Friday, 22 March 2013

ഗണികയുടെ പുത്രന്‍

വമ്പന്‍ കുഴലൊന്നിലെന്നെക്കിടത്തിയി-
ട്ടിമ്പമായ് താരാട്ടു പാടിയമ്മ
താരാട്ടിന്നീണത്തില്‍ ഞാനൊന്നുറങ്ങിയ
നേരത്തിതെങ്ങോട്ടു പോയതമ്മ?

ഇന്നാളൊരു ദിനം ഇമ്മട്ടിലമ്മയെ
കാണാതെ പേടിച്ചു കേണ നേരം
വന്നീ കുഴലില്‍നിന്നെന്നെയെടുത്തൊരാ
വല്ല്യമ്മ ചൊല്ലിയ വാക്യമോര്‍പ്പൂ...
'തേവിടിശ്ശിയവള്‍ കുഞ്ഞിനെപ്പോറ്റുവാ-
നാവില്ലയെങ്കില്‍ കൊല്ലാത്തതെന്തേ?'

പിന്നീടൊരു ദിനം അമ്മയെ കാണാതെ
വന്നീ കുഴലിന്റെയഗ്രത്തില്‍ ഞാന്‍
'അമ്മേ'യെന്നുച്ചത്തില്‍ കേഴുമ്പോള്‍ കണ്ടു ഞാ-
നമ്മയെ കൂട്ടത്തില്‍ മൂന്നാലു മാമന്മാര്‍
അവരുടെ കാറില്‍നിന്നോടിവന്നെന്നെ
കവരുന്നു നെഞ്ചോടു ചേര്‍ക്കുന്നിതമ്മ
കണ്ണു നിറയുന്നു വിങ്ങുന്ന വാക്കുകള്‍
'കണ്ണനെപ്പോറ്റുവാന്‍ വേശ്യയായോളമ്മ...
ദൂരെയാ ഗ്രാമത്തിലുല്ലാസമായ് പണ്ടു
പാരം സമാധാനസന്തോഷചിത്തയായ്
മേവുമ്പോള്‍ കണ്ടു പരിചയപ്പെട്ടതാ-
മേട്ടനെ വിശ്വസിച്ചെല്ലാമുപേക്ഷിച്ചു
വീടുവിട്ടേട്ടന്റെ സ്വന്തമായ് പിന്നീടു
തേടുന്നെന്നേട്ടനിന്നെവിടെന്നറിയില്ല

നാലഞ്ചു മാസത്തിന്‍ ജീവിതമേകിയൊ-
രാലസ്യമാകെയൊഴിഞ്ഞ നേരം
എന്നുള്ളില്‍ വളരുമീയുയിരിന്‍ തുടിപ്പിനെ-
യെന്നെന്നും പോറ്റുവാന്‍ നിശ്ചയിച്ചോളമ്മ
കാലം പ്രയാണം തുടര്‍ന്നൂ നഗരത്തിന്‍
കോലമിന്നെന്നെ ഗണികയാക്കി

ആരുമില്ലെന്നുണ്ണീ നമ്മെ സഹായിക്കാ-
നാരുമീയുലകില്‍ മനുഷ്യരല്ല
നരികളാണെമ്പാടും രക്തം കുടിക്കുവോര്‍
നരനായ് നീയെങ്കിലും ജീവിക്കുമോ...'


(ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ ഒരു കവിതാമത്സരത്തിനുവേണ്ടി ധൃതിയില്‍ രചിച്ച കവിത. ഒരു വലിയ പൈപ്പിനുള്ളില്‍ ദൂരേക്കു നോക്കി, വിങ്ങലും ആകുലതയുമുള്ള മുഖവുമായി ഇരിക്കുന്ന തെരുവുകുട്ടിയുടെ ചിത്രത്തിന് യോജിച്ച കവിത രചിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.)

25 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

   Delete
 2. സന്ദര്‍ഭത്തിനനുസരിച്ചു നന്നായി എഴുതി
  എങ്കിലും എനിക്കൊരു വിയോജിപ്പ്‌ ഉണ്ട്
  ഗതി കേടു കൊണ്ട് ശരീരം വിറ്റ് ജീവന്‍ നിലനിര്‍ത്തുന്ന
  ഒരു പെണ്ണിനേം വേശ്യ എന്ന നാമം നല്‍കരുത്

  ReplyDelete
  Replies
  1. നന്ദി കൊമ്പന്‍, ഈ സന്ദര്‍ശനത്തിന്. ഇക്കാര്യത്തില്‍ അജിത്തേട്ടന്‍ താഴെയെഴുതിയ കമന്റിനോടാണ് എനിക്കു കൂടുതല്‍ യോജിക്കാനാവുന്നത്. പിന്നെ, അവളെ അപഥസഞ്ചാരിയാക്കുന്നതും വേശ്യയെന്നു വിളിക്കുന്നതും നമ്മുടെ സമൂഹമാണല്ലോ. അവളുടെ വേദനകളും ആകുലതകളുമറിയാതെ കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്ന മൃഗങ്ങളോടാണെനിക്കു വിയോജിപ്പ്.

   Delete
 3. സന്ദര്‍ഭത്തിനനുസരിച്ചു പെട്ടെന്നെഴുതിയാതോ...? തോന്നുന്നില്ല വരികളിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു പോയിട്ടുണ്ട്..

  ReplyDelete
  Replies
  1. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയപ്പൊള്‍ എനിക്കും അതിശയം തോന്നി അനീഷ്, എനിക്കിങ്ങനെ എഴുതാന്‍ സാധിച്ചുവല്ലോ എന്ന്. നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ട് എഴുതാന്‍ ഉത്സാഹം തോന്നുന്നുണ്ട്. നന്ദി, ഈ സന്ദര്‍ശനത്തിന്.

   Delete
 4. ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന ചിത്രത്തിന് അതിനനുയോജ്യമായ
  വരികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി തങ്കപ്പേട്ടാ... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.

   Delete
 5. Replies
  1. നന്ദി ഷാജു... വീണ്ടും കാണാം

   Delete
 6. ചിത്രത്തിന് അതിനനുയോജ്യമായ വരികള്‍


  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി റൈനീ... വീണ്ടും കാണാം

   Delete
 7. കവിത നന്നായിട്ടുണ്ട് ബെന്‍ജീ
  എന്നാല്‍ കവിത മുന്നോട്ട് വയ്ക്കുന്ന ആശയം അല്പം ചോദ്യം ചെയ്യപ്പേടേണ്ടതാണ്.

  ഇന്ന് കേരളത്തില്‍ വയര്‍ നിറയ്ക്കാനായി തുണിയഴിയ്ക്കേണ്ട ഗതികേട് ഒരു സ്ത്രീയ്ക്കും ഉണ്ടാകേണ്ട ആവശ്യമില്ല

  ചുറ്റുമൊന്ന് കണ്ണു തുറന്ന് നോക്കിയാല്‍ ആരോഗ്യമുള്ള ഒരാളിന് ജോലിയെടുക്കാന്‍ മനസ്സുണ്ടെങ്കില്‍ അല്ലലില്ലാതെ ജീവിയ്ക്കാന്‍ പറ്റിയ എല്ലാ സാഹചര്യങ്ങളുമുണ്ട്.

  ReplyDelete
  Replies
  1. അജിത്തേട്ടാ... ഞാന്‍ യോജിക്കുന്നു. അവളെ നീതീകരിക്കുകയല്ല, എന്നാല്‍ ചതിയില്‍ പെട്ട് നാശത്തില്‍ വീണവളാണെങ്കില്‍ ഇരുളടഞ്ഞ ഭാവിക്കു മുന്നില്‍ ആത്മഹത്യാപരമായി ഇങ്ങനെയൊരു വഴി തെരഞ്ഞെടുക്കാന്‍ സാധ്യതയില്ലേ? ചുറ്റും കടിച്ചു തിന്നാനൊരുമ്പെട്ടു നില്‍ക്കുന്ന മൃഗങ്ങളാണെങ്കില്‍ സാഹചര്യങ്ങള്‍ക്കു കീഴടങ്ങുന്ന അവളെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാവും?

   Delete
 8. കവിത നന്നായിരിക്കുന്നു. പെട്ടെന്നെഴുതി എങ്കില്‍ ശരിക്ക് എഴുതിയെങ്കില്‍ എന്തായേന. ഇനി പെട്ടെന്ന്‍ എഴുതാത്ത ഒന്ന്‍ പോരട്ടെ.
  ജീവിക്കാന്‍ വേണ്ടി എന്നത് ഇപ്പോള്‍ ആര്ഭാടത്തിനായി എന്നാക്കാം അല്ലേ?
  വരികളൊക്കെ നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. സമയമെടുത്തെഴുതിയാലും മികച്ചത് എഴുതാനാവുമെന്ന് വിശ്വാസം പോരാ സര്‍... ശരിയാണ്, ആര്‍ഭാടജീവിതം എത്ര വലിയ അധഃപതനത്തിലേക്കാണ് നമ്മുടെ സമൂഹത്തെ കൊണ്ടുപോകുന്നത്! ഈ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.

   Delete
 9. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ കാര്യം തന്നെയാണ് അജിത്തെട്ടന്‍ മുകളില്‍ പറഞ്ഞത്... കേരളത്തില്‍ ഒരു കുഞ്ഞിനെ പോറ്റാനായി ഒരു പെണ്ണിനും ഇങ്ങനെ ആകേണ്ടി വരുമെന്ന് ഇക്കാലത്ത് ഞാന്‍ കരുതുന്നില്ല.. ഇത് പോലെ എത്ര പേരെ ഞാന്‍ കണ്ടിട്ടുണ്ട്.. അതും ചതിയില്‍പെട്ട് ഗര്‍ഭിണിയായി , പ്രസവിച്ചു ആ കുഞ്ഞിനെ അന്തസായി ജോലി ചെയ്ത് നോക്കുന്നവള്‍...,..

  അതെ സമയം സ്വന്തം സുഖത്തിനു കുഞ്ഞിനെ ഒറ്റക്കാക്കി പലരുടെയും കൂടെ പോയ ഒരാളെയും എനിക്കറിയാം..

  കവിത നന്നായി.. പ്രത്യേകിച്ച് ആ ചിത്രത്തെ അധികരിച്ച് എഴുതിയത് ആകുമ്പോള്‍ പിന്നെയും ഒരു പടി മുന്നില്‍ ...
  ഇനിയും വരട്ടെ സാമൂഹ്യ ദര്‍ശനമുള്ള കവിതകള്‍, സൌമ്യ ദര്‍ശനത്തില്‍......,.... ആശ്മാസകള്‍....,.

  ReplyDelete
  Replies
  1. വിശദമായ വിചിന്തനത്തിന് നന്ദി മനോജ്... ഈ ചിത്രത്തിലെ കുട്ടിയുടെ കഥ ഇത്തരത്തിലൊന്നുമാവില്ല, പക്ഷെ, ചിത്രം കണ്ടപ്പോള്‍ കാടുകയറിയ എന്റെ ചിന്തയില്‍നിന്നാണ് ഇങ്ങനെയൊരു കഥ പിറവിയെടുത്തത്. താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

   Delete
 10. ഞാൻ തറപ്പിച്ചു പറയുന്നു. വേശ്യാ വൃത്തി ഒരു തൊഴിലല്ല.. ഒരു നിലക്കും..

  വരികൾ നന്നായിരുന്നു.

  ReplyDelete
  Replies
  1. അതെ അബൂതി, അതൊരു തൊഴിലല്ല. ഓരോരുത്തരെയും ഓരോ വിധത്തില്‍ രൂപപ്പെടുത്തുന്നത് പാരമ്പര്യവും ചുറ്റുപാടുകളു(heredity and environment)മാണെന്ന് മനഃശാസ്ത്രം പറയുന്നു. വളരെ നന്ദി, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.

   Delete
 11. നല്ല കവിത. എ ചിത്രത്തില്‍ എത്തിരി നേരം നോക്കിയിരുന്നാല്‍ കണ്ണ് നിറയും.
  ആദ്യം കവിത കുഞ്ഞിന്റെ മനസിലൂടെ തുടങ്ങി പകുതി കഴിയുമ്പോള്‍ അമ്മയുടെ മനോഗതത്തിലേക്ക് മാറുന്നതായി അനുഭവപ്പെടുന്നു.
  അത് ആസ്വാദനത്തെ അല്പമൊന്നു കുഴക്കി.

  ReplyDelete
  Replies
  1. ശരിയാണ് ജോസ്‌ലെറ്റ്... അത് കവിതയുടെ ഒരു പോരായ്മയായി എനിക്കും തോന്നിയിരുന്നു. അതുകൊണ്ട് തലക്കെട്ട് കൊടുക്കുന്നതിനും ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എഴുതിത്തുടങ്ങിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന ആശയമായിരുന്നില്ല ഇത്. ഈ സന്ദര്‍ശനത്തിനും ക്രിയാത്മക വിമര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി...

   Delete
 12. കവിത നന്നായിരിക്കുന്നുവെങ്കിലും ഇന്ന് ഇങ്ങനത്തെ സാഹചര്യങ്ങള്‍ ഒക്കെ ഉണ്ടോ എന്നുള്ള ചോദ്യം ബാക്കി നില്‍ക്കുന്നു..

  ReplyDelete
 13. നല്ലൊരു കവിത ...
  ചതികള്‍ തെരുവിലെരിയുന്നവരുടെ നീറ്റല്‍ ഭംഗിയായ് പകര്‍ത്തി.

  മാര്‍ച്ച്‌ മാസം ഞങ്ങള്‍ കണക്ക്പിള്ളമാര്‍ക്ക് തിരക്കിന്റെതാണ്.
  ആയതിനാല്‍ വായന വൈകി

  ReplyDelete
 14. നല്ല കവിത ,
  നല്ല വരികള്‍,
  സന്ദര്‍ശകരുടെ അഭിപ്രായങ്ങളും,മറുപടികളും വായിച്ചു.
  സന്തോഷമായി.

  ഇനിയും മനോഹരമായ സൃഷ്ടികള്‍ ഉണ്ടവട്ടെ..!!!

  അങ്ങേയ്ക്ക് എന്‍റെ എല്ലാ ആശംസകളും...

  ReplyDelete