Saturday 18 May 2013

ഇട്ടുണ്ണിയും പട്ടവും

(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്‌.)

    
     
      പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
      പട്ടം പറത്തുവാന്‍ മോഹമായി
      പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
      വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
      വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
      പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
      മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
      വെട്ടിയൊട്ടിച്ചതില്‍ വാലുകളും
      കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
      'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
      'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
      കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
      പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
      ഒട്ടൊരു ഗമയില്‍ നടന്നു കേറി
      പട്ടം പറത്താനൊരുങ്ങുന്നേരം
      പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
      ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
      'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
      'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
      പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'‍
 

Thursday 9 May 2013

അമ്മനൊമ്പരം

      മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര്‍ കിനാവു കാണുകയാണോ?... 
      വൈഗയ്‌ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന്‍ ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്‌ഡോദരന്‍ എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന്‍ തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്‌ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...
      വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്‍. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്‍കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകന്‍. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...
      ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്‍ക്കാന്‍ ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.
      ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്‌നേഹിതന്‍ ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്.
      ദുരൈയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്‌നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
      ദുരൈ പറഞ്ഞു, 'സര്‍... ഇവങ്കേ എന്നുടെ അമ്മ...'
      അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.
      'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'
      ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'
      അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-
      'അതെന്താ അങ്ങനെ?...'
      'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'
      'മഴയും കാറ്റുമൊക്കെ വന്നാലോ?...'
      'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്.
      മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...
      ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന്‍ ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്‍ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന്‍ അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന്‍ അമ്മയോട് അന്വേഷിച്ചു-
      'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'
      'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള്‍ പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'
      ഈ സ്‌നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന്‍ വരുമെന്ന പ്രതീക്ഷയോടെ...
      മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര്‍ വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്‍ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...