Tuesday, 31 July 2012

വേനലിലൊരു പുതുമഴ

      സ്കൂളിന്റെ ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ രാജലക്ഷ്മി ടീച്ചര്‍ തിരിഞ്ഞു നോക്കി. കുഞ്ഞാറ്റ അവിടെത്തന്നെ നില്‍പ്പുണ്ട്, നിറഞ്ഞുതുളുമ്പാന്‍ വെമ്പുന്ന കണ്ണുകളോടെ. കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും ഓഫീസിന്റെ ചുറ്റുവട്ടത്തൊക്കെത്തന്നെ കറങ്ങിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പലവട്ടം അവളെ നിര്‍ബന്ധിച്ചതാണ്.
      അപ്പോള്‍ അവള്‍ പറഞ്ഞു:
      'ടീച്ചറമ്മ പോയിക്കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ. അല്ലെങ്കിലും ഞാനെങ്ങോട്ടു പോകാനാ ടീച്ചറമ്മേ?...'
      ടീച്ചറമ്മ... അങ്ങനെയാണ് എപ്പോഴും കുഞ്ഞാറ്റ തന്നെ വിളിക്കുന്നത്. സാധാരണ കുട്ടികളെക്കാള്‍ അവള്‍ക്ക് തന്നോട് അല്പം കൂടുതല്‍ അടുപ്പമുണ്ട്. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി അവള്‍ അടുത്തെത്തും. പിന്നെ സാരിത്തുമ്പില്‍ പിടിച്ച് മാറാതെ നില്‍ക്കും. ഇടയ്ക്ക് കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സോപ്പിട്ട് കുപ്പിയിലാക്കാനും ശ്രമിക്കും.
      'ഈ സാരി ടീച്ചറമ്മയ്ക്കു നന്നായി ചേരുന്നുണ്ട് ട്ടോ...'
      'നല്ല സുന്ദരിയാ ടീച്ചറമ്മ...'
      'എനിയ്ക്കു ടീച്ചറമ്മയെ ഒരുപാടിഷ്ടമാ...'
      അവളോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരാളോടു കൂടുതല്‍ ഇഷ്ടം കാട്ടുന്നതു ശരിയല്ലല്ലോ. അതു മറ്റു കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?... പക്ഷെ, കുഞ്ഞാറ്റ വിടില്ല. അവള്‍ അടുത്തു വന്നു കഴിഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ തോന്നുകയുമില്ല.
      സ്വാതി എന്നാണ് അവളുടെ പേര്. കുഞ്ഞാറ്റ എന്നത് താന്‍ അവളെ വിളിക്കുന്ന ഓമനപ്പേരും. ആ പേര് അവള്‍ തന്നെയായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരു ദിവസം വിഷമങ്ങള്‍ പറയാന്‍ അടുത്തു വന്ന അവളെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ കണ്ണു തുടച്ച് അവള്‍ ചിരിച്ചു. ആ ചിരിയ്ക്ക് തെളിനീരിന്റെ മനോഹാരിതയുണ്ടായിരുന്നു.
      'ടീച്ചറമ്മേ... എന്നെ അമ്മമ്മ ഇങ്ങനെ അടുത്തു നിര്‍ത്തുമായിരുന്നു... കാച്ചിയ വെളിച്ചെണ്ണേടെ മണമാ അമ്മമ്മയ്ക്ക്. അമ്മമ്മ എന്നെ കുഞ്ഞാറ്റേന്നാ വിളിക്കുന്നെ. ടീച്ചറമ്മേം  ഇനി കുഞ്ഞാറ്റേന്നു വിളിച്ചാ മതി എന്നെ.'
      'എവിടെയാ കുട്ടീടെ അമ്മമ്മ?'
      'പോയി ടീച്ചറമ്മേ... ദൈവത്തിന്റടുത്തേക്ക്...'
      പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. എല്ലാവരും കുഞ്ഞാറ്റയെ വിട്ടു പോയവരാണ്. ആദ്യം അമ്മ പോയി, റബ്ബര്‍ വെട്ടുന്ന മാമന്റെ കൂടെ... അമ്മ അപ്പൂനേം ഒപ്പം കൊണ്ടുപോയി. അവളുടെ കുഞ്ഞാങ്ങളയാണ് അപ്പു. കുഞ്ഞാറ്റ അമ്മയെ കുറ്റപ്പെടുത്തില്ല. അവള്‍ പറയും, 'അച്ഛന്റെ കുടി സഹിക്കാന്‍ മേലാഞ്ഞിട്ടല്ലേ അമ്മ പോയത്... ന്നാലും ഈ കുഞ്ഞാറ്റയെക്കൂടി കൊണ്ടുപോകാമായിരുന്നു അമ്മയ്ക്ക്.'
      അമ്മ പോയതറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മമ്മ പോയത്. അമ്മമ്മയ്ക്ക് കുഞ്ഞാറ്റയെ ഒരുപാടിഷ്ടമായിരുന്നു. അമ്മമ്മ പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്: 'ഞാനൂടെ കുഴീലോട്ടു പോയിക്കഴിഞ്ഞാപ്പിന്നെ ന്റെ കുട്ടിയ്ക്ക് ആരാ പിന്നെയുള്ളത് ന്റീശ്വരാ...' എന്ന്.
      അമ്മ പോയതിന്റെ ദേഷ്യത്തില്‍ അച്ഛന്റെ കുടി കൂടുതലായി. വല്ലാതെ ഉപദ്രവിക്കുമായിരുന്നു, അച്ഛന്‍ കുഞ്ഞാറ്റയെ. അച്ഛന്‍ തല്ലിയ പാടുകള്‍ അവള്‍ ടീച്ചറമ്മയെ കാണിച്ചിട്ടുമുണ്ട്. പക്ഷെ, ഇന്നും കുഞ്ഞാറ്റയ്ക്കറിയില്ല, അച്ഛനെന്തിനാണ് മച്ചില്‍ കെട്ടിയ കയറിന്റെ കുരുക്ക് കഴുത്തിലൂടിട്ട് ഊഞ്ഞാലാടിയതെന്ന്. അച്ഛനും പോയെന്നറിഞ്ഞപ്പോള്‍ ഒത്തിരി കരഞ്ഞു.
      കുഞ്ഞാറ്റ മാത്രം എങ്ങോട്ടും പോകാനാവാതെ അച്ഛമ്മയ്‌ക്കൊപ്പം... അച്ഛന്റെ അമ്മയെ അവള്‍ അങ്ങനെയാണു വിളിക്കുന്നത്.
      ഒരു ദിവസം അവള്‍ രഹസ്യം പറയുംപോലെ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: 'ടീച്ചറമ്മേ... അച്ഛമ്മ ചീത്തയാ... എന്നെ വല്ലാതെ ഉപദ്രവിക്കും. വാ തുറന്നാല്‍ ചീത്തയേ പറയൂ. വീട്ടിലെ ജോലി മുഴുവന്‍ ഞാനാ ചെയ്യുന്നെ. എന്നിട്ടും ഇന്നാളൊരു ദീസം എന്നോടു പറയുവാ നിനക്കും പോയി ചത്തൂടായോന്ന്.'
      അതു കേട്ടപ്പോള്‍ തന്റെയും കണ്ണു നിറഞ്ഞതാണ്. അതവള്‍ കാണാതിരിക്കാന്‍ താനവളെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അടര്‍ത്തി മാറ്റാനാവാത്തപോലെ ചേര്‍ന്നുനിന്നു, കുഞ്ഞാറ്റ.
      ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണെന്നു കേട്ടപ്പോള്‍ അവള്‍ സങ്കടത്തോടെ  അടുത്തുവന്നു ചോദിച്ചു:
      'ഞാനൂടെ ടീച്ചറമ്മേടെ കൂടെ വന്നോട്ടെ? മൂന്നു ദീസം അവിടെ താമസിക്കാം.'
 അതു കേട്ടപ്പോള്‍ തനിക്ക് അങ്കലാപ്പായി.
      'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.'
      തന്റെ തീരുമാനം കേട്ടപ്പോള്‍ അവളുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതു കണ്ടു. അവളെ അഭിമുഖീകരിക്കാനാവാതെ താന്‍ ശ്രദ്ധ ബോര്‍ഡിലേക്ക് തിരിച്ചു.
      റോഡരികില്‍ സ്കൂളിന്റെ മതിലിനോടു ചേര്‍ന്നുള്ള പുറമ്പോക്കിലാണ് കുഞ്ഞാറ്റയുടെ കുടില്‍. ഇന്ന് അവള്‍ പറഞ്ഞത് ഓര്‍മ്മയിലേക്കു വരുന്നു: 'ടീച്ചറമ്മേ... സ്കൂള്‍ പൂട്ടിക്കഴിഞ്ഞാല്‍ ഞാനിവിടെ വരും. ജനലിനാത്തൂടെ അകത്തു കേറും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഇവിടിരുന്നാ ഞാന്‍ പഠിക്കുന്നേ. വീട്ടിലിരുന്ന് പഠിക്കാനൊന്നും പറ്റൂല്ല. അച്ഛമ്മയ്ക്കു ഞാന്‍ പഠിക്കുന്നതിഷ്ടമല്ലന്നേ.'
      പൂട്ടിയ സ്കൂളിനുള്ളില്‍ കയറുന്നതു ശരിയല്ലെന്നു പറയണമെന്നു തോന്നിയെങ്കിലും അത്രയും സമയമെങ്കിലും അവള്‍ സമാധാനം അനുഭവിച്ചോട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല.
      പക്ഷെ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ആരുമില്ലാത്ത നേരത്ത് രാത്രിയില്‍ കുഞ്ഞാറ്റ ഒറ്റയ്ക്ക് സ്കൂളില്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ. ചിന്തകള്‍ കാടുകയറിയപ്പോള്‍  അവളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. നേരെ നടന്നു കുഞ്ഞാറ്റയുടെ വീട്ടിലേക്ക്.
      വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അച്ഛമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
      'സ്വാതിയെ തെരക്കി വന്നതാന്നോ ടീച്ചറേ? ആ കൊച്ചിതുവരെയിങ്ങു വന്നില്ലന്നേ. എന്നതാ ടീച്ചറേ, അവളവിടെ പ്രശ്‌നമെന്തേലുമൊണ്ടോ? പറഞ്ഞാലൊരു വക അനുസരിക്കുകേലെന്നേ... അതെങ്ങനാ... വല്ലോന്റേം കൂടെറങ്ങിപ്പോയ തള്ളേടെയല്ലിയോ സന്തതി... നല്ല അടി കൊടുക്കണം ടീച്ചറേ...' ഒറ്റവായില്‍ പറയാവുന്നതിലധികം പറഞ്ഞു അവര്‍.
      അപ്പോഴേക്കും അവിടെ ഓടിയെത്തി, കുഞ്ഞാറ്റ. അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ തലമുടി കോതിയൊതുക്കിക്കൊണ്ട് ഇടറുന്ന സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു:
      'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.'
      അപ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണില്‍ അതുവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം കാണാനായി. വേനലില്‍ ഇലകളെല്ലാം കൊഴിഞ്ഞ ശിഖരം പുതുമഴ കണ്ടതുപോലൊരു തിളക്കം.

Sunday, 8 July 2012

സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും

      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      ഇതെഴുതുമ്പോള്‍ എനിയ്ക്ക് ഊട്ടുപുര അധികാരികളോട് പറഞ്ഞാല്‍ തീരാത്തത്ര രോഷമുണ്ട്. പതിനാല് വര്‍ഷമായി ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിച്ച് അവിടെത്തന്നെ ഉറങ്ങുന്ന എന്നോടും എന്റെ സഹവാസികളോടും അവര്‍ കാട്ടുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്?
      പ്രിയ സ്‌നേഹിതരേ, കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തുറന്നുതന്നെ എഴുതട്ടെ.
      ഊട്ടുപുരയില്‍നിന്നു തന്നെ തുടങ്ങാം. ഹിരണ്യകേശിയില്‍നിന്ന് ചിത്രഗിരിക്കുള്ള എല്ലാ ബസ്സുകളും വിനായകപുരം വഴിയാണു പോകുന്നത്. വിനായകപുരം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പാണ്ഡുരിയ്ക്കു കുറുകെയുള്ള പാലം കടന്നാല്‍ കൊടുംവനമാണ്. വനത്തിലൂടെ വീണ്ടും പതിനെട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനായകപുരത്തെത്താം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ ആദ്യത്തെ സ്‌റ്റോപ്പ്. അവിടെ ആരോടു ചോദിച്ചാലും ഊട്ടുപുരയിലേക്കുള്ള വഴി പറഞ്ഞുതരും. അല്ലെങ്കിലും ഗ്രാമത്തില്‍ വരുന്ന അപരിചിതരെല്ലാം ഊട്ടുപുരയിലേക്കു പോകുന്നവരാണെന്ന് അവര്‍ക്കറിയാമല്ലോ.
      സിദ്ധിവിനായകന്റെ ഊട്ടുപുരയും ഞാനുമായുള്ള ബന്ധത്തിന് പതിനാല് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നെക്കൂടാതെ ഊട്ടുപുരയ്ക്ക് നിലനില്‍പ്പുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല. പക്ഷേ, ഊട്ടുപുരയില്ലാതെ എനിയ്ക്ക് നിലനില്‍പ്പില്ലെന്ന ഭീകരസത്യം ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു.
      പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ യുവത്വത്തിന്റെ തുടിപ്പും പ്രതികരണശേഷിയുമുള്ളൊരു തൊഴിലന്വേഷകനായിരുന്നു. (എന്റെയീ വിവരണത്തില്‍ സ്ഥിരമായി വിനായകപുരത്ത് കവലപ്രസംഗം നടത്തിയിരുന്ന രാഷ്ട്രീയനേതാവിന്റെയും ഊട്ടുപുര സന്ദര്‍ശിച്ച മറ്റു പലരുടെയും വാക്കുകള്‍ കടമെടുക്കുന്നത് ക്ഷമിക്കുക. ഇന്നിപ്പോള്‍ വാക്കുകള്‍ പോലും സ്വന്തമായില്ലാത്തവനാണു ഞാന്‍.) തൊഴിലന്വേഷണത്തിന്റെ വേവലാതികള്‍ മനസ്സിലും യോഗ്യതാപത്രങ്ങളടങ്ങിയ കറുത്ത ബാഗ് കൈയിലും പേറിയാണ് ഞാന്‍ ആദ്യം ചിത്രഗിരിയിലെത്തുന്നത്. മുട്ടിയ വാതിലുകളൊന്നും തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതുവരെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിരാശ നിര്‍വികാരതയ്ക്കു വഴിമാറിക്കൊടുത്തു.
      ചിത്രഗിരിയിലെത്തിയിട്ട് പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. കോടതി ഗുമസ്തനായ കേദാര്‍നാഥിന്റെ കരുണകൊണ്ട് അയാളുടെ വീടിന്റെ ഒരു ഇരുണ്ട മുറി വാടക കൂടാതെ തല ചായ്ക്കാന്‍ കിട്ടിയിരുന്നു. എന്റെ യോഗ്യതകളും ഗതികേടുമെല്ലാം കേട്ടപ്പോള്‍ എന്തുകൊണ്ടോ അങ്ങനെയൊരു സഹായം ചെയ്യാന്‍ അയാളുടെ മനസ്സ് വിശാലമായി. ആ നല്ല മനുഷ്യന്റെ മുന്നില്‍ മാത്രം ഞാനെന്റെ ഉള്ളു തുറന്നു. വീട്ടിലെ പ്രതിസന്ധികളും ജോലി തേടിയുള്ള യാത്രകളുടെ മുന്‍ അദ്ധ്യായങ്ങളുമെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി.
      പതിമൂന്നാം ദിവസം രാവിലെ കേദാര്‍നാഥിന്റെ ഭാര്യ കൊണ്ടുവന്നു തന്ന ചൂടുചായ ധൃതിയില്‍ കുടിച്ച് സന്തതസഹചാരിയായ കറുത്ത ബാഗുമായി ഞാനിറങ്ങി- നഗരത്തിന്റെ നാട്യങ്ങളിലേക്ക്... വൈചിത്ര്യങ്ങളിലേക്ക്...
      തൊഴില്‍ സാധ്യതയില്ലെന്ന പല്ലവി കേട്ടു തളര്‍ന്ന് സായാഹ്നത്തില്‍ നഗരത്തിലെ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലൊരു ബെഞ്ചില്‍ ഞാനിരുന്നു. തൊഴില്‍ ചെയ്ത് തളര്‍ന്നവരും തൊഴില്‍ തേടി തളരുന്നവരും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും തളര്‍ച്ചയറിയാത്തവരും ഒന്നിച്ചു ചേരുന്ന സ്ഥലമല്ലേ നഗരത്തിലെ പാര്‍ക്കുകള്‍! ഇത്രയും വലിയ പട്ടണത്തില്‍ ഒരു പാവപ്പെട്ടവനു നല്‍കാന്‍ തൊഴിലില്ലത്രേ!
      ചെറുപ്പത്തില്‍ എന്റെ ജാതകദോഷത്തെക്കുറിച്ചു പറഞ്ഞ് അച്ഛന്‍ വ്യാകുലപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിത്ര കടുപ്പമാവുമെന്ന് കരുതിയിരുന്നില്ല. പോക്കറ്റില്‍ ഇനി ഇരുപത്തിരണ്ടു രൂപ അന്‍പതു പൈസ ബാക്കിയുണ്ട്.
      ഇലച്ചാര്‍ത്തുകള്‍ക്കപ്പുറം ആകാശസീമയില്‍ അനിശ്ചിതത്വത്തിന്റെ പുകപടലം. അകലെയേതോ ക്ഷേത്രത്തില്‍ നിന്ന് സാമഗീതത്തിന്റെ മന്ദനാദം. സമയരേഖയുടെ അതിര്‍ ലംഘിച്ച വേവലാതിയോടെ കുറേ കരിയിലക്കിളികള്‍ കലപിലകൂട്ടി പറന്നുപോയി. വിടര്‍ന്നു പ്രതാപികളായി നിന്നിരുന്ന റോസാപ്പുഷ്പങ്ങള്‍ വാടിത്തുടങ്ങിയ നേരത്താണ് ആ വൃദ്ധസന്യാസി എന്റെയടുത്തു വന്നത്.
      ചെറുപ്പം മുതലേ സന്യാസിമാരോടെനിക്ക് വിദ്വേഷമാണ്. കാഷായം ധരിച്ച് അര്‍ത്ഥമില്ലാത്ത മന്ത്രങ്ങള്‍ ജപിച്ച് ഉപജീവനത്തിനിറങ്ങുന്ന മടിയന്‍മാരായാണ് ഞാനവരെ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മനസ്സിന്റെ ശാന്തിയുടെ കാര്യത്തിലെങ്കിലും എന്നെക്കാള്‍ ഈ വൃദ്ധസന്യാസിക്കുള്ള മഹത്വത്തെ ഞാന്‍ ആദരിക്കുന്നു. അതുകൊണ്ടു മാത്രം അയാള്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.
      'ചിത്രഗിരിയില്‍ പുതിയ ആളാണല്ലേ?' വനസീമയും കടന്നെത്തിയ തെക്കന്‍കാറ്റു പോലെ ലോലമായിരുന്നു ആ ശബ്ദം.
      'അതെ...' തെല്ലിട ശങ്കിച്ച് ഞാന്‍ പറഞ്ഞു.
      'ഒരു തൊഴിലന്വേഷകനാണെന്നു തോന്നുന്നു...' അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ഞാന്‍ മറുപടി പറഞ്ഞില്ല. ആ നിരീക്ഷണപടുവായ യമിയെ ഇമവെട്ടാതെ നോക്കിയിരിക്കുക മാത്രം ചെയ്തു.
      'നോക്കൂ കുട്ടീ...' അദ്ദേഹം തുടര്‍ന്നു:  'തൊഴില്‍ശാലകള്‍ക്ക് രണ്ടു വാതിലുകളുണ്ട്. മുന്‍വാതിലും പിന്‍വാതിലും. നീ അവയുടെ മുന്‍വാതില്‍ മാത്രമേ കണ്ടിട്ടുള്ളെന്നു തോന്നുന്നു. പിന്‍വാതിലിന്റെ വഴിയറിഞ്ഞവനേ ഈ നഗരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അവ പക്ഷേ നിഷ്കളങ്കര്‍ക്കു വഴങ്ങാറില്ല.'
      അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ താത്പര്യമുണ്ടെന്ന് എന്റെ കണ്ണുകളില്‍നിന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, അദ്ദേഹം തുടര്‍ന്നു:
      'പറയൂ കുട്ടീ... എന്തിനാണു തൊഴില്‍?'
      'ജീവിക്കാന്‍ തൊഴിലും പണവും വേണമല്ലോ...'
      'തൊഴിലും പണവുമൊന്നുമില്ലാത്തവരും ജീവിക്കുന്നില്ലേ? നീ സിദ്ധിവിനായകന്റെ ഊട്ടുപുരയിലേക്കു പോയി നോക്കൂ... തൊഴിലും പണവുമൊന്നും ജീവിതത്തിന് തടസ്സമാവാത്ത ഒത്തിരിപ്പേരെ നിനക്കവിടെ പരിചയപ്പെടാം.'
      അന്നെനിക്ക് സിദ്ധിവിനായകന്റെ ഊട്ടുപുരയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. സന്യാസി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ആ സംഭാഷണത്തിലെ സിദ്ധിവിനായകന്റെ ഊട്ടുപുര മാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു.കതിരവന്‍ ആകാശാധിപത്യം ചന്ദ്രനു വിട്ടുകൊടുത്ത വേളയിലാണ് ഞങ്ങള്‍ പിരിഞ്ഞത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര തേടി കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ദിവസത്തെ ജോലി. അതിന് വലിയ പ്രയാസമുണ്ടായില്ല. ചിത്രഗിരിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം താണ്ടിയാലെത്താവുന്ന വിനായകപുരത്തെ ഊട്ടുപുരയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകത്തിന് ഇപ്പോഴും വ്യത്യാസമില്ല- 'ജീവിതയാത്രയില്‍ ക്ഷീണിച്ചവര്‍ക്കായി ഇവിടെ ഈശ്വരകാരുണ്യത്തിന്റെ തണല്‍.'
      അന്ന് വാതില്‍ക്കലെത്തി സംശയിച്ചുനിന്ന എന്നെ താടി നീട്ടി വളര്‍ത്തിയ ഒരു മധ്യവയസ്കന്‍ ക്ഷണിച്ചു:
      'അകത്തേക്കു വരാമല്ലോ.'
      അങ്ങനെ ഞാന്‍ ഊട്ടുപുരയുടെ ഭാഗമായി മാറുകയായിരുന്നു. ഞാനുള്‍പ്പെടെ അന്ന് പതിനാറ് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ അംഗസംഖ്യ മുപ്പത്തിനാലായിരിക്കുന്നു.
രാവിലെയും വൈകുന്നേരവും നടത്തപ്പെടുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് പണികളൊന്നും ഉണ്ടായിരുന്നില്ല. അധികം സംസാരിക്കാന്‍ പോലും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ആ അന്തരീക്ഷം എന്നില്‍ അല്പം വീര്‍പ്പുമുട്ടല്‍ ഉളവാക്കിയെന്നതു സത്യം തന്നെ. പിന്നെപ്പിന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാനറിഞ്ഞു.
പതിനാലു വര്‍ഷത്തെ ഊട്ടുപുര വാസം എന്നില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ഊട്ടുപുരയില്ലാതെ എനിയ്ക്ക് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇന്നലെ കേട്ട വാര്‍ത്ത എന്നില്‍ അഗ്നികോരിയിട്ടത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      വാര്‍ത്ത ആദ്യം ഞങ്ങളുടെ ചെവിയിലെത്തിച്ചത് വിഷ്ണുശര്‍മ്മനായിരുന്നു.ഊട്ടുപുരയിലെ വാര്‍ത്താവാഹിയാണ് ആ മുപ്പത്തിയെട്ടുകാരന്‍. ഏതു വാര്‍ത്തയും ആദ്യം അറിയുന്നത് വിഷ്ണുശര്‍മ്മനായിരിക്കും. വാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതിനും സമൂഹമധ്യത്തില്‍ അവ അവതരിപ്പിക്കുന്നതിനും അയാള്‍ക്കുള്ള കഴിവ് അസാമാന്യം തന്നെ!
      അധികാരികള്‍ നിര്‍വ്വാഹകസമിതി കൂടുന്ന മുറിയ്ക്കു സമീപം ഒളിച്ചു നിന്നു കേട്ടതാണത്രേ അയാള്‍ ആ വാര്‍ത്ത. അറിയിച്ചത് വിഷ്ണുശര്‍മ്മനാണെങ്കിലും എനിയ്ക്ക് ആദ്യം അത് വിശ്വസനീയമായി തോന്നിയില്ല. ഇന്ന് പ്രഭാതഭക്ഷണസമയത്ത് കാര്യദര്‍ശി ഔദ്യോഗികമായി വിഷയം അറിയിച്ച സ്ഥിതിയ്ക്ക് അതു വിശ്വസിക്കാതെ തരമില്ലല്ലോ.
      'കൂട്ടരേ, സംഗതി സത്യം തന്നെ... സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണ്.
      ഇനി ഞാനെങ്ങനെ ജീവിയ്ക്കും? ഇന്നു പകല്‍ മുഴുവന്‍ എന്റെ വേവലാതി ഇതായിരുന്നു. ഈ രാത്രിയിലും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
      മനുഷ്യപുത്രന്‍മാര്‍ പാര്‍ക്കുന്ന മേല്‍ക്കൂരയില്ലാത്ത ഭൂമിയ്ക്കു മേലേ ദൈവംതമ്പുരാന്‍ നക്ഷത്രത്തുന്നലുള്ള കരിമ്പടം വിരിച്ചു കഴിഞ്ഞു. നില്‍ക്കാന്‍ നേരമില്ലെന്നു പുലമ്പിക്കൊണ്ട് ഹവിസ്സുകളുടെ സുഗന്ധവും പേറി തെക്കന്‍കാറ്റു കടന്നുപോയി. എന്റെ മനസ്സിലും കാളിമ പടരുകയാണ്.
      സ്‌നേഹിതരേ... എന്തെങ്കിലുമൊരു തൊഴില്‍ ചെയ്യാന്‍ ഇന്നു ഞാന്‍ പ്രാപ്തനല്ല. ജാതകദോഷം എനിയ്ക്കു വിളമ്പിയ അനിശ്ചിതത്വത്തിന്റെ കാണാനിഴല്‍ എന്നെ പിന്തുടരുന്നു. നിങ്ങളുടെ അറിവില്‍ ഇതുപോലെയൊരു സ്ഥാപനമുണ്ടെങ്കില്‍ ദയവായി അറിയിക്കുക. എന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍.
      നിങ്ങളുടെ മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.