Tuesday, 13 August 2013

ഇക്കാറസിന്റെ ചിറകുകള്‍

      ഒരു ഗ്രീക്ക് പുരാണ കഥയാണിത്. നമ്മുടെ മാസികയില്‍ ഒരു കോളത്തിനുവേണ്ടി ഓര്‍ത്തെടുത്ത കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുമ്പ് അറിയാവുന്നവര്‍ക്ക് ഈ പുനര്‍വായന വിരസമാകാതിരിക്കട്ടെ. പുതിയ വായനക്കാര്‍ക്ക് പുതിയൊരു അറിവു ലഭിക്കട്ടെ. എല്ലാവര്‍ക്കും നന്മയുടെ ദര്‍ശനമുള്‍ക്കൊള്ളാനാകട്ടെ.
      ഗ്രീക്ക് ഇതിഹാസത്തിലെ പ്രഗത്ഭ ശില്പിയായിരുന്നു ഡിഡാലസ്. ഒരിക്കല്‍ ക്രീറ്റിലെ രാജാവായ മിനോസ് ഒരു കോട്ട നിര്‍മ്മിക്കാന്‍ ഡിഡാലസിനെ നിയോഗിച്ചു. രാജാവ് ഒരു നിര്‍ദ്ദേശം കൂടി നല്‍കി-
      "കോട്ട വളരെ മനോഹരമായിരിക്കണം. കടലിനു നടുക്ക് ഈ ദ്വീപില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കുകള്‍ നിറഞ്ഞ വിധത്തിലായിരിക്കണം വഴികള്‍ നിര്‍മ്മിക്കേണ്ടത്.''
      ഡിഡാലസും മകന്‍ ഇക്കാറസും ചേര്‍ന്ന് സമര്‍ത്ഥമായി ആ ജോലി നിര്‍വ്വഹിച്ചു. അതിനു ശേഷം ആഥന്‍സിലെ രാജാവായ തീസിയസ്സിനെ മിനോസ് ആ കോട്ടയില്‍ തടവിലാക്കി. എന്നാല്‍ തീസിയസ്സിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ഡിഡാലസ് രഹസ്യമാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തെ രക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ കോപാകുലനായ മിനോസ് രാജാവ് ഡിഡാലസിനെയും ഇക്കാറസിനെയും ആ കോട്ടയില്‍ത്തന്നെ തടവിലാക്കി. അതിവിദഗ്ദ്ധമായി തടവില്‍നിന്ന് പുറത്തു വന്നെങ്കിലും അവര്‍ക്ക് വിജനമായ ആ കോട്ടയില്‍ നിന്ന് കടല്‍ കടന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തല പുകഞ്ഞാലോചിച്ച ഡിഡാലസ് മകനോടു പറഞ്ഞു-
      "ഈ കോട്ടയ്ക്കുള്ളിലെ മരങ്ങളില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ടല്ലോ. അവയുടെ തൂവലുകള്‍ ആകുന്നിടത്തോളം ശേഖരിക്കൂ, ഒപ്പം തേനീച്ചക്കൂടുകളില്‍ നിന്നു കിട്ടുന്നിടത്തോളം മെഴുകും...''
      അവര്‍ രണ്ടു പേരും കൂടി മെഴുകും പക്ഷികളുടെ തൂവലുകളും ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍ ചെറുതും വലുതുമായ തൂവലുകള്‍ വേര്‍തിരിച്ച് അവ അനുയോജ്യമായ രീതിയില്‍ മെഴുകിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച്  അവര്‍ രണ്ടു ജോഡി വലിയ ചിറകുകള്‍ ഉണ്ടാക്കി. ഡിഡാലസ് അവയിലൊന്ന് തന്റെ കൈകളില്‍ ചേര്‍ത്തു കെട്ടി. കോട്ടയിലെ ഒരു കുന്നിന്റെ മുകളില്‍ നിന്ന് അദ്ദേഹം അത് ആഞ്ഞു വീശി.
      അതാ ഡിഡാലസ് വായുവില്‍ ഒരു പക്ഷിയെപ്പോലെ പറന്നുയരുന്നു. ഇക്കാറസ് അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഡിഡാലസ് പറന്നിറങ്ങിയിട്ട് ഇക്കാറസിനെയും ആ വിദ്യ പരിശീലിപ്പിച്ചു. താമസിയാതെ ബാലനായ ഇക്കാറസും അതില്‍ വിദഗ്ദ്ധനായി. ഡിഡാലസ് മകന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

      "കടലിലൂടെ ദീര്‍ഘദൂരം പറക്കാനുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍  ചിറകു വീശരുത്. താഴ്ന്നു പറക്കരുത്. കടത്തിരകളില്‍ പെട്ട് ചിറകു നനഞ്ഞാല്‍ പറക്കാനാവില്ല... ഉയര്‍ന്നു പറക്കരുത്. സൂര്യന്റെ ചൂടു നിനക്ക് താങ്ങാനാവില്ല...'' ഇക്കാറസ് അതെല്ലാം മൂളിക്കേട്ടു. അങ്ങനെ അവര്‍ പറന്നുയര്‍ന്നു.
      താഴെ കരകാണാക്കടല്‍. മുകളില്‍ അനന്തമായ ആകാശം...   കുറേ ദൂരം പറന്നു കഴിഞ്ഞപ്പോള്‍ ഇക്കാറസിന് ആത്മവിശ്വാസവും ആവേശവും വര്‍ദ്ധിച്ചു. അവന്‍ മുകളിലേക്കു നോക്കി. സൂര്യന്‍ അങ്ങുയരത്തില്‍. ആകാശത്തെ കീഴടക്കുന്ന പക്ഷികള്‍ അവന്റെ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇപ്പോള്‍ പക്ഷികളും താനും തമ്മില്‍ എന്തു വ്യത്യാസം? അവന്‍ ആവേശത്തോടെ സൂര്യനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഉയരുംതോറും സൂര്യന്റെ ചൂട് കഠിനമായി വന്നു. അവന്റെ ചിറകുകള്‍ കൂട്ടി യോജിപ്പിച്ചിരുന്ന മെഴുക് ഉരുകാന്‍ തുടങ്ങി. അധികം താമസിയാതെ അവന്റെ ചിറകിന്റെ തൂവലുകളെല്ലാം കാറ്റില്‍ ഇളകിയടര്‍ന്നു. അവ മെഴുകില്‍നിന്ന് വേര്‍പെട്ട് കാറ്റില്‍ ലയിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ട ഇക്കാറസ് പറക്കാനാവാതെ താഴേക്കു പതിച്ചു. മകനു സംഭവിച്ച അപകടം ഡിഡാലസ് തിരിച്ചറിഞ്ഞപ്പോഴേക്കും താമസിച്ചു പോയിരുന്നു.
      ഇക്കാറസിനുണ്ടായ പതനം കണ്ടില്ലേ. തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.

26 comments:

  1. മുന്‍പ് വായിച്ചിട്ടില്ല...ഗുണപാഠമുള്ള കഥകള്‍ കുട്ടികള്‍ക്ക് നല്ലതാണ്...ഇടയ്ക്കൊക്കെ മുതിര്‍ന്നവര്‍ക്കും.

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി കാത്തീ... കഥകള്‍ക്കൊപ്പം ഗുണപാഠങ്ങളും മറക്കാതിരിക്കട്ടെ. ഇനിയും കാണാം.

      Delete
  2. ആദ്യമായി വായിക്കുന്നു ,
    എത്ര ഓതി കൊടുത്താലും , ചില മോഹങ്ങള്‍ നമ്മേ കീഴടക്കും
    അതിലൂടെയാകും നമ്മുടെ പതനവും .
    മുന്നിലുള്ള ഗതിവിഗതികള്‍ മനസ്സിലാക്കിയും
    പിന്നിലേ വാക്കുകളേ ഉള്‍കൊണ്ടും
    ജീവിതത്തേ മനൊഹരമാക്കാന്‍ കഴിയട്ടെ.
    ഈ കഥയിലേ സാരാംശം മനസ്സിലേറ്റാന്‍ കഴിയട്ടെ ..
    നന്ദി ഈ പകര്‍ത്തലിന് മാഷേ ..!

    ReplyDelete
    Replies
    1. നന്ദി റിനീ, ഈ സന്ദര്‍ശനത്തിന്... അതിമോഹങ്ങളെയും അവയിലൂടെയുള്ള പതനങ്ങളെയും അതിജീവിക്കാന്‍ നമുക്കു സാധിക്കട്ടെ.

      Delete
  3. ജോനാഥാൻ ദി സീഗൾ വായിച്ച ഓർമ വന്നു-
    കൂടെ ഇതിന്റെ പ്രത്യേകതയും

    ReplyDelete
    Replies
    1. ജോനാഥാന്‍ ദ സീഗള്‍ ഞാന്‍ വായിച്ചിട്ടില്ല സര്‍... പല ഇതിഹാസകഥകള്‍ക്കും മറ്റ് സംസ്കാരങ്ങളുടെ സ്വാധീനമുണ്ടല്ലോ. നന്ദി ഈ സന്ദര്‍ശനത്തിന്.

      Delete
  4. നല്ല ഗുണപാഠ കഥ...ആശംസകൾ.....

    ReplyDelete
    Replies
    1. നന്ദി ജിജിന്‍ ഈ വായനയ്ക്ക്.... ഗുണപാഠകഥകള്‍ നമ്മെ നന്മയിലേക്കു നയിക്കും.

      Delete
  5. ഗുണപാഠമുള്‍കൊള്ളുന്ന നല്ലൊരു കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ, വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്... വീണ്ടും കാണാം.

      Delete
  6. ആദ്യമായാണീ കഥ കേള്‍ക്കുന്നത്!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, ഈ സന്ദര്‍ശനത്തിന്... ഇനിയും എത്രയോ കഥകള്‍ നമ്മുടെ ശ്രദ്ധ പതിയാതെ എവിടെയൊക്കെയോ മറഞ്ഞു കിടക്കുന്നു!

      Delete
  7. ബെന്ജിയേട്ടാ കേട്ട കഥ തന്നെ, പക്ഷെ മറന്നു പോയിരുന്നു! ഇന്നെന്‍റെ മോന് ഉറക്കത്തിനീ കഥ പറയാം. ഓര്‍മ്മിപ്പിച്ചതിനു നന്ദി

    ReplyDelete
    Replies
    1. ആര്‍ഷ, വളരെ നന്ദി, ഈ വായനയ്ക്ക്... മോനു കഥ ഇഷ്ടപ്പെട്ടോ? ഇനിയും ചില കഥകള്‍ ഇതുപോലെ പഴയ ഏടുകളില്‍നിന്ന് ചികഞ്ഞെടുക്കണമെന്നുണ്ട്...

      Delete
  8. ഞാന്‍ ഇക്കഥ ആദ്യം കേള്‍ക്കുന്നു. അങ്ങിനെ വീണ്ടും ഞാന്‍ ഒരു കുട്ടിയാകുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി ശ്രീജിത്ത്, ഈ സന്ദര്‍ശനത്തിന്... നമ്മിലെ കുട്ടിത്തത്തെ ഉണര്‍ത്താനാവുന്നത് എന്നും അനുഗ്രഹമാണ്.

      Delete
  9. ആദ്യം ഞാനും കേട്ടിരുന്നില്ല.

    ReplyDelete
    Replies
    1. റാംജിയേട്ടാ, നന്ദി ഈ സന്ദര്‍ശനത്തിന്... ഇനിയും എത്രയോ കഥകള്‍!!...

      Delete
  10. ആദ്യമായി കേൾക്കുന്നതാണീ കഥ...നല്ല ഗുണപാഠം..ഇനിയും ഇതു പോലുള്ള കഥകൾ ഇടുമെന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി പകലോന്‍, ഇവിടെ ആദ്യമാണെന്നു തോന്നുന്നു അല്ലേ? കഥകള്‍ നമ്മെ നല്ല സുഹൃത്തുക്കളാക്കട്ടെ...

      Delete
  11. പുരാതനസംസ്കാരങ്ങള്‍ പിന്‍തലമുറകള്‍ക്ക് മാര്‍ഗനിര്‍ദേശമേകാന്‍ ഒരുക്കിവെച്ച കഥകളുടെ അക്ഷയഘനികള്‍ ...... - പുരാതന ഇതിഹാസങ്ങളില്‍ നിന്ന് ഇത്തരം കഥകള്‍ ഇനിയും വായനക്ക് വെക്കുക....

    ReplyDelete
    Replies
    1. അതേ പ്രതീപ് മാഷേ, പുരാതന സംസ്കാരങ്ങള്‍ നമുക്കു സമ്മാനിച്ച കഥകളില്‍ നന്മയുടെ പ്രകാശമുണ്ട്. ആ പ്രകാശം നമ്മെ നയിക്കട്ടെ...

      Delete
  12. നല്ല ഗുണപാഠം..തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.

    വീണ്ടും വരാം ,
    സസ്നേഹം ......

    ReplyDelete
    Replies
    1. ആഷിക്ക് വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്... ലക്ഷ്യം തെറ്റുന്നവരെ നേര്‍വഴി നയിക്കുവാന്‍ എന്തു ചെയ്യാനാവുമെന്ന് ഗൗരവപൂര്‍വ്വം ആലോചിക്കാനായാല്‍ നന്നായിരിക്കും.

      Delete
  13. ഞാനും വായിക്കുന്നെണ്ടേ !

    ReplyDelete