Thursday 9 May 2013

അമ്മനൊമ്പരം

      മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര്‍ കിനാവു കാണുകയാണോ?... 
      വൈഗയ്‌ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന്‍ ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്‌ഡോദരന്‍ എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന്‍ തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്‌ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...
      വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്‍. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്‍കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകന്‍. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...
      ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്‍ക്കാന്‍ ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.
      ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്‌നേഹിതന്‍ ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്.
      ദുരൈയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്‌നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
      ദുരൈ പറഞ്ഞു, 'സര്‍... ഇവങ്കേ എന്നുടെ അമ്മ...'
      അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.
      'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'
      ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'
      അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-
      'അതെന്താ അങ്ങനെ?...'
      'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'
      'മഴയും കാറ്റുമൊക്കെ വന്നാലോ?...'
      'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്.
      മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...
      ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന്‍ ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്‍ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന്‍ അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന്‍ അമ്മയോട് അന്വേഷിച്ചു-
      'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'
      'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള്‍ പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'
      ഈ സ്‌നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന്‍ വരുമെന്ന പ്രതീക്ഷയോടെ...
      മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര്‍ വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്‍ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...

41 comments:

  1. ടച്ചിങ്ങ്... മാഷേ

    ReplyDelete
    Replies
    1. നന്ദി ശ്രീ, ഈ സന്ദര്‍ശനത്തിന്...

      Delete
  2. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ....സത്യം

    ReplyDelete
    Replies
    1. അഭി, നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...

      Delete
  3. അമ്മ അത് മനസ്സിലാക്കാന്‍ നമ്മള്‍ വൈകുന്നു

    ReplyDelete
    Replies
    1. നമ്മള്‍ മനസ്സിലാക്കുമ്പോഴേക്കും അമ്മ ഒരു ഓര്‍മ്മയായി മാറാതിരിക്കട്ടെ... നന്ദി പ്രമോദ്, ഈ സന്ദര്‍ശനത്തിന്...

      Delete
  4. ബാദ്ധ്യതകളെ തള്ളുകയും സമ്പാദ്യങ്ങളെ കൊള്ളുകയും ചെയ്യുന്ന ലോകം!
    നന്നായി മാഷെ.
    ആശംസകള്‍

    ReplyDelete
    Replies
    1. സത്യമാണു തങ്കപ്പേട്ടാ... സ്വന്തം ലാഭം നോക്കിയാണിന്നു ഭൂരിപക്ഷവും ഓടുന്നത്. നന്ദി ഈ സന്ദര്‍ശനത്തിന്.

      Delete
  5. ബെഞ്ചു വീണ്ടും പറ്റിച്ചു... ഒരു ടൂര്‍ പോകാന്നേരം പറയാമെന്ന് പറഞ്ഞിട്ട്....

    ReplyDelete
    Replies
    1. ഞാന്‍ പറഞ്ഞിരുന്നല്ലോ സുജിത്ത്, മധുരയിലേക്കുള്ള യാത്രയെക്കുറിച്ച്... ഇതൊരു ഔദ്യോഗികയാത്രയായിരുന്നു. നന്ദി, ഈ സന്ദര്‍ശനത്തിന്.

      Delete
  6. പ്രകൃതി നശിപ്പിക്കുന്ന മനുഷ്യര്‍ വൃധമാതാപിതാക്കള്‍ക്കും സംരക്ഷകാരാവില്ല .

    ReplyDelete
    Replies
    1. സത്യമാണ് അന്‍വര്‍, കരുണയില്ലാത്ത മനുഷ്യന്‍ ആ സ്വഭാവം എല്ലായിടത്തും പ്രദര്‍ശിപ്പിക്കും. നന്ദി ഈ സന്ദര്‍ശനത്തിന്...

      Delete
  7. നന്മകള്‍ പടിയിറങ്ങുന്ന ഇന്നിന്റെ മുന്നിലേക്ക്‌ ......

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ, ഈ സന്ദര്‍ശനത്തിന്... നമുക്കു നന്മ നിറഞ്ഞവരാകാം...

      Delete
  8. kannu nanayikkan.................

    ReplyDelete
    Replies
    1. നന്ദി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, ഈ സന്ദര്‍ശനത്തിന്...

      Delete
  9. ബെഞ്ചി.. വിങ്ങുന്നു, എന്റെ ഹൃദയവും.

    ഒറ്റമുറിയുള്ള വീട്ടിൽ, ഉമ്മറത്ത് ഒരു കട്ടിലെങ്കിലും കിട്ടുന്നുണ്ടല്ലൊ എന്നാശ്വസിക്കാം. പക്ഷെ മണിമാണികകൾ പടുത്തുയർത്തുന്നവർ ഇന്ന് ചെയ്യുന്നതെന്താണ് ?

    ReplyDelete
    Replies
    1. സത്യമാണു മനോജ്... ഞാനും അതേക്കുറിച്ചു ചിന്തിക്കാതിരുന്നില്ല. വിസ്താരഭയം മൂലം ഒഴിവാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റു ചില സംഭവങ്ങളും ഓര്‍മ്മയിലുണ്ട്. പിന്നീടെന്നെങ്കിലും എഴുതാം...

      Delete
  10. വളരെ കഷ്ടം തോന്നുന്നു

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, ഈ സന്ദര്‍ശനത്തിന്...

      Delete
  11. വൃദ്ധസദനങ്ങള്‍ പെരുകുന്ന കാലമാണിത് , തമിഴ് നാട്ടിലെ ഈ ഗ്രാമത്തില്‍ കണ്ട കാഴ്ചയും വേദനിപ്പിക്കുന്നതു തന്നെ , ഏറെ ചിന്തിപ്പിക്കുന്നു ഈ അനുഭവകഥ,ആഫ്രിക്കയിലെ ആ ആചാരവും ആദ്യ അറിവ് തന്നെ , നല്ല പോസ്റ്റ്‌,

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍, ഈ സന്ദര്‍ശനത്തിനും വിലയിരുത്തലിനും... ഉള്ളിലെ വേദനകള്‍ നമ്മെ നന്മയിലേക്കു നയിക്കട്ടെ...

      Delete
  12. വേദനയോടെ...............

    ReplyDelete
    Replies
    1. നന്ദി അബ്‌സാര്‍, ഈ സന്ദര്‍ശനത്തിന്...

      Delete
  13. വേദനാജനകമായ യാഥാര്‍ത്ഥ്യം..മനസ്സില്‍ ചെറു സങ്കടവും നുരയിപ്പിക്കുന്നു

    ReplyDelete
    Replies
    1. ശ്രീ... ഈ സന്ദര്‍ശനത്തിനും വിലയിരുത്തലിനും നന്ദി...

      Delete
  14. ചില പാഠങ്ങൾ നമുക്ക് മുന്നിലുണ്ട് എനിട്ടും, മനുഷ്യൻ........

    ReplyDelete
    Replies
    1. ശരിയാണു ഷാജു, അനുഭവങ്ങളില്‍നിന്ന് മനുഷ്യന്‍ പാഠം പഠിക്കുന്നില്ല. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്...

      Delete
  15. എന്ത് ചെയ്യാനാ അല്ലെ? അവർക്കത് ഒരു പ്രശ്നമായെ തോന്നുന്നില്ല. കാനുകയും കേൾക്കുകയും ചെയ്യുന്ന നമ്മുടെ മനസ്സാണു പൊള്ളുന്നത്.

    ReplyDelete
    Replies
    1. അതേയതേ... അവര്‍ക്കത് പ്രശ്‌നമായേ തോന്നുന്നില്ല. നമ്മുടെ അമ്മമാര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ. നന്ദി മുല്ല, ഈ സന്ദര്‍ശനത്തിന്...

      Delete
  16. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ....സത്യം..ആശംസകള്‍ ..

    ReplyDelete
    Replies
    1. നന്ദി ചേച്ചി, ഈ സന്ദര്‍ശനത്തിന്...

      Delete
  17. ആഫ്രിക്കയിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും അമ്മമാര്‍്ക്കുള്ളത് ഒരൊറ്റ ഭാഷയാണല്ലോ? അതു സ്‌നേഹത്തിന്റേതാണ്. ആ ഭാഷ എന്നും ഉള്ളുലയ്ക്കുന്നതാണ്. നല്ലൊരു വായന തന്നു. നന്ദി, ബെന്‍ജി

    ReplyDelete
    Replies
    1. നന്ദി തോമസ്, വായനയ്ക്കും പ്രോത്സാഹനത്തിനും. സ്‌നേഹത്തിന്റെ ഭാഷ നമ്മുടെയും ഉള്ളുലയ്ക്കട്ടെ...

      Delete
  18. തമിഴ് നാട്ടിലെ ഇതുപോലുള്ള അനേകം അമ്മമാരുടെ അവസ്ഥ പലതവണ നേരില്‍ കണ്ടിട്ടുണ്ട്.. എന്നാല്‍ ആഫ്രിക്കയിലെ കഥ കേട്ടപ്പോള്‍ വല്ലാത്തൊരു ഭീതി തോന്നി.. അത് സത്യമായാലും അല്ലെങ്കിലും അങ്ങനെ ഒരവസ്ഥയെ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല..
    വൈഗയുടെ തീരത്ത്‌ നിന്നും ഒരമ്മക്കഥയിലേക്കുള്ള യാത്ര മനോഹരമായിരിക്കുന്നു.. അതേസമയം സങ്കടപ്പെടുത്തുന്നതും..

    ReplyDelete
    Replies
    1. നന്ദി സംഗീത്, വിശദമായ വായനയ്ക്ക്... നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് എത്രയോ അകലെയാണ് യാഥാര്‍ത്ഥ്യങ്ങള്‍. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ നമുക്കൊരുങ്ങാം...

      Delete
  19. ഈ അമ്മയും ഒരു നൊമ്പരമായ് മനസ്സില്‍ അവശേഷിക്കുന്നു...
    ആശംസകള്‍ ...

    ReplyDelete
    Replies
    1. നന്ദി റസ്‌ല, ഈ സന്ദര്‍ശനത്തിന്...

      Delete
  20. നൊമ്പരപ്പെടുത്തുന്നു...

    ReplyDelete
    Replies
    1. നന്ദി നവാസ്, ഈ സന്ദര്‍ശനത്തിന്...

      Delete
  21. സത്യമാണോ............മിഴി നനയ്ക്കുന്നു

    ReplyDelete