കുവാന്‍ നിന്നോട് ആവശ്യപ്പെടും. അതു നീ പാടേ നിരസിക്കണം. യമരാജന്‍ മടങ്ങിയെത്തുമ്പോള്‍ നീ അവിടെയെത്തിയിട്ട് എത്ര ദിവസമായെന്നും എന്തു ഭക്ഷിച്ചെന്നും ചോദിക്കും. അതിന് നീ അവിടെയെത്തി മൂന്നു രാത്രിയായെന്നും ആദ്യദിവസം അങ്ങയുടെ പ്രജകളെയും രണ്ടും മൂന്നും ദിവസങ്ങളില്‍ പശുക്കളെയും സുകൃതത്തെയും ഭക്ഷിച്ചെന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നു കഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ് അതിനര്‍ത്ഥം.''
      അശരീരി അനുസരിച്ച് നചികേതസ്സ് യമഗൃഹത്തിലേക്ക് യാത്ര തിരിക്കുകയും അത്തരത്തില്‍ യമനോട് സംസാരിക്കുകയും ചെയ്തു. ആ കൊച്ചുമിടുക്കന്റെ സംസാരത്തില്‍ പ്രീതനായ യമരാജന്‍ അവനെ അനുഗ്രഹിച്ച് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ അവനോട്  ആവശ്യപ്പെട്ടു. എന്നെ ജീവനോടെ എന്റെ അച്ഛന്റെയടുത്തേക്ക് അയയ്ക്കണം, കേള്‍വിയിലൂടെയും ഓര്‍മ്മയിലൂടെയും എനിക്കു ലഭിച്ച യജ്ഞസിദ്ധി നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കണം, മരണത്തെ അതിജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്നീ വരങ്ങളാണ് നചികേതസ്സ് യമരാജനോട് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ യമദേവന്‍ അവന്റെ അഭീഷ്ടം നിറവേറ്റിക്കൊടുത്തു. ബ്രഹ്മവിദ്യയും യോഗവിദ്യയും കരസ്ഥമാക്കി ആശ്രമത്തില്‍ തിരിച്ചെത്തിയ നചികേതസ്സ്  തന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചു.
      നചികേതസ്സ് നമുക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിന് വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാവുമെന്നതാണ് ആ സന്ദേശം. അത്തരം വിജയങ്ങളിലൂടെ നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കണം.

Wednesday, 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.

Wednesday, 6 November 2013

രാജാവിന്റെ മോതിരം

      വളരെക്കാലം മുമ്പ് പേര്‍ഷ്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അജയ്യനായ അദ്ദേഹത്തിന് ഭൂമിയിലെ ധനങ്ങളൊന്നും അപ്രാപ്യമായിരുന്നില്ല.
      മരുഭൂമികളും മണല്‍ക്കാടുകളും കടന്ന് ദൂരെരാജ്യങ്ങളില്‍ നിന്ന് ഒട്ടകക്കൂട്ടങ്ങളിലേറി വന്ന വ്യാപാരികള്‍ രാജാവിന് വിലയേറിയ രത്‌നങ്ങള്‍ സമ്മാനിക്കുമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങള്‍!!
      കടലുകള്‍ താണ്ടി കപ്പലുകള്‍ രാജ്യത്തെത്തുമ്പോള്‍ കടല്‍സഞ്ചാരികള്‍ നല്ലവനായ രാജാവിനെ മുഖം കാണിക്കാനെത്തും. അവര്‍ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമായിട്ടാവും വരിക. വിലയേറിയ മുത്തുകള്‍...
      പക്ഷേ ഈ സമ്മാനങ്ങളൊന്നും രാജാവില്‍ ഭാവവ്യത്യാസമുണ്ടാക്കാറില്ല. അദ്ദേഹം നിസ്സംഗനായി തന്റെ കൈയിലെ മോതിരത്തിലേക്കു നോക്കും. ആ നോട്ടം അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കും. കാരണമെന്തെന്നോ? ആ മോതിരത്തില്‍ ഒരു വാചകം കുറിച്ചിട്ടുണ്ട്: "ഇതും കടന്നുപോകും'' എന്നാണ് ആ വാചകം.
      ആസ്ഥാനനഗരിയില്‍ നടക്കാറുള്ള കായിക മത്സരങ്ങളില്‍ മതിമറന്ന് കാണികള്‍ ഹര്‍ഷാരവം മുഴക്കുമ്പോഴും രാജാവ് മോതിരത്തിലേക്കാവും നോക്കുക. ആ നോട്ടം അദ്ദേഹത്തെ വലിയൊരു സത്യം ഓര്‍മ്മിപ്പിക്കും- ഇതും കടന്നു പോകും.
      രാജാവ് വിശ്വസുന്ദരിയായൊരു യുവതിയെ വിവാഹം കഴിച്ചപ്പോള്‍ പ്രജകള്‍ പറഞ്ഞു:
      "നമ്മുടെ രാജാവ് എത്ര ഭാഗ്യവാനാണ്... രാജ്ഞി എത്ര സുന്ദരിയാണ്!!''
      അതു കേട്ടപ്പോഴും രാജാവ് മോതിരത്തിലേക്കു നോക്കി വായിച്ചു: "ഇതും കടന്നു പോകും...''
യുദ്ധമുഖത്ത് ശത്രുപക്ഷത്തെ ഒരു സൈനികന്റെ കുന്തം രാജാവിന്റെ പരിച തകര്‍ത്ത് ശരീരത്തില്‍ മുറിവേല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ അലറിക്കരഞ്ഞു:
      "നോക്കൂ... നമ്മുടെ രാജാവിന് മുറിവേറ്റു!''
അംഗരക്ഷകര്‍ മുറിവേറ്റ രാജാവിനെ യുദ്ധമുഖത്തുനിന്ന് ശുശ്രൂഷിക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ രാജാവ് പറഞ്ഞു:
      "ഹൊ! വേദന സഹിക്കാനാവുന്നില്ല... എങ്കിലും സഹിക്കാതെ വയ്യല്ലോ... സാരമില്ല, ഇതും കടന്നു പോകും...''
      പ്രശസ്തിയോ ലോകത്തിന്റെ മഹത്വമോ ഒന്നും രാജാവിനെ പ്രലോഭിപ്പിച്ചില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം രാജാവിന്റെ മോതിരം വലിയൊരു സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. "ഇതും കടന്നു പോകും...''
വാര്‍ദ്ധക്യത്തില്‍ സ്വര്‍ഗ്ഗയാത്ര സ്വപ്നം കണ്ടു കഴിയുമ്പോള്‍ രാജാവ് ചിന്തിച്ചു, എന്താണു മരണം? അതിന് മറുപടിയെന്നോണം ജനാലയിലൂടെ കടന്നെത്തിയ ഒരു സൂര്യകിരണം രാജാവിന്റെ മോതിരത്തില്‍ പതിച്ചു. ഇതും കടന്നുപോകും എന്ന് രാജാവിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ സൂര്യകിരണം...
      തിയഡോര്‍ ടില്‍ട്ടണ്‍ എന്ന ആംഗലേയ കവിയുടെ പ്രശസ്തമായ "ദ കിംഗ്‌സ് റിങ്'' എന്ന കവിതയുടെ സാരാംശമാണിത്. ആ കവിതയിലൂടെ അദ്ദേഹം എത്ര വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ.
      ഈ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും. അതുകൊണ്ട്, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കാതെ, ദുഃഖങ്ങളില്‍ നിരാശരാകാതെ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെ.

Tuesday, 13 August 2013

ഇക്കാറസിന്റെ ചിറകുകള്‍

      ഒരു ഗ്രീക്ക് പുരാണ കഥയാണിത്. നമ്മുടെ മാസികയില്‍ ഒരു കോളത്തിനുവേണ്ടി ഓര്‍ത്തെടുത്ത കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുമ്പ് അറിയാവുന്നവര്‍ക്ക് ഈ പുനര്‍വായന വിരസമാകാതിരിക്കട്ടെ. പുതിയ വായനക്കാര്‍ക്ക് പുതിയൊരു അറിവു ലഭിക്കട്ടെ. എല്ലാവര്‍ക്കും നന്മയുടെ ദര്‍ശനമുള്‍ക്കൊള്ളാനാകട്ടെ.
      ഗ്രീക്ക് ഇതിഹാസത്തിലെ പ്രഗത്ഭ ശില്പിയായിരുന്നു ഡിഡാലസ്. ഒരിക്കല്‍ ക്രീറ്റിലെ രാജാവായ മിനോസ് ഒരു കോട്ട നിര്‍മ്മിക്കാന്‍ ഡിഡാലസിനെ നിയോഗിച്ചു. രാജാവ് ഒരു നിര്‍ദ്ദേശം കൂടി നല്‍കി-
      "കോട്ട വളരെ മനോഹരമായിരിക്കണം. കടലിനു നടുക്ക് ഈ ദ്വീപില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കുകള്‍ നിറഞ്ഞ വിധത്തിലായിരിക്കണം വഴികള്‍ നിര്‍മ്മിക്കേണ്ടത്.''
      ഡിഡാലസും മകന്‍ ഇക്കാറസും ചേര്‍ന്ന് സമര്‍ത്ഥമായി ആ ജോലി നിര്‍വ്വഹിച്ചു. അതിനു ശേഷം ആഥന്‍സിലെ രാജാവായ തീസിയസ്സിനെ മിനോസ് ആ കോട്ടയില്‍ തടവിലാക്കി. എന്നാല്‍ തീസിയസ്സിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ഡിഡാലസ് രഹസ്യമാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തെ രക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ കോപാകുലനായ മിനോസ് രാജാവ് ഡിഡാലസിനെയും ഇക്കാറസിനെയും ആ കോട്ടയില്‍ത്തന്നെ തടവിലാക്കി. അതിവിദഗ്ദ്ധമായി തടവില്‍നിന്ന് പുറത്തു വന്നെങ്കിലും അവര്‍ക്ക് വിജനമായ ആ കോട്ടയില്‍ നിന്ന് കടല്‍ കടന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തല പുകഞ്ഞാലോചിച്ച ഡിഡാലസ് മകനോടു പറഞ്ഞു-
      "ഈ കോട്ടയ്ക്കുള്ളിലെ മരങ്ങളില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ടല്ലോ. അവയുടെ തൂവലുകള്‍ ആകുന്നിടത്തോളം ശേഖരിക്കൂ, ഒപ്പം തേനീച്ചക്കൂടുകളില്‍ നിന്നു കിട്ടുന്നിടത്തോളം മെഴുകും...''
      അവര്‍ രണ്ടു പേരും കൂടി മെഴുകും പക്ഷികളുടെ തൂവലുകളും ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍ ചെറുതും വലുതുമായ തൂവലുകള്‍ വേര്‍തിരിച്ച് അവ അനുയോജ്യമായ രീതിയില്‍ മെഴുകിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച്  അവര്‍ രണ്ടു ജോഡി വലിയ ചിറകുകള്‍ ഉണ്ടാക്കി. ഡിഡാലസ് അവയിലൊന്ന് തന്റെ കൈകളില്‍ ചേര്‍ത്തു കെട്ടി. കോട്ടയിലെ ഒരു കുന്നിന്റെ മുകളില്‍ നിന്ന് അദ്ദേഹം അത് ആഞ്ഞു വീശി.
      അതാ ഡിഡാലസ് വായുവില്‍ ഒരു പക്ഷിയെപ്പോലെ പറന്നുയരുന്നു. ഇക്കാറസ് അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഡിഡാലസ് പറന്നിറങ്ങിയിട്ട് ഇക്കാറസിനെയും ആ വിദ്യ പരിശീലിപ്പിച്ചു. താമസിയാതെ ബാലനായ ഇക്കാറസും അതില്‍ വിദഗ്ദ്ധനായി. ഡിഡാലസ് മകന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

      "കടലിലൂടെ ദീര്‍ഘദൂരം പറക്കാനുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍  ചിറകു വീശരുത്. താഴ്ന്നു പറക്കരുത്. കടത്തിരകളില്‍ പെട്ട് ചിറകു നനഞ്ഞാല്‍ പറക്കാനാവില്ല... ഉയര്‍ന്നു പറക്കരുത്. സൂര്യന്റെ ചൂടു നിനക്ക് താങ്ങാനാവില്ല...'' ഇക്കാറസ് അതെല്ലാം മൂളിക്കേട്ടു. അങ്ങനെ അവര്‍ പറന്നുയര്‍ന്നു.
      താഴെ കരകാണാക്കടല്‍. മുകളില്‍ അനന്തമായ ആകാശം...   കുറേ ദൂരം പറന്നു കഴിഞ്ഞപ്പോള്‍ ഇക്കാറസിന് ആത്മവിശ്വാസവും ആവേശവും വര്‍ദ്ധിച്ചു. അവന്‍ മുകളിലേക്കു നോക്കി. സൂര്യന്‍ അങ്ങുയരത്തില്‍. ആകാശത്തെ കീഴടക്കുന്ന പക്ഷികള്‍ അവന്റെ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇപ്പോള്‍ പക്ഷികളും താനും തമ്മില്‍ എന്തു വ്യത്യാസം? അവന്‍ ആവേശത്തോടെ സൂര്യനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഉയരുംതോറും സൂര്യന്റെ ചൂട് കഠിനമായി വന്നു. അവന്റെ ചിറകുകള്‍ കൂട്ടി യോജിപ്പിച്ചിരുന്ന മെഴുക് ഉരുകാന്‍ തുടങ്ങി. അധികം താമസിയാതെ അവന്റെ ചിറകിന്റെ തൂവലുകളെല്ലാം കാറ്റില്‍ ഇളകിയടര്‍ന്നു. അവ മെഴുകില്‍നിന്ന് വേര്‍പെട്ട് കാറ്റില്‍ ലയിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ട ഇക്കാറസ് പറക്കാനാവാതെ താഴേക്കു പതിച്ചു. മകനു സംഭവിച്ച അപകടം ഡിഡാലസ് തിരിച്ചറിഞ്ഞപ്പോഴേക്കും താമസിച്ചു പോയിരുന്നു.
      ഇക്കാറസിനുണ്ടായ പതനം കണ്ടില്ലേ. തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.

Tuesday, 4 June 2013

അനുഭവങ്ങള്‍ നല്‍കിയ കൃഷിപാഠങ്ങളുമായി ചിലര്‍

      മനസ്സിനും ശരീരത്തിനും കുളിര്‍സ്പര്‍ശവുമായി കാലവര്‍ഷം വിരുന്നിനെത്തി. ഭൂമിക്കു മേല്‍ കനിവിന്റെ തെളിനീര്‍പ്പെയ്ത്താണിനി. വരണ്ട മണ്ണിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന വിത്തുകള്‍ ആലസ്യം വിട്ടൊഴിഞ്ഞ് പുതുനാമ്പുകളുടെ രൂപത്തില്‍ ഭൂമിക്കു വെളിയിലേക്കു വന്നു തുടങ്ങിയിരിക്കുന്നു. അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്താണ്?... വരൂ കൂട്ടരേ, കൃഷിഭൂമിയിലേക്കിറങ്ങൂ. വിത്തു വിതയ്ക്കാന്‍ കാലമായിരിക്കുന്നു. പക്ഷെ, മലയാളി ഇന്ന് കൃഷിയില്‍ നിന്ന് അകന്നകന്നു പോവുകയാണ്. ആര്‍ഭാടഭ്രമം എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനുള്ള അന്വേഷണത്തിലേക്ക് മലയാളിയെ നയിച്ചപ്പോള്‍ അന്യംനിന്നത് കൃഷിയും അതുമായി ബന്ധപ്പെട്ട നന്മകളുമല്ലേ?
      കൃഷിയുടെ ഈ അന്യവല്‍ക്കരണം ഒരുപാടു ദോഷങ്ങളിലേക്കു നമ്മെ നയിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സമൂഹം നമ്മുടെ മധ്യത്തില്‍ തന്നെയുണ്ട്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ.
സമ്മിശ്രകൃഷിയിലൂടെ സമൃദ്ധി നേടിയ പ്രകൃതിസ്‌നേഹി
      കോട്ടയത്തിനടുത്ത് പള്ളം സ്വദേശിയായ എം. കുര്യന് കൃഷിയെന്നാല്‍ ജീവിതം തന്നെയാണ്. പ്രകൃതിയുടെ കനിവില്‍ നിന്നു ലഭിക്കുന്ന വിളകളും ഫലങ്ങളും അദ്ദേഹത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു യോഗിയുടെ മനസ്. നെടുംപറമ്പില്‍ ജോയി എന്നറിയപ്പെടുന്ന എം. കുര്യന്‍ ഒരു മനുഷ്യസ്‌നേഹി മാത്രമല്ല, സര്‍വ്വജീവജാലങ്ങളുടെയും മിത്രവുമാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും പ്രയോഗത്തിലൂടെ ജീവവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ആധുനിക കൃഷിസമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, 'തനിക്കു വേണ്ടാത്തതിനെയെല്ലാം നശിപ്പിച്ചിട്ട് തനിക്കുമാത്രം സുഖമായി ജീവിക്കാമെന്നു കരുതുന്നത് മനുഷ്യന്റെ മിഥ്യാധാരണയാണ്.'
      പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള കൃഷിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗത്തിന് അന്‍പതു വര്‍ഷങ്ങളുടെ ചരിത്രമേയുള്ളൂ എന്ന വസ്തുതയിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുമ്പോള്‍ ഒരു വലിയ യാഥാര്‍ത്ഥ്യം അനാവൃതമാകുകയാണ്.
      രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യസേന ശത്രുക്കള്‍ക്കു നേരെ ഉപയോഗിച്ച പ്രധാന ആയുധം രാസായുധമായിരുന്നു. യുദ്ധകാലത്ത് രാസായുധ നിര്‍മ്മാണത്തിനായി മുതല്‍ മുടക്കിയ വന്‍കമ്പനികള്‍ക്ക് യുദ്ധാനന്തരം തങ്ങളുണ്ടാക്കിയ രാസികങ്ങള്‍ വിറ്റഴിക്കേണ്ടത് ആവശ്യമായി വന്നു. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉല്‍പ്പാദനം. വേണ്ടവയെയും വേണ്ടാത്തവയെയും ഒരുപോലെ കൊന്നൊടുക്കുന്ന ഇത്തരം കീടനാശിനികള്‍ മണ്ണില്‍ നിക്ഷേപിക്കുമ്പോള്‍ അവ വളരെ പെട്ടെന്നുതന്നെ വെള്ളത്തില്‍ കലരും. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ വിഷം ഉണ്ടാക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഏതുവിധത്തിലും ജീവശരീരത്തില്‍ കടന്നുകൂടുന്ന രാസികങ്ങള്‍ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ തിരിച്ചറിവാണ് കുര്യനെ ജൈവകൃഷിയിലേക്കു നയിച്ചത്.
ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടത് പ്രകൃതിയിലുണ്ട്. പണ്ടൊക്കെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ തൊടികളില്‍ തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുമായിരുന്നു. അത്തരത്തിലുള്ള സമ്മിശ്രകൃഷിയാണ് സമൃദ്ധിക്കു നിദാനം. അങ്ങനെയൊരു കൃഷിത്തോട്ടമാണ് പള്ളത്ത് നെടുംപറമ്പില്‍ വീടിനു ചുറ്റുമുള്ളത്. കപ്പയും വാഴയും ഓമയും ഇഞ്ചിയും ചതുരപ്പയറും കോവലും ചേനയും ആത്തയും മാവും പേരയുമൊക്കെ രാസവളത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ തഴച്ചുവളരുന്നു. ഇനിയും പറഞ്ഞാലൊടുങ്ങാത്ത അനേകം സസ്യസമ്പത്തും ആ തൊടിയിലുണ്ട്. അവയുടെയെല്ലാം ഔഷധപ്രാധാന്യവും അവയുപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കാനും കുര്യന് നന്നായി അറിയാം.
      മറ്റു ജീവജാലങ്ങളെ കാത്തു പരിപാലിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു സമൂഹത്തെ പഠിപ്പിക്കുവാന്‍ ജീവിതം മാറ്റി വച്ചിരിക്കുകയാണ് എം. കുര്യന്‍ എന്ന മനുഷ്യസ്‌നേഹി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിംഗ് പ്രൊജക്ട് കേരളഘടകം കോ-ഓര്‍ഡിനേറ്റര്‍, ഗാന്ധിസ്മാരക നിധി കോട്ടയം ജില്ലാ സെക്രട്ടറി, കേരളാ നേച്ചര്‍ ക്യുവര്‍ ഫെഡറേഷന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്ന അദ്ദേഹത്തിന് വ്യക്തമായൊരു ദര്‍ശനമുണ്ട് - പ്രകൃതി നല്‍കുന്ന നന്മ നിറഞ്ഞ ദര്‍ശനം.
മുള്ളന്‍പായലിനെ സ്‌നേഹിക്കുന്ന കുട്ടനാട്ടുകാരന്‍
      ജേക്കബ് സെബാസ്റ്റ്യന്‍ എന്ന കുട്ടനാടന്‍ കര്‍ഷകന്‍ ജൈവകൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
      പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പാടത്ത് രണ്ടാം കൃഷിയിറക്കുന്ന സമയം. പുഞ്ചക്കൃഷിക്കുശേഷം പാടത്ത് വെള്ളം കയറ്റി പിന്നീട് വെള്ളം നീക്കം ചെയ്തിട്ടു വേണം നിലം ഉഴുതു വിത്തു വിതയ്ക്കാന്‍. എന്നാല്‍ വെള്ളം വറ്റിക്കുന്ന സമയം പാടത്ത് മുള്ളന്‍പായല്‍ നിറഞ്ഞിരുന്നു. നിലം ഉഴുന്നതിന് ആ വര്‍ഷം സമയത്ത് ട്രില്ലര്‍ ലഭിച്ചതുമില്ല.

      കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം രണ്ടാം കൃഷി ഒരു ഭാഗ്യപരീക്ഷണമാണ്. മട വീണ് വെള്ളം കയറിയാല്‍ കൃഷി നശിക്കും. 'ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം വരുത്തരുത്' എന്നായിരുന്നു പിതാവിന്റെ ഉപദേശം. ഒരു പരീക്ഷണമെന്ന നിലയില്‍ മുള്ളന്‍പായല്‍ നീക്കം ചെയ്യുകയോ നിലം ഉഴുകയോ ചെയ്യാതെ അതിനു മുകളില്‍ വിത്തു വിതയ്ക്കാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിശ്ചയിച്ചു. ഫലം വളരെ ആശാവഹമായിരുന്നു. അക്കൊല്ലം ജേക്കബിന്റെ പാടത്തു മാത്രം കള വളര്‍ന്നില്ല. എന്നു മാത്രമല്ല, കൃഷി ഫലപ്രദമാകുകയും ചെയ്തു. ചെലവും വളരെ കുറവായിരുന്നു. മുള്ളന്‍ നീക്കം ചെയ്യുന്നതിനോ ട്രില്ലര്‍ വാടകയ്‌ക്കോ ചെളി ലവല്‍ ചെയ്യുന്നതിനോ കള പിഴുതു മാറ്റുന്നതിനോ പണം മുടക്കേണ്ടി വന്നില്ല. അത് ജേക്കബ് സെബാസ്റ്റ്യനെ ഒരു തിരിച്ചറിവിലേക്കു നയിക്കുകയായിരുന്നു - മുള്ളന്‍പായല്‍ ഒരു അനുകൂലകളയാണെന്ന തിരിച്ചറിവ്! ആ തിരിച്ചറിവ് പല നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചു.
      ആ അന്വേഷണങ്ങള്‍ക്കിടയിലാണ് ആലപ്പുഴയില്‍ ഒരു കാര്‍ഷികമേളയില്‍ വച്ച് പരിസ്ഥിതിപ്രവര്‍ത്തകനായ മുഹമ്മ സ്വദേശി ദയാലിനെ പരിചയപ്പെടുന്നത്. അപ്പോഴും ജേക്കബിന്റെ വിശ്വാസം രാസവളം കൂടാതെ കൃഷി അസാധ്യമാണെന്നായിരുന്നു. ഈ വിഷയത്തില്‍ ദയാലുമായി ഏറെനേരം വാദപ്രതിവാദം നടത്തി. വാദങ്ങള്‍ക്കൊടുവില്‍ പാടത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറയുംപോലെ ജൈവകൃഷി ഒരു പരീക്ഷണമെന്ന നിലയ്ക്ക് നടത്താമെന്ന് സമ്മതിച്ചു. അന്ന് പിരിയുമ്പോള്‍ ദയാല്‍ ഒരു പുസ്തകം സമ്മാനിച്ചു- മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോല്‍  വിപ്‌ളവം.' അത് വ്യത്യസ്തമായ ഒരു കൃഷി സമ്പ്രദായത്തിനും ഈ രംഗത്തെ തന്റെ പഠനങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു.
      പക്ഷെ, ജേക്കബ് സെബാസ്റ്റ്യന്റെ പരീക്ഷണങ്ങളെ കൃഷിവകുപ്പു പോലും നിരുത്സാഹപ്പെടുത്തി. ഏകനായി അന്വേഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ആദ്യം കളകളെ രണ്ടായി തിരിച്ചു. വെള്ളം വറ്റിക്കഴിയുമ്പോള്‍ താനേ അഴുകുന്നവ മിത്രക്കളകളും നെല്ലിനൊപ്പം വളരുന്നവ ശത്രുക്കളകളും. നിലം ഉഴാതെ തന്നെ തുടര്‍ച്ചയായി മുള്ളന്‍പായലിനു മുകളില്‍ വിത്തു വിതച്ചു. പ്രകൃതിജീവനക്കാരുമായുള്ള സമ്പര്‍ക്കം മൂലം രാസവളങ്ങളും കീടനാശിനികളും ഇതിനോടകം ഉപേക്ഷിച്ചിരുന്നു. സ്വന്തമായി ജൈവവളങ്ങള്‍ നിര്‍മിച്ച് ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഉല്‍പാദനം വര്‍ദ്ധിച്ചു. ഇന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ ഒരു റിസോഴ്‌സ് പേഴ്‌സണ്‍ ആണ് എടത്വായ്ക്കടുത്ത് പച്ച സ്വദേശിയായ ജേക്കബ് സെബാസ്റ്റിയന്‍.
ടെറസില്‍ ഒരു അടുക്കളത്തോട്ടം
      ചങ്ങനാശേരി സ്വദേശി പാറയ്ക്കല്‍ ചാക്കോ സെബാസ്റ്റ്യന് വീടിന്റെ ടെറസ് കൃഷിയിടമാണ്. മാവും പേരയും സപ്പോട്ടയും കരിമ്പും ഓമയും മഞ്ഞളും കാന്താരിയും ചീരയുമൊക്കെ അദ്ദേഹത്തിന്റെ വീടിനു മുകളില്‍ തഴച്ചു വളരുന്നു. ഈ കൃഷികള്‍ക്കൊക്കെ ഒരുപാട് സ്ഥലം വേണ്ടേ എന്നാണു ചോദ്യമെങ്കില്‍ ചാക്കോ സെബാസ്റ്റ്യന്‍ ചിരിച്ചുകൊണ്ടു പറയും, 'പന്ത്രണ്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ഒരു ടെറസ് ധാരാളം.' അതെ, അത്രയും വിസ്താരമുള്ള ടെറസില്‍ ഒന്നരയടി കനത്തില്‍ മണ്ണിട്ടാണ് അദ്ദേഹം ഇപ്പറഞ്ഞ കൃഷിയെല്ലാം ചെയ്യുന്നത്.
      അധികം വേരോട്ടത്തിനു സാധ്യതയില്ലാത്തതിനാലാകാം മാവും പേരയും സപ്പോട്ടയുമൊക്കെ ഒരു പരിധിയില്‍ കൂടുതല്‍ വളരാതെ തന്നെ നിറയെ ഫലം കായ്ക്കുന്നു. കഷ്ടിച്ച് ഒന്നര ആള്‍ ഉയരമുള്ള മാവില്‍ നിന്ന് ഓരോ സീസണിലും നാനൂറിലധികം മാങ്ങകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം അതു കായ്ക്കുകയും ചെയ്യുന്നു. രാസവളവും കീടനാശിനിയും ഇടാത്ത മണ്ണില്‍ അവയുടെ തന്നെ ഇലകള്‍ വീണ് അഴുകുന്നതാണ് പ്രധാന വളം. ചാരം ഇടാറുണ്ട്. എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കുകയാണ് പ്രധാനമെന്ന് ചാക്കോ സെബാസ്റ്റ്യന്‍ ഓര്‍മിപ്പിക്കുന്നു.
      മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ആദ്യം കൃഷിചെയ്തത് ചീരയായിരുന്നു. ആയിടയ്ക്ക് ആ മണ്ണില്‍ വീണ ഒരു മാവിന്‍ വിത്ത് കിളിര്‍ത്ത് തൈയായി. കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. മൂന്നാം വര്‍ഷം മാവിന്റെ എല്ലാ കൊമ്പുകളും പൂത്ത് ഫലം കായ്ച്ചു.
      ടെറസിലെ സിമന്റിന് മണ്ണ് സംരക്ഷണം നല്‍കുന്നതുകൊണ്ട് സൂര്യന്റെ ചൂടേറ്റ് ടെറസ് വിണ്ടുകീറുന്നില്ല. ടെറസിലെ കോണ്‍ക്രീറ്റിനെ തുളയ്ക്കാന്‍ ഒരു വേരിനും സാധിക്കില്ല എന്നതിനാല്‍ മരം ടെറസിന് ഭീഷണിയാവുകയുമില്ലെന്ന് കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷത്തെ മാവിന്റെ വളര്‍ച്ച കണ്ട ചാക്കോ സെബാസ്റ്റ്യന്‍ ഉറപ്പിച്ചു പറയുന്നു. കൃഷി ചെയ്തിരിക്കുന്ന ഭാഗത്ത് ടെറസിന് ചോര്‍ച്ചയോ ബലക്ഷയമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വളരെ ശ്രദ്ധേയമാണ്. സര്‍ഗ്ഗശേഷിയുള്ള ഒരു ശില്പി കൂടിയായ ചാക്കോ സെബാസ്റ്റ്യന്‍ ടെറസ്സിലെ മണ്ണില്‍ വിതച്ച വിത്തില്‍നിന്ന് വളര്‍ന്നു വന്ന ജീവനുള്ളൊരു ശില്പം പോലെ ആ മാവ് വീടിനു മുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
      കര്‍ഷകരുമായുള്ള സംവേദനം നല്‍കുന്ന കൃഷിപാഠങ്ങള്‍ നമ്മെ ഫലസമൃദ്ധിയുടെ വിതക്കാരാക്കട്ടെ. വിഷവും മായവുമില്ലാതെ വീടിന്റെ തൊടികളില്‍ വിളയുന്ന നാട്ടുകൃഷികള്‍ നമ്മെ നാട്യങ്ങളില്ലാത്ത നന്മയുടെ സംസ്കാരത്തിലേക്കു വഴിനടത്തട്ടെ...

Saturday, 18 May 2013

ഇട്ടുണ്ണിയും പട്ടവും

(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്‌.)

    
     
      പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
      പട്ടം പറത്തുവാന്‍ മോഹമായി
      പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
      വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
      വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
      പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
      മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
      വെട്ടിയൊട്ടിച്ചതില്‍ വാലുകളും
      കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
      'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
      'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
      കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
      പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
      ഒട്ടൊരു ഗമയില്‍ നടന്നു കേറി
      പട്ടം പറത്താനൊരുങ്ങുന്നേരം
      പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
      ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
      'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
      'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
      പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'‍