Sunday, 8 July 2012

സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും

      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      ഇതെഴുതുമ്പോള്‍ എനിയ്ക്ക് ഊട്ടുപുര അധികാരികളോട് പറഞ്ഞാല്‍ തീരാത്തത്ര രോഷമുണ്ട്. പതിനാല് വര്‍ഷമായി ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിച്ച് അവിടെത്തന്നെ ഉറങ്ങുന്ന എന്നോടും എന്റെ സഹവാസികളോടും അവര്‍ കാട്ടുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്?
      പ്രിയ സ്‌നേഹിതരേ, കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തുറന്നുതന്നെ എഴുതട്ടെ.
      ഊട്ടുപുരയില്‍നിന്നു തന്നെ തുടങ്ങാം. ഹിരണ്യകേശിയില്‍നിന്ന് ചിത്രഗിരിക്കുള്ള എല്ലാ ബസ്സുകളും വിനായകപുരം വഴിയാണു പോകുന്നത്. വിനായകപുരം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പാണ്ഡുരിയ്ക്കു കുറുകെയുള്ള പാലം കടന്നാല്‍ കൊടുംവനമാണ്. വനത്തിലൂടെ വീണ്ടും പതിനെട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനായകപുരത്തെത്താം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ ആദ്യത്തെ സ്‌റ്റോപ്പ്. അവിടെ ആരോടു ചോദിച്ചാലും ഊട്ടുപുരയിലേക്കുള്ള വഴി പറഞ്ഞുതരും. അല്ലെങ്കിലും ഗ്രാമത്തില്‍ വരുന്ന അപരിചിതരെല്ലാം ഊട്ടുപുരയിലേക്കു പോകുന്നവരാണെന്ന് അവര്‍ക്കറിയാമല്ലോ.
      സിദ്ധിവിനായകന്റെ ഊട്ടുപുരയും ഞാനുമായുള്ള ബന്ധത്തിന് പതിനാല് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നെക്കൂടാതെ ഊട്ടുപുരയ്ക്ക് നിലനില്‍പ്പുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല. പക്ഷേ, ഊട്ടുപുരയില്ലാതെ എനിയ്ക്ക് നിലനില്‍പ്പില്ലെന്ന ഭീകരസത്യം ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു.
      പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ യുവത്വത്തിന്റെ തുടിപ്പും പ്രതികരണശേഷിയുമുള്ളൊരു തൊഴിലന്വേഷകനായിരുന്നു. (എന്റെയീ വിവരണത്തില്‍ സ്ഥിരമായി വിനായകപുരത്ത് കവലപ്രസംഗം നടത്തിയിരുന്ന രാഷ്ട്രീയനേതാവിന്റെയും ഊട്ടുപുര സന്ദര്‍ശിച്ച മറ്റു പലരുടെയും വാക്കുകള്‍ കടമെടുക്കുന്നത് ക്ഷമിക്കുക. ഇന്നിപ്പോള്‍ വാക്കുകള്‍ പോലും സ്വന്തമായില്ലാത്തവനാണു ഞാന്‍.) തൊഴിലന്വേഷണത്തിന്റെ വേവലാതികള്‍ മനസ്സിലും യോഗ്യതാപത്രങ്ങളടങ്ങിയ കറുത്ത ബാഗ് കൈയിലും പേറിയാണ് ഞാന്‍ ആദ്യം ചിത്രഗിരിയിലെത്തുന്നത്. മുട്ടിയ വാതിലുകളൊന്നും തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതുവരെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിരാശ നിര്‍വികാരതയ്ക്കു വഴിമാറിക്കൊടുത്തു.
      ചിത്രഗിരിയിലെത്തിയിട്ട് പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. കോടതി ഗുമസ്തനായ കേദാര്‍നാഥിന്റെ കരുണകൊണ്ട് അയാളുടെ വീടിന്റെ ഒരു ഇരുണ്ട മുറി വാടക കൂടാതെ തല ചായ്ക്കാന്‍ കിട്ടിയിരുന്നു. എന്റെ യോഗ്യതകളും ഗതികേടുമെല്ലാം കേട്ടപ്പോള്‍ എന്തുകൊണ്ടോ അങ്ങനെയൊരു സഹായം ചെയ്യാന്‍ അയാളുടെ മനസ്സ് വിശാലമായി. ആ നല്ല മനുഷ്യന്റെ മുന്നില്‍ മാത്രം ഞാനെന്റെ ഉള്ളു തുറന്നു. വീട്ടിലെ പ്രതിസന്ധികളും ജോലി തേടിയുള്ള യാത്രകളുടെ മുന്‍ അദ്ധ്യായങ്ങളുമെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി.
      പതിമൂന്നാം ദിവസം രാവിലെ കേദാര്‍നാഥിന്റെ ഭാര്യ കൊണ്ടുവന്നു തന്ന ചൂടുചായ ധൃതിയില്‍ കുടിച്ച് സന്തതസഹചാരിയായ കറുത്ത ബാഗുമായി ഞാനിറങ്ങി- നഗരത്തിന്റെ നാട്യങ്ങളിലേക്ക്... വൈചിത്ര്യങ്ങളിലേക്ക്...
      തൊഴില്‍ സാധ്യതയില്ലെന്ന പല്ലവി കേട്ടു തളര്‍ന്ന് സായാഹ്നത്തില്‍ നഗരത്തിലെ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലൊരു ബെഞ്ചില്‍ ഞാനിരുന്നു. തൊഴില്‍ ചെയ്ത് തളര്‍ന്നവരും തൊഴില്‍ തേടി തളരുന്നവരും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും തളര്‍ച്ചയറിയാത്തവരും ഒന്നിച്ചു ചേരുന്ന സ്ഥലമല്ലേ നഗരത്തിലെ പാര്‍ക്കുകള്‍! ഇത്രയും വലിയ പട്ടണത്തില്‍ ഒരു പാവപ്പെട്ടവനു നല്‍കാന്‍ തൊഴിലില്ലത്രേ!
      ചെറുപ്പത്തില്‍ എന്റെ ജാതകദോഷത്തെക്കുറിച്ചു പറഞ്ഞ് അച്ഛന്‍ വ്യാകുലപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിത്ര കടുപ്പമാവുമെന്ന് കരുതിയിരുന്നില്ല. പോക്കറ്റില്‍ ഇനി ഇരുപത്തിരണ്ടു രൂപ അന്‍പതു പൈസ ബാക്കിയുണ്ട്.
      ഇലച്ചാര്‍ത്തുകള്‍ക്കപ്പുറം ആകാശസീമയില്‍ അനിശ്ചിതത്വത്തിന്റെ പുകപടലം. അകലെയേതോ ക്ഷേത്രത്തില്‍ നിന്ന് സാമഗീതത്തിന്റെ മന്ദനാദം. സമയരേഖയുടെ അതിര്‍ ലംഘിച്ച വേവലാതിയോടെ കുറേ കരിയിലക്കിളികള്‍ കലപിലകൂട്ടി പറന്നുപോയി. വിടര്‍ന്നു പ്രതാപികളായി നിന്നിരുന്ന റോസാപ്പുഷ്പങ്ങള്‍ വാടിത്തുടങ്ങിയ നേരത്താണ് ആ വൃദ്ധസന്യാസി എന്റെയടുത്തു വന്നത്.
      ചെറുപ്പം മുതലേ സന്യാസിമാരോടെനിക്ക് വിദ്വേഷമാണ്. കാഷായം ധരിച്ച് അര്‍ത്ഥമില്ലാത്ത മന്ത്രങ്ങള്‍ ജപിച്ച് ഉപജീവനത്തിനിറങ്ങുന്ന മടിയന്‍മാരായാണ് ഞാനവരെ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മനസ്സിന്റെ ശാന്തിയുടെ കാര്യത്തിലെങ്കിലും എന്നെക്കാള്‍ ഈ വൃദ്ധസന്യാസിക്കുള്ള മഹത്വത്തെ ഞാന്‍ ആദരിക്കുന്നു. അതുകൊണ്ടു മാത്രം അയാള്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.
      'ചിത്രഗിരിയില്‍ പുതിയ ആളാണല്ലേ?' വനസീമയും കടന്നെത്തിയ തെക്കന്‍കാറ്റു പോലെ ലോലമായിരുന്നു ആ ശബ്ദം.
      'അതെ...' തെല്ലിട ശങ്കിച്ച് ഞാന്‍ പറഞ്ഞു.
      'ഒരു തൊഴിലന്വേഷകനാണെന്നു തോന്നുന്നു...' അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ഞാന്‍ മറുപടി പറഞ്ഞില്ല. ആ നിരീക്ഷണപടുവായ യമിയെ ഇമവെട്ടാതെ നോക്കിയിരിക്കുക മാത്രം ചെയ്തു.
      'നോക്കൂ കുട്ടീ...' അദ്ദേഹം തുടര്‍ന്നു:  'തൊഴില്‍ശാലകള്‍ക്ക് രണ്ടു വാതിലുകളുണ്ട്. മുന്‍വാതിലും പിന്‍വാതിലും. നീ അവയുടെ മുന്‍വാതില്‍ മാത്രമേ കണ്ടിട്ടുള്ളെന്നു തോന്നുന്നു. പിന്‍വാതിലിന്റെ വഴിയറിഞ്ഞവനേ ഈ നഗരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അവ പക്ഷേ നിഷ്കളങ്കര്‍ക്കു വഴങ്ങാറില്ല.'
      അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ താത്പര്യമുണ്ടെന്ന് എന്റെ കണ്ണുകളില്‍നിന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, അദ്ദേഹം തുടര്‍ന്നു:
      'പറയൂ കുട്ടീ... എന്തിനാണു തൊഴില്‍?'
      'ജീവിക്കാന്‍ തൊഴിലും പണവും വേണമല്ലോ...'
      'തൊഴിലും പണവുമൊന്നുമില്ലാത്തവരും ജീവിക്കുന്നില്ലേ? നീ സിദ്ധിവിനായകന്റെ ഊട്ടുപുരയിലേക്കു പോയി നോക്കൂ... തൊഴിലും പണവുമൊന്നും ജീവിതത്തിന് തടസ്സമാവാത്ത ഒത്തിരിപ്പേരെ നിനക്കവിടെ പരിചയപ്പെടാം.'
      അന്നെനിക്ക് സിദ്ധിവിനായകന്റെ ഊട്ടുപുരയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. സന്യാസി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ആ സംഭാഷണത്തിലെ സിദ്ധിവിനായകന്റെ ഊട്ടുപുര മാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു.കതിരവന്‍ ആകാശാധിപത്യം ചന്ദ്രനു വിട്ടുകൊടുത്ത വേളയിലാണ് ഞങ്ങള്‍ പിരിഞ്ഞത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര തേടി കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ദിവസത്തെ ജോലി. അതിന് വലിയ പ്രയാസമുണ്ടായില്ല. ചിത്രഗിരിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം താണ്ടിയാലെത്താവുന്ന വിനായകപുരത്തെ ഊട്ടുപുരയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകത്തിന് ഇപ്പോഴും വ്യത്യാസമില്ല- 'ജീവിതയാത്രയില്‍ ക്ഷീണിച്ചവര്‍ക്കായി ഇവിടെ ഈശ്വരകാരുണ്യത്തിന്റെ തണല്‍.'
      അന്ന് വാതില്‍ക്കലെത്തി സംശയിച്ചുനിന്ന എന്നെ താടി നീട്ടി വളര്‍ത്തിയ ഒരു മധ്യവയസ്കന്‍ ക്ഷണിച്ചു:
      'അകത്തേക്കു വരാമല്ലോ.'
      അങ്ങനെ ഞാന്‍ ഊട്ടുപുരയുടെ ഭാഗമായി മാറുകയായിരുന്നു. ഞാനുള്‍പ്പെടെ അന്ന് പതിനാറ് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ അംഗസംഖ്യ മുപ്പത്തിനാലായിരിക്കുന്നു.
രാവിലെയും വൈകുന്നേരവും നടത്തപ്പെടുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് പണികളൊന്നും ഉണ്ടായിരുന്നില്ല. അധികം സംസാരിക്കാന്‍ പോലും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ആ അന്തരീക്ഷം എന്നില്‍ അല്പം വീര്‍പ്പുമുട്ടല്‍ ഉളവാക്കിയെന്നതു സത്യം തന്നെ. പിന്നെപ്പിന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാനറിഞ്ഞു.
പതിനാലു വര്‍ഷത്തെ ഊട്ടുപുര വാസം എന്നില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ഊട്ടുപുരയില്ലാതെ എനിയ്ക്ക് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇന്നലെ കേട്ട വാര്‍ത്ത എന്നില്‍ അഗ്നികോരിയിട്ടത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      വാര്‍ത്ത ആദ്യം ഞങ്ങളുടെ ചെവിയിലെത്തിച്ചത് വിഷ്ണുശര്‍മ്മനായിരുന്നു.ഊട്ടുപുരയിലെ വാര്‍ത്താവാഹിയാണ് ആ മുപ്പത്തിയെട്ടുകാരന്‍. ഏതു വാര്‍ത്തയും ആദ്യം അറിയുന്നത് വിഷ്ണുശര്‍മ്മനായിരിക്കും. വാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതിനും സമൂഹമധ്യത്തില്‍ അവ അവതരിപ്പിക്കുന്നതിനും അയാള്‍ക്കുള്ള കഴിവ് അസാമാന്യം തന്നെ!
      അധികാരികള്‍ നിര്‍വ്വാഹകസമിതി കൂടുന്ന മുറിയ്ക്കു സമീപം ഒളിച്ചു നിന്നു കേട്ടതാണത്രേ അയാള്‍ ആ വാര്‍ത്ത. അറിയിച്ചത് വിഷ്ണുശര്‍മ്മനാണെങ്കിലും എനിയ്ക്ക് ആദ്യം അത് വിശ്വസനീയമായി തോന്നിയില്ല. ഇന്ന് പ്രഭാതഭക്ഷണസമയത്ത് കാര്യദര്‍ശി ഔദ്യോഗികമായി വിഷയം അറിയിച്ച സ്ഥിതിയ്ക്ക് അതു വിശ്വസിക്കാതെ തരമില്ലല്ലോ.
      'കൂട്ടരേ, സംഗതി സത്യം തന്നെ... സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണ്.
      ഇനി ഞാനെങ്ങനെ ജീവിയ്ക്കും? ഇന്നു പകല്‍ മുഴുവന്‍ എന്റെ വേവലാതി ഇതായിരുന്നു. ഈ രാത്രിയിലും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
      മനുഷ്യപുത്രന്‍മാര്‍ പാര്‍ക്കുന്ന മേല്‍ക്കൂരയില്ലാത്ത ഭൂമിയ്ക്കു മേലേ ദൈവംതമ്പുരാന്‍ നക്ഷത്രത്തുന്നലുള്ള കരിമ്പടം വിരിച്ചു കഴിഞ്ഞു. നില്‍ക്കാന്‍ നേരമില്ലെന്നു പുലമ്പിക്കൊണ്ട് ഹവിസ്സുകളുടെ സുഗന്ധവും പേറി തെക്കന്‍കാറ്റു കടന്നുപോയി. എന്റെ മനസ്സിലും കാളിമ പടരുകയാണ്.
      സ്‌നേഹിതരേ... എന്തെങ്കിലുമൊരു തൊഴില്‍ ചെയ്യാന്‍ ഇന്നു ഞാന്‍ പ്രാപ്തനല്ല. ജാതകദോഷം എനിയ്ക്കു വിളമ്പിയ അനിശ്ചിതത്വത്തിന്റെ കാണാനിഴല്‍ എന്നെ പിന്തുടരുന്നു. നിങ്ങളുടെ അറിവില്‍ ഇതുപോലെയൊരു സ്ഥാപനമുണ്ടെങ്കില്‍ ദയവായി അറിയിക്കുക. എന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍.
      നിങ്ങളുടെ മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.

43 comments:

  1. ഊട്ടുപുരകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്.
    രണ്ടു വശങ്ങളുണ്ട് ഈ പ്രശ്നത്തിന്,
    ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ അന്യായമെന്ന് പെടും.
    മറുവശത്തുനിന്ന് നോക്കുമ്പോള്‍ അനിവാര്യമെന്നും.

    വിവേചനബുദ്ധ്യാ ഊട്ട് നടത്തുന്നവര്‍ വേണം...

    കഥ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ശരിയാണ് അജിത്ജീ... കാരുണ്യപ്രവര്‍ത്തനങ്ങളെല്ലാം ബലഹീനനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരുക്കുന്നതാവണം. അല്ലെങ്കില്‍ അവ ഗുണത്തെക്കാള്‍ ദോഷം ചെയ്യും. വളരെ നന്ദി ഈ സന്ദര്‍ശനത്തിന്.

      Delete
  2. എന്നാലും ഊട്ടു പുരയിലേക്ക്‌ എന്നെ വിളിച്ചില്ലല്ലോ... ഞാന്‍ മിണ്ടൂല്ല

    ReplyDelete
    Replies
    1. കൊച്ചു കള്ളന്‍!!! പണിയൊന്നും ചെയ്യാതെ ഭക്ഷണം കിട്ടുന്ന സ്ഥലം അന്വേഷിച്ചു നടക്കുകയാണല്ലേ? ഏതായാലും അതു പൂട്ടിപ്പോയി... വന്നതിനു നന്ദി.

      Delete
  3. ഊട്ടുപുരയുള്ളത് കൊണ്ട് മടിയന്മാർക്ക് കുശാലായി ജീവിക്കാമായിരുന്നു, ഇനി അതും കൂടി പൂട്ടിയാൽ മടിയന്മാർ എന്ത് ചെയ്യും :)))

    ReplyDelete
    Replies
    1. മടിയന്‍ മല ചുമക്കും. ഒരു ചൈനീസ് പഴമൊഴിയുണ്ട്, 'വിശന്നിരിക്കുന്നവന് ഒരു മീന്‍ നല്‍കിയാല്‍ നാളെയും നിങ്ങള്‍ മീന്‍ നല്‍കാന്‍ വരുന്നതു കാത്ത് അവന്‍ ഇരിക്കും. അവന് ഒരു ചൂണ്ട നല്‍കിയിട്ട് മീന്‍ പിടിക്കുന്ന വിധം പഠിപ്പിച്ചു കൊടുത്താല്‍ അവന്‍ ജീവിതകാലം മുഴുവന്‍ സ്വന്തം കാലില്‍ നില്‍ക്കും' എന്ന അര്‍ത്ഥത്തില്‍. വളരെ നന്ദി മൊഹീ... ഈ സന്ദര്‍ശനത്തിന്.

      Delete
  4. ഭിക്ഷാടനം പൊലെയാണിതെന്ന് പറയുവാന്‍ കഴിയില്ല ..
    നാം ഒരു ഭിക്ഷയെടുക്കുന്നവനെ സഹായിക്കുന്നത്
    അവനേ പ്രാപ്തനാക്കുകയാണ്‍ വീണ്ടും തെണ്ടിക്കാന്‍..
    അവന് ആത്മവിശ്വാസ്സം കൊടുക്കുന്നു
    അതില്‍ വിജയിക്കുന്നു എന്ന് ..
    ഇവിടെ ഊട്ടുപുരകള്‍ അനിവാര്യം തന്നെ ..
    അതവിടെ വച്ച ബോര്‍ഡിലേ വരികളിലേ
    ആഴമുള്‍കൊണ്ടാണേല്‍ മാത്രം ..
    ജീവിതത്തിന്റെ കര്‍മ്മപാതയില്‍ ക്ഷീണിച്ച്
    പൊകുന്നവര്‍ക്ക് ഒരു തണല്‍ ..
    അതു നിരന്തരമെന്നില്ല .. വേവകറ്റി നാം
    പിന്നീടെത്തുന്ന ക്ഷീണിതര്‍ക്കായി ഒഴിഞ്ഞ് പൊകുക ..
    ആദ്യത്തേ ഒരു അങ്കലാപ്പില്‍ നിന്നും വളരെ സമര്‍ത്ഥമായി
    വരികളേ ആശയത്തില്‍ കൊണ്ടെത്തിച്ചു കൂട്ടുകാരന്‍ ..
    എത്ര ഊട്ടുപുരകള്‍ പൂട്ടി പൊയാലും മനസ്സില്‍
    കരുണയും ഈശ്വര ചൈതന്യവും
    അല്പം നന്മയും കുടി കൊള്ളുന്നുവെങ്കില്‍
    അതു മതി ഈ ലോകം നില നിന്നു പൊകാന്‍ ..
    നല്ല വരികള്‍ക്ക് ഒരുപാട് നന്ദീ .. സ്നേഹപൂര്‍വം

    ReplyDelete
    Replies
    1. റിനീ, നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളൊക്കെ കുറേക്കാലം കഴിയുമ്പോള്‍ ഒഴുക്കിന്റെ ശക്തിയും ആവേശവും കുറഞ്ഞ് നിര്‍ജ്ജീവാവസ്ഥയിലേക്കു പോകുന്നില്ലേ? സ്ഥാപിതലക്ഷ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കാനായാല്‍ നന്ന്. നമ്മുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മിക്കതും മടിയന്‍മാരെ സൃഷ്ടിക്കാനേ ഉതകുന്നുള്ളു എന്നെനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറേക്കാലമായി. വന്നതിനും കഥ അര്‍ത്ഥമുള്‍ക്കൊണ്ട് വായിച്ച് അഭിപ്രായമെഴുതിയതിനും നന്ദി...

      Delete
  5. പച്ചപ്പിനു വേണ്ടി ഇത്തിക്കണ്ണി പിടിപ്പിച്ചാല്‍
    ഇങ്ങനെ ഇരിക്കും !!

    ReplyDelete
    Replies
    1. ഇന്ന് എല്ലാ രംഗത്തും ഇത്തിള്‍ക്കണ്ണികള്‍ നിറഞ്ഞിരിക്കുകയല്ലേ സര്‍... വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

      Delete
  6. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി...

      Delete
  7. ഇഷ്ട്ടമായി ഈ ഊട്ടുപുര പുരാണം ,,അതിലേറെ ഇഷ്ട്ടമായത് എഴുത്തിന്റെ ശൈലിയാണ് .വീണ്ടും വരാം

    ReplyDelete
    Replies
    1. ഫൈസല്‍... വളരെ നന്ദി... ഈ പ്രോത്സാഹനത്തിന്...

      Delete
  8. നന്മയുടെ ഉറവകൾ വറ്റാതിരിക്കട്ടെ.അവയ്ക്ക്‌ മനുഷ്യനെ നന്നാക്കാനുള്ള കെൽപും ഉണ്ടാകട്ടെ. ചിന്തോദ്ദീപകമായ കുറിപ്പിന്‌ നന്ദി

    ReplyDelete
    Replies
    1. വിജയകുമാര്‍ജീ... വളരെ നന്ദി... നന്മയുടെ ഉറവുകള്‍ നമ്മിലൂടെയൊക്കെ ജീവന്‍ വയ്ക്കട്ടെ...

      Delete
  9. പലപ്പോഴും തോന്നുന്ന ഒന്നുണ്ട്. അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നതൊന്നും കിട്ടുന്നില്ലെന്ന്. എല്ലാ രംഗത്തും ഇന്ന് പണി ചെയ്യാതെ സുഖക്കണം എന്ന ചിന്ത പരന്നിരിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ ഇന്നത്തെ ഇത്തരം സഹായങ്ങള്‍ കൂടുതല്‍ മടിയരെ സൃഷ്ടിക്കില്ലേ എന്ന് സംശയം തോന്നുന്നു. എന്നാല്‍ വേണ്ടവര്‍ക്ക് കൊടുക്കാന്‍ ആകുന്നില്ലല്ലോ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം വന്നു പതിക്കുകയും ചെയ്യും.
    സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. ശരിയാണ് റാംജീ... നമ്മുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഫലം കാണാതെ പോകുന്നു... യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്താന്‍ കഴിയട്ടെ നമുക്കൊക്കെ...

      Delete
  10. "എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി."

    ഇങ്ങനെയൊരാളെ കിട്ടിയിരുന്നെങ്കിൽ ഈ മരുഭൂമിയിലെ ആത്മഹത്യ ചെയ്യുന്ന ഭൂരിപക്ഷത്തിനും മറ്റൊരു വിധി ആയേനെ. അതിന് ആർക്കാണ് നേരം. ഒരുപാടുൻ പേരുടെ വയറു നിറക്കാനായി സ്വയം ജീവിക്കാൻ മറന്ന് ഓടി നടക്കുന്നവർക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാൻ എവിടെയാണ് നേരം...?

    കഥയിലെ നായകനെപ്പോലെ ഉള്ളവർക്ക്, അവനവന്റെ വയറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് ഊട്ടുപുരകളിലെ താമസം കുശാലാണ്. പക്ഷേ, ഊട്ടുപരയുടെ അന്തസ്സത്ത തന്നെ ഇല്ലാതാക്കും ഇത്തരക്കാർ...!!
    കഥ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു.
    ആശംസകൾ മാഷെ...

    ReplyDelete
    Replies
    1. വളരെ നന്ദി വീ കെ... ഈ സന്ദര്‍ശനത്തിനും അഭിനന്ദനത്തിനും... ഊട്ടുപുരകള്‍ സ്ഥാപകലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കട്ടെ...

      Delete
  11. വ്യത്യസ്തമായ ആശയവും ....എഴുത്തിന്റെ ശൈലിയും ഇഷ്ടമായി....ആശംസകള്‍...

    ReplyDelete
    Replies
    1. വളരെ നന്ദി അനാമികാ... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  12. വ്യത്യസ്തമായ രചന.. വളരെ വിരളമായി മാത്രം കാണുന്ന ആശയം.. ഭാവുകങ്ങള്‍ സഹോദരാ..
    http://kannurpassenger.blogspot.in/2012/07/blog-post_19.html
    സ്നേഹത്തോടെ,
    ഫിറോസ്‌

    ReplyDelete
    Replies
    1. ഫിറോസ്... വളരെ നന്ദി ഈ സന്ദര്‍ശനത്തിന്.... കണ്ണൂര്‍ എക്‌സ്പ്രസ്സിലെ പോസ്റ്റ് വായിച്ച് ഞാന്‍ അഭിപ്രായം അവിടെ ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ എക്‌സ്പ്രസ്സില്‍ ഞാനുമുണ്ട് ഒപ്പം...

      Delete
  13. ശൈലി വളരെ ഇഷ്ട്ടപ്പെട്ടു...ആഴത്തില്‍ ചിന്തിക്കേണ്ടുന്ന പ്രമേയം...ഒതുക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു...അഭിനന്ദനങ്ങള്‍....

    ReplyDelete
    Replies
    1. വളരെ നന്ദി, അജീഷ്... സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും... വീണ്ടും കാണാം...

      Delete
  14. അവതരണം നന്നായി
    ആശംസകള്‍

    ReplyDelete
  15. വ്യത്യസ്തവും മനോഹരവുമായ ഒരു ശൈലിയാണല്ലോ...

    പിന്നെ ഇങ്ങനെ ഒരു ഊട്ടുപുര ഉണ്ട്... ജയിൽ....

    ReplyDelete
    Replies
    1. ഹ... ഹ... കൊള്ളാമല്ലോ, സുമേഷ്... ജയിലില്‍ അങ്ങനെയൊരു സാധ്യതയുണ്ടല്ലേ?... അതിപ്പോഴാണ് ചിന്തിക്കുന്നത്...

      Delete
  16. പ്രിയ ബെഞ്ചി,
    ഇവിടെയെത്താന്‍ വളരെ വൈകി,ക്ഷമ.
    ആശയ സമ്പുഷ്ടമായ ഒരു വിഷയം
    വളരെ വിദഗ്ദമായി താങ്കള്‍ ഇവിടെ
    കോറിയിട്ടു, പലരും പറഞ്ഞതുപോലെ
    തികച്ചും വ്യത്യസ്തമായ ഒരു അവതരണ ശൈലി.
    ഇത്തരം സംരഭങ്ങളെ വളര്‍ത്തിയെടുക്കുന്ന
    നാം തന്നെ പലപ്പോഴും ഇതിന്റെ പിന്നില്‍
    ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാറില്ല.
    നീണ്ട പതിനാലു വര്‍ഷങ്ങള്‍! വെറുതെ കൊഴിഞ്ഞുപോയി!
    ജോലി ചെയ്തു ജീവിക്കാനുള്ള അമിതമായ ആവേശത്തില്‍
    ഇറങ്ങിത്തിരിച്ച ആ യുവാവ്, ഇന്നു ഒരു ജോലി ചെയ്യുന്നതിനും
    പ്രാപ്തനല്ലാത്ത വിധം മുരടിച്ചു പോയ അവസ്ഥ,
    നാമും നമ്മുടെ സമൂഹവും അല്ലേ ഇത്തരക്കാരെ വാര്‍ത്തെടുക്കുന്നത്?
    വളരെ ചിന്തനീയമായ ഒരു സത്യം കഥയിലൂടെ അവതരിപ്പിക്കുന്നതില്‍
    കഥാ കാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. വീണ്ടും പോരട്ടെ പുതുമുഖ കഥകള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍... ഒരു സ്മരണികയില്‍ ഈ കഥ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അഭിപ്രായം പറഞ്ഞവരാരും അതിന്റെ ഉദ്ദേശ്യം ശരിയായ വിധത്തില്‍ ഉള്‍ക്കൊണ്ടതായി കണ്ടില്ല. ആശയവിനിമയത്തിനുള്ള എന്റെ കഴിവുകേടായാണ് ഞാനതിനെ കണ്ടത്. എന്നാല്‍ ബ്ലോഗില്‍ ശരിയായ അര്‍ത്ഥത്തില്‍ ഇതു വിലയിരുത്തപ്പെടുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. വീണ്ടും കാണാം.

      Delete
  17. അന്നവും അഭയവുമില്ലാതലയുന്ന ജീവിതങ്ങളെപ്പറ്റിയുള്ള വേവലാതിയുമായി തിരിച്ചുപോകാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു നല്ല ശൈലിയിൽ എഴുതിയ ഈ കഥ.

    ReplyDelete
    Replies
    1. നാസര്‍... അന്നവും അഭയവുമില്ലാത്തവരെ കൈനീട്ടി നില്‍ക്കുന്നവരാക്കുന്ന സമൂഹത്തോടാണെന്റെ രോഷം... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി... വീണ്ടും കാണാം.

      Delete
  18. സത്യത്തിൽ അങ്ങനൊരു സംഭവം എവിടെങ്കിലുമുണ്ടോ... തമിഴ് നാട്ടിലൊക്കെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടെന്നു കേട്ടിട്ടുണ്ട്...

    ReplyDelete
  19. ആഡ്യത്ത്വമുള്ള ഭാഷയാണ് കഥയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നത്‌. ഈ ഊട്ടുപുര സര്‍ക്കാര്‍ നല്‍കുന്ന ആനുകുല്യങ്ങളുടെ തണലായ്‌ ഞാന്‍ കാണട്ടെ. അതിന്റെ സുഖ ശീതളിമയില്‍ അധ്വാനിക്കാതെ അന്നന്നത്തെ ജീവിതം പാടുകൂടാതെ തള്ളിനീക്കുന്നവര്‍. ഒരു ദിവസം ഒക്കെയും പിന്‍വലിച്ചാല്‍ വായ് പൊളിച്ചു മേലോട്ട് മാത്രം നോക്കി നിക്കേണ്ടി വരുമവര്‍ക്ക്. കഥ തുടര്‍ന്നിരുന്നെങ്കില്‍ അവകാശ സമരങ്ങളുടെ, അടിച്ചു തകര്‍ക്കലിന്റെ ദിനങ്ങള്‍ കൂടി കാണേണ്ടി വന്നേനെ! ഏതായാലും നിര്‍ത്തിയിടം ഇഷ്ടമായി.
    ആശംസകള്‍ ബെഞ്ചി.

    ReplyDelete
  20. ബെഞ്ചി ചേട്ടാ...സംഭവം ഇഷ്ടായി. നല്ല എഴുത്ത് ...നല്ല അവതരണം. വിഷയത്തില്‍ കേന്ദ്രീകരിച്ചു കൊണ്ട് ഒട്ടും മുഷിമിപ്പിക്കാതെ തന്നെയാണ് കഥ പറഞ്ഞത്.

    ഖണ്ഡികകള്‍ ഒന്ന് കൂടി അടുക്കി പെറുക്കി വക്കുമെങ്കില്‍ വായനക്ക് നല്ല സുഖം കിട്ടും.
    ആശംസകളോടെ

    ReplyDelete
  21. eshtamayi,ethu thankalude jeevitha katha thanneyano

    ReplyDelete
  22. കഥയുടെ ഭാഷയ്ക്ക് ആദ്യം മാര്‍ക്ക്...
    പ്രമേയത്തിലെ ആവര്‍ത്തനതയെ ഭാഷകൊണ്ടും ശൈലികൊണ്ടും മറികടക്കാന്‍ കഴിഞ്ഞു...
    അതാണല്ലോ ഒരെഴുത്തുകാരനുണ്ടാവേണ്ട പ്രാഥമിക ഗുണവും..
    അല്ലാതെ പുതിയ വിഷയങ്ങള്‍ മാത്രേയെഴുതൂന്നു കരുതിയാലിത്തിരിപ്പുളിക്കും...
    ആശംസകള്‍...

    ReplyDelete
  23. നന്നായി അവതരിപ്പിച്ചു. നല്ല രചന. എല്ലാ ഭാവുകളും നേരുന്നു.

    ReplyDelete
  24. ചേരുവകളെല്ലാം കൃത്യമായി ചേര്ത്ത ആവര്ത്തന വിരസതയില്ലാത്ത ഒരു സദ്യ ഊട്ടുപുരയില്‍ നിന്നുന്ടു.. ഇത് വിളമ്പിയതിന്‌ നന്ദി.

    ReplyDelete
  25. ഊട്ടുപുരകഥ നന്നായി...
    അവതരണവും വ്യത്യസ്തം...
    ആശംസകള്‍...

    ReplyDelete
  26. എഴുതിയ ഒരു രീതി ഉണ്ടല്ലൊ അത് തന്നെയാണ് ഇതിന്റെ രസം

    ReplyDelete