മഞ്ഞു പൊഴിയുന്ന പ്രഭാതം.
ഏഴിന് അഞ്ചു മിനിട്ട് മുമ്പു തന്നെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തി. തലേദിവസം സന്ദീപ് പറഞ്ഞത് ഓര്‍മ്മയില്‍ വന്നു.
'സാര്‍ ടൗണില്‍നിന്ന് ഡാം സൈറ്റിലേക്ക് രാവിലെ ഏഴിനാണ് ആദ്യ വണ്ടി. അതു കഴിഞ്ഞാല്‍ പിന്നെ പതിനൊന്നരയ്‌ക്കേ വണ്ടിയുള്ളൂ. ടൗണ്‍ പിന്നിട്ടു കഴിഞ്ഞാല്‍ വനമാണ്. വനത്തിനുള്ളില്‍ രണ്ടാമത്തെ സ്‌റ്റോപ്പ്. അതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവിടെയൊരു വെയിറ്റിംഗ് ഷെഡുണ്ട്. ഞാനവിടെ കാത്തു നില്‍ക്കും.'
സന്ദീപിനെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങളായിട്ടില്ല. നല്ല ചുറുചുറുക്കുള്ളൊരു യുവാവ്. പരിഷ്ക്കാരവും വിനയവും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഇടപെടല്‍. ടൗണില്‍ പാല്‍ വില്‍ക്കാന്‍ വരുന്ന അവന്‍ കാണുമ്പോഴെല്ലാം ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്യുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. മനസ്സിലുണ്ടായ സംശയം തലേദിവസം അവനോടു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു.
'സന്ദീപ് നീ ഏതു സ്കൂളിലാണ് പഠിച്ചത്? ഇവിടുത്തെ സാധാരണ കുട്ടികളെക്കാള്‍ നിനക്ക് അറിവുണ്ടല്ലോ... നീയിങ്ങനെ പാല്‍ വിറ്റു നടക്കേണ്ടവനല്ലല്ലോ.'
അവന്‍ ഒന്നു മന്ദഹസിച്ചു. 'സാര്‍ അതൊരു വലിയ കഥയാണ്. നാളെ രാവിലെ എന്റെ വീട്ടിലേക്കു വരുമോ? എങ്കില്‍ ആ കഥ ഞാന്‍ പറയാം.'
'ഡാം സൈറ്റ്... ഡാം സൈറ്റ്...' കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഡാം സൈറ്റിലേക്കുള്ള ബസ് തൊട്ടു മുന്നില്‍. പാല്‍പാത്രങ്ങളുമായി കുറേ ആദിവാസി സ്ത്രീകള്‍ കലപില ശബ്ദമുണ്ടാക്കി ബസ്സില്‍ കയറാന്‍ തിരക്കു കൂട്ടുന്നു. പച്ചയും ചുവപ്പുമൊക്കെ നിറത്തിലുള്ള സാരികള്‍ പ്രത്യേക രീതിയില്‍ ഉടുത്ത അവര്‍ കൈ നിറയെ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. കഴുത്തു നിറയെ മുത്തുമാലകളും. അവര്‍ ധരിച്ചിരിക്കുന്ന കമ്മലുകളെ താങ്ങാനുള്ള ശേഷി അവരുടെ കാതുകള്‍ക്കില്ലെന്നു തോന്നി. അവരെല്ലാവരും കയറിക്കഴിയുന്നതു വരെ കാത്തുനിന്നു.
അവധി ദിവസമായതുകൊണ്ടാവാം, ആദിവാസി സ്ത്രീകളെ കൂടാതെ മൂന്നു യാത്രക്കാരേ ബസ്സിലുണ്ടായിരുന്നുള്ളൂ. തണുപ്പു കാരണം ആരും വിന്‍ഡോ ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. അകലെയേതോ ക്ഷേത്രത്തില്‍നിന്ന് 'ഭാഗ്യദ ലക്ഷ്മീ ബാറമ്മ...' എന്ന കന്നഡ ഭക്തിഗാനത്തിന്റെ ശ്രുതിമധുരമായ ഈരടികള്‍ ഒഴുകിയെത്തി. ബസ് പതിയെ മുന്നോട്ടു നീങ്ങി. ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് പണം നല്‍കുമ്പോള്‍ കണ്ടക്ടര്‍ ഒന്നു പാളി നോക്കി. സ്ഥിരമായി വനമധ്യത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നവരെ അയാള്‍ക്കറിയാമായിരിക്കാം.
മഞ്ഞണിഞ്ഞ കാനനക്കാഴ്ചകള്‍ പിന്നോട്ടോടി. പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെയും പൂവുകളുടെയും ഗന്ധങ്ങള്‍ നാസികകള്‍ക്കു വിരുന്നൊരുക്കി. വനമധ്യത്തിലെ ബസ്‌സ്റ്റോപ്പും വെയിറ്റിംഗ് ഷെഡും ദൂരെനിന്നേ കണ്ട ഞാന്‍ എഴുന്നേറ്റു. ബസ് നിന്നപ്പോള്‍ കണ്ടു, വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ കാത്തു നില്‍ക്കുന്ന സന്ദീപിനെ. ചിരിയോടെയാണ് അവന്‍ വരവേറ്റത്.
'സാര്‍ സ്ഥലം മനസ്സിലാക്കാന്‍ പ്രയാസമുണ്ടായോ?'
'ഏയ് ഇല്ല, സന്ദീപ് വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനേരമായോ?'
'അഞ്ചു മിനിറ്റ് ആയതേയുള്ളു സാര്‍. നമുക്കിനി അല്‍പ്പം നടക്കാനുണ്ട്...'
എനിക്കു സന്തോഷമായി. കാട്ടുവഴിയിലൂടെ കാടിനെ അടുത്തറിയാവുന്ന ഒരാളോടൊപ്പം ഒരു പ്രഭാതസവാരി!!!
'കാട്ടുമൃഗങ്ങള്‍ ഉണ്ടാവുമോ സന്ദീപ്?'
'പേടിക്കേണ്ട സാര്‍, മനുഷ്യന്റെ അടുത്തേക്ക് അവ വരില്ല. പിന്നെ എന്റെ കൈസര്‍ കൂടെയുള്ളപ്പോള്‍ ഒട്ടും പേടിക്കേണ്ട.'
അപ്പോഴാണ് ഞാന്‍ കൈസറിനെ ശ്രദ്ധിച്ചത്. നല്ല ഉശിരന്‍ ഒരു നാടന്‍ നായ.
മെയിന്‍ റോഡില്‍നിന്ന് ഞങ്ങള്‍ കാടിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു മുമ്പേ കൈസര്‍ ഇലകളും കായ്കളും മണത്തുനോക്കി വഴികാട്ടിയെപ്പോലെ നടന്നു. നടക്കുന്നതിനിടയില്‍ സന്ദീപ് അവന്റെ കഥ പറഞ്ഞുതുടങ്ങി.
സന്ദീപ് ജനിച്ചത് അവിടെനിന്ന് മുന്നൂറോളം കിലോമീറ്ററുകള്‍ അകലെ ഒരു മറാഠി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലെ അറിയപ്പെടുന്നൊരു കര്‍ഷകനായിരുന്നു അവന്റെ അച്ഛന്‍. ഒരു ട്രാക്ടറും സ്കൂട്ടറും പത്ത് ഏക്കറോളം കൃഷിയിടവും കുറേ പശുക്കളും സ്വന്തമായി ഉണ്ടായിരുന്നു അയാള്‍ക്ക്. സുഭിക്ഷമായി ജീവിച്ചിരുന്ന ആ കാലത്താണ് ദുരിതം രോഗത്തിന്റെ വേഷത്തില്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
സന്ദീപിന്റെ അമ്മ ഹൃദ്രോഗബാധിതയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും സന്ദീപും അടങ്ങുന്ന ആ കുടുംബം ഇരുളില്‍ തപ്പി. ദൂരെയുള്ള മെഡിക്കല്‍കോളജില്‍ അമ്മ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷനും അനന്തരചികിത്സയുമൊക്കെയായപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍... ഏഴാം ക്ലാസ് പാസായ മകന്‍... രോഗിണിയായ ഭാര്യ... എന്തു ചെയ്യണം? സന്ദീപിന്റെ അച്ഛന്‍ വ്യാകുലപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിടപ്പാടം വില്‍ക്കാന്‍ ആ നല്ല കുടുംബനാഥന്‍ മടിച്ചില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ ആ മാതാവിനു ലഭിച്ചു.
ഇനി എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു കൃഷിയിടം കണ്ടെത്തണം. അങ്ങനെയാണ് കര്‍ണ്ണാടകയില്‍ പശ്ചിമഗിരിനിരകളിലെ ആ വനത്തിനു നടുവില്‍ വളക്കൂറുള്ള മണ്ണു കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നറിഞ്ഞ് അയാള്‍ അവിടെയെത്തിയത്.
സന്ദീപ് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.
'അപ്പോള്‍ സന്ദീപ് ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളോ?'
അവന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു-
'സാര്‍, ആ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.'
ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.
'സാര്‍ പഠിക്കാന്‍ എനിക്കു വലിയ ആഗ്രഹം തോന്നി. ഞാനത് അച്ഛനോടു തുറന്നു പറഞ്ഞു. പക്ഷേ അച്ഛന്‍ നിസ്സഹായനായിരുന്നു. ഈ കാടിനു നടുവില്‍നിന്ന് ഏറ്റവും അടുത്തുള്ള സ്കൂളിലെത്തണമെങ്കില്‍ പതിമൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടിലൂടെ എന്നെ സ്കൂളിലയയ്ക്കാന്‍ അച്ഛനു മനസ്സു വന്നില്ല. അങ്ങനെ എന്റെ പഠനം മുടങ്ങി.'
ഇതു പറയുന്നതിനിടയില്‍ അപ്പുറത്ത് കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം!!! എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി. സന്ദീപ് 'കൈസര്‍...' എന്നു വിളിച്ചതും കൈസര്‍ അവിടേക്കു ചാടിയതും ഒന്നിച്ചായിരുന്നു. പിന്നെ കണ്ടത് വലിയൊരു മുയലിനെ കൈസര്‍ കടിച്ചു കുടയുന്നതാണ്. എന്നിട്ട് അവന്‍ അതിനെ സന്ദീപിന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്ന് ഇട്ടു. കാട്ടിലകള്‍ പറിച്ച് മുയലിന്റെ രക്തം തുടച്ചു കളഞ്ഞിട്ട് സന്ദീപ് അതിനെ കൈകളിലെടുത്തു. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു-
'കൈസറിനെ ഓടിത്തോല്‍പ്പിക്കാന്‍ ഒരു മുയലിനും പറ്റില്ല.'
മുയലിനെ തൂക്കിപ്പിടിച്ച് മുന്നോട്ടു നടക്കുമ്പോള്‍ സന്ദീപ് അവന്റെ അനുഭവ വിവരണം തുടര്‍ന്നു.
'അങ്ങനെ സ്കൂളില്‍ പോകാതെ ഞാന്‍ ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടി വന്നു. അതിനിടയ്ക്ക് സ്കൂളില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടെന്ന് അച്ഛന്‍ സുഹൃത്തായ ഒരു പോലീസുകാരനോടു പറഞ്ഞു. അച്ഛന്റെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം ഒരു വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. സ്റ്റേഷനില്‍ ചെന്ന് എസ് ഐയെ കണ്ട് ഒരു കൈമടക്ക് കൊടുക്കുക. ബാക്കിയൊക്കെ അദ്ദേഹം പറഞ്ഞു തരും. അങ്ങനെ അച്ഛന്‍ എസ് ഐയെ കണ്ടു. അദ്ദേഹം എന്നെ വിളിപ്പിച്ചു സംസാരിച്ചു. പിറ്റേന്ന് പോലീസുകാര്‍ വീട്ടില്‍ വന്ന് എന്നെ അറസ്റ്റ് ചെയ്തു.'
ഇതു പറഞ്ഞ് സന്ദീപ് ഒന്നു നിര്‍ത്തി. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന്‍ തുടര്‍ന്നു.
'അതേ സാര്‍, ഒരു തെറ്റും ചെയ്യാതെ ഞാന്‍ പതിമൂന്നാം വയസ്സില്‍ ക്രിമിനല്‍കേസില്‍ പ്രതിയായി. എന്നെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. പോലീസുകാര്‍ പഠിപ്പിച്ചതനുസരിച്ച് ഞാന്‍ തെറ്റു ചെയ്തതാണെന്ന് കോടതിയുടെ മുന്നില്‍ സമ്മതിച്ചു. കോടതി എന്നെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. ഇവിടെനിന്ന് നൂറു കിലോമീറ്റര്‍ അകലെ പട്ടണത്തിലെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എനിക്ക് പഠിക്കാന്‍ നല്ല അന്തരീക്ഷമായിരുന്നു. ഞാന്‍ വാശിയോടെ പഠിച്ചു. പഠിക്കാനുള്ള എന്റെ ഉത്സാഹവും ശാന്തസ്വഭാവവും കാരണം പത്താം ക്ലാസിനു ശേഷം എന്നെ ശിക്ഷ ഇളവു ചെയ്ത് വീട്ടിലേക്ക് അയച്ചു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ എനിക്കു സാധിച്ചില്ല സാര്‍. ഇനിയൊരിക്കല്‍ക്കൂടി പ്രതിയാകാനും ശിക്ഷയനുഭവിക്കാനും ഞാനില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് എട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. കൂടാതെ കുറേ പശുക്കളും. ഞാനിപ്പോള്‍ അച്ഛനെ സഹായിക്കുകയാണ്.'
അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സന്ദീപിന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും പുല്ലു മേഞ്ഞ മേല്‍ക്കൂരയുമായി ഒരു വീട്! അതിനപ്പുറത്ത് കൃഷിയിടം. കൃഷിയിടത്തിനു നടുവില്‍ ഒരു മരം. അതിലൊരു ഏറുമാടം. കൃഷിയിടത്തിനപ്പുറം പുഴയാണ്. വീടിനെയും കൃഷിയിടത്തെയും കാടുമായി വേര്‍തിരിക്കുന്ന ഭാഗത്ത് വലിയൊരു കിടങ്ങ് കുഴിച്ചിട്ടുണ്ട്. ആ കിടങ്ങിനു കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലത്തിലൂടെ ബാലന്‍സ് ചെയ്ത് നടന്നു വേണം സന്ദീപിന്റെ വീട്ടിലെത്താന്‍. ശ്രദ്ധയോടെ ആ പാലത്തിലൂടെ നടക്കുമ്പോള്‍ സന്ദീപ് പറഞ്ഞു- 'കാട്ടുമൃഗങ്ങളുടെ ശല്യം ഒഴ്വാക്കാനാണു സാര്‍ ഈ കിടങ്ങ്.'
വീട്ടില്‍ സന്ദീപിന്റെ മാതാപിതാക്കളും സഹോദരിമാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് മടങ്ങുമ്പോള്‍ സന്ദീപിനോടു ചോദിച്ചു-
'മഹാരാഷ്ട്രയിലെ സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഈ കാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നതില്‍ വിഷമം തോന്നുന്നുണ്ടോ സന്ദീപ്?'
അവന്റെ മറുപടി പെട്ടെന്നായിരുന്നു-
'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'