Tuesday 2 May 2017

യഥാര്‍ത്ഥ സന്തോഷം

      
      മഹാധനികനായിരുന്നു, ലിഡിയയിലെ ക്രോയ്‌സസ് രാജാവ്. ഏഥെന്‍സിലെ പ്രശസ്ത നിയമജ്ഞന്‍ സോളോണ്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ക്രോയ്‌സസിനെ സോളോണ്‍ സമയം കിട്ടുമ്പോഴൊക്കെ സന്ദര്‍ശിക്കും. 
      ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ സോളോണിന് രാജാവ് തന്റെ അമൂല്യനിധിനിക്ഷേപങ്ങള്‍ കാട്ടിക്കൊടുത്തു. ഒട്ടേറെ അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അമൂല്യരത്‌നങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കളും!!... 
      അത്രയും അമൂല്യമായ ധനസമ്പത്ത് അതിനു മുമ്പൊരിക്കലും സോളോണ്‍ കണ്ടിരുന്നില്ല. എങ്കിലും ആ കാഴ്ച അദ്ദേഹത്തില്‍ ഭാവവ്യത്യാസമൊന്നുമുണ്ടാക്കിയില്ല. 
      കണക്കില്ലാത്ത നിധിനിക്ഷേപങ്ങള്‍ കണ്ടിട്ടും നിസ്സംഗനായി നില്‍ക്കുന്ന സോളോണിന്റെ പ്രതികരണം രാജാവിന് അത്ര ഇഷ്ടപ്പെട്ടില്ല. ക്രോയ്‌സസ് രാജാവ് ചോദിച്ചു:
      ''ഇനി പറയൂ സോളോണ്‍, ഇത്രയധികം സമ്പത്തുള്ള ഞാനല്ലേ ലോകത്ത് ഏറ്റവും സന്തുഷ്ടന്‍?''
      സോളോണ്‍ പറഞ്ഞു:
      ''അല്ല മഹാരാജാവേ, ഒരിക്കലും അങ്ങല്ല ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍...''
രാജാവിന് ദേഷ്യം വന്നെങ്കിലും അതു പ്രകടിപ്പിക്കാതെ അദ്ദേഹം ചോദിച്ചു:
      ''പിന്നെയാരാണ്?''
      സോളോണ്‍ വിനയത്തോടെ പറഞ്ഞു:''ഏഥെന്‍സില്‍ ജീവിച്ചിരുന്ന ടെല്ലസ് ആണ് എന്റെ അറിവില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍. ആര്‍ഭാടമായി ജീവിക്കാന്‍ വേണ്ടത്ര പണം കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം അത് മുഴുവന്‍ യുദ്ധങ്ങളിലും കലഹങ്ങളിലും വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു.''
      ''ശരി... സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ ആള്‍ ആരാണ്?'' അതു താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് രാജാവ് ആ ചോദ്യം ചോദിച്ചത്.
രാജാവിന്റെ ആ പ്രതീക്ഷയും തെറ്റായിരുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും ക്രോയ്‌സസിനല്ല സോളോണ്‍ നല്‍കിയത്. അദ്ദേഹം പറഞ്ഞു: 
      ''മഹാരാജാവേ, അങ്ങു സന്തുഷ്ടനായിരിക്കാം... എന്നാല്‍ നാളെ അങ്ങേയ്ക്ക് എന്തു സംഭവിക്കുമെന്നറിയില്ലല്ലോ. പണവും പ്രതാപവും അധികാരവും നഷ്ടപ്പെട്ടാല്‍ അങ്ങു സന്തോഷവാനായിരിക്കുമെന്നതിന് എന്താണ് ഉറപ്പ്? അതുകൊണ്ട് അങ്ങ് സന്തോഷവാനായിരുന്നോ അല്ലയോ എന്ന് അങ്ങയുടെ മരണശേഷമേ പറയാനാവൂ...''
      സോളോണിന്റെ വാക്കുകള്‍ ശരിയാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. പേര്‍ഷ്യന്‍ രാജാവായ സൈറസുമായുള്ള യുദ്ധത്തില്‍ ക്രോയ്‌സസ് തടവുകാരനായി പിടിക്കപ്പെട്ടു. ബന്ധനസ്ഥനായി തടവില്‍ കഴിയുമ്പോള്‍ ക്രോയ്‌സസ് സോളോണിന്റെ വാക്കുകള്‍ ഓര്‍ത്തു. 
      'ഹൊ... എത്ര വലിയ സത്യമാണ് സോളോണ്‍ അന്നു പറഞ്ഞത്! ഞാന്‍ ഏറ്റവും വിലയേറിയതായി കരുതിയ പണം ഇല്ലായിരുന്നെങ്കില്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ ആക്രമണവും എന്റെയീ കാരാഗൃഹവാസവുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ...'
      അദ്ദേഹം കാരാഗൃഹത്തിലെ ഇരുട്ടറയില്‍ കിടന്ന് ''സോളോണ്‍... സോളോണ്‍...'' എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. 
      ഏതായാലും ക്രോയ്‌സസിന്റെ ജീവിതം ആ കാരാഗൃഹത്തില്‍ അവസാനിച്ചില്ല. പിന്നീട് അധികാരമേറ്റ സൈറസ് ചക്രവര്‍ത്തി ക്രോയ്‌സസിനോട് സൗഹൃദവും ആദരവും പുലര്‍ത്തി. ചക്രവര്‍ത്തി ക്രോയ്‌സസിനെ തടവില്‍നിന്ന് മോചിപ്പിച്ചു.
      പണമാണ് ഏറ്റവും വലിയ നേട്ടമെന്നു കരുതുകയും അതിനായി എല്ലാ പ്രമാണങ്ങളും കൈവെടിയുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ധനവും മറ്റു സൗഭാഗ്യങ്ങളുമൊക്കെ ചില നേരങ്ങളില്‍ നമുക്കു ശാപമായി മാറാം. നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവുന്നത്.

3 comments:

  1. ക്രോയ്‌സസ് രാജാവിന്റെ അനുഭവത്തിലൂടെ, നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവുന്നതെന്ന സത്യം വരച്ചുകാട്ടിയ കുഞ്ഞുകഥ ഇഷ്ടമായി.

    ReplyDelete
  2. നല്ലൊരു സന്ദേശം. ക്രോയ്‌സസ് രാജാവിന്റെ തിരിച്ചറിവ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടാവട്ടെ...

    ReplyDelete
  3. Thank you for your expert storytelling. Here is one you might like.

    തർഹി കീദൃശഃ രാജാ ?

    (അങ്ങിനെയാണെങ്കിൽ, ഏതുതരം രാജാവാണു താങ്കൾ ?)


    കശ്ചിദ് രാജാ സപരിജനഃ സസമാരോഹം ക്വചിദ് ഗച്ഛതി സ്മ |

    (ഏതോ ഒരു രാജാവ് പരിജനങ്ങളോടൊപ്പം വലിയ ഉത്സവം പോലെ ആഘോഷത്തോടെ എവിടേയ് ക്കോ പോവുക ആയിരുന്നു.)


    മാർഗമദ്ധ്യേ കോഽപി ഭക്തി-മദ-മത്തഃ അവധൂത-മഹാത്മാ ഉപവിഷ്ടഃ ആസീത് |

    (വഴിയിൽ ഏതോ ഒരു സന്ന്യാസിയായ മഹാത്മാവ് ഭക്തി-മദ-മത്തനായി ഇരിപ്പുണ്ടായിരുന്നു.)



    ആരക്ഷിണഃ തം മാർഗ്ഗാത് അപസാരയിതും ഐച്ഛൻ, കിന്തു സ നൈവ അപസൃതഃ |

    (രാജാവിന്റെ രക്ഷകർ അദ്ദേഹത്തെ വഴിയിൽനിന്ന് നീക്കാൻ ശ്രമിച്ചു, പക്ഷേ, അതു നടന്നില്ല.)



    രാജാ സ്വയം ഗജാത് അവതീര്യ, തത്രാഗത്യ സാധും അബ്രവീത് -

    (രാജാവുതന്നെ ആനപ്പുറത്തുനിന്ന് ഇറങ്ങി, സന്ന്യാസിയുടെ അടുത്തുചെന്ന് പറഞ്ഞു :--)



    ”രാജമാർഗ്ഗാത് അപസരതു”

    ("രാജപഥത്തിൽനിന്നു മാറിത്തരൂ!")


    മഹാത്മാ :– കുതഃ ?

    (മഹാത്മാവ് :-- അതെന്തിന് ?)


    രാജാ :– യതോഽഹം സമ്രാട് |

    (രാജാവ് :-- എന്തിനെന്നാൽ, ഞാൻ സമ്രാട്ടായതിനാൽ.)


    മഹാത്മാ :– സമ്രാട് ? കാ വിശേഷതാ മഹാരാജേ ശ്രീമതി ?

    (മഹാത്മാവ് :-- സമ്രാട്ടോ ? എന്താണ്, ആ മഹാരാജാവിനു വിശേഷമായിട്ടുള്ളത് ?)


    രാജാ :– വിശേഷതാ ? അഹം യം കമപി അസ്മാത് രാജ്യാത് നിഷ്കാസയിതും ശക്നോമി |

    (രാജാവ് :-- വിശേഷതയോ ? എനിയ് ക്ക് ആരെ വേണം എങ്കിലും എന്റെ രാജ്യത്തുനിന്ന് നാടുകടത്താൻ കഴിയും.)


    മഹാത്മാ – സാധു | സ്വകീയരാജ്യസ്യ സകലാഃ മക്ഷീ-മശക-പിപീലികാഃ ആദേശേന നിഷ്കാസയതു |

    (സന്ന്യാസി : -- ശരി, ശരി. അങ്ങിനെയാണെങ്കിൽ സ്വന്തം രാജ്യത്തുനിന്ന് എല്ലാ ഈച്ച-കൊതുക്-ഉറുന്പുകളെയെല്ലാം ഉത്തരവിട്ടു നാട് കടത്തിയാലും.)



    രാജാനം നിരുത്തരം ദൃഷ്ട്വാ മഹാത്മാ ഈഷത് സ്മയമാനഃ അബ്രവീത് -

    (രാജാവിനു ഉത്തരം മുട്ടി എന്ന് കണ്ടപ്പോൾ മഹാത്മാവ് ഒരു നേരിയ പുഞ്ചിരിയോടെ പറഞ്ഞു:--)



    ”നിഷ്കാസയിതും ന ശക്നോസി കിം ? തർഹി രാജാ കീദൃശഃ ?”

    "(അവരെയൊന്നും നാടുകടത്താൻ കഴിയില്ലെങ്കിൽ പിന്നെ ഏതുതരം രാജാവാണ്, താങ്കൾ ?)




    രാജാ ശ്രദ്ധാവന്തഃ മഹാത്മാനം രാജപ്രാസാദേ പദാർപ്പണാർത്ഥം പ്രാർത്ഥയത |

    (രാജാവിനു സന്യാസിയോട് ബഹുമാനം തോന്നുകയും കൊട്ടാരത്തിൽ കാൽവെച്ചനുഗ്രഹിയ് ക്കാനായി ചെല്ലണം എന്ന് അപേക്ഷിയ് ക്കുകയും ചെയ് തു.)


    മഹാത്മാ രാജ്ഞാ സഹ പ്രസ്ഥിതഃ |

    (സന്യാസി രാജാവിനോടൊപ്പം യാത്രയായി.)


    പ്രാസാദസ്യ പ്രവേശ-ദ്വാരേ ശസ്ത്ര-ധാരി-പ്രഹരിണഃ ദൃഷ്ട്വാ മഹാത്മാ അപൃച്ഛത് -

    (കൊട്ടാരവാതിൽക്കൽ ആയുധധാരിയായ കാവൽക്കാരനെക്കണ്ട് സന്യാസി ചോദിച്ചു:--)



    ”ഇമേ അത്ര കുതഃ തിഷ്ഠന്തി ?”

    ("ഈയാൾ ഇവിടെ എന്തിനാണ്, നിൽക്കുന്നത് ?)



    “രക്ഷാർത്ഥം” ഇതി ഉത്തരം പ്രാപ്തം /

    ("സുരക്ഷയ് ക്കായി," എന്നുത്തരം കിട്ടി.)



    മഹാത്മാ പുനഃ സസ്മിതം അബ്രവീത് –

    (സന്യാസി വീണ്ടും ഒരു പുഞ്ചിരിയോടെ ചോദിച്ചു:--)



    “രാജാ തു ബന്ദീ, രാജാ കീദൃശഃ ?”

    ("അപ്പോൾ, രാജാവ് ഒരു തടവുപുള്ളിയെ പോലെയാണെങ്കിൽ രാജാവാകുന്നതെങ്ങിനെ?")


    പ്രാസാദേ രാജാ ഈശ്വര-സമക്ഷം അഞ്ജലിം ബദ്ധ്വാ സുഖ-സമൃദ്ധ്യർത്ഥം പ്രാർത്ഥനാം കർത്തും ആരഭത |

    (കൊട്ടാരത്തിനുള്ളിൽ രാജാവ് ഈശ്വരനുമുന്നിൽ കൈകൂപ്പി സുഖസമൃദ്ധിയ് ക്കായി പ്രാർത്ഥിയ് ക്കാൻ തുടങ്ങി.)


    മഹാത്മാ പ്രഹസൻ അബ്രവീത് -

    (മഹാത്മാവ് ചിരിച്ചുകൊണ്ട് ചോദിച്ചു:-)


    ”രാജാ തു ഭിക്ഷുകഃ, രാജാ കഥം !”

    ("രാജാവ് ഭിക്ഷുവാണെങ്കിൽ പിന്നെ രാജാവാകുന്നതെങ്ങിനെ ?")


    രാജാ അവധൂതസ്യ ചരണയോഃ അപതത് "സത്യഃ സമ്രാഡ് ഭവേയം " ഇതി സാനുരോധം പ്രാർത്ഥയത ച |

    ([ഇതുകേട്ട്) രാജാവ് സന്യാസിയുടെ കാൽക്കൽ വീണ് "യഥാർത്ഥത്തിൽ അങ്ങാണ് സമ്രാട്ട് ആവേണ്ടത്?" എന്ന് അപേക്ഷിച്ചു.]

    ReplyDelete