Wednesday 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.

(നമ്മുടെ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ രചനയ്ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.)

43 comments:

  1. പരിശ്രമിക്കാതെ ഒന്നും സാധ്യമല്ല. പരിശ്രമം വിജയത്തിലേക്ക്.

    ReplyDelete
    Replies
    1. അതേ അനീഷ്, പരിശ്രമം നമ്മെ ഉയരങ്ങളിലെത്തിക്കും. റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്കേ വിജയമുള്ളൂ... നന്ദി ഈ സന്ദര്‍ശനത്തിന്...

      Delete
  2. 'ഡെമോസ്തനീസിന്റെ വാളുപോലെ' എന്ന പ്രയോഗം ഇപ്പോളാണ് മനസ്സിലായത്‌.
    ഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു കാര്യം അറിയുന്നതുതന്നെ. ഒത്തിരി സന്തോഷം.

    ReplyDelete
    Replies
    1. ആ പ്രയോഗം പക്ഷേ 'ഡമോക്ലീസിന്റെ വാള്‍' എന്നാണു ബിജു. അതു കഥ വേറെയാണ്.
      സിറാക്യൂസിലെ രാജാവായിരുന്ന ഡയനേഷ്യസിന്റെ സുഹൃത്തായിരുന്നു ഡമോക്ലീസ്. രാജാവ് ആര്‍ഭാടത്തില്‍ മുഴുകി സുഖജീവിതം നയിക്കുകയാണെന്ന് ഒരിക്കല്‍ ഡമോക്ലീസ് ഡയനേഷ്യസിനെ വിമര്‍ശിച്ചു. അതോടൊപ്പം രാജാവിന്റെ സദ്ഭരണത്തെ അഭിനന്ദിക്കുകയും ചെയ്തതുകൊണ്ട് രാജാവിന് ഡമോക്ലീസിനോട് ദേഷ്യം തോന്നിയില്ല. എങ്കിലും രാജഭരണത്തിന്റെ മാനസികസമ്മര്‍ദ്ദം ഡമോക്ലീസ് മനസ്സിലാക്കണമെന്ന ചിന്തയോടെ രാജാവ് ഒരു ദിവസം ഡമോക്ലീസിനെ ഒരു വിരുന്നിനു ക്ഷണിച്ചു. വിരുന്നിനു ശേഷം തന്റെ സിംഹാസനത്തില്‍ അല്പസമയം ഇരിക്കുന്നതിന് രാജാവ് ഡമോക്ലീസിനെ നിര്‍ബന്ധിച്ചു. രാജതാത്പര്യപ്രകാരം ഡമോക്ലീസ് സിംഹാസനത്തില്‍ ഇരുന്ന ശേഷം മുകളിലേക്കു നോക്കിയപ്പോള്‍ കണ്ടത് ഏതു നിമിഷവും തന്റെ തലയിലേക്കു പതിക്കത്തക്കവിധം ഒരു തലനാരിഴയില്‍ തൂങ്ങിയാടുന്ന വാള്‍ ആണ്. സിംഹാസനത്തിലെ ഇരിപ്പിന്റെ സന്തോഷമെല്ലാം ഇല്ലാതാക്കുന്ന ഈ അപകടകരമായ അവസ്ഥ ഡമോക്ലീസിനെ അസ്വസ്ഥനാക്കി. ഇതാണ് ഡമോക്ലീസിന്റെ വാള്‍ എന്ന പ്രയോഗത്തിന്റെ പിന്നിലെ കഥ.
      വായനയ്ക്കും പങ്കുവയ്പ്പിനും നന്ദി...

      Delete
    2. ചില സാമ്യങ്ങൾ വരുത്തുന്ന വിന. :)
      'ഡമോക്ലീസിന്റെ വാള്‍' ഇപ്പോൾ ഓർമ്മയിൽ വരണുണ്ട്.
      ഈ ഒരു സംഭവം ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. പുതിയ അറിവ്. നല്ല അവതരണം. സന്തോഷം.

      Delete
  3. Replies
    1. നന്ദി ഇര്‍ഷാദ്... ഈ സന്ദര്‍ശനത്തിന്...

      Delete
  4. ഇഷ്ടായി .. കൊള്ളാം

    ReplyDelete
    Replies
    1. നന്ദി ബാസില്‍... വീണ്ടും കാണാം...

      Delete
  5. നിത്യാഭ്യാസിക്ക് ആനയെ എടുക്കാം എന്നാണല്ലോ പഴമൊഴി! തീര്‍ച്ചയായും ഇത്തരം കഥകള്‍ പരിശ്രമത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു.
    ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ബോളിവുഡ് താരം ഋതിക് റോഷനും നല്ല വിക്കുണ്ടായിരുന്നുവത്രേ - നിരന്തര പരിശീലനത്തിലൂടെയാണ് അദ്ദേഹം അത് മാറ്റിയെടുത്തതെന്ന് ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുകയുണ്ടായി. കൂടാതെ എന്നും കുറെ സമയം പരിശീലനത്തിനായി അദ്ദേഹം ഇപ്പോഴും നീക്കി വെക്കുന്നുണ്ട് എന്നും ...
    ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ദൃഢനിശ്ചയമുള്ളവര്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്നത്
    കഥയ്ക്ക് വേണ്ടി ഷാജി മാത്യു വരച്ച ചിത്രവും അസ്സലായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി നിഷ, ഈ വായനയ്ക്കും അഭിപ്രായത്തിനും... കേരളം കണ്ട മികച്ച വാഗ്മികളിലൊരാളായിരുന്ന ഇ.എം.എസിനും വിക്കുണ്ടായിരുന്നല്ലോ. അതിന്റെ പരിമിതികളൊന്നും ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയില്ല. ഋതിക് റോഷന്റെ അനുഭവം എനിക്ക് പുതിയ അറിവാണ്. വായനയിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും എന്തെല്ലാം പുതിയ അറിവുകള്‍ നമുക്കു ലഭിക്കുന്നു!

      Delete
  6. നല്ല ഒരു പാഠം,,,,

    ReplyDelete
    Replies
    1. നന്ദി നീതു... നല്ല പാഠങ്ങള്‍ നമ്മുടെ ജീവിതങ്ങളെ എന്നും സ്വീധീനിക്കട്ടെ...

      Delete
  7. ലക്ഷ്യത്തിലെത്താന്‍ പരിശ്രമം കൊണ്ടു മാത്രമേ കഴിയൂ.
    നല്ല ഗുണപാഠം.
    ആശംസകള്‍

    ReplyDelete
    Replies
    1. അതേ തങ്കപ്പേട്ടാ... പരിശ്രമശാലികളേ വിജയം വരിക്കൂ എന്ന സത്യം ഒന്നുകൂടി എല്ലാവരുടെയും മനസ്സില്‍ ഉറയ്ക്കട്ടെ... നന്ദി... ഈ സന്ദര്‍ശനത്തിന്...

      Delete
  8. സംസാരിക്കുമ്പോള്‍ നിയന്ത്രണത്തിനായ് ഒരു വാള്‍ ഉള്ളത് നല്ലതാണ്. പരിശീലിക്കേണ്ടിയിരിയ്ക്കുന്നു!

    ReplyDelete
    Replies
    1. അതേ അജിത്തേട്ടാ.... ഒരു വാള്‍ എപ്പോഴും മുകളിലുണ്ടെന്ന ബോധം നമ്മെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കട്ടെ... നന്ദി, ഈ ഓര്‍മ്മപ്പെടുത്തലിന്...

      Delete
  9. പുരാതനമായ ആ സംസ്കൃതി പിൽക്കാല തലമുറക്ക് വെളിച്ചമേവാൻ എന്തെല്ലാം കരുതിവെച്ചിരിക്കുന്നു.......

    ReplyDelete
    Replies
    1. ശരിയാണ് പ്രദീപ് മാഷേ... പുരാണഇതിഹാസ കഥകള്‍ പില്‍ക്കാല തലമുറയ്ക്ക് എന്നും മാര്‍ഗ്ഗദീപങ്ങളാണ്. വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  10. നന്നായി പരിചയപ്പെടുത്തി...

    ReplyDelete
    Replies
    1. നന്ദി എച്ച്മുക്കുട്ടി... ഈ സന്ദര്‍ശനത്തിന്...

      Delete
  11. ചില ഓര്‍മ്മപ്പെടുത്തലുകള്‍ നിരന്തരം ആവശ്യമായി വരുന്ന ഒരു കാലത്തുകൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കേട്ടതും കേള്‍ക്കാത്തതുമായ ഇത്തരം പരിശീലനക്കളരി നന്നായിരിക്കുന്നു ബെഞ്ചി.

    ReplyDelete
    Replies
    1. ഗൂഗിളില്‍ പരതിയാലും പലതും മലയാളത്തില്‍ കിട്ടുന്നില്ല റാംജിയേട്ടാ... അതുകൊണ്ടാണ് ഇത് ഇവിടെ കിടക്കട്ടെ എന്നു കരുതിയത്. ഇനി വരുന്നവര്‍ക്കും ഇത്തരം കഥകള്‍ പ്രയോജനപ്പെടട്ടെ... നന്ദി, ഈ പ്രോത്സാഹനത്തിന്...

      Delete
  12. ഇത് പോലെയുള്ള ലേഖനങ്ങള്‍ ഇനിയും വരട്ടെ ,കേള്‍ക്കാന്‍ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഗ്രീക്ക് ഇതിഹാസത്തില്‍ ഇത്തരം പ്രചോദനാത്മക വ്യക്തിത്വങ്ങള്‍ ഏറെയുണ്ട്. അവയൊക്കെ മലയാളം ബ്ലോഗ് രംഗത്തു ലഭ്യമാണെങ്കില്‍ ഒത്തിരിപ്പേര്‍ക്കു പ്രയോജനപ്പെടുമെന്നു കരുതുന്നു സിയാഫ്... എനിക്കറിയാവുന്നവ ഇവിടെ കുറിക്കാം... നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  13. പോസിറ്റീവ് ചിന്തകൾ പ്രവൃത്തികൾ അതിനു വേണ്ടി ഒരു ഉത്തമ പോസ്റ്റ്‌

    ReplyDelete
    Replies
    1. അതേ ബൈജു, ഞാനും ഡെമോസ്തനീസിനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് ഒരു വ്യക്തിത്വവികസന ക്ലാസ്സിലാണ്. അത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്തത്... നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  14. ഇത് വായിച്ചു കഴിഞ്ഞു ഇതുപോലെ ഒരു പരിശീലനത്തിനായി തയ്യാറെടുക്കുന്നു ബെഞ്ചിയേട്ടാ !

    ReplyDelete
    Replies
    1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി അംജത്. നിരന്തരമായ പരിശീലനവും ഉത്സാഹമുള്ള പ്രയത്‌നവും തീര്‍ച്ചയായും ഫലമേകും. ആശംസകള്‍....

      Delete
  15. ഇഷ്ടായി ബെഞ്ചിയേട്ടാ ,,,ഞാൻ ആദ്യമായാണ് ഈ കഥ കേൾക്കുന്നത് ... ചുരുങ്ങിയ വാക്കുകൾ കൊണ്ട് ആ കഥ വിവരിച്ചു തന്നതിന് നന്ദി .. പൊതുവെ നമുക്കെല്ലാം പോസിറ്റീവ് എനർജി കിട്ടേണ്ട കാലമായതു കൊണ്ട് ഇത്തരം കഥകൾ ഇനിയും ഇനിയും കേൾക്കേണ്ടിയിരിക്കുന്നു .. ആശംസകളോടെ ..

    ReplyDelete
  16. ഇത്തരം നല്ല കഥകള്‍ ഇനിയും പോരട്ടെ...

    ReplyDelete
  17. പുതിയ അറിവുകള്‍.. നന്ദി

    ReplyDelete
  18. വെറുതെയൊന്ന് കയറി പോകാമെന്ന് വെച്ച് വന്നതാണ്. ഇരുന്ന് പോയി..

    അർത്ഥവത്തായ കഥ.. തുടരുക... ഭാവുകങ്ങൾ


    ഇ.എം.എസ്സിന്‍റെ വിക്ക് മൂപ്പർ മാറ്റിയതായി ഓർക്കുന്നില്ല...(കാരണം സംസാരിക്കുമ്പോൾ മാത്രമെ അദ്ദേഹത്തിന് വിക്കുണ്ടായിരുന്നുള്ളത്രെ...!!)

    ReplyDelete
  19. ബെഞ്ചി ഇവിടെയെത്താൻ വീണ്ടും വൈകി
    പോസ്ടിടുമ്പോൾ ഒരു കുറി മെയിലിൽ വിടുക
    notification, facebook ഇവകൾ കാണാൻ വൈകുന്നു
    ഗുണപാഠം ഉൾക്കൊള്ളുന്ന ഒരു നല്ല കഥ
    വളരെ ഭംഗിയായി ഇവിടെ വിവരിച്ചിരിക്കുന്നു
    അതെ പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ
    കഴിവുള്ള വണ്ണം എന്നാണല്ലോ കവി വാക്യവും
    എല്ലാ ആശംസകളും നേരുന്നു
    എഴുതുക അറിയിക്കുക
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  20. നല്ലൊരു ആശയം കൂടി പങ്കു വെച്ചു.

    മുകളിലെ കമെന്‍റ് വായിച്ചു ചിരിച്ചു പോയി.

    ഇ.എം.എസ്സിന്‍റെ വിക്ക് മൂപ്പർ മാറ്റിയതായി ഓർക്കുന്നില്ല...(കാരണം സംസാരിക്കുമ്പോൾ മാത്രമെ അദ്ദേഹത്തിന് വിക്കുണ്ടായിരുന്നുള്ളത്രെ...!!)

    ReplyDelete
  21. ഡിയർ ബെന്ജീ , ഈ നല്ല പോസ്റ്റ്‌ വായിക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . തുടർന്ന് എഴുതുക . ആശംസകൾ

    ReplyDelete
  22. മറ്റൊരു നല്ല ദർശനം...

    ReplyDelete
  23. നല്ല പോസ്റ്റ്

    ReplyDelete
  24. നല്ലൊരു പരിചയപ്പെടുത്തല്‍...

    ReplyDelete
  25. എത്തിപ്പെടാ൯ വൈകി..
    കണ്ടുമുട്ടാനായതില് ദൈവത്തിന് സ്തുതി...
    ആക൪ഷകമായ എഴുത്ത്...
    ഭംഗിവാക്കായി കൂട്ടരുത്..
    ഇഷ്ടായി...
    തുട൪ന്നും പുതുചിന്തകളുമായി കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ...

    ReplyDelete
  26. നല്ല ചിന്തകൾ അടങ്ങിയ ചരിത്ര പാഠത്തിനു നന്ദി.

    ReplyDelete