Thursday 29 May 2014

നചികേതസ്സിന്റെ സന്ദേഹം

      ആശ്രമമുറ്റത്ത് യജ്ഞശാലയില്‍ യാഗത്തിരക്ക്. ഉദ്ദാലകമുനിയും ബന്ധുക്കളും ഭയഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി. ഉദ്ദാലകന്റെ താത്പര്യമനുസരിച്ചാണ് വിശ്വജിത്ത് എന്ന യാഗം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ യജ്ഞാചാര്യന്മാര്‍ സന്നിഹിതരാണ്. 
      യാജകപ്രധാനിയുടെ സമീപത്തുതന്നെ ആജ്ഞാനുവര്‍ത്തിയായി നില്‍പ്പുണ്ട്, നചികേതസ്സ്. ഉദ്ദാലകമുനിയുടെ മകനാണ് ആ ബാലന്‍. ഊര്‍ജ്ജസ്വലനും ബുദ്ധിമാനുമായ അവന്റെ സംശയങ്ങള്‍ക്കു മുന്നില്‍ പണ്ഡിതരായ മുനിവര്യന്മാര്‍ പോലും പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുണ്ട്.
ചിലപ്പോള്‍ അവന്‍ യാഗമന്ത്രങ്ങളുടെ അര്‍ത്ഥം അന്വേഷിക്കും. മറ്റു ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ അങ്ങനെ തന്നെ നടത്തിയില്ലെങ്കിലെന്താ എന്നാവും അവന്റെ സംശയം. ഈശ്വരപ്രസാദത്തെക്കുറിച്ചുള്ള സംശയങ്ങളും മഹര്‍ഷിശ്രേഷ്ഠരോട് ഉന്നയിക്കാന്‍ അവന്‍ മടിക്കാറില്ല. നചികേതസ്സിന്റെ സംശയങ്ങളൊന്നും അവസാനിക്കില്ലെന്നാണ് മുനികുമാരന്മാര്‍ തമാശയായി പറയാറുള്ളത്.
      യാഗം അവസാനഘട്ടത്തിലെത്തി. യാഗം ഫലം കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. വിശ്വജിത് യാഗത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യാജകര്‍ക്ക് ആതിഥേയന്‍ എല്ലാം ദാനം ചെയ്യണമെന്നാണു നിയമം. ഉദ്ദാലകന്‍ ഉദാരമനസ്കനായി എല്ലാം ദാനം ചെയ്യാന്‍ തയ്യാറായി.
      ആശ്രമത്തില്‍ കുറേ പശുക്കളുണ്ടായിരുന്നു- പാല്‍ വറ്റി ശോഷിച്ച മിണ്ടാപ്രാണികള്‍! ദാനം ചെയ്യാന്‍ ബാക്കിയൊന്നുമില്ലെന്നു വന്നപ്പോള്‍ ഉദ്ദാലകന്‍ അവയെയും ദാനം ചെയ്തു. കണ്ടു നിന്ന നചികേതസ്സ് ആ പശുക്കളുടെ കണ്ണിലേക്കു നോക്കി. അവയുടെ ദൈന്യഭാവം അവനില്‍ കനിവുണര്‍ത്തി. ഒപ്പം ഒരു സന്ദേഹവും ഉള്ളിലുണര്‍ന്നു.
ഞാനും അച്ഛന്റെ സ്വത്തല്ലേ? സര്‍വ്വവും ദാനം ചെയ്യണമെന്നാണെങ്കില്‍ എന്നെയും ദാനം ചെയ്യണമല്ലോ.
      നചികേതസ്സ് സംശയം മറച്ചുവച്ചില്ല. അവന്‍ പിതാവിനടുത്തെത്തി ചോദിച്ചു:
      "അച്ഛാ... എന്നെ ആര്‍ക്കാണു ദാനം ചെയ്യുന്നത്?''
      ആദ്യം ഉദ്ദാലകന്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. വിടാന്‍ ഭാവമില്ലാതെ മുനികുമാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം അവന്റെ ചോദ്യത്തെ അവഗണിക്കാനാവാതെ അല്പം നീരസത്തോടെ തന്നെ ഉദ്ദാലകന്‍ പറഞ്ഞു:
      "നിന്നെ ഞാന്‍ കാലനു കൊടുക്കും...''
      അറംപറ്റുന്ന ആ മറുപടി കേട്ട് യജ്ഞശാലയില്‍ അസ്വസ്ഥത പരന്നു. മുനിമാര്‍ വിഷണ്ണരായി. നചികേതസ്സ് മാത്രം അക്ഷോഭ്യനായി നിലകൊണ്ടു. പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി മുഴങ്ങി.
      "നചികേതസ്സേ, നീ യമഗൃഹത്തില്‍ പോകണമെന്നതാണ് നിന്റെ അച്ഛന്റെ ഉദ്ദേശ്യം. അതുകൊണ്ട് യമന്‍ വീട്ടിലില്ലാത്ത സമയം നോക്കി നീ അവിടെ ചെല്ലുക. അപ്പോള്‍ യമപത്‌നി ആതിഥ്യ മര്യാദയനുസരിച്ച് ആഹാരം കഴിക്കുവാന്‍ നിന്നോട് ആവശ്യപ്പെടും. അതു നീ പാടേ നിരസിക്കണം. യമരാജന്‍ മടങ്ങിയെത്തുമ്പോള്‍ നീ അവിടെയെത്തിയിട്ട് എത്ര ദിവസമായെന്നും എന്തു ഭക്ഷിച്ചെന്നും ചോദിക്കും. അതിന് നീ അവിടെയെത്തി മൂന്നു രാത്രിയായെന്നും ആദ്യദിവസം അങ്ങയുടെ പ്രജകളെയും രണ്ടും മൂന്നും ദിവസങ്ങളില്‍ പശുക്കളെയും സുകൃതത്തെയും ഭക്ഷിച്ചെന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നു കഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ് അതിനര്‍ത്ഥം.''
      അശരീരി അനുസരിച്ച് നചികേതസ്സ് യമഗൃഹത്തിലേക്ക് യാത്ര തിരിക്കുകയും അത്തരത്തില്‍ യമനോട് സംസാരിക്കുകയും ചെയ്തു. ആ കൊച്ചുമിടുക്കന്റെ സംസാരത്തില്‍ പ്രീതനായ യമരാജന്‍ അവനെ അനുഗ്രഹിച്ച് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ അവനോട്  ആവശ്യപ്പെട്ടു. എന്നെ ജീവനോടെ എന്റെ അച്ഛന്റെയടുത്തേക്ക് അയയ്ക്കണം, കേള്‍വിയിലൂടെയും ഓര്‍മ്മയിലൂടെയും എനിക്കു ലഭിച്ച യജ്ഞസിദ്ധി നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കണം, മരണത്തെ അതിജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്നീ വരങ്ങളാണ് നചികേതസ്സ് യമരാജനോട് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ യമദേവന്‍ അവന്റെ അഭീഷ്ടം നിറവേറ്റിക്കൊടുത്തു. ബ്രഹ്മവിദ്യയും യോഗവിദ്യയും കരസ്ഥമാക്കി ആശ്രമത്തില്‍ തിരിച്ചെത്തിയ നചികേതസ്സ്  തന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചു.
      നചികേതസ്സ് നമുക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിന് വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാവുമെന്നതാണ് ആ സന്ദേശം. അത്തരം വിജയങ്ങളിലൂടെ നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കണം.

32 comments:

  1. നന്മയുടെ കാവലാളാവാന്‍ നമുക്ക് കഴിയട്ടെ....നചികേതസ്സെ.. നീയാണ് ഭാരത പുത്രന്‍ ...
    https://www.youtube.com/watch?v=--e5nAcGTz0

    ReplyDelete
    Replies
    1. നന്മയുടെ മാതൃകകള്‍ അന്യം നില്‍ക്കുന്ന കാലമാണിതെന്നു സംശയിക്കത്തക്ക വാര്‍ത്തകളാണ് വര്‍ത്തമാനപ്പത്രങ്ങളിലാകെ. ഇവിടെ നന്മയുടെ കാവലാളുകളാകാന്‍ മുനികുമാരന്‍മാര്‍ വളര്‍ന്നുവരട്ടെ... നന്ദി അന്‍വര്‍, ഈ സന്ദര്‍ശനത്തിന്.

      Delete
  2. എല്ലാരിലും നന്മ നിറയട്ടെ.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ റാംജിയേട്ടാ... എല്ലാവരും നന്മയുടെ വാഹകരായെങ്കില്‍.... നന്ദി ഈ സന്ദര്‍ശനത്തിന്.

      Delete
  3. ഈ കഥ പക്ഷേ കുട്ടികളോട് പറഞ്ഞു കോടുക്കാൻ പറ്റില്ല - കാരണം ഈ കഥയിലെ ബാലനായ നചികേതസ്സ് സ്വന്തം ബുദ്ധിശക്തി എവിടേയും ഉപയോഗിക്കുന്നില്ല. അശരീരിയിൽ കേട്ടത് പ്രവർത്തിച്ച് യമലോകത്തുനിന്നും അനുഗ്രഹാശിസ്സുകളോടെ തിരിച്ചെത്തുന്ന നചികേതസ്സിൽ നിന്ന് ബാല മനസ്സുകൾക്ക് ഒന്നും പഠിക്കാനില്ല. അശരീരി രക്ഷിച്ചുകൊള്ളും എന്ന ഒരു ശരിയല്ലാത്ത പാഠമാണ് ഈ കഥ പറയുന്നത്....

    നല്ല പോസ്റ്റ് - പോസ്റ്റിലെ കഥയുടെ ആശയതലത്തെക്കുറിച്ച് ഒരു സംശയം ഉന്നയിച്ചു എന്നു മാത്രം. ഈ പോസ്റ്റിന്റെ നല്ല വശങ്ങളെ അനുമോദിക്കുന്നു.

    ReplyDelete
    Replies
    1. ഗുരുസാഗരം വായിച്ചതു മുതലാണ് നചികേതസ്സിനെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയത്. നചികേതസ്സിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച് പലരോട് അന്വേഷിച്ചെങ്കിലും തൃപ്തികരവും ആധികാരികവുമായ വിവരങ്ങള്‍ കിട്ടിയില്ല. ഒടുവില്‍ വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ എന്റെ ജിജ്ഞാസയ്ക്ക് ശമനം വരുത്തി. അങ്ങനെയാണ് ഈയൊരു എഴുത്തിനൊരുമ്പെട്ടത്. നചികേതസ് അശരീരിയെ അനുസരിക്കുകയേ ചെയ്തുള്ളു എന്നത് നേര്. എന്നാല്‍ സന്ദിഗ്ധ ഘട്ടത്തില്‍ അവന്‍ പ്രകടിപ്പിച്ച ധൈര്യവും മനസ്സാന്നിധ്യത്തോടെ വരം ചോദിക്കുന്നതും യുക്തിപൂര്‍വമുള്ള വാക്കുകളിലൂടെ വരം നേടുന്നതുമെല്ലാം അവന്റെ സാമര്‍ത്ഥ്യം തന്നെ. ഇന്നത്തെ അമുല്‍ ബേബികള്‍ക്കു മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് നചികേതസ്. പ്രദീപ് മാഷേ വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്... ഫ്രീ പിരീഡ് കിട്ടിയാല്‍ ഈ കഥ കുട്ട്യോളോടു പറയണേ...

      Delete
  4. അശരീരിയോട് നചികേതസ്സ് പ്രതികരിച്ചത് നചികേതസ്സിന്റെ സ്വഭാവത്തിനു ചേരുന്നുണ്ടോ ? അന്വേഷണ കുതുകിയായ നചികേതസ്സ് ആ അശരീരിക്കു പിന്നിൽ ആര്, എന്തിന്, എന്നെല്ലാം അന്വേഷിക്കേണ്ടിയിരുന്നില്ലേ ?

    പ്രദീപ് മാഷിനോട് യോജിക്കുന്നു.

    ReplyDelete
    Replies
    1. പുരാണങ്ങളില്‍ അത്തരം ചില ചോദ്യങ്ങള്‍ക്ക് പഴുതുണ്ട്. ആ മുനികുമാരന്‍ ചെറുപ്പം മുതലേ കണ്ടും കേട്ടും വളര്‍ന്ന ആത്മീയ അന്തരീക്ഷത്തില്‍ അശരീരിക്കു പിന്നില്‍ ഈശ്വരനാണെന്നു മനസ്സിലാക്കുക സ്വാഭാവികമാണല്ലോ. മൗനമനനങ്ങളുടെ ഉത്തുംഗസീമയില്‍ ഇത്തരം മിസ്റ്റിക് അനുഭവങ്ങള്‍ ഋഷിവര്യന്മാര്‍ക്ക് അപരിചിതമല്ല. നമുക്കു പക്ഷേ അവയെ മനസ്സിലാക്കാനുമാവുന്നില്ല. നന്ദി മനോജ്, ഈ സന്ദര്‍ശനത്തിന്.

      Delete
  5. വായിച്ചു അഭിപ്രായങ്ങളില്‍ കൂടി നല്ല ചര്‍ച്ചകള്‍ വരെട്ടെ ,

    ReplyDelete
    Replies
    1. അതെ ഫൈസല്‍, പലപ്പോഴും ബ്ലോഗ് പോസ്റ്റുകളെക്കാള്‍ വിജ്ഞാനപ്രദമായിരിക്കും അവയ്ക്കു പിന്നാലെ വരുന്ന വായനക്കാരുടെ കമന്റുകള്‍. നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
    2. എല്ലാ പുരാണങ്ങളിലും ഇത് പോലെ നല്ല സാരങ്ങളുണ്ട് !
      വരിക്കിടയിലെ വൈകൃതങ്ങളായ പ്രതിപാദ്യങ്ങള്‍ ആണ് പ്രിയംകരം! സ്വയം ഇതൊന്നും വായിച്ചു മനസ്സിലാക്കാതെ , ആഖ്യാനങ്ങളില്‍ ആക്രുഷ്ടരരാവുന്ന
      'സമ്പൂര്‍ണ സാക്ഷരത' അവകാശപ്പെടുന്ന കേരളം !

      Delete
    3. രഘു സര്‍ പറഞ്ഞത് എനിക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല. എങ്കിലും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

      Delete
  6. കേള്‍വിയുടെയും,ഓര്‍മ്മയിലൂടെയും,വായനയിലൂടെയും ലഭിച്ച അറിവുകള്‍ മനുഷ്യനന്മയ്ക്കായി വിനിയോഗിക്കുവാന്‍ കഴിയുമാറാകട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സര്‍... എന്തെല്ലാം അറിവുകള്‍ വിവിധ മാര്‍ഗങ്ങളിലൂടെ നമുക്കെല്ലാം ലഭിക്കുന്നു! എല്ലാം മാനവനന്മയ്ക്കാകട്ടെ. നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  7. നചികേതസ് എന്ന് കേട്ടിട്ടുണ്ടെങ്കിലും കഥയരിയുന്നത് ഇതാദ്യം.
    താങ്ക്സ് ബെഞ്ചി. പിന്നെ പുരാണിക് എന്‍സൈക്ലോപീഡിയ ചൂണ്ടിക്കാട്ടിയതും ഉപകാരപ്രദം.

    ReplyDelete
    Replies
    1. പുരാണകഥാപാത്രങ്ങളില്‍ അടുപ്പം തോന്നിയിട്ടുള്ള കഥാപാത്രങ്ങളില്‍ ഒരാളാണ് നചികേതസ്. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ കറന്റ് ബുക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. 1995-ല്‍ ഞാനത് വാങ്ങുമ്പോള്‍ 350 രൂപയായിരുന്നു വില. ഒരെണ്ണം സ്വന്തമാക്കുന്നത് പ്രയോജനപ്രദമായിരിക്കും ജോസ്... നന്ദി ഈ സന്ദര്‍ശനത്തിന്.

      Delete
  8. നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കട്ടെ...

    ReplyDelete
  9. കഥ അറിയില്ലായിരുന്നു....

    ReplyDelete
    Replies
    1. അതെ മുബി, നന്മയുടെ മുത്തുകള്‍ പുരാണസാഗരത്തില്‍ ഏറെയുണ്ട്... നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  10. There is slightly different narration of the story; You may read English commentary of KathOpanishad by S. Radhakrishnan, former President of India. Or this wiki link may also be of use: http://en.wikipedia.org/wiki/Katha_Upanishad

    ReplyDelete
  11. This 'worldly cleverness' of his father produced unfathomable change in the heart of this young boy in whose heart now entered Shraddha - Faith. Nachiketa, in order to dissuade his father from engaging in further mean acts, asked, "O father, whom have you decided to give me away?" (The purport was to bring to the notice of his father the fact that he has to give his everything and not just old cows.) - See more at: http://www.boloji.com/index.cfm?md=Content&sd=Articles&ArticleID=1385#sthash.RdU2GHeP.dpuf

    ReplyDelete
  12. sorry for not using malayalam, right now not available in my system..u may delete this comments; but ple include the link referencea

    ReplyDelete
    Replies
    1. Thank you for the links you have shared. I visited the sites above mentioned and it’s very interesting to learn about Upanishads. I’m thankful to you for your guidance.

      Delete
  13. നചി കേതസ്സിന്റെ വേറെ കഥകള്‍ കിട്ടോ?

    ReplyDelete
    Replies
    1. കഥ രൂപത്തില്‍ ഇതൊന്നേ കണ്ടെത്താനായുള്ളൂ. എന്നാല്‍ വ്യത്യസ്ത വിവരണങ്ങളില്‍ നചികേതസ്സിന്റെ പിതാവിന്റെ പേരിലും സംഭവവിവരണങ്ങളിലുമൊക്കെ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. മുകളില്‍ പി.സി മധുരാജ് കമന്റില്‍ ചൂണ്ടിക്കാട്ടിയ ലിങ്കുകള്‍ സന്ദര്‍ശിക്കുമല്ലോ. ഗൂഗിളില്‍ അന്വേഷിച്ചാല്‍ വ്യത്യസ്ത വിവരണങ്ങള്‍ ലഭിക്കും. നന്ദി ശ്രീനി, ഈ സന്ദര്‍ശനത്തിന്...

      Delete
  14. മണ്ടന്‍ ”യെമന്‍” !
    മൂഢന്‍ ഉദ്ദാലകന്‍. എന്നാ യാഗം നടത്തീട്ടെന്നാന്നേ, നാക്കിന് നിയന്ത്രണമില്ല!
    മുടുമുടുക്കന്‍ നചികേതസ്സ്!!

    ഇത്രയുമൊക്കെ പുരാണങ്ങളില്‍ എഴുതിവച്ച അജ്ഞാതഭാവനാശില്പികളേ, നിങ്ങള്‍ക്ക് നമസ്കാരം!!!

    ReplyDelete
    Replies
    1. അജിത്തേട്ടാ... ഞാന്‍ കുറിച്ചത് കുട്ടികളുടെ കാഴ്ചപ്പാടിലുള്ള ഒരു വിവരണം മാത്രം. എന്തായാലും അജിത്തേട്ടന്റെ സരസമായ പ്രതികരണം ഇഷ്ടപ്പെട്ടു... നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  15. നചികേതസിനെ കുറിച്ച് പണ്ടെവിടെയോ വായിച്ചിരുന്നു , കഥ തന്നെ പാടെ മറന്നിരുന്നപ്പോള്‍ ആണ് ബെന്ജിയെട്ടന്റെ ഓര്‍മ്മപ്പെടുത്തല്‍! നന്ദി :)
    ശരിയാണ് അശരീരി കേട്ടനുസരിച്ചു ബുദ്ധിമാനായ നചികേതസ് -പക്ഷെ, കഥയില്‍ ചോദ്യം ഇല്ലാലോ അല്ലെ? :)

    ReplyDelete
    Replies
    1. കേട്ടുമറന്ന കഥകള്‍ ഓര്‍മിക്കാനാവുമ്പോള്‍ ഒരു ഗൃഹാതുരത്വം അനുഭവപ്പെടില്ലേ ആര്‍ഷ? നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  16. യേശുദാസ് പാടിയ പാട്ടിന്‍റെ കഥ അറിഞ്ഞിരുന്നില്ല. നന്ദി

    ReplyDelete
    Replies
    1. ആ പാട്ട് പക്ഷേ എനിക്കറിയില്ല സര്‍. നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  17. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിനു വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാകും

    ReplyDelete