Tuesday, 22 May 2012

സ്‌നേഹവിരുന്ന്

      ഉദ്യാനനഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. തക്കാളിയും കാരറ്റും മുന്തിരിയും വളരുന്ന പാടങ്ങള്‍ ഗ്രാമത്തിനു ചുറ്റും കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടപ്പുണ്ട്.
 
      അവിടെയുള്ള 'കമ്പാഷന്‍ ഇന്‍ഡ്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊരു അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ച് ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി കരുതി. യാത്ര എന്നും എനിക്ക് ഹരമാണ്. തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയുമായുള്ള ബന്ധത്തില്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പഠിച്ച കന്നഡ ഭാഷ ഒന്നുകൂടി ഉപയോഗിക്കാന്‍ ഒരു അവസരവുമായി.
 
      ക്ലാസിന് കുട്ടികള്‍ ഉത്സാഹത്തോടെയാണു വരുന്നത്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അവരെത്തും. ഉച്ച വരെ പാട്ടും കഥകളും ചിത്രരചനയും കളികളുമൊക്കെയായി സ്വര്‍ഗ്ഗതുല്യമായ സന്തോഷം. എഴുനൂറോളം കുട്ടികളുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമാണവര്‍ മടങ്ങുന്നത്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യും.
 ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതുതന്നെ വളരെ ശ്രമകരം. സംഘാടകര്‍ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്‌പോണ്‍സേഴ്‌സാണ് പണം മുടക്കുന്നത്.
 
      ഒരു ദിവസം കുട്ടികള്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു:
 
      'നാളെ സ്‌നേഹവിരുന്നാണ്. എല്ലാവരും വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരണം. ഇവിടെ നമുക്ക് ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവച്ച് ഭക്ഷണം കഴിക്കണം. അങ്ങനെ പങ്കുവയ്പ്പിന്റെ മഹത്വം നാം പഠിക്കും.'
 
      അനുസരണമുള്ളവരാണു കുട്ടികള്‍. അവര്‍ പിറ്റേന്ന് ഭക്ഷണവുമായി വന്നു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ക്കു നല്കുവാന്‍വേണ്ടി സംഘാടകര്‍ കുറേ ഭക്ഷണപ്പൊതികള്‍ കരുതിയിരുന്നു. ഭക്ഷണം കൊണ്ടുവരാതിരുന്നവരെ കണ്ടെത്തി അതു നല്‍കുവാന്‍വേണ്ടി സംഘാടകര്‍ ഓടിനടന്നു.
 
      ഭക്ഷണം കഴിക്കേണ്ട സമയമായി. കുട്ടികള്‍ ഉത്സാഹത്തോടെ പൊതികള്‍ അഴിച്ചു. വ്യത്യസ്തമായ വിഭവങ്ങള്‍! വ്യത്യസ്തമായ രുചികള്‍!! അവര്‍ സ്‌നേഹത്തോടെ അവ പരസ്പരം കൈമാറി. ചില കുസൃതികള്‍ കൈയിട്ടു വാരി. ഇതെല്ലാം കണ്ട് കുട്ടികള്‍ക്കിടയിലൂടെ അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് നടക്കുകയായിരുന്നു ഞാന്‍.
 
      ഒരിടത്തെത്തിയപ്പോള്‍ അറിയാതെ ഞാന്‍ നിന്നു. ഒരു പെണ്‍കുട്ടി അവളുടെ പൊതി തുറന്നിട്ടില്ല. പത്തു വയസ്സുണ്ടാവും അവള്‍ക്ക്. നിറം മങ്ങിയ പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ചെമ്പിച്ച തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നു. തുളുമ്പിയൊഴുകാന്‍ വെമ്പുന്ന കണ്ണുകള്‍... മുമ്പിലിരിക്കുന്ന പൊതി സംഘാടകര്‍ കൊടുത്തതാണ്. ഞാന്‍ സ്‌നേഹത്തോടെ അടുത്തിരുന്നിട്ട് അവളോടു പറഞ്ഞു:
 
      'മോളേ, പൊതി തുറന്നു കഴിക്കൂ...' അവള്‍ പ്രതികരിച്ചില്ല.
 
      തോളില്‍ തട്ടിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:
 
      'മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ചു കഴിയാറായി... മോളെന്താ ഭക്ഷണം കഴിക്കാത്തത് ?'
 അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനാകെ സങ്കോചത്തിലായി. ഒരു കാര്യം വ്യക്തം. അവളുടെയുള്ളില്‍ വേദനിപ്പിക്കുന്ന എന്തോ ഒരു അനുഭവമുണ്ട്. അത് ഒരുപക്ഷേ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പറയാന്‍ അവള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാനവളെ പുറത്തേക്കു വിളിച്ചു. പുറത്ത് മാവിന്‍ചുവട്ടില്‍ വച്ച് അവള്‍ സ്വന്തം അനുഭവം പറഞ്ഞു.
 
      അര്‍ച്ചന എന്നാണ് അവളുടെ പേര്. അച്ഛനും അമ്മയുമുണ്ട് അവള്‍ക്ക്. ഇരുപത് കിലോമീറ്റര്‍ അകലെ പട്ടണത്തില്‍ ഒരു കടയിലാണ് അച്ഛനു ജോലി. എല്ലാ ദിവസവും പട്ടണത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ മദ്യപിച്ച് സുബോധമില്ലാതെയാവും അച്ഛന്‍ വീട്ടിലെത്തുക. പിന്നെ പുകിലാണവിടെ. അമ്മയെയും അര്‍ച്ചനയെയും അയാള്‍ വല്ലാതെ ഉപദ്രവിക്കും. അടുക്കളയിലുള്ള പാത്രങ്ങളൊക്കെ നശിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊന്നും വാങ്ങിക്കൊടുക്കുകയില്ല. ദിവസവും മര്‍ദ്ദനമേറ്റ് അര്‍ച്ചനയുടെ അമ്മ ശാരിരികമായും മാനസികമായും ആകെ തകര്‍ന്നു. ജോലിയൊന്നും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാവിലെ ഒരു ചായ പോലും കുടിക്കാതെയാണ് അര്‍ച്ചന ക്ലാസിനു വന്നിരിക്കുന്നത്. ഒന്നും അറിയാത്തവനെപ്പോലെ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിക്കഴിഞ്ഞു.
 
      കഥയിത്രയും പറഞ്ഞ് അവള്‍ ഒന്നു നിര്‍ത്തി. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വിങ്ങലോടെ അവള്‍ തുടര്‍ന്നു:
 
      'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'
 
      എന്റെ നാവിറങ്ങിപ്പോയി. വല്ലാത്തൊരു കോരിത്തരിപ്പ് . അമ്മയോടുള്ള സ്‌നേഹത്തില്‍ സ്വന്തം വിശപ്പുപോലും മറന്നുപോയ ഒരു പത്തു വയസ്സുകാരി!!!
 
      ഇതിനകം അവിടെയെത്തിയ സംഘാടകര്‍ അവളുടെ അമ്മയ്ക്കായി മറ്റൊരു ഭക്ഷണപ്പൊതി നല്‍കിയ ശേഷമേ അര്‍ച്ചന അവളുടെ പൊതി തുറന്നുള്ളൂ.  ഇതിനപ്പുറം എന്തു സ്‌നേഹവിരുന്നാണുള്ളത്!!!

   

9 comments:

  1. അതെയതെ, ഇതിനപ്പുറം എന്ത് സ്നേഹവിരുന്നാണുള്ളത്..! ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ ബ്ലോഗ് വായന സാര്‍ത്ഥകമായിത്തീരുന്നു. ആശംസകള്‍

    ReplyDelete
  2. അജിത്, വളരെ നന്ദി... ബ്ലോഗ് വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും...

    ReplyDelete
  3. ഒരുപാട് പേര്‍ വിശപ്പെന്ന സത്യത്തെ കടിച്ചമര്‍ത്തി ജീവിക്കുന്നു ..
    ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി താങ്കളുടെ രചന ..ആശംസകള്‍

    ReplyDelete
  4. ബ്ലോഗ്ഗുകളില്‍ സാധാരണയായി ഫലിതങ്ങളും നര്‍മ്മ കഥകളും
    ആണ് കാണാറ് - ആളുകള്‍ക്ക് നേരമില്ലാല്ലോ - മനസ്സിനെ
    അലട്ടുന്ന ഒന്നും വായിക്കാനുള്ള ക്ഷമയും താല്‍പര്യവും ഇല്ല
    അങ്ങിനെ ഉള്ള ആവര്ത്തനങ്ങള്‍ക്കിടയില്‍, ഇത്തരം കഥകള്‍
    വേറൊരു അനുഭവം തരുന്നു

    ReplyDelete
  5. അമ്മയെന്ന നിലയില്‍ ഭാഗ്യവതിയാണ്‌ അര്‍ച്ചനയുടെ അമ്മ
    നിഷ്കളങ്ക സ്നേഹം ആവോളം നുകരാന്‍ ഭാഗ്യം ലഭിച്ച സ്ത്രീ ..
    പ്രത്യേകിച്ച് അമ്മമാര്‍ തെരുവിലെറിയപ്പെടുന്ന വാര്‍ത്തകള്‍ അനുദിനം പെരുകി വരുന്ന ഈ കാലത്ത് ..
    അനുഭവമോ കഥയോ ? അറിയില്ല എന്തായാലും മനസ്സില്‍ പതിഞ്ഞു ..
    അഭിനന്ദനങ്ങള്‍ മാഷേ ...

    ReplyDelete
  6. നല്ലൊരെഴുത്ത്

    ReplyDelete
  7. http://www.vellanadandiary.com/2012/11/blog-post_13.html

    ReplyDelete
  8. 'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'

    സങ്കടം തോന്നുന്നു...
    പക്ഷെ മദ്യപാനം സമൂഹത്തില്‍ ഒരു വ്യാധിയായി തന്നെ തുടരുന്നു.. കഷ്ടം..

    ReplyDelete