Tuesday 31 July 2012

വേനലിലൊരു പുതുമഴ

      സ്കൂളിന്റെ ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ രാജലക്ഷ്മി ടീച്ചര്‍ തിരിഞ്ഞു നോക്കി. കുഞ്ഞാറ്റ അവിടെത്തന്നെ നില്‍പ്പുണ്ട്, നിറഞ്ഞുതുളുമ്പാന്‍ വെമ്പുന്ന കണ്ണുകളോടെ. കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും ഓഫീസിന്റെ ചുറ്റുവട്ടത്തൊക്കെത്തന്നെ കറങ്ങിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പലവട്ടം അവളെ നിര്‍ബന്ധിച്ചതാണ്.
      അപ്പോള്‍ അവള്‍ പറഞ്ഞു:
      'ടീച്ചറമ്മ പോയിക്കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ. അല്ലെങ്കിലും ഞാനെങ്ങോട്ടു പോകാനാ ടീച്ചറമ്മേ?...'
      ടീച്ചറമ്മ... അങ്ങനെയാണ് എപ്പോഴും കുഞ്ഞാറ്റ തന്നെ വിളിക്കുന്നത്. സാധാരണ കുട്ടികളെക്കാള്‍ അവള്‍ക്ക് തന്നോട് അല്പം കൂടുതല്‍ അടുപ്പമുണ്ട്. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി അവള്‍ അടുത്തെത്തും. പിന്നെ സാരിത്തുമ്പില്‍ പിടിച്ച് മാറാതെ നില്‍ക്കും. ഇടയ്ക്ക് കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സോപ്പിട്ട് കുപ്പിയിലാക്കാനും ശ്രമിക്കും.
      'ഈ സാരി ടീച്ചറമ്മയ്ക്കു നന്നായി ചേരുന്നുണ്ട് ട്ടോ...'
      'നല്ല സുന്ദരിയാ ടീച്ചറമ്മ...'
      'എനിയ്ക്കു ടീച്ചറമ്മയെ ഒരുപാടിഷ്ടമാ...'
      അവളോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരാളോടു കൂടുതല്‍ ഇഷ്ടം കാട്ടുന്നതു ശരിയല്ലല്ലോ. അതു മറ്റു കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?... പക്ഷെ, കുഞ്ഞാറ്റ വിടില്ല. അവള്‍ അടുത്തു വന്നു കഴിഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ തോന്നുകയുമില്ല.
      സ്വാതി എന്നാണ് അവളുടെ പേര്. കുഞ്ഞാറ്റ എന്നത് താന്‍ അവളെ വിളിക്കുന്ന ഓമനപ്പേരും. ആ പേര് അവള്‍ തന്നെയായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരു ദിവസം വിഷമങ്ങള്‍ പറയാന്‍ അടുത്തു വന്ന അവളെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ കണ്ണു തുടച്ച് അവള്‍ ചിരിച്ചു. ആ ചിരിയ്ക്ക് തെളിനീരിന്റെ മനോഹാരിതയുണ്ടായിരുന്നു.
      'ടീച്ചറമ്മേ... എന്നെ അമ്മമ്മ ഇങ്ങനെ അടുത്തു നിര്‍ത്തുമായിരുന്നു... കാച്ചിയ വെളിച്ചെണ്ണേടെ മണമാ അമ്മമ്മയ്ക്ക്. അമ്മമ്മ എന്നെ കുഞ്ഞാറ്റേന്നാ വിളിക്കുന്നെ. ടീച്ചറമ്മേം  ഇനി കുഞ്ഞാറ്റേന്നു വിളിച്ചാ മതി എന്നെ.'
      'എവിടെയാ കുട്ടീടെ അമ്മമ്മ?'
      'പോയി ടീച്ചറമ്മേ... ദൈവത്തിന്റടുത്തേക്ക്...'
      പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. എല്ലാവരും കുഞ്ഞാറ്റയെ വിട്ടു പോയവരാണ്. ആദ്യം അമ്മ പോയി, റബ്ബര്‍ വെട്ടുന്ന മാമന്റെ കൂടെ... അമ്മ അപ്പൂനേം ഒപ്പം കൊണ്ടുപോയി. അവളുടെ കുഞ്ഞാങ്ങളയാണ് അപ്പു. കുഞ്ഞാറ്റ അമ്മയെ കുറ്റപ്പെടുത്തില്ല. അവള്‍ പറയും, 'അച്ഛന്റെ കുടി സഹിക്കാന്‍ മേലാഞ്ഞിട്ടല്ലേ അമ്മ പോയത്... ന്നാലും ഈ കുഞ്ഞാറ്റയെക്കൂടി കൊണ്ടുപോകാമായിരുന്നു അമ്മയ്ക്ക്.'
      അമ്മ പോയതറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മമ്മ പോയത്. അമ്മമ്മയ്ക്ക് കുഞ്ഞാറ്റയെ ഒരുപാടിഷ്ടമായിരുന്നു. അമ്മമ്മ പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്: 'ഞാനൂടെ കുഴീലോട്ടു പോയിക്കഴിഞ്ഞാപ്പിന്നെ ന്റെ കുട്ടിയ്ക്ക് ആരാ പിന്നെയുള്ളത് ന്റീശ്വരാ...' എന്ന്.
      അമ്മ പോയതിന്റെ ദേഷ്യത്തില്‍ അച്ഛന്റെ കുടി കൂടുതലായി. വല്ലാതെ ഉപദ്രവിക്കുമായിരുന്നു, അച്ഛന്‍ കുഞ്ഞാറ്റയെ. അച്ഛന്‍ തല്ലിയ പാടുകള്‍ അവള്‍ ടീച്ചറമ്മയെ കാണിച്ചിട്ടുമുണ്ട്. പക്ഷെ, ഇന്നും കുഞ്ഞാറ്റയ്ക്കറിയില്ല, അച്ഛനെന്തിനാണ് മച്ചില്‍ കെട്ടിയ കയറിന്റെ കുരുക്ക് കഴുത്തിലൂടിട്ട് ഊഞ്ഞാലാടിയതെന്ന്. അച്ഛനും പോയെന്നറിഞ്ഞപ്പോള്‍ ഒത്തിരി കരഞ്ഞു.
      കുഞ്ഞാറ്റ മാത്രം എങ്ങോട്ടും പോകാനാവാതെ അച്ഛമ്മയ്‌ക്കൊപ്പം... അച്ഛന്റെ അമ്മയെ അവള്‍ അങ്ങനെയാണു വിളിക്കുന്നത്.
      ഒരു ദിവസം അവള്‍ രഹസ്യം പറയുംപോലെ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: 'ടീച്ചറമ്മേ... അച്ഛമ്മ ചീത്തയാ... എന്നെ വല്ലാതെ ഉപദ്രവിക്കും. വാ തുറന്നാല്‍ ചീത്തയേ പറയൂ. വീട്ടിലെ ജോലി മുഴുവന്‍ ഞാനാ ചെയ്യുന്നെ. എന്നിട്ടും ഇന്നാളൊരു ദീസം എന്നോടു പറയുവാ നിനക്കും പോയി ചത്തൂടായോന്ന്.'
      അതു കേട്ടപ്പോള്‍ തന്റെയും കണ്ണു നിറഞ്ഞതാണ്. അതവള്‍ കാണാതിരിക്കാന്‍ താനവളെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അടര്‍ത്തി മാറ്റാനാവാത്തപോലെ ചേര്‍ന്നുനിന്നു, കുഞ്ഞാറ്റ.
      ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണെന്നു കേട്ടപ്പോള്‍ അവള്‍ സങ്കടത്തോടെ  അടുത്തുവന്നു ചോദിച്ചു:
      'ഞാനൂടെ ടീച്ചറമ്മേടെ കൂടെ വന്നോട്ടെ? മൂന്നു ദീസം അവിടെ താമസിക്കാം.'
 അതു കേട്ടപ്പോള്‍ തനിക്ക് അങ്കലാപ്പായി.
      'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.'
      തന്റെ തീരുമാനം കേട്ടപ്പോള്‍ അവളുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതു കണ്ടു. അവളെ അഭിമുഖീകരിക്കാനാവാതെ താന്‍ ശ്രദ്ധ ബോര്‍ഡിലേക്ക് തിരിച്ചു.
      റോഡരികില്‍ സ്കൂളിന്റെ മതിലിനോടു ചേര്‍ന്നുള്ള പുറമ്പോക്കിലാണ് കുഞ്ഞാറ്റയുടെ കുടില്‍. ഇന്ന് അവള്‍ പറഞ്ഞത് ഓര്‍മ്മയിലേക്കു വരുന്നു: 'ടീച്ചറമ്മേ... സ്കൂള്‍ പൂട്ടിക്കഴിഞ്ഞാല്‍ ഞാനിവിടെ വരും. ജനലിനാത്തൂടെ അകത്തു കേറും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഇവിടിരുന്നാ ഞാന്‍ പഠിക്കുന്നേ. വീട്ടിലിരുന്ന് പഠിക്കാനൊന്നും പറ്റൂല്ല. അച്ഛമ്മയ്ക്കു ഞാന്‍ പഠിക്കുന്നതിഷ്ടമല്ലന്നേ.'
      പൂട്ടിയ സ്കൂളിനുള്ളില്‍ കയറുന്നതു ശരിയല്ലെന്നു പറയണമെന്നു തോന്നിയെങ്കിലും അത്രയും സമയമെങ്കിലും അവള്‍ സമാധാനം അനുഭവിച്ചോട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല.
      പക്ഷെ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ആരുമില്ലാത്ത നേരത്ത് രാത്രിയില്‍ കുഞ്ഞാറ്റ ഒറ്റയ്ക്ക് സ്കൂളില്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ. ചിന്തകള്‍ കാടുകയറിയപ്പോള്‍  അവളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. നേരെ നടന്നു കുഞ്ഞാറ്റയുടെ വീട്ടിലേക്ക്.
      വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അച്ഛമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
      'സ്വാതിയെ തെരക്കി വന്നതാന്നോ ടീച്ചറേ? ആ കൊച്ചിതുവരെയിങ്ങു വന്നില്ലന്നേ. എന്നതാ ടീച്ചറേ, അവളവിടെ പ്രശ്‌നമെന്തേലുമൊണ്ടോ? പറഞ്ഞാലൊരു വക അനുസരിക്കുകേലെന്നേ... അതെങ്ങനാ... വല്ലോന്റേം കൂടെറങ്ങിപ്പോയ തള്ളേടെയല്ലിയോ സന്തതി... നല്ല അടി കൊടുക്കണം ടീച്ചറേ...' ഒറ്റവായില്‍ പറയാവുന്നതിലധികം പറഞ്ഞു അവര്‍.
      അപ്പോഴേക്കും അവിടെ ഓടിയെത്തി, കുഞ്ഞാറ്റ. അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ തലമുടി കോതിയൊതുക്കിക്കൊണ്ട് ഇടറുന്ന സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു:
      'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.'
      അപ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണില്‍ അതുവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം കാണാനായി. വേനലില്‍ ഇലകളെല്ലാം കൊഴിഞ്ഞ ശിഖരം പുതുമഴ കണ്ടതുപോലൊരു തിളക്കം.

42 comments:

 1. നല്ല കഥ


  വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അമ്മമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.

  (അച്ഛമ്മയല്ലേ ഇവിടെ?)

  ReplyDelete
  Replies
  1. അജിത്തേട്ടാ... വളരെ ശ്രദ്ധയോടെ വായിച്ച് തെറ്റു ചൂണ്ടിക്കാട്ടിയതിന് നന്ദി. എന്റെ അശ്രദ്ധ കൊണ്ടു സംഭവിച്ച തെറ്റാണ്. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. വീണ്ടും കാണാം.

   Delete
 2. എനിക്കും ഒരുപാടിഷ്ടമായി... നല്ല കഥ...

  ReplyDelete
  Replies
  1. നന്ദി സുനീ... നല്ല വാക്കുകള്‍ക്ക്...

   Delete
 3. കഥയ്ക്കുള്ളിലെ കഥ എന്ന് വേണമെങ്കില്‍ പറയാം ..ആശംസകള്‍ ....വീണ്ടും വരാം

  ReplyDelete
  Replies
  1. നസീം... വളരെ നന്ദി, വീണ്ടും കാണാം.

   Delete
 4. ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക് ,
  മാഷിന്റെ കഥയുമായീ ഒട്ടേറെ സാമ്യമുള്ള
  ജീവിതം .. അവളെയാണ് , അവളുടെ മുഖമാണ്
  വരികളിലെല്ലാം നിറഞ്ഞു നിന്നത് എനിക്ക് ..
  ജീവിതത്തിന്റെ കടുത്ത യാഥ്യാര്‍ത്ഥ്യങ്ങളില്‍
  പകച്ച് പൊകുന്ന എത്രയെത്ര ബാല്യങ്ങളല്ലേ ...
  സുമനസ്സുകളുടെ കാരുണ്യത്തില്‍ അവര്‍ ചിരി തൂകട്ടെ..
  സ്നേഹപൂര്‍വം .. റിനി ..

  ReplyDelete
  Replies
  1. കഥകളില്‍ നമുക്കു പരിചയമുള്ളവരുടെ അനുഭവങ്ങളിലെ സമാനതകള്‍ ദര്‍ശിക്കാനാവുമ്പോള്‍ കഥ നമുക്ക് ഹൃദ്യമായി അനുഭവപ്പെടും. എന്റെയും ഹൃദയത്തില്‍ തട്ടിയ ഒരു അനുഭവമാണ് ഈ കഥയ്ക്ക് ആധാരം. നന്ദി റിനീ... ഈ സന്ദര്‍ശനത്തിന്.

   Delete
 5. ബെന്ജിയെട്ടാ,...ഒത്തിരി ഇഷ്ടമായി ഈ കഥ. ഒരു കൊച്ചു കഥയില്‍ ഒരുപാട് അവസ്ഥകളെ കുറിച്ച് വിവരിച്ചിരിക്കുന്നു. ഈ കഥയെഴുതാന്‍ ശരിക്കും എന്തായിരുന്നു കാരണം ? കുഞ്ഞാറ്റ എന്ന പേരുകള്‍ സമൂഹത്തില്‍ ഒരുപാട് പാറി കളിക്കുന്നുണ്ട് , അച്ഛനില്ലാതെ അമ്മയില്ലാതെ ...കുഞ്ഞാറ്റകള്‍ ഇല്ലാത്ത അച്ഛനമ്മമാര്‍ വേറെയും ..

  ആശംസകളോടെ

  ReplyDelete
  Replies
  1. ശരിയാണു പ്രവീണ്‍... കുറേ കുഞ്ഞാറ്റകള്‍ അനാഥരായി വിങ്ങുന്ന മനവുമായി കഴിയുമ്പോള്‍ കുഞ്ഞാറ്റകളില്ലാത്ത എത്രയോ അച്ഛനമ്മമാര്‍ നമുക്കു ചുറ്റും... ഒരു കൊച്ചു കൂട്ടുകാരിയുടെ അനുഭവം കേട്ടറിഞ്ഞത് കഥയാക്കുകയായിരുന്നു. വളരെ നന്ദി, ഈ പ്രോത്സാഹനത്തിന്. വീണ്ടും കാണാം.

   Delete
 6. ഇത്തരം കുഞ്ഞാറ്റകളെ ജീവിത യാത്രയില്‍ പലയിടത്തും കണ്ടിട്ടുണ്ട്.

  പക്ഷെ ഇതൊരു വേറിട്ട കഥ പറച്ചിലായി. വളരെ ലളിതമായ ഈ ആഖ്യാനശൈലി ഏറെ ഇഷ്ട്ടമായി

  ReplyDelete
  Replies
  1. നന്ദി വേണുഗോപാല്‍ജീ... ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും. വീണ്ടും കാണാം...

   Delete
 7. കഥ കൊള്ളാം,
  പേരുകേട്ട അച്ഛനമ്മമാരാല്‍ നട്ടംതിരിയപ്പെട്ടൊരു കുഞാറ്റയെ അടുത്തു നമ്മള്‍ വാര്‍ത്തകളില്‍ കണ്ടു ഇല്ലേ?

  ReplyDelete
  Replies
  1. ജോസെലെറ്റ്, അതു പുറത്തു വന്ന കഥ. പുറത്തു വരാത്ത എത്രയോ കഥകള്‍ നമുക്കു ചുറ്റുമുണ്ടാവും. അച്ഛന്‍മാരും അമ്മമാരും പ്രിയപ്പെട്ടവരുമൊക്കെ മൃഗങ്ങളായി മാറുന്നതു കാണുമ്പോള്‍ വേദന തോന്നുന്നു. മൃഗങ്ങള്‍ എന്നോടു പ്രതിഷേധിക്കാതിരിക്കട്ടെ, അവയെ അവഹേളിച്ചതിന്റെ പേരില്‍. ഓര്‍മ്മപ്പെടുത്തലിനു നന്ദി. വീണ്ടും കാണാം.

   Delete
 8. ഈ കഥയുമായി ഏറെകുറെ സാമ്യം ഉള്ള ഒരു പെണ്‍കുട്ടിയെ എനിക്ക് പരിചയം ഉണ്ട് ബഞ്ചി ...ഇത് വായിച്ചപ്പോള്‍ എനിക്ക് അവളെ ഓര്‍മ്മ വന്നു ആ കുട്ടി ഇപ്പോള്‍ ഒരു അനാഥാലയത്തിലാണ്..:(

  ReplyDelete
  Replies
  1. കൊച്ചുമോളേ... ഞാനീ കഥയെഴുതുന്നതിനു കാരണക്കാരിയായ കൊച്ചു പൂമ്പാറ്റ ഇപ്പോള്‍ ദൈവത്തിന്റെ പൂന്തോട്ടത്തില്‍ പാറിക്കളിക്കുകയാണ്. ഇത്തരം ഒരുപാട് അനാഥബാല്യങ്ങള്‍ നമ്മുടെ സാക്ഷരകേരളത്തില്‍ ഉണ്ടാകുന്നു എന്നു കേള്‍ക്കുമ്പോള്‍ നാമെന്താണ് മനസ്സിലാക്കേണ്ടത്? എന്തുചെയ്യാനാവും നമുക്ക്? നന്ദി ഈ സന്ദര്‍ശനത്തിന്.

   Delete
 9. കുട്ടികളും സ്നേഹവും എല്ലാം സ്വന്തം കാര്യത്തിനു മുന്നില്‍ ഒന്നുമാല്ലാതാകുന്ന ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പോകും പല കാഴ്ചകളും കാണുമ്പോള്‍.

  ReplyDelete
  Replies
  1. ശരിയാണു സര്‍... സ്വാര്‍ത്ഥതയാണ് ഇതിനെല്ലാം കാരണം. മുമ്പ് എന്നത്തേക്കാളും മനുഷ്യന്റെ സ്വാര്‍ത്ഥത ഇക്കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. നന്ദി ഈ സന്ദര്‍ശനത്തിന്.

   Delete
 10. കുഞ്ഞാറ്റയുടെ ജീവിതം ഇനി ഒരു പൂമ്പാറ്റയെ സ്വതന്ത്രവും സുന്ദരവുമാകട്ടെ സ്നേഹാശംസകള്‍ പുണ്യാളന്‍

  ReplyDelete
  Replies
  1. കുഞ്ഞാറ്റകള്‍ക്ക് സ്വാതന്ത്ര്യവും സമാധാനവും നല്‍കാന്‍ എന്തെങ്കിലും ചെയ്യാന്‍ നമുക്കായെങ്കില്‍... നന്ദി, പുണ്യാളാ... ഈ സന്ദര്‍ശനത്തിന്.

   Delete
 11. കഥ ഒത്തിരി ഇഷ്ടമായി.

  ReplyDelete
  Replies
  1. നന്ദി ഉദയപ്രഭന്‍, ഈ സന്ദര്‍ശനത്തിന്... വീണ്ടും കാണാം.

   Delete
 12. കുഞ്ഞാറ്റമാര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്.നമുക്കവരെ സഹായിച്ചാല്‍ കൊള്ളാമെന്നുമുണ്ട്.പക്ഷെ ടീച്ചര്‍ പറഞ്ഞ പോലെ 'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.' എന്ന ചിന്ത നമ്മെ എപ്പോഴും പിറകോട്ടു വലിക്കുന്നു.

  ലളിതശൈലിയില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു..എന്നാലും അവസാനഭാഗം ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നല്‍ ഉണ്ട്. അത് എങ്ങനെ എന്ന് ചോദിച്ചാല്‍ പറയാനും അറിയില്ല.
  ആശംസകള്‍ നേരുന്നു

  ReplyDelete
  Replies
  1. കഥയുടെ അവസാന ഭാഗത്തെക്കുറിച്ച് വളരെ യാഥാര്‍ത്ഥ്യബോധമുള്ള നിരീക്ഷണം തന്നെ. ഇതൊരു സംഭവത്തെ കഥയാക്കിയതാണ്. സംഭവം പക്ഷെ ട്രാജഡിയായിരുന്നു. സമൂഹത്തില്‍ നന്മയുടെ മുകുളങ്ങള്‍ വിരിയാന്‍ കഥ അങ്ങനെ അവസാനിച്ചാല്‍ പോരെന്നു തോന്നി. എന്നാല്‍ കഥയെഴുതി വായിച്ചു നോക്കിയപ്പോള്‍ എന്തോ ഒരു പോരായ്മ എനിക്കും അനുഭവപ്പെട്ടു. അതെന്താണെന്ന് കണ്ടെത്താനായതുമില്ല. എന്നാലും ഇങ്ങനെയായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്. നന്ദി ഇസ്മായില്‍, ഈ സന്ദര്‍ശനത്തിന്. വീണ്ടും കാണാം.

   Delete
 13. ഹൃദ്യമായ കഥ...ഇഷ്ടമായി ഒരുപാട്....

  ReplyDelete
  Replies
  1. അനാമികാ, വളരെ നന്ദി... ഈ നല്ല വാക്കുകള്‍ക്ക്.

   Delete
 14. 'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.'
  വളരെ ഇഷ്ട്ടപ്പെട്ടു ഈ കഥ.. എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. അജീഷ്, വളരെ നന്ദി... ഈ പ്രോത്സാഹനത്തിന്... വീണ്ടും കാണാം.

   Delete
 15. നമ്മുടെ ചുറ്റും ഒരുപാട് കുഞ്ഞാറ്റകളുണ്ട് കഥയിലൂടെ ഒരുകുഞ്ഞാറ്റയെ ചേര്‍ത്ത്പിടിച്ച് വായനക്കാര്‍ക് പരിജയപെടുത്തിയതിനു അഭിനന്ദനങ്ങള്‍....,കഥ ഇഷ്ടപ്പെട്ടു

  ReplyDelete
 16. കുഞ്ഞാറ്റ കുഞ്ഞാറ്റ എന്ന് കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ഓര്‍മ്മ വരുന്നത്‌ ആ സെലിബ്രൈറ്റീസിന്‌ടെ കുഞ്ഞുങ്ങളെയാണല്ലോ? ഇത്തരത്തില്‍ മൂന്ന് കുഞ്ഞാറ്റകള്‍ എന്‌റെ വീടിനടുത്തുണ്‌ട്‌... നല്ലവരായ ആളുകളുടെ സഹായത്താല്‍ കഴിഞ്ഞ്‌ പോകുന്നു... ടീച്ചറെ പോലുള്ളവരെയാണ്‌ സമൂഹത്തിന്‌ വേണ്‌ടത്‌... കൊച്ചു കഥയാണെങ്കിലും മികച്ച സന്ദേശം നല്‍കാന്‍ കഴിഞ്ഞിരിക്കുന്നു... ആശംസകള്‍

  ReplyDelete
 17. വളരെ ഇഷ്ട്ടപ്പെട്ടു .. വളരെ ലളിതമായ ഈ ആഖ്യാനശൈലി

  സ്നേഹത്തോടെ
  മനു.

  ReplyDelete
 18. ഉള്ളില്‍ തട്ടുന്ന വിധത്തില്‍ കുഞ്ഞാറ്റയുടെ കഥ അവതരിപ്പിച്ചു.
  സൂക്ഷ്മമായ കരവിരുതോടെ തകര്‍ന്നടിഞ്ഞ ഒരു കുടുബത്തിന്‍റെ
  ദുരന്തചിത്രവും മനസ്സില്‍ തെളിഞ്ഞുനില്‍ക്കാന്‍ തരത്തില്‍ വരച്ചു
  വെച്ചതിന് ആശംസകള്‍

  ReplyDelete
 19. മിനി.പി.സി19 August 2012 at 07:42

  കുഞ്ഞാറ്റയും ,ടീച്ചറും മനസ്സില്‍ നോവുണര്‍ത്തുന്നു .നല്ല കഥ

  ReplyDelete
 20. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 21. മനുഷ്യത്വത്തിന്റെ, നന്മയുടെ നല്ല സന്ദേശം നല്‍കുന്ന കഥ. മനുഷ്യര്‍ ഇങ്ങിനെ ഒക്കെ ആയിരുന്നെങ്കില്‍ എന്ന നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളാണ് പലപ്പോഴും കഥകളായി പുറത്തു വരുന്നതു.

  കഥാന്ത്യത്തില്‍ അല്പം കൂടെ ശ്രദ്ധ വേണ്ടിയിരുന്നു എന്നൊരു തോന്നല്‍.;. എങ്കിലും കുഞ്ഞാറ്റയും ടീച്ചറും തമ്മില്‍ ദൃഡമായ ഒരു ഹൃദയ ബന്ധം ഉണ്ടാവാനുള്ള സാഹചര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു.

  ReplyDelete
 22. ഈ വായന ഒരു നല്ല അനുഭവം

  ആശംസകള്‍

  ReplyDelete
 23. നല്ല അനുഭവമായി ഈ കഥ. അഭിനന്ദനങ്ങൾ.

  ReplyDelete
 24. നല്ല കഥ... കുഞ്ഞാറ്റയുടെ അവസ്ഥ നന്നായി വരച്ചു കാണിച്ചു...

  ReplyDelete
 25. നിറമുള്ള ഈ ലോകത്ത് നിറം കെട്ട ചില മുഖങ്ങള്‍ .. കുഞ്ഞാറ്റകള്‍ ..
  ഒരു കുഞ്ഞാറ്റയ്ക്കെങ്കിലും നിറമുള്ള ലോകം കൊടുക്കാന്‍ നമുക്ക് കഴിയട്ടെ!

  ReplyDelete
 26. ഒരു കഥ വായിച്ചു കഴിയുമ്പോള്‍ ഒരു നന്മ്മ മനസ്സിലേക്ക് വരുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അതൊരു മികച്ച കഥയാണെന്ന്.. കുഞ്ഞാറ്റക്ക് ലഭിച്ച സ്നേഹം മനസ്സിനെ ആര്‍ദ്രമാക്കി. നന്ദി.. അങ്ങനെ നന്നായി അവസാനിപ്പിച്ചതിനു

  ReplyDelete
 27. നല്ല കഥ, നമുക്ക് ചുറ്റും ഒരുപാട് കുഞ്ഞാറ്റകള്‍ ഉണ്ട് അല്ലെ?
  കുഞ്ഞാറ്റയും, ടീച്ചറും ഒക്കെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
  ആശംസകള്‍..
  - അവന്തിക

  ReplyDelete
 28. കുഞ്ഞാറ്റയെപ്പോലുള്ള പൂമ്പാറ്റകളെ കൈകള്‍ക്കുള്ളില്‍ ചേര്‍ത്തു പിടിച്ച് സംരക്ഷിക്കണം എന്നൊക്കെ വളരെ ആഗ്രഹിക്കുമ്പോഴും ടീച്ചറമ്മയെ പോലെ "പൊല്ലാപ്പാകുമോ " എന്ന് ഭയന്ന് പിന്മാറുന്നു പലപ്പോഴും...

  തികച്ചും വ്യത്യസ്തമായ 'കുഞ്ഞാറ്റ'യുടെ കുറച്ചു കഥകള്‍ മണിമുത്തുകളില്‍ ഉണ്ട് ട്ടോ....

  ReplyDelete