Monday, 21 January 2013

ക്ഷമയുടെ പരിശീലനക്കളരി

      റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...
      എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന്‍ കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്‌ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍.
       സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന്‍ തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍.
       ആബേലച്ചനെ കണ്ടാല്‍ ഫുട്ട്‌ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന്‍ നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.
       വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന്‍ ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന്‍ സിദ്ദിക്ക്.
       പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു:
       'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'
       ആബേലച്ചന്‍ ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'
       ഒന്നു ചിരിച്ചിട്ട് ആബേലച്ചന്‍ തുടര്‍ന്നു:
       'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'

39 comments:

 1. ആബേലച്ചന്‍ ! ആ ആത്മാവിനു നിത്യശാന്തി നേരുന്നു.

  ReplyDelete
  Replies
  1. അനീഷ് കാത്തി, വളരെ നന്ദി... ആബേലച്ചന്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

   Delete
 2. ആബേലച്ചന്‍ ..... നന്നായി എഴുതി

  ReplyDelete
  Replies
  1. അമൃതംഗമയ... വളരെ നന്ദി ഈ സന്ദര്‍ശനത്തിന്.

   Delete
 3. നല്ല കുറിപ്പ്...

  ReplyDelete
  Replies
  1. മുബീന്‍... സന്തോഷം, പ്രോത്സാഹനത്തിന് നന്ദി.

   Delete
 4. ഇത്തരം നന്മനിറഞ്ഞ കുറിപ്പുകള്‍ ജീവിതപ്പാതയില്‍ ശോഭയും,സുഗന്ധവും പരത്തുന്നു!
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടാ... നന്മയും പ്രകാശവും പരത്തുന്ന ഇത്തരം ജീവിതമാതൃകകള്‍ നമുക്കും പിന്‍തുടരാം. സന്ദര്‍ശനത്തിനു നന്ദി...

   Delete
 5. ഇവിടെ ഞങ്ങള്‍ കാശ് മേടിച്ചു ക്ഷമ പഠിക്കുന്നുണ്ട്....അറബികളുടെ കയ്യില്‍ നിന്നും... :)

  ReplyDelete
  Replies
  1. ലിബിന്‍സണ്‍... അതുകൊള്ളാമല്ലോ... അറബികള്‍ നല്ല ക്ഷമയുള്ളവരായതുകൊണ്ട് നമ്മള്‍ മലയാളികളെ സഹിക്കുന്നു അല്ലേ? സന്ദര്‍ശനത്തിനു നന്ദി...

   Delete
 6. നന്നായി കുറിപ്പ്...

  ReplyDelete
  Replies
  1. ഡോ. മനോജ് നന്ദി ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

   Delete
 7. ക്ഷമയാ ധരിത്രി

  ReplyDelete
  Replies
  1. അജിത്തേട്ടാ ഭൂമിയോളം ക്ഷമ നമുക്കും ഉണ്ടാകട്ടെ... നന്ദി ഈ സന്ദര്‍ശനത്തിന്...

   Delete
 8. ആബെലച്ചനെ കുറിച്ച് ഇത് പോലെ പലരും നല്ല അനുഭവങ്ങള്‍ പങ്കുവെച്ചതു ഈ അവസരത്തില്‍ ഓര്‍ത്തുപോയി ,കലയെ ഇത്രയുമധികം സ്നേഹിച്ച ആ പിതാവിനെ അനുസ്മരിച്ചത് ഒരു പാടിഷ്ടായി .

  ReplyDelete
  Replies
  1. ആദ്യമായി ഒരു ബ്ലോഗില്‍ നൂറാമത്തെ ഫോലോവര്‍ ആവാനുള്ള അവസരം ഞാന്‍ ഉപയോഗപ്പെടുത്തുന്നു :)

   Delete
  2. ഫൈസല്‍... വളരെ സന്തോഷം, സൗമ്യദര്‍ശനത്തില്‍ നൂറാമനായി വളരെ സൗമ്യനായ ഒരു കൂട്ടുകാരന്‍ തന്നെ വന്നല്ലോ...
   ആബേലച്ചന്‍ കലാകാരനായി സമൂഹത്തിന് നന്മ പകര്‍ന്നതിനെ എതിര്‍ത്തവര്‍ അനേകരുണ്ടായിരുന്നു. പക്ഷെ അദ്ദേഹം കലാകാരനായിരുന്നതുകൊണ്ട് അനേകരുടെ ഹൃദയത്തില്‍ ഇടം നേടാനായി... ആ ദീപപ്രഭയില്‍ നന്മയുടെ കിരണങ്ങള്‍ നമ്മിലേക്കും പരക്കട്ടെ.

   Delete
 9. ആ വലിയ മനുഷ്യനെ കുറിച്ച് വായിച്ചതിൽ സന്തോഷം, ഓർമകൾ

  ReplyDelete
  Replies
  1. ഷാജു... നന്ദി, ഈ സന്ദര്‍ശനത്തിന്...

   Delete
 10. ആബെലച്ചനെ കുറിച്ച് ഇങ്ങനെ ഒരു കഥ കേള്‍ക്കുനത് ആദ്യാ
  ഇങ്ങനെ ശത്രുവിനെ പ്പോലും സ്നേഹിച്ചു കാണിച്ചു തന്നത് കൊണ്ടാകും ഇന്നും അദ്ദേഹത്തെ ജനം നന്മയോടെ സ്മരിക്കുന്നത്

  ReplyDelete
  Replies
  1. ശാന്തനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നവനുമായ ആബേലച്ചനോടൊപ്പം അദ്ദേഹത്തെക്കാള്‍ വളരെ പ്രായക്കുറവുള്ള കലാഭവനിലെ കലാകാരന്മാര്‍ സന്തോഷഭരിതരായി പോകുന്നത് ഞാന്‍ വീഡിയോയിലേ കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ മനസ്സില്‍ പറഞ്ഞിട്ടുണ്ട്: 'ഇങ്ങനെ വേണം അച്ചന്മാര്‍' എന്ന്. നന്ദി കൊമ്പാ... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.

   Delete
 11. നല്ല വിവരണം .... നല്ല സന്ദേശം
  ക്ഷമികാനുള്ള മനസ്സിനെ പാകപെടുത്തിയെടുക്കാന്‍ ചുരുക്കം ചിലര്‍ക്കെ കഴിഞ്ഞിട്ടോള്‌ു.... ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിയുന്നവര്‍ ചിരസ്മരണീയരായിരിക്കും. ആ പരിശീലനം നമുക്കും സാധിച്ചെങ്കില്‍... നന്ദി റിയാസ് ഈ സന്ദര്‍ശനത്തിന്...

   Delete
 12. ആബേലച്ചനെക്കുറിച്ചുള്ള ഈ ചെറു കുറിപ്പ് ഹൃദ്യം

  ReplyDelete
  Replies
  1. നന്ദി, ശ്രീ... ഈ സന്ദര്‍ശനത്തിന്...

   Delete
 13. ക്ഷമയാണ് ഒരുമനുഷ്യന്റെ ഏറ്റവും വലിയ ആയുധം

  ReplyDelete
  Replies
  1. ശരിയാണ് മനോജ്... അത് ഗാന്ധിജിയും ക്രിസ്തുവുമൊക്കെ തെളിയിച്ചതല്ലേ... പക്ഷെ പലപ്പോഴും അതു പ്രാവര്‍ത്തികമാക്കാന്‍ നമുക്കു സാധിക്കാതെ പോകുന്നു... നന്ദി, ഈ സന്ദര്‍ശനത്തിന്.

   Delete
 14. ബെഞ്ചി ഇവിടെത്താന്‍ വീണ്ടും വൈകി! മാഷെ!
  പോസ്റ്റില്‍/മെയിലില്‍ ഒരു intimation തന്നൂടെ
  കുറഞ്ഞ പക്ഷം. താങ്കളുടെ കുറി കാണാന്‍ പാര്‍ത്തിരിക്കുന്ന
  എന്നെപ്പോലുള്ളവര്‍ക്ക് ! fb യില്‍ കറക്കം വളരെ വിരളം.
  എന്റെ id വീണ്ടും കുറിക്കട്ടെയിവിടെ.
  pvariel AT Gmail Dot Com
  കുറിപ്പ് വായിച്ചു.
  ഹാബേല്‍ അച്ചനെപ്പോലുള്ളവര്‍
  ഇന്നിന്റെ ആവശ്യം.
  ഇത്തരക്കാര്‍ ഇനിയും ജനിക്കട്ടെ ഇവിടെ
  വചനം പ്രസംഗിക്കുന്നവരിലും ഈ വിനയവും
  ആത്മാര്‍ത്ഥതയും വിരളമായിക്കൊണ്ടിരിക്കുന്നു.
  അത്തരക്കാരിലെങ്കിലും ഒരു മാറ്റം വരുത്താന്‍
  ഇത്തരം കുറിപ്പുകള്‍ സഹായിക്കട്ടെ എന്നു
  ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.
  അതെ, ഹാബേല്‍ അച്ചനെപ്പോലുള്ളവര്‍
  അത്രേ ഇന്നിന്റെ ആവശ്യം!
  ഇത്തരക്കാര്‍ ഇനിയും ജനിക്കട്ടെ ഇവിടെ
  വീണ്ടും അതാവര്‍ത്തിക്കുന്നു.
  ആശംസകള്‍. എഴുതുക അറിയിക്കുക.

  ReplyDelete
  Replies
  1. സര്‍... ഞാനീ സംഭവം വായിച്ചത് സിദ്ദിക്കിന്റെ ഒരു അനുഭവക്കുറിപ്പില്‍നിന്നാണ്. എനിക്ക് ആബേലച്ചനോട് വലിയൊരു ആദരവ് തോന്നി. ഇതു വായിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും മറക്കാതെ മനസ്സിന്റെ ഒരു കോണില്‍ അവശേഷിക്കാന്‍ കാരണം ആബേലച്ചന്റെ ആ വലിയ വ്യക്തിപ്രഭാവമാണെന്നു തോന്നുന്നു. നന്ദി, ഈ സന്ദര്‍ശനത്തിന്. ഇനി പോസ്റ്റിടുമ്പോള്‍ അറിയിക്കാം. ക്ഷമയുടെ സന്ദേശവാഹകരാകാന്‍ നമുക്കും സാധിക്കട്ടെ...

   Delete
 15. നമ്മുടെ സമൂഹത്തിന് നഷ്ടമായി പൊകുന്ന ചിലത്
  ഇതൊക്കെയാണ് , ആ നല്ല മനുഷ്യനേ പൊലുള്ള
  ഒരുപിടി ആളുകളേ ഇന്ന് സമൂഹം കാംക്ഷിക്കുന്നു ..
  ഒന്ന് പറഞ്ഞ് രണ്ടാമതിന് വാളെടുത്തൊങ്ങുന്ന
  പുതു തലമുറകള്‍ക്ക് പാഠമാകേണ്ട പലതുമുണ്ട്
  ഈ വരികളില്‍ പ്രീയപെട്ട സുഹൃത്തേ ..
  നമ്മളിലേക്ക് വരുന്ന തിക്താനുഭവങ്ങള്‍ പൊലും
  നമ്മുടേ മനസ്സിനേ നന്നായി വാര്‍ത്തെടുക്കാനുള്ള
  പരീക്ഷണങ്ങളാകുന്നത് തിരിച്ചറിയുന്നടുത്താണ്
  ഒരു നല്ല മനുഷ്യനേ നാം കാണുന്നത് , തീര്‍ത്തും
  നല്ലൊരു മനുഷ്യന്‍ തന്നെയാണ് ആ നര്‍മ്മത്തിന്റെ
  വിത്ത് പാകിയ നന്മയുടെ കുലപതി ...
  നന്ദി ,എന്റയീ വൈകുന്നേരത്തേ ഇത്ര നന്നാക്കിയതിന്

  ReplyDelete
  Replies
  1. റിനീ... ആത്മാര്‍ത്ഥത നിറഞ്ഞ ഈ വാക്കുകള്‍ക്ക് നന്ദി... മാതൃകയാക്കേണ്ട ഇത്തരം അനേകം വ്യക്തികള്‍ ഇനിയും നമ്മുടെ ചുറ്റുമുണ്ടാവാം. അവരിലൂടെ നന്മയുടെ അംശങ്ങള്‍ നമ്മിലേക്കും നമ്മുടെ പ്രവര്‍ത്തനസരണികളിലേക്കും പരക്കട്ടെ....

   Delete
 16. മിനി.പിസി27 January 2013 at 21:07

  വളരെ നന്നായി ഒരു നല്ല ആശയം പങ്കു വെച്ചിരിക്കുന്നു ,ആശംസകള്‍!

  ReplyDelete
  Replies
  1. വളരെ നന്ദി, ടീച്ചര്‍... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

   Delete
 17. ഇത് ഇപ്പോഴാണു കേൾക്കുന്നത്.. കൊള്ളാമല്ലോ

  ReplyDelete
  Replies
  1. അതെ, സുമേഷ് എനിയ്ക്കും ഇത് പുതുമയുള്ളൊരു സംഭവമായി തോന്നി. മുമ്പ് ആരും പറഞ്ഞ് കേട്ടിട്ടില്ലാത്തതുകൊണ്ട് ഒരു കഥയുടെ രൂപത്തിലാക്കി അവതരിപ്പിച്ചതാണ്. നന്ദി, ഈ സന്ദര്‍ശനത്തിന്...

   Delete
 18. നല്ല നുറുങ്ങ്; നല്ല സന്ദേശം!

  ReplyDelete
 19. ആബെലച്ചനെ പറ്റി പുതിയൊരു അറിവുകൂടി.
  എങ്കിലും ഒരു കാര്യത്തില്‍ സങ്കടമുണ്ട്. പരിശുദ്ധ കുര്ബാനയിലെ പല പാട്ടുകള്‍, കുരിശിന്റെ വഴി, പരിശുദ്ധാത്മാവേ നീ എഴുന്നെള്ളി വരണമേ തുടങ്ങി അനേകം മഹത്വങ്ങളായ ഗാനങ്ങള്‍ എല്ലാം സഭക്ക് സംഭാവന ചെയ്ത ഒരു നിര്‍മ്മല വ്യക്തിത്വമാണ് അദ്ദേഹം. കലാഭവന്‍ എന്ന ട്രൂപ്പ് അനേകം പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുമുണ്ട്,എന്തുകൊണ്ടോ ആ മാന്യദേഹത്തെ വേണ്ടവിധേന ക്രൈസ്തവ സഭകളും കലാ സമൂഹവും പരിഗണിച്ചില്ലെന്നോ,ആദരിചിട്ടില്ലന്നോ എനിക്ക് തോന്നുന്നു. (തികച്ചും വ്യക്തിപരമായ നിരീക്ഷണം)

  ReplyDelete
 20. ആബേലച്ചന് ഹൃദയം തൊട്ടുള്ള നമസ്ക്കാരം. ജോസ് ലേറ്റ് പറഞ്ഞത് ശരിയാണ്. സഭയിലെ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ (കുശുമ്പന്മാര്‍) അദ്ദേഹം രചിച്ച ഗാനങ്ങളും കൂര്‍ബ്ബാന ക്രമവും മാറ്റി പരിഷ്കരിച്ചുകളഞ്ഞു.കവിത തുളുമ്പുന്ന ആ പ്രാര്‍ത്ഥന വലിയൊരു അനുഭവമായിരുന്നു.എന്തു ചെയ്യാം വ്യക്തിവിരോധം തീര്‍ക്കാനുള്ള ഓരോ വഴികള്‍.

  ReplyDelete
 21. " ക്ഷമിക്കുന്നവന് സ്വര്‍ഗം "

  ReplyDelete