Sunday 6 May 2012

കച്ചവടം

      മൂവന്തി നേരത്താണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. നല്ല തിരക്കുണ്ടായിരുന്നു. കമ്പാര്‍ട്ട്മന്റ് തേടി ഓടുന്നവര്‍, ഭക്ഷണപ്പൊതികളും ചായയും കാപ്പിയും മാസികകളുമൊക്കെ വില്‍ക്കുന്നവര്‍, ഭിക്ഷക്കാര്‍, റെയില്‍വേ ജീവനക്കാര്‍.... അവര്‍ക്കിടയിലൂടെ ഞാനും.
      അന്തിപ്പത്രവില്പ്പനക്കാരന്റെ "ചൂടുള്ള വാര്‍ത്ത' എന്ന വിളി കേട്ട് അയാളുടെ കയ്യിലിരുന്ന പത്രത്തിലേക്ക് അലസമായി ഒന്നു നോക്കി. എവിടെയോ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു... അതു നിത്യസംഭവമല്ലേ, അതിലെന്തു ചൂടുവാര്‍ത്ത എന്നു ചിന്തിച്ച് മേല്പ്പാലം ലക്ഷ്യമാക്കി ഓടി. ഒരു അഭ്യാസിയെപ്പോലെ രണ്ടും മൂന്നും പടികള്‍ ഒരുമിച്ചു ചാടി മറ്റു യാത്രക്കാര്‍ക്കു മുന്‍പേ റോഡിലെത്തിയപ്പോള്‍ എന്തോ കീഴടക്കിയ ഭാവമായിരുന്നു എന്റെ മുഖത്ത്.
      ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നിലൊരു വിളി.
      "പപ്പടം വേണോ സാര്‍... പപ്പടം...'
      ഒരു കൊച്ചു ബാലനാണ്. പന്ത്രണ്ടു വയസ്സുണ്ടാവും. നല്ല ചുറുചുറുക്കുള്ള മുഖം. കൈയില്‍ രണ്ടു കെട്ട് പപ്പടമുണ്ട്.
      ഈ മൂവന്തി നേരത്ത് പപ്പടം വിറ്റുനടക്കുന്ന ഇവന്‍ എപ്പോഴാണിനി വീട്ടിലേക്കു മടങ്ങുക? ഇവന്റെ വീട്ടില്‍ ആരൊക്കെയുണ്ടാവും? അവനെക്കുറിച്ച് കാടുകയറുന്ന ചിന്തകളുമായി ഞാന്‍ ഒന്നു നിന്നു.
      "സാര്‍, ഒരു കെട്ടു പപ്പടം വേണോ, പത്തു രൂപയേയുള്ളു.'
      സ്ഥിരം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഞാന്‍ ഈ പപ്പടം വാങ്ങിയിട്ട് എന്തു ചെയ്യാന്‍! ഞാന്‍ വാത്സല്യത്തോടെ അവന്റെ തോളില്‍ കൈവച്ചു. എന്നിട്ടു ചോദിച്ചു.
      "എന്താ മോന്റെ പേര്?'
      "കിരണ്‍...' അവന്‍ പേരു പറഞ്ഞു.
      "എവിടെയാ വീട്?'
      "മാരിയമ്മന്‍ കോവിലിനു പിന്നിലാണു സാര്‍. സാര്‍, പപ്പടം ഒരു കെട്ടു മതിയോ?'
      "കിരണ്‍, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടില്‍ പോകാത്തത്? നീ പഠിക്കുന്നുണ്ടോ?'
      "ഉണ്ടു സാര്‍, അഞ്ചാം ക്ലാസിലാ പഠിക്കുന്നത്. പപ്പടം എത്ര കെട്ടു വേണം സാര്‍?'
      "മോനേ, വീട്ടില്‍ പാചകം ചെയ്യാത്ത ഞാന്‍ പപ്പടം വാങ്ങിയിട്ടും പ്രയോജനമില്ല. നീയത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.' ഞാന്‍ നടക്കാനൊരുങ്ങി.
      "സാര്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അമ്മയും അനിയത്തിയുമേ വീട്ടിലുള്ളൂ. ഒരുപാടു കടമുണ്ടു സാര്‍. വീടു വാങ്ങാന്‍ ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ടു സാര്‍. നാളെ ബാങ്കിലെ പണം അടയ്ക്കണമെങ്കില്‍ ഇരുപത് രൂപ കൂടിയുണ്ടാകണം. അതു കൂടി ഉണ്ടായിട്ടേ ഞാന്‍ വീട്ടില്‍ പോകുന്നുള്ളു.'
      ഈ ചെറിയ പ്രായത്തില്‍ അവന്റെ ഉത്തരവാദിത്തമോര്‍ത്ത് എനിക്ക് അതിശയം തോന്നി.
      "അച്ഛന്‍ എങ്ങനെയാ മരിച്ചത്?'
      "ആത്മഹത്യയായിരുന്നു സാര്‍. കടബാധ്യത കൂടിയിട്ട്...'
      പോക്കറ്റില്‍നിന്ന് ഇരുപതു രൂപ എടുത്ത് അവനു നല്‍കിയിട്ട് ഞാന്‍ പറഞ്ഞു,
      "കിരണ്‍ വീട്ടില്‍ പൊയ്‌ക്കോളൂ. ഞാന്‍ സമയം പോലെ നിന്റെ വീട്ടില്‍ വരാം.'
      "സാര്‍ പപ്പടം...'
      "കിരണ്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ.'
      ആ രാത്രി ഉറക്കം വന്നില്ല. ഉത്തരവാദിത്തത്തിന്റെ വേദനയില്‍ കരിഞ്ഞുണങ്ങുന്ന കുരുന്നുബാല്യമായിരുന്നു മനസ്സു നിറയെ.
      പിറ്റേന്ന് കിരണിന്റെ വീടു തേടി മാരിയമ്മന്‍ കോവിലിനടുത്തെത്തി. അവിടെയാര്‍ക്കും കിരണിനെ അറിയില്ല. അടയാളമൊക്കെ കേട്ടിട്ട് പപ്പടം ഉണക്കിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു...
      "അത് ശങ്കരന്റെ മകന്‍ ശ്രീനിയാവും. അവനാ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് പപ്പടവുമായി പോകുന്നത്.' അപ്പുറത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അവര്‍ തുടര്‍ന്നു.
      "ദാ ആ നില്‍ക്കുന്നതാ അവന്റെ അമ്മ. അച്ഛനെയാ കാണേണ്ടതെങ്കില്‍ ഷാപ്പില്‍ പോയി നോക്കിയാല്‍ മതി.' എവിടെയോ കണക്കുകള്‍ പിഴയ്ക്കുന്നു. ആരാണ് കള്ളം പറയുന്നത്? അവര്‍ കാട്ടിത്തന്ന വീട്ടിലേക്ക് സംശയത്തോടെയാണ് നടന്നു കയറിയത്. അവന്റെ അമ്മ ചോദ്യഭാവത്തില്‍ നോക്കി.
      "ശ്രീനിയെ ഒന്നു കാണാന്‍ വന്നതാ.'
      "എന്താ സാര്‍ പപ്പടം വാങ്ങാനാണോ?'
      "അല്ല. എനിക്കവനെ ഒന്നു കണ്ടാല്‍ മതി.'
      "എടാ ശ്രീനീ...' അവര്‍ നീട്ടി വിളിച്ചു.
      പൂത്തിരി കത്തിച്ചതു പോലെയാണ് അവന്‍ ഓടി വന്നത്. എന്നെ കണ്ട അവന്‍ ഒന്നു ഞെട്ടിയോ?
      "ശ്രീനിയുടെ വീട് ഇതാണല്ലേ? എല്ലാവരെയും ഒന്നു പരിചയപ്പെടാമെന്നു കരുതി വന്നതാണ്. ഇന്നലെ വാങ്ങിയ പപ്പടം നന്നായിരുന്നു കേട്ടോ. അച്ഛന്‍ എവിടെ?' അവന്റെ പരുങ്ങല്‍ കണ്ട് ഞാന്‍ ചോദിച്ചു.
      "അങ്ങേരിനി വൈകിട്ടേ വരൂ സാര്‍. വീടിനെക്കുറിച്ച് ഒരു വിചാരവുമില്ലാത്ത മനുഷ്യന്‍... ഈ ചെറുക്കനാണു സാര്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.' ശ്രീനിയുടെ അമ്മ വാചാലയായി. നിമിഷനേരത്തിനകം കട്ടന്‍ ചായയുമായി അവര്‍ വന്നു. ചായ മൊത്തിക്കുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.
     "സാര്‍ പപ്പടം ഇനിയും വേണോ?'
     "ഇപ്പോള്‍ വേണ്ട. ഇനി ഞാന്‍ ശ്രീനിയോടു വാങ്ങിക്കൊള്ളാം.'
     ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ ശ്രീനി ഒപ്പം ഓടിയെത്തി. അവന്‍ ശബ്ദമടക്കി പറഞ്ഞു.
     "സാര്‍, അച്ഛന്‍ മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...' അവന്‍ കൈ നീട്ടിക്കൊണ്ടു തുടര്‍ന്നു- "ഇതാ സാറിന്റെ ഇരുപതു രൂപ.'
     ഞാന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു-
     "അതു നീ വച്ചോളൂ... പക്ഷെ, നീയെന്തിനായിരുന്നു നിന്റെ പേരു മാറ്റിപ്പറഞ്ഞത്?'
     അതിനവനു മറുപടിയുണ്ടായിരുന്നില്ല.

6 comments:

  1. ഒരു കുട്ടി കള്ളം പറഞ്ഞ് കച്ചവടം നടത്തിയാല്‍....ഇന്ദുലേഖയും ധാത്രിയും മുസലിപവറും ഒക്കെ ചെയ്യുന്നതിന്റെ ലക്ഷത്തിലൊന്ന് കുറ്റം പോലുമില്ല.

    (ബ്ലോഗ് സെറ്റിംഗ്സില്‍ പോയിട്ട്

    (1) വേര്‍ഡ് വെരിഫിക്കേഷന്‍ വേണ്ടയെന്ന ഓപ്ഷന്‍ കൊടുക്കാം

    (2) ഫോളോവര്‍ വിന്‍ഡോ തുറക്കാം)

    ReplyDelete
  2. വളരെ നന്ദി... ബ്ലോഗ് എഴുത്തില്‍ ഞാന്‍ പുതിയ ആളാണ്. പല കാര്യങ്ങളും പഠിച്ചു വരുന്നതേയുള്ളു. ഫോളോവര്‍ വിന്‍ഡോ തുറക്കാനാവുന്നില്ല. പരീക്ഷണഘട്ടത്തില്‍ എന്നാണ് എഴുതിക്കാണിക്കുന്നത്. ആദ്യാക്ഷരി വായിച്ചതനുസരിച്ച് ലാംഗ്വേജ് ഇംഗ്ലീഷ് എന്നു തിരുത്തിനോക്കി. എന്നിട്ടും ഫലമില്ല.
    സെറ്റിംഗ്‌സില്‍ വേര്‍ഡ് വേരിഫിക്കേഷനും കണ്ടെത്താനായില്ല.

    ReplyDelete
  3. ഉദരം മൂലം ബഹുകൃത വേഷം !

    ReplyDelete
  4. നുണ പറഞ്ഞിട്ടെങ്കിലും സാധനം ചെലവാക്കണം അതാണ് കച്ചവടം. അവന്‍ ഇത് ചെറുപ്പത്തിലേ മനസ്സിലാക്കി!!

    ReplyDelete
  5. "സാര്‍, അച്ഛന്‍ മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...

    അത് വേണ്ടീരുന്നില്ല ല്ലേ !!!

    ReplyDelete
  6. ഇതൊക്കെയാണ് ഇന്നിന്റെ ലോകം

    ReplyDelete