Wednesday, 6 November 2013

രാജാവിന്റെ മോതിരം

      വളരെക്കാലം മുമ്പ് പേര്‍ഷ്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അജയ്യനായ അദ്ദേഹത്തിന് ഭൂമിയിലെ ധനങ്ങളൊന്നും അപ്രാപ്യമായിരുന്നില്ല.
      മരുഭൂമികളും മണല്‍ക്കാടുകളും കടന്ന് ദൂരെരാജ്യങ്ങളില്‍ നിന്ന് ഒട്ടകക്കൂട്ടങ്ങളിലേറി വന്ന വ്യാപാരികള്‍ രാജാവിന് വിലയേറിയ രത്‌നങ്ങള്‍ സമ്മാനിക്കുമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങള്‍!!
      കടലുകള്‍ താണ്ടി കപ്പലുകള്‍ രാജ്യത്തെത്തുമ്പോള്‍ കടല്‍സഞ്ചാരികള്‍ നല്ലവനായ രാജാവിനെ മുഖം കാണിക്കാനെത്തും. അവര്‍ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമായിട്ടാവും വരിക. വിലയേറിയ മുത്തുകള്‍...
      പക്ഷേ ഈ സമ്മാനങ്ങളൊന്നും രാജാവില്‍ ഭാവവ്യത്യാസമുണ്ടാക്കാറില്ല. അദ്ദേഹം നിസ്സംഗനായി തന്റെ കൈയിലെ മോതിരത്തിലേക്കു നോക്കും. ആ നോട്ടം അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കും. കാരണമെന്തെന്നോ? ആ മോതിരത്തില്‍ ഒരു വാചകം കുറിച്ചിട്ടുണ്ട്: "ഇതും കടന്നുപോകും'' എന്നാണ് ആ വാചകം.
      ആസ്ഥാനനഗരിയില്‍ നടക്കാറുള്ള കായിക മത്സരങ്ങളില്‍ മതിമറന്ന് കാണികള്‍ ഹര്‍ഷാരവം മുഴക്കുമ്പോഴും രാജാവ് മോതിരത്തിലേക്കാവും നോക്കുക. ആ നോട്ടം അദ്ദേഹത്തെ വലിയൊരു സത്യം ഓര്‍മ്മിപ്പിക്കും- ഇതും കടന്നു പോകും.
      രാജാവ് വിശ്വസുന്ദരിയായൊരു യുവതിയെ വിവാഹം കഴിച്ചപ്പോള്‍ പ്രജകള്‍ പറഞ്ഞു:
      "നമ്മുടെ രാജാവ് എത്ര ഭാഗ്യവാനാണ്... രാജ്ഞി എത്ര സുന്ദരിയാണ്!!''
      അതു കേട്ടപ്പോഴും രാജാവ് മോതിരത്തിലേക്കു നോക്കി വായിച്ചു: "ഇതും കടന്നു പോകും...''
യുദ്ധമുഖത്ത് ശത്രുപക്ഷത്തെ ഒരു സൈനികന്റെ കുന്തം രാജാവിന്റെ പരിച തകര്‍ത്ത് ശരീരത്തില്‍ മുറിവേല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ അലറിക്കരഞ്ഞു:
      "നോക്കൂ... നമ്മുടെ രാജാവിന് മുറിവേറ്റു!''
അംഗരക്ഷകര്‍ മുറിവേറ്റ രാജാവിനെ യുദ്ധമുഖത്തുനിന്ന് ശുശ്രൂഷിക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ രാജാവ് പറഞ്ഞു:
      "ഹൊ! വേദന സഹിക്കാനാവുന്നില്ല... എങ്കിലും സഹിക്കാതെ വയ്യല്ലോ... സാരമില്ല, ഇതും കടന്നു പോകും...''
      പ്രശസ്തിയോ ലോകത്തിന്റെ മഹത്വമോ ഒന്നും രാജാവിനെ പ്രലോഭിപ്പിച്ചില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം രാജാവിന്റെ മോതിരം വലിയൊരു സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. "ഇതും കടന്നു പോകും...''
വാര്‍ദ്ധക്യത്തില്‍ സ്വര്‍ഗ്ഗയാത്ര സ്വപ്നം കണ്ടു കഴിയുമ്പോള്‍ രാജാവ് ചിന്തിച്ചു, എന്താണു മരണം? അതിന് മറുപടിയെന്നോണം ജനാലയിലൂടെ കടന്നെത്തിയ ഒരു സൂര്യകിരണം രാജാവിന്റെ മോതിരത്തില്‍ പതിച്ചു. ഇതും കടന്നുപോകും എന്ന് രാജാവിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ സൂര്യകിരണം...
      തിയഡോര്‍ ടില്‍ട്ടണ്‍ എന്ന ആംഗലേയ കവിയുടെ പ്രശസ്തമായ "ദ കിംഗ്‌സ് റിങ്'' എന്ന കവിതയുടെ സാരാംശമാണിത്. ആ കവിതയിലൂടെ അദ്ദേഹം എത്ര വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ.
      ഈ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും. അതുകൊണ്ട്, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കാതെ, ദുഃഖങ്ങളില്‍ നിരാശരാകാതെ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെ.

(2013 നവംബര്‍ ലക്കം 'നമ്മുടെ മാസിക'യില്‍ പ്രസിദ്ധീകരിച്ചത്)


38 comments:

  1. നല്ല സന്ദേശം - പല ചെറിയ പ്രശ്നങ്ങളും വലുതാവാതെ ചെറുതായി തന്നെ നില്ക്കാന്‍ ഈ ചിന്ത സഹായകമാകും. ഇതും കടന്നു പോകും....

    ReplyDelete
    Replies
    1. നന്ദി നിഷ, ഈ വായനയ്ക്കും അഭിപ്രായത്തിനും. ബ്ലോഗെഴുത്തിലും വായനയിലും ഉത്സാഹം കുറഞ്ഞിരിക്കുകയായിരുന്നു. ഈ അഭിപ്രായങ്ങള്‍ പുതിയ ഉത്സാഹം നല്‍കുന്നു.

      Delete
  2. ബീര്‍ബലിനോട് അക്ബര്‍ ചക്രവര്‍ത്തി ചോദിച്ചു, "സന്തോഷം വരുമ്പോള്‍ ദുഖിപ്പിക്കുകയും ദുഃഖം വരുമ്പോള്‍ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം പറയൂ.."

    ബീര്‍ബല്‍ അല്പം ആലോചിച്ച ശേഷം പറഞ്ഞു, "ഈ നിമിഷം ഇപ്പോള്‍ അവസാനിക്കും.."

    ഈ കഥ വായിച്ചപ്പോ പെട്ടന്ന് മുമ്പെവിടെയോ കേട്ട ഈ കാര്യം ഓര്‍മ്മ വന്നു.. രണ്ടും ഒന്ന് തന്നെ.. :)

    ReplyDelete
    Replies
    1. വിദേശികളുടെ പല മാസ്റ്റര്‍പീസുകളുടെയും ആശയം കാലങ്ങള്‍ക്കു മുമ്പേ തന്നെ നമ്മുടെ ദേശക്കാര്‍ പറഞ്ഞു വച്ചതാണെന്നത് നമുക്ക് അഭിമാനകരം തന്നെ. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റില്‍ വായിച്ച ഒരു ഉപകഥ നന്നേ ചെറുപ്പത്തില്‍ തന്നെ നാരദനുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. ബീര്‍ബലിന്റെ ഈ കഥ എനിക്കു പുതിയ അറിവാണ്. നന്ദി മനോജ്, ഈ സന്ദര്‍ശനത്തിനും പങ്കുവയ്ക്കലിനും...

      Delete
  3. ഏത് സന്തോഷത്തിലും സന്താപത്തിലും നാം ഒരേപോലെ തിരിച്ചറിയേണ്ടുന്ന കാര്യം. മനസ്സിൽ എപ്പോഴും അത്തരം ഒരു മോതിരം അണിയേണ്ടത് ആവശ്യമാണ്.

    ReplyDelete
    Replies
    1. അതേ പ്രദീപ്, എപ്പോഴും നമ്മുടെ മനസ്സുകളെ ആ സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാം... നന്ദി ഈ സന്ദര്‍ശനത്തിന്...

      Delete
  4. ഇങ്ങനെയൊക്കെയുള്ള കഥകള്‍ വായിച്ച് കാലം എത്രയായി :)

    ReplyDelete
    Replies
    1. പഴയകാല കഥകള്‍ നന്മയുടെ പ്രകാശനം സാദ്ധ്യമാക്കുന്നവയാണ്. അത്തരം രചനകള്‍ ഇനിയും ഉണ്ടാകട്ടെ, നമ്മില്‍നിന്ന്... നന്ദി ഷബീര്‍, ഈ സന്ദര്‍ശനത്തിന്...

      Delete
  5. ഇതെല്ലാം കടന്നുപോകും
    അപ്പോള്‍ ആരെല്ലാം എന്തെല്ലാമെന്നാര്‍ക്കറിയാം

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ... എല്ലാം കടന്നുപോകും എന്ന തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കട്ടെ. നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  6. നമുക്ക് അങ്ങനെ എപ്പോഴും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .. ഇതും കടന്നു പോകും! (ഈ കഥയൊക്കെ പണ്ടെപ്പൊഴോ വായിച്ചിട്ടുണ്ട്. ഓര്‍മ്മിപ്പികുന്നതിനു ബെന്ജിയേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല )

    ReplyDelete
    Replies
    1. ആര്‍ഷ... എല്ലാം കടന്നുപോകുമെന്ന ചിന്ത എപ്പോഴും നമുക്കുള്ളത് നല്ലതാണ്. മനസ്സിന്റെ അടിത്തട്ടില്‍നിന്ന് പഴയ കഥകള്‍ ഓര്‍ത്തെടുത്ത് അടുത്ത തലമുറയ്ക്ക് പകരാന്‍ നമുക്ക് സാധിക്കട്ടെ. നന്ദി ഈ സന്ദര്‍ശനത്തിന്...

      Delete
  7. സ്കൂളിലെ മോറല്‍ സയന്‍സ് ക്ലാസ്സില്‍ കഥ കേട്ടിരുന്നത് ഓര്‍മ്മ വന്നു... :)

    http://www.youtube.com/watch?v=9xk0L-exVKc

    ReplyDelete
    Replies
    1. നന്ദി മുബി, ഈ സന്ദര്‍ശനത്തിന്... ബാല്യകാലകഥകള്‍ മറക്കാതിരിക്കാം...

      Delete
  8. പഴയ ഒരു കഥയിലെ കാതലായ സത്യം ഈ ചെറു കുറിപ്പിലൂടെ തുറന്നു കാട്ടിയ ബെഞ്ചിക്കു നന്ദി
    എഴുതുക അറിയിക്കുക, എന്റെ പേജിൽ വന്നതിൽ നന്ദി
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സര്‍, ഈ സന്ദര്‍ശനത്തിന്... കഥ പഴയതെങ്കിലും അതിലെ സത്യം ശാശ്വതമായി നില്‍ക്കുന്നു. അത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനറിയാതെ പകച്ചു നില്‍ക്കുന്ന ഇന്നത്തെ തലമുറയ്ക്കു വളരെ പ്രസക്തമെന്നും തോന്നുന്നു. നമ്മുടെ മാസികയ്ക്കുവേണ്ടി എഴുതിയതാണ്.

      Delete
  9. കഥയും അഭിപ്രായവും വായിച്ചു വളരെ പ്രസക്തമാണ് കഥ കൊച്ചു കൊച്ചു ബേസിക് കാര്യങ്ങൾ കൊച്ചു അടി വച്ച് വല്യ യാത്ര പോകുന്ന പോലെ ജീവിതത്തെ മുന്നോട്ടു നയിക്കും ഒരു വല്യ പ്രതിബന്ധത്തിനെ അങ്ങിനെ അതിജീവിക്കുവാൻ മനശക്തി കൊണ്ട് കഴിയും വയലാറിന്റെ ആണെന്ന് തോന്നുന്നു പ്രശസ്തമായ ആ വരികളും ഓര്മ വരുന്നു ചലനം ചലനം മാനവ ജീവിത സംസ്കാരത്തിൻ മയൂര സന്ദേശം ചലനം ചലിച്ചു കൊണ്ടേ ഇരിക്കും കടന്നു പോകും

    ReplyDelete
    Replies
    1. നന്ദി ബൈജു, ഈ സന്ദര്‍ശനത്തിന്... ''മാനവജീവിത പരിണാമത്തിന്‍ മയൂരസന്ദേശം...'' എന്നല്ലേ വയലാറിന്റെ ഗാനത്തിലെ വരി? 'വാഴ്‌വേ മായം' എന്ന ചിത്രത്തിലേതാണ് ആ ഗാനം. ജീവിതയാത്രയില്‍ പ്രകാശമുള്‍ക്കൊള്ളാന്‍ ഇത്തരം കഥകള്‍ നമ്മെ സഹായിക്കുമെന്നത് ഉറപ്പാണ്. പഴയ താളുകളില്‍നിന്ന് ഇവ ചികഞ്ഞെടുത്ത് പുതുതലമുറയ്ക്ക് പങ്കുവയ്ക്കാന്‍ നമുക്കു ശ്രമിക്കാം.

      Delete
  10. നമ്മള്‍ അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും.സത്യം.

    ReplyDelete
    Replies
    1. ആ പ്രതീക്ഷ നമ്മെ നിലനിര്‍ത്തട്ടെ... നന്ദി അനീഷ്, ഈ സന്ദര്‍ശനത്തിന്...

      Delete
  11. തൊട്ടും തലോടിയും, വേദനിപ്പിച്ചും പലതും കടന്നു പോകുന്നു;
    ഓരോന്നും ഓരോ തിരിച്ചറിവുകള്‍ പകര്‍ന്നു നല്‍കുന്നു;
    കൂടുതല്‍ കൂടുതല്‍ മനുഷ്യനാവാന്‍ പ്രേരിപ്പിക്കുന്നു !
    ആശംസകള്‍ ബെഞ്ചി മാഷേ... ഈ നുറുങ്ങു കഥ പരിഭാഷപ്പെടുത്തി ഞങ്ങള്‍ക്ക് വേണ്ടി ഇവിടെ കുറിച്ചിട്ടതിനു !!

    ReplyDelete
    Replies
    1. നന്ദി ധ്വനി, ഈ സന്ദര്‍ശനത്തിന്... കടന്നുപോകുന്നവയിലെല്ലാം നന്മ കാണാനാവുന്നതു തന്നെ വലിയ നന്മയാണ്.

      Delete
  12. സാരാംശമുള്ള വാചകം.

    ReplyDelete
    Replies
    1. അതേ ജോസ്... എല്ലാം കടന്നുപോകുമെന്ന സത്യം നമ്മെ കൂടുതല്‍ വിനയാന്വികരാക്കട്ടെ. നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  13. പ്രജഹാതി യദാ കാമാന്‍
    സര്‍വാന്‍ പാര്‍ഥ മനോഗതാന്‍
    ആത്മന്യേവാത്മനാ തുഷ്ടഃ
    സ്ഥിതപ്രജ്ഞസ്തദോച്യതേ

    എന്ന ഗീതാശ്ലോകത്തിന്റെ പൊരുളും ഇതുതന്നെ

    ReplyDelete
    Replies
    1. 'മനുഷ്യന്‍ എപ്പോള്‍ ആത്മാവിനാല്‍ ആത്മാവില്‍ തന്നെ സന്തുഷ്ടന്‍ ആയി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുന്നുവോ അപ്പോള്‍ അവന്‍ സ്ഥിത പ്രജ്നന്‍ എന്ന് പറയപ്പെടുന്നു...' ഇതാണ് ആ ശ്ലോകത്തിന്റെ അര്‍ത്ഥമെന്ന് ഗൂഗിളമ്മച്ചി പറഞ്ഞു തന്നു. നന്ദി പ്രദീപ് മാഷേ, ഈ പങ്കുവയ്ക്കലിന്...

      Delete
  14. പോസിറ്റീവ് ആയി ചിന്തിക്കാനുതകുന്ന സന്തേശം നല്‍കുന്ന കഥ.

    ReplyDelete
    Replies
    1. അതെ ഫൈസല്‍, ഈ കവിത ഈ പോസിറ്റീവ് ചിന്ത കാരണം എനിക്കും വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പങ്കുവച്ചത്. നന്ദി സന്ദര്‍ശനത്തിന്...

      Delete
  15. ഇതാണ് ശരിക്കും പോസിറ്റീവ് എനെര്‍ജി !
    ഒന്നും ശാശ്വതമല്ല ...ഇത് കടന്നു പോകും .....
    നന്ദി ബെഞ്ചി ...നല്ലൊരു സന്ദേശത്തിനു :)
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. ശാശ്വതമല്ലാത്തവയുടെ പേരില്‍ അമിതമായി സങ്കടപ്പെടാതെയും അഹങ്കരിക്കാതെയും ജീവിക്കാന്‍ നമുക്കൊരുങ്ങാം... നന്ദി അസ്രൂസ്, ഈ സന്ദര്‍ശനത്തിന്...

      Delete
  16. ഇത് പക്ഷെ കടന്നു പോകരുത്

    ReplyDelete
    Replies
    1. പക്ഷേ, ഇതും കടന്നു പോകും സിയാഫ്... നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  17. Replies
    1. നന്ദി റോസ്, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  18. നല്ല വായന തന്നു.. നന്ദി..

    ReplyDelete
    Replies
    1. നല്ല പ്രോത്സാഹനം... നന്ദി ഷിറാസ്...

      Delete
  19. പഴയകാല കഥകള്‍ ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ വരെ വലിയതാണ് . ഈ പരിചയപ്പെടുത്തലിനു നന്ദി.

    മജീഷ്യന്‍ മുതുകാടിന്റെ ഒരു ഷോയില്‍ സമാനമായ സാരാംശമുള്ള ഒരു കഥ അദ്ദേഹം പങ്കുവെച്ചത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

    ആശംസകള്‍

    ReplyDelete
  20. ഈ കഥ ഏതു പുസ്തകത്തിൽ നിന്നും കിട്ടിയതാണെന്ന് പറയാമോ?
    ഒരു ക്രിസ്തീയ പുരോഹിതൻ എഴുതിയ ബുക്കിൽ നിന്നാണോ?!

    ReplyDelete