Tuesday 4 June 2013

അനുഭവങ്ങള്‍ നല്‍കിയ കൃഷിപാഠങ്ങളുമായി ചിലര്‍

      മനസ്സിനും ശരീരത്തിനും കുളിര്‍സ്പര്‍ശവുമായി കാലവര്‍ഷം വിരുന്നിനെത്തി. ഭൂമിക്കു മേല്‍ കനിവിന്റെ തെളിനീര്‍പ്പെയ്ത്താണിനി. വരണ്ട മണ്ണിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന വിത്തുകള്‍ ആലസ്യം വിട്ടൊഴിഞ്ഞ് പുതുനാമ്പുകളുടെ രൂപത്തില്‍ ഭൂമിക്കു വെളിയിലേക്കു വന്നു തുടങ്ങിയിരിക്കുന്നു. അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്താണ്?... വരൂ കൂട്ടരേ, കൃഷിഭൂമിയിലേക്കിറങ്ങൂ. വിത്തു വിതയ്ക്കാന്‍ കാലമായിരിക്കുന്നു. പക്ഷെ, മലയാളി ഇന്ന് കൃഷിയില്‍ നിന്ന് അകന്നകന്നു പോവുകയാണ്. ആര്‍ഭാടഭ്രമം എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനുള്ള അന്വേഷണത്തിലേക്ക് മലയാളിയെ നയിച്ചപ്പോള്‍ അന്യംനിന്നത് കൃഷിയും അതുമായി ബന്ധപ്പെട്ട നന്മകളുമല്ലേ?
      കൃഷിയുടെ ഈ അന്യവല്‍ക്കരണം ഒരുപാടു ദോഷങ്ങളിലേക്കു നമ്മെ നയിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സമൂഹം നമ്മുടെ മധ്യത്തില്‍ തന്നെയുണ്ട്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ.
സമ്മിശ്രകൃഷിയിലൂടെ സമൃദ്ധി നേടിയ പ്രകൃതിസ്‌നേഹി
      കോട്ടയത്തിനടുത്ത് പള്ളം സ്വദേശിയായ എം. കുര്യന് കൃഷിയെന്നാല്‍ ജീവിതം തന്നെയാണ്. പ്രകൃതിയുടെ കനിവില്‍ നിന്നു ലഭിക്കുന്ന വിളകളും ഫലങ്ങളും അദ്ദേഹത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു യോഗിയുടെ മനസ്. നെടുംപറമ്പില്‍ ജോയി എന്നറിയപ്പെടുന്ന എം. കുര്യന്‍ ഒരു മനുഷ്യസ്‌നേഹി മാത്രമല്ല, സര്‍വ്വജീവജാലങ്ങളുടെയും മിത്രവുമാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും പ്രയോഗത്തിലൂടെ ജീവവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ആധുനിക കൃഷിസമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, 'തനിക്കു വേണ്ടാത്തതിനെയെല്ലാം നശിപ്പിച്ചിട്ട് തനിക്കുമാത്രം സുഖമായി ജീവിക്കാമെന്നു കരുതുന്നത് മനുഷ്യന്റെ മിഥ്യാധാരണയാണ്.'
      പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള കൃഷിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗത്തിന് അന്‍പതു വര്‍ഷങ്ങളുടെ ചരിത്രമേയുള്ളൂ എന്ന വസ്തുതയിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുമ്പോള്‍ ഒരു വലിയ യാഥാര്‍ത്ഥ്യം അനാവൃതമാകുകയാണ്.
      രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യസേന ശത്രുക്കള്‍ക്കു നേരെ ഉപയോഗിച്ച പ്രധാന ആയുധം രാസായുധമായിരുന്നു. യുദ്ധകാലത്ത് രാസായുധ നിര്‍മ്മാണത്തിനായി മുതല്‍ മുടക്കിയ വന്‍കമ്പനികള്‍ക്ക് യുദ്ധാനന്തരം തങ്ങളുണ്ടാക്കിയ രാസികങ്ങള്‍ വിറ്റഴിക്കേണ്ടത് ആവശ്യമായി വന്നു. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉല്‍പ്പാദനം. വേണ്ടവയെയും വേണ്ടാത്തവയെയും ഒരുപോലെ കൊന്നൊടുക്കുന്ന ഇത്തരം കീടനാശിനികള്‍ മണ്ണില്‍ നിക്ഷേപിക്കുമ്പോള്‍ അവ വളരെ പെട്ടെന്നുതന്നെ വെള്ളത്തില്‍ കലരും. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ വിഷം ഉണ്ടാക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഏതുവിധത്തിലും ജീവശരീരത്തില്‍ കടന്നുകൂടുന്ന രാസികങ്ങള്‍ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ തിരിച്ചറിവാണ് കുര്യനെ ജൈവകൃഷിയിലേക്കു നയിച്ചത്.
ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടത് പ്രകൃതിയിലുണ്ട്. പണ്ടൊക്കെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ തൊടികളില്‍ തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുമായിരുന്നു. അത്തരത്തിലുള്ള സമ്മിശ്രകൃഷിയാണ് സമൃദ്ധിക്കു നിദാനം. അങ്ങനെയൊരു കൃഷിത്തോട്ടമാണ് പള്ളത്ത് നെടുംപറമ്പില്‍ വീടിനു ചുറ്റുമുള്ളത്. കപ്പയും വാഴയും ഓമയും ഇഞ്ചിയും ചതുരപ്പയറും കോവലും ചേനയും ആത്തയും മാവും പേരയുമൊക്കെ രാസവളത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ തഴച്ചുവളരുന്നു. ഇനിയും പറഞ്ഞാലൊടുങ്ങാത്ത അനേകം സസ്യസമ്പത്തും ആ തൊടിയിലുണ്ട്. അവയുടെയെല്ലാം ഔഷധപ്രാധാന്യവും അവയുപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കാനും കുര്യന് നന്നായി അറിയാം.
      മറ്റു ജീവജാലങ്ങളെ കാത്തു പരിപാലിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു സമൂഹത്തെ പഠിപ്പിക്കുവാന്‍ ജീവിതം മാറ്റി വച്ചിരിക്കുകയാണ് എം. കുര്യന്‍ എന്ന മനുഷ്യസ്‌നേഹി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിംഗ് പ്രൊജക്ട് കേരളഘടകം കോ-ഓര്‍ഡിനേറ്റര്‍, ഗാന്ധിസ്മാരക നിധി കോട്ടയം ജില്ലാ സെക്രട്ടറി, കേരളാ നേച്ചര്‍ ക്യുവര്‍ ഫെഡറേഷന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്ന അദ്ദേഹത്തിന് വ്യക്തമായൊരു ദര്‍ശനമുണ്ട് - പ്രകൃതി നല്‍കുന്ന നന്മ നിറഞ്ഞ ദര്‍ശനം.
മുള്ളന്‍പായലിനെ സ്‌നേഹിക്കുന്ന കുട്ടനാട്ടുകാരന്‍
      ജേക്കബ് സെബാസ്റ്റ്യന്‍ എന്ന കുട്ടനാടന്‍ കര്‍ഷകന്‍ ജൈവകൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
      പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പാടത്ത് രണ്ടാം കൃഷിയിറക്കുന്ന സമയം. പുഞ്ചക്കൃഷിക്കുശേഷം പാടത്ത് വെള്ളം കയറ്റി പിന്നീട് വെള്ളം നീക്കം ചെയ്തിട്ടു വേണം നിലം ഉഴുതു വിത്തു വിതയ്ക്കാന്‍. എന്നാല്‍ വെള്ളം വറ്റിക്കുന്ന സമയം പാടത്ത് മുള്ളന്‍പായല്‍ നിറഞ്ഞിരുന്നു. നിലം ഉഴുന്നതിന് ആ വര്‍ഷം സമയത്ത് ട്രില്ലര്‍ ലഭിച്ചതുമില്ല.

      കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം രണ്ടാം കൃഷി ഒരു ഭാഗ്യപരീക്ഷണമാണ്. മട വീണ് വെള്ളം കയറിയാല്‍ കൃഷി നശിക്കും. 'ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം വരുത്തരുത്' എന്നായിരുന്നു പിതാവിന്റെ ഉപദേശം. ഒരു പരീക്ഷണമെന്ന നിലയില്‍ മുള്ളന്‍പായല്‍ നീക്കം ചെയ്യുകയോ നിലം ഉഴുകയോ ചെയ്യാതെ അതിനു മുകളില്‍ വിത്തു വിതയ്ക്കാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിശ്ചയിച്ചു. ഫലം വളരെ ആശാവഹമായിരുന്നു. അക്കൊല്ലം ജേക്കബിന്റെ പാടത്തു മാത്രം കള വളര്‍ന്നില്ല. എന്നു മാത്രമല്ല, കൃഷി ഫലപ്രദമാകുകയും ചെയ്തു. ചെലവും വളരെ കുറവായിരുന്നു. മുള്ളന്‍ നീക്കം ചെയ്യുന്നതിനോ ട്രില്ലര്‍ വാടകയ്‌ക്കോ ചെളി ലവല്‍ ചെയ്യുന്നതിനോ കള പിഴുതു മാറ്റുന്നതിനോ പണം മുടക്കേണ്ടി വന്നില്ല. അത് ജേക്കബ് സെബാസ്റ്റ്യനെ ഒരു തിരിച്ചറിവിലേക്കു നയിക്കുകയായിരുന്നു - മുള്ളന്‍പായല്‍ ഒരു അനുകൂലകളയാണെന്ന തിരിച്ചറിവ്! ആ തിരിച്ചറിവ് പല നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചു.
      ആ അന്വേഷണങ്ങള്‍ക്കിടയിലാണ് ആലപ്പുഴയില്‍ ഒരു കാര്‍ഷികമേളയില്‍ വച്ച് പരിസ്ഥിതിപ്രവര്‍ത്തകനായ മുഹമ്മ സ്വദേശി ദയാലിനെ പരിചയപ്പെടുന്നത്. അപ്പോഴും ജേക്കബിന്റെ വിശ്വാസം രാസവളം കൂടാതെ കൃഷി അസാധ്യമാണെന്നായിരുന്നു. ഈ വിഷയത്തില്‍ ദയാലുമായി ഏറെനേരം വാദപ്രതിവാദം നടത്തി. വാദങ്ങള്‍ക്കൊടുവില്‍ പാടത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറയുംപോലെ ജൈവകൃഷി ഒരു പരീക്ഷണമെന്ന നിലയ്ക്ക് നടത്താമെന്ന് സമ്മതിച്ചു. അന്ന് പിരിയുമ്പോള്‍ ദയാല്‍ ഒരു പുസ്തകം സമ്മാനിച്ചു- മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോല്‍  വിപ്‌ളവം.' അത് വ്യത്യസ്തമായ ഒരു കൃഷി സമ്പ്രദായത്തിനും ഈ രംഗത്തെ തന്റെ പഠനങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു.
      പക്ഷെ, ജേക്കബ് സെബാസ്റ്റ്യന്റെ പരീക്ഷണങ്ങളെ കൃഷിവകുപ്പു പോലും നിരുത്സാഹപ്പെടുത്തി. ഏകനായി അന്വേഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ആദ്യം കളകളെ രണ്ടായി തിരിച്ചു. വെള്ളം വറ്റിക്കഴിയുമ്പോള്‍ താനേ അഴുകുന്നവ മിത്രക്കളകളും നെല്ലിനൊപ്പം വളരുന്നവ ശത്രുക്കളകളും. നിലം ഉഴാതെ തന്നെ തുടര്‍ച്ചയായി മുള്ളന്‍പായലിനു മുകളില്‍ വിത്തു വിതച്ചു. പ്രകൃതിജീവനക്കാരുമായുള്ള സമ്പര്‍ക്കം മൂലം രാസവളങ്ങളും കീടനാശിനികളും ഇതിനോടകം ഉപേക്ഷിച്ചിരുന്നു. സ്വന്തമായി ജൈവവളങ്ങള്‍ നിര്‍മിച്ച് ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഉല്‍പാദനം വര്‍ദ്ധിച്ചു. ഇന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ ഒരു റിസോഴ്‌സ് പേഴ്‌സണ്‍ ആണ് എടത്വായ്ക്കടുത്ത് പച്ച സ്വദേശിയായ ജേക്കബ് സെബാസ്റ്റിയന്‍.
ടെറസില്‍ ഒരു അടുക്കളത്തോട്ടം
      ചങ്ങനാശേരി സ്വദേശി പാറയ്ക്കല്‍ ചാക്കോ സെബാസ്റ്റ്യന് വീടിന്റെ ടെറസ് കൃഷിയിടമാണ്. മാവും പേരയും സപ്പോട്ടയും കരിമ്പും ഓമയും മഞ്ഞളും കാന്താരിയും ചീരയുമൊക്കെ അദ്ദേഹത്തിന്റെ വീടിനു മുകളില്‍ തഴച്ചു വളരുന്നു. ഈ കൃഷികള്‍ക്കൊക്കെ ഒരുപാട് സ്ഥലം വേണ്ടേ എന്നാണു ചോദ്യമെങ്കില്‍ ചാക്കോ സെബാസ്റ്റ്യന്‍ ചിരിച്ചുകൊണ്ടു പറയും, 'പന്ത്രണ്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ഒരു ടെറസ് ധാരാളം.' അതെ, അത്രയും വിസ്താരമുള്ള ടെറസില്‍ ഒന്നരയടി കനത്തില്‍ മണ്ണിട്ടാണ് അദ്ദേഹം ഇപ്പറഞ്ഞ കൃഷിയെല്ലാം ചെയ്യുന്നത്.
      അധികം വേരോട്ടത്തിനു സാധ്യതയില്ലാത്തതിനാലാകാം മാവും പേരയും സപ്പോട്ടയുമൊക്കെ ഒരു പരിധിയില്‍ കൂടുതല്‍ വളരാതെ തന്നെ നിറയെ ഫലം കായ്ക്കുന്നു. കഷ്ടിച്ച് ഒന്നര ആള്‍ ഉയരമുള്ള മാവില്‍ നിന്ന് ഓരോ സീസണിലും നാനൂറിലധികം മാങ്ങകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം അതു കായ്ക്കുകയും ചെയ്യുന്നു. രാസവളവും കീടനാശിനിയും ഇടാത്ത മണ്ണില്‍ അവയുടെ തന്നെ ഇലകള്‍ വീണ് അഴുകുന്നതാണ് പ്രധാന വളം. ചാരം ഇടാറുണ്ട്. എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കുകയാണ് പ്രധാനമെന്ന് ചാക്കോ സെബാസ്റ്റ്യന്‍ ഓര്‍മിപ്പിക്കുന്നു.
      മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ആദ്യം കൃഷിചെയ്തത് ചീരയായിരുന്നു. ആയിടയ്ക്ക് ആ മണ്ണില്‍ വീണ ഒരു മാവിന്‍ വിത്ത് കിളിര്‍ത്ത് തൈയായി. കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. മൂന്നാം വര്‍ഷം മാവിന്റെ എല്ലാ കൊമ്പുകളും പൂത്ത് ഫലം കായ്ച്ചു.
      ടെറസിലെ സിമന്റിന് മണ്ണ് സംരക്ഷണം നല്‍കുന്നതുകൊണ്ട് സൂര്യന്റെ ചൂടേറ്റ് ടെറസ് വിണ്ടുകീറുന്നില്ല. ടെറസിലെ കോണ്‍ക്രീറ്റിനെ തുളയ്ക്കാന്‍ ഒരു വേരിനും സാധിക്കില്ല എന്നതിനാല്‍ മരം ടെറസിന് ഭീഷണിയാവുകയുമില്ലെന്ന് കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷത്തെ മാവിന്റെ വളര്‍ച്ച കണ്ട ചാക്കോ സെബാസ്റ്റ്യന്‍ ഉറപ്പിച്ചു പറയുന്നു. കൃഷി ചെയ്തിരിക്കുന്ന ഭാഗത്ത് ടെറസിന് ചോര്‍ച്ചയോ ബലക്ഷയമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വളരെ ശ്രദ്ധേയമാണ്. സര്‍ഗ്ഗശേഷിയുള്ള ഒരു ശില്പി കൂടിയായ ചാക്കോ സെബാസ്റ്റ്യന്‍ ടെറസ്സിലെ മണ്ണില്‍ വിതച്ച വിത്തില്‍നിന്ന് വളര്‍ന്നു വന്ന ജീവനുള്ളൊരു ശില്പം പോലെ ആ മാവ് വീടിനു മുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
      കര്‍ഷകരുമായുള്ള സംവേദനം നല്‍കുന്ന കൃഷിപാഠങ്ങള്‍ നമ്മെ ഫലസമൃദ്ധിയുടെ വിതക്കാരാക്കട്ടെ. വിഷവും മായവുമില്ലാതെ വീടിന്റെ തൊടികളില്‍ വിളയുന്ന നാട്ടുകൃഷികള്‍ നമ്മെ നാട്യങ്ങളില്ലാത്ത നന്മയുടെ സംസ്കാരത്തിലേക്കു വഴിനടത്തട്ടെ...

37 comments:

  1. കൃഷിയിലേയ്ക്കും നന്മയിലേയ്ക്കും മടങ്ങാന്‍ തോന്നുന്നുണ്ട്

    ReplyDelete
    Replies
    1. അജിത്തേട്ടാ... നന്നായി, അങ്ങനെ ആഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുകയും ചെയ്യാന്‍ മലയാളികള്‍ ഒന്നാകെ തയ്യാറാകുമ്പോള്‍ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് ആകും.

      Delete
  2. ഈ പരിചയപ്പെടുത്തല്‍ തികച്ചും ഉചിതമായി.

    ReplyDelete
    Replies
    1. നന്ദി സര്‍, ഈ സന്ദര്‍ശനത്തിന്... ഇനിയും എത്രയോ കഠിനാദ്ധ്വാനികളായ കര്‍ഷകര്‍ നമുക്കു ചുറ്റുമുണ്ട്!

      Delete
  3. കൃഷി തന്നെയാണ് ഏറ്റവും വലിയ നന്മ. പ്രത്യേകിച്ചും പുതിയ ഭക്ഷോറവിടങ്ങൾ തേടാൻ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്ന ഈ കാലഘട്ടത്തില്.. പരിചയപ്പെടുത്തൽ ഉചിതം, ഹൃദ്യമായ ആശംസകള്

    ReplyDelete
    Replies
    1. ശരിയാണു റൈനി... പക്ഷേ, ആ നന്മ തിരിച്ചറിയാന്‍ മലയാളി തയ്യാറാകുന്നില്ലല്ലോ. തമിഴനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലേക്കു തിരിഞ്ഞ് അവന്റെ ഭൂമി പ്ലോട്ടു തിരിച്ചു കഴിഞ്ഞാല്‍ പിന്നെ നമുക്കെവിടെനിന്നു പച്ചക്കറികള്‍ കിട്ടും?

      Delete
  4. നഷ്ടമാകുന്ന ഹരിതഭൂമി തിരിച്ചുപിടിക്കാൻ പുതിയ കൃഷിപാഠങ്ങള്‍ തന്നെ വേണം

    ReplyDelete
    Replies
    1. ശരിയാണ്, ഒപ്പം പാര്‍പ്പിടത്തിനു മാത്രമാണു ഭൂമി എന്ന മലയാളിയുടെ ചിന്താഗതിക്കും മാറ്റമുണ്ടാകണം.

      Delete
  5. ശെരിക്കും കുളിര് തന്നെയാണ്
    ആ വയലിലേക്കൊന്ന് ഇറങ്ങണം അപ്പോഴെ അതിന്റെ നന്മയറിയൂ...........

    ReplyDelete
    Replies
    1. വയലിന്റെയും മണ്ണിന്റെയും നന്മ തിരിച്ചറിയാന്‍ നമുക്കൊരുമിക്കാം...

      Delete
  6. വളരെ നല്ല അറിവ്. ആദ്യമായിട്ടാണ് ടെറസിൽ നേരിട്ട് മണ്ണ് നിറച്ചു കൃഷി ചെയ്യുന്നതിനെ കുറിച്ച് അറിയുന്നത്. എപ്പോഴും ഈർപ്പം നിന്നാൽ റെരസിനു നനവ്‌ താഴേക്ക്‌ വരില്ലേ. വേരുകൾ റെരസു തുരക്കില്ലെ

    ReplyDelete
  7. നമ്മുടെ നാട്ടിലെ കുറെ അച്ചായന്മാരുടെ തോട്ടത്തില്‍ കേറി മറിഞ്ഞു എന്ന് തോന്നുന്നല്ലോ ബെഞ്ചി. :)
    വല്ല മാസികയ്ക്കു വേണ്ടി ചെയ്തതാണോ? ഏതായാലും നന്നായി.

    ReplyDelete
    Replies
    1. അതെ ജോസ്, നമ്മുടെ മാസികയുടെ 2008 സെപ്റ്റംബര്‍ ലക്കം കൃഷി സ്‌പെഷ്യലായിരുന്നു. അതിനുവേണ്ടി തയ്യാറാക്കിയ ഫീച്ചര്‍ അല്പം ചില മിനുക്കുപണികള്‍ നടത്തി ഇവിടെ പോസ്റ്റ് ചെയ്തതാണ്.

      Delete
  8. ഈ പരിചയപ്പെടുത്തലിനു നന്ദി, ബെഞ്ചി.. ഇത് കൃഷി ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു..

    ReplyDelete
    Replies
    1. വളരെ നന്ദി മനോജ്, കൃഷിയെ സ്‌നേഹിക്കുന്നവരൊക്കെ വായിക്കട്ടെ അല്ലേ?...

      Delete
  9. വളരെ വളരെ നല്ലൊരു ലേഖനം.തിരിച്ചറിവുകള്‍ നല്‍കുന്ന വാക്കുകള്‍ .

    ReplyDelete
    Replies
    1. നന്ദി അനീഷ്, തിരിച്ചറിവുകള്‍ നമ്മെ നന്മയിലേക്കു നയിക്കട്ടെ...

      Delete
  10. ഇറക്കുമതി ചെയ്യുന്ന പാഷാണഭൂഷിതയായ പച്ചക്കറിയോട് വിടപറയാൻ തയ്യാറായി നിൽക്കുന്നവർക്ക് ഒരു മാർഗ്ഗദർശനമാകും തീർച്ച ..

    ReplyDelete
    Replies
    1. അതെ ശരത്, വീടിന്റെ തൊടി വിസ്തൃതമല്ലെങ്കിലും ചെറിയൊരു കുടുംബത്തിനായി വിഷസ്പര്‍ശമില്ലാത്ത പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ അതു ധാരാളം. അല്ലെങ്കില്‍ വീടിന്റെ ടെറസും പ്രയോജനപ്പെടുത്താം. അതിന് ഒരുക്കമുള്ള മനസ്സാണ് ഏറ്റവും ആവശ്യം.

      Delete
  11. വിശപ്പെന്ന ആദി വികാരം തൊടുത്ത ശസ്ത്രമാണ് കൃഷി .

    പരിസ്ഥിതി സംതുലനം സാധ്യമാക്കുന്നതിന് കൃഷിയിലേക്ക് മടങ്ങിവരവ് ഓർമ്മിപ്പിക്കുന്നു .ഒപ്പം പുതുമയുള്ള കൃഷി പാഠങ്ങളും ..

    ReplyDelete
    Replies
    1. അതെ പുഷ്പാംഗദന്‍, ഓരോരുത്തര്‍ക്കും ആവശ്യമുള്ള പച്ചക്കറികളും മറ്റു ഭക്ഷ്യവിഭവങ്ങളും അവരവരുടെ പറമ്പില്‍ത്തന്നെ വിളയട്ടെ. അപ്പോള്‍ പരിസ്ഥിതി സന്തുലനം സാധ്യമാവും.

      Delete
  12. ഇവിടെ മറുനാട്ടില്‍ മണലാരണ്യത്തില്‍ ജോലി ചെയ്യുമ്പോള്‍ എന്നും നാട്ടിലെ ഹരിതാഭ വര്‍ണങ്ങളും മാത്രമാവും മനസ്സില്‍.... പക്ഷെ നാട്ടില്‍ എത്തിപ്പെട്ടാലോ ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിയും.... ഉള്ള സമയം അവിടെ ആസ്വദിച്ച് കഴിഞ്ഞു കൂടി തിരിച്ച് പോരും.... പണ്ട് വച്ച തെങ്ങും, മരങ്ങളും കൃഷി ഇടങ്ങളില്‍ വയലില്‍ പൊരിവെയിലത്ത് കുറെ ഒക്കെ അധ്വാനിച്ചതും ഓര്‍ത്ത്‌ ഇനി നാട്ടില്‍ സെറ്റില്‍ ആകണമെന്നും പഴയ അധ്വാനിക്കുന്ന സ്വഭാവം വീണ്ടെടുക്കണം എന്ന് കണക്ക് കൂട്ടുകയും ചെയ്യും... ആ ജീവിതത്തിലേക്ക്‌ തിരിച്ച് പോകാന്‍ കഴിയണേ എന്നാണു പ്രാര്‍ഥനയും.... ഈ ഓര്‍മ്മപ്പെടുത്തല്‍ അതിനൊരു വഴിവാതില്‍ ആവട്ടെ....

    ReplyDelete
    Replies
    1. അജിത്, നന്ദി ഈ സന്ദര്‍ശനത്തിന്... ഞാനും നീര്‍വിളാകത്തുനിന്ന് അധികം അകലെയല്ല. പത്തനംതിട്ട-കോഴഞ്ചേരി റൂട്ടില്‍ നെല്ലിക്കാലക്കാരന്‍. ഇടയാറന്‍മുളയും കോട്ടയ്ക്കകവും കുറിച്ചിമുട്ടവും പുത്തന്‍കാവുമെല്ലാം നല്ല പരിചയമുണ്ട്. കുറിച്ചിമുട്ടം വഴി മുളക്കുഴയ്ക്കുള്ള യാത്രകളില്‍ ഇരുവശവും പാടശേഖരങ്ങളുള്ള ഭാഗത്തെത്തുമ്പോള്‍ കുളിര്‍മ്മയുള്ള കാറ്റു നുകര്‍ന്ന് നിന്നു പോകാറുണ്ട്. ഇന്നിപ്പോള്‍ കൃഷിയും ഹരിതാഭയുമെല്ലാം വിട്ടൊഴിഞ്ഞ് വിമാനത്താവളം സ്വപ്‌നം കണ്ടു കഴിയുകയല്ലേ നമ്മുടെ നാട്ടുകാര്‍?

      Delete
  13. ഈ പരിചയപ്പെടുത്തല്‍ ഉചിതമായി.
    വളരെ നല്ലൊരു ലേഖനം.
    ആശംസകള്‍

    ReplyDelete
  14. ഈ പരിചയപ്പെടുത്തലിനു നന്ദി..നല്ലൊരു ലേഖനം...

    കൃഷിയെ സ്‌നേഹിക്കുന്നവരൊക്കെ വായിക്കട്ടെ

    ആശംസകള്‍ ബെഞ്ചി

    ReplyDelete
  15. Vethysthamaaya vishayam nalla kure krishikkare enna pole valiya arivukalum pakarnnu thannu.. Thanks for this post..

    ReplyDelete
  16. സന്തോഷകരമായ വായന തന്നു. നന്ദി.

    ReplyDelete
  17. ആരോഗ്യമുള്ള കൃഷിരീതിക്കു നാശം തുടങ്ങിയത് രാസവള പ്രയോഗം തുടങ്ങിയ അന്നുമുതൽ തന്നെയാണ്. തൽഫലമായി വിളകളുടെ ആരോഗ്യം ക്ഷയിച്ചു, ഉൽപ്പന്നങ്ങളിൽ കീടങ്ങൾ ആക്രമണം നടത്തി. അങ്ങനെ കീടനാശിനികളും വന്നു. ഇതുതന്നെയാണ് ആരോഗ്യം നശിച്ച ഇന്നത്തെ തലമുറയുടെ അവസ്ഥക്ക് യഥാർത്ഥ കാരണം. ഒപ്പം കുന്നുകൂടുന്ന മാലിന്യങ്ങൾ ഒരുക്കുന്ന കെണികളും.

    ഇവയ്ക്കെല്ലാം പരിഹാരമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേന സർക്കാരിനു നയാപൈസ ചെലവില്ലാതെ നടപ്പിലാക്കാവുന്ന സംവിധാനം ബഹുമാനപ്പെട്ട അലിമന്ത്രിയോട് ഈയുള്ളവൻ സംസാരിച്ചപ്പോൾ മറ്റു പദ്ധതികളുണ്ടോന്നാണ് അന്വേഷിച്ചത്. നമ്മുടെ ഭരണകർത്താക്കൾക്ക് കോടികളുടെ പദ്ധതികൾ മതി. മാലിന്യത്തിൽ നിന്നുള്ള മോചനമോ, കാർഷികമേഖലയുടെ അഭിവൃദ്ധിയോ അവർക്ക് ലക്ഷ്യമല്ല. എല്ലാം കപട രോദനം മാത്രം.

    കാർഷിക മേഖലയെക്കുറിച്ചുള്ള ഈ ലേഖനത്തിന് എന്റെ ആശംസകൾ.

    ReplyDelete
  18. വളരെ വിജ്നാനപ്രദമായ പോസ്റ്റ്‌.. മണ്ണിന്റെ മണ്ണം അറിയുന്നതോടൊപ്പം മണ്ണിലേയ്ക്കിറങ്ങി ചെല്ലുവാൻ പ്രേരിപ്പിക്കുന്ന വിവരണം.. നന്ദി..ആശംസകൾ..!

    ReplyDelete
  19. നേരിട്ട് കണ്ട കുറെ ഫോട്ടം ചേര്ക്കാമായിരുന്നു..കൃഷി മഹത്തരം എന്ന് പറയുന്നതല്ലാതെ ആരും അതിലെക്കില്ല !!!

    ReplyDelete
  20. തികച്ചും പ്രസക്തമായ ഒരു പോസ്റ്റ്. വായിക്കാന്‍ വൈകിയതിലുള്ള വിഷമം മാത്രം..ഫുക്കുവോക്കയുടെ പുസ്തകം വളര മുന്പ് വായിച്ചിട്ടുള്ളതാണ്. മിക്കവാറും എല്ലാ പച്ചക്കറികളും വീട്ടിലെ തൊടിയില്‍ നിന്ന് പറിച്ച് കറികളുണ്ടാക്കിത്തന്നിരുന്ന അമ്മീമ്മയെ ഓര്‍മ്മിക്കാത്ത ഒറ്റദിവസം പോലും ഇല്ല, ഇന്ന് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന ഞാനെന്ന അടുക്കളക്കാരിയ്ക്ക്...

    അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിന്......

    ReplyDelete
  21. ഈ പരിചയപ്പെടുത്തലിനു നന്ദി ബെഞ്ചി..തിരുവനന്തപുരത്ത് നന്തന്‍കോട് എന്റെ ഒരു ബന്തുവിന്റെ വീട്ടില്‍ പോയപ്പോള്‍ തൊട്ടടുത്ത കൃഷ്ണന്‍കുട്ടി അങ്കിള്‍ന്റെ വീട്ടിലാണ് ആദ്യമായി ടെറസ്സില്‍ കൃഷിയിറക്കിയത് ഞാന്‍ കാണുന്നത് . വാഴകുലകള്‍ , മാവ് , ചേന , കാച്ചില്‍ ...അങ്ങനെ മിക്കവാറും ഉള്ള എല്ലാ സാധനങ്ങളും അവിടെ കണ്ടപ്പോള്‍ അത്ഭുതം തോന്നി . പിന്നെ വീട്ടില്‍ വന്നു ഞാനും പരീക്ഷിച്ചു ചെറുതായി ചാക്കില്‍ മണ്ണ് നിറച്ചു ചാണകപ്പൊടിയും , ചാരവും മാത്രം വളമായി ഇട്ടു കുറെ നല്ല പച്ചക്കറി പറിച്ചെടുക്കാന്‍ സാധിച്ചു .

    ReplyDelete
  22. ഓർഗാനിക് കൃഷിക്ക് എന്നേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് മൊസാന്റൊയെ പോലുള്ള ഭീകരന്മാർ ലോകത്ത് വലവിരിച്ച സന്ദർഭത്തിൽ...

    ReplyDelete
  23. പ്രകൃതിയിലെയ്ക്കുള്ള തിരിച്ചുപോക്ക് ! നട്ടും നനച്ചും പരിപാലിച്ചും ഇത് വായിക്കുന്ന നമുക്കും മാതൃകയാവാം ,വളരെ നല്ല പോസ്റ്റ്‌ .

    ReplyDelete
  24. പതുക്കെ കൃഷിയിലേക്ക് തിരിയാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതിനിടയിലാണ് ഇതു വായിച്ചത്...

    ReplyDelete