Wednesday 25 July 2018

ജിഷ്ണുവിന്റെ സ്‌കൂള്‍ബാഗ്

      നല്ല പിങ്ക് നിറമുള്ള സ്‌കൂള്‍ ബാഗ്! അതിന്റെ മുന്നിലെ പോക്കറ്റിനു  മുകളില്‍ മഞ്ഞ ഉടുപ്പിട്ട മിക്കി മൗസിന്റെ വലിയ ചിത്രം. മിക്കിയുടെ കണ്ണുകള്‍ ജീവനുള്ളവ പോലെ ഇടയ്ക്കിടയ്ക്ക് ചലിക്കുന്നുണ്ട്. 
ജിഷ്ണു ദൂരെ നിന്ന് കൗതുകത്തോടെ ആ ബാഗിലേക്കു നോക്കി. അരുണിന്റേതാണ് ആ ബാഗ്. ജിഷ്ണു കേള്‍ക്കത്തക്ക വിധം അരുണ്‍ ഉറക്കെ ജോയലിനോടും അഭിജിത്തിനോടും പറയുന്നതു കേട്ടു:
''ഡാഡി വാങ്ങിത്തന്നതാ ഈ ബാഗ്... കണ്ടില്ലേ ഇതിനകത്ത് പെന്‍സിലും റബ്ബറുമൊക്കെ വയ്ക്കാന്‍ പ്രത്യേകം പ്രത്യേകം അറകളുണ്ട്... ഇതു വാങ്ങിയപ്പോള്‍ വാട്ടര്‍ ബോട്ടിലും വാട്ടര്‍ ഗണ്ണും ഫ്രീ കിട്ടിയിട്ടുമുണ്ട്.''
അതൊക്കെയൊന്ന് അടുത്തു കാണാന്‍ ജിഷ്ണുവിന് ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ,അരുണിന് ജിഷ്ണുവിനെ ഒട്ടും ഇഷ്ടമില്ല.
അരുണിനോട് ജിഷ്ണുവിന് പ്രത്യേകം വിരോധമൊന്നുമില്ല. എന്നാല്‍ അന്നവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ജിഷ്ണുവിനു സങ്കടം വരും. ഒരു തെറ്റും ചെയ്യാത്ത തന്റെ അച്ഛന്‍ ജയിലിലായിപ്പോയതിന്റെ പേരില്‍ അരുണ്‍ പറഞ്ഞതെന്താ? 'നീയാ വണ്ടിക്കള്ളന്റെ മകനല്ലേ' എന്ന്... 
അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. അരിശം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറി. പിന്നെ അവനെ കൂട്ടിപ്പിടിച്ച് കയ്യുടെ തരിപ്പ് മാറുന്നതു വരെ തല്ലി. അതിന്റെ പേരില്‍ ഹെഡ്മാസ്റ്ററുടെ വക ചൂരല്‍പ്രയോഗം ഏല്‍ക്കുമ്പോഴും ജിഷ്ണുവിനു വേദനിച്ചില്ല. 
പാവം അച്ഛന്‍!... ഇപ്പോള്‍ അവിടെ എന്തുമാത്രം പ്രയാസം അനുഭവിക്കുന്നുണ്ടാവും!... അച്ഛന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഇതുപോലെയൊരു ബാഗ് തനിക്കും കിട്ടുമായിരുന്നു.
കാലക്കേടിനാണ് അച്ഛന്‍ അന്ന് ആ വണ്ടി ബിസിനസ്സിന് ഇടനില നിന്നത്. വണ്ടിപ്പേട്ടയില്‍ പല പ്രാവശ്യം കണ്ടു പരിചയമുള്ള ഒരാള്‍ വന്ന് ഒരു ജീപ്പ് വില്‍പ്പനയ്ക്കുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ജീപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരന്‍ റേഷന്‍കടയുടമയെ അച്ഛന്‍ ഓര്‍ത്തു. വണ്ടിക്കച്ചവടത്തിന്റെ കമ്മീഷന്‍ കിട്ടിയാല്‍ ജിഷ്ണുവിന്റെ പുതുവര്‍ഷച്ചെലവുകള്‍ നടക്കുമല്ലോ എന്നായിരുന്നു അച്ഛന്റെ ചിന്ത. 
പക്ഷേ അച്ഛനെ അന്വേഷിച്ച് റേഷന്‍കടക്കാരനൊപ്പം പൊലീസ് വീട്ടില്‍ വന്നപ്പോഴാണ് ആ ജീപ്പ് മോഷണമുതലാണെന്ന് എല്ലാവരും അറിയുന്നത്. ജീപ്പ് വില്‍ക്കാന്‍ തന്നെ സമീപിച്ച ആളെ വണ്ടിപ്പേട്ടയില്‍ കണ്ടുള്ള പരിചയമേയുള്ളുവെന്ന് അച്ഛന്‍ പറഞ്ഞതൊന്നും പൊലീസുകാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഒടുവില്‍ അച്ഛന്‍ ജയിലിലായി. അന്നു തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാട്. ഹോട്ടലിലെ  അടുക്കളയില്‍ അദ്ധ്വാനിക്കുകയാണ് ഇപ്പോള്‍ അമ്മ...
കാലവര്‍ഷം ആരംഭിച്ചിരിക്കുന്നു... ജിഷ്ണു തന്റെ നരച്ചു തുടങ്ങിയ സ്‌കൂള്‍ബാഗ് പുറത്തു തൂക്കി വീട്ടിലേക്കു നടന്നു. ഇന്ന് അമ്മ പണിക്കു പോയിട്ടില്ല. വീട്ടില്‍ പനിച്ചു കിടക്കുകയാണ്. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അവന്‍ അമ്മയ്ക്ക് മരുന്നു വാങ്ങിക്കൊടുത്തിരുന്നു. വടക്കേലെ നാണിയമ്മ ഉച്ചയ്ക്ക് കഞ്ഞി കൊടുക്കാമെന്നും ഇടയ്ക്കു വന്നു നോക്കാമെന്നും സമ്മതിച്ചതുകൊണ്ടാണ് അവന്‍ സ്‌കൂളില്‍ പോയതു തന്നെ. തണുത്തു വിറയ്ക്കുകയായിരുന്നു അമ്മ. ഒരു കമ്പിളിപ്പുതപ്പ് അമ്മയ്ക്ക് അത്യാവശ്യമാണ്. എങ്കിലും നിസ്സഹായനായിരുന്നു അവന്‍. 
ആകാശം കറുത്തിരുളുന്നു. അടുത്ത മഴയ്ക്കുള്ള പുറപ്പാടാണ്. ദൂരെ നിന്നു തന്നെ രാജലക്ഷ്മി ടീച്ചര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത് ജിഷ്ണു കണ്ടു. സ്‌കൂളില്‍ നിന്ന് വിരമിച്ചെങ്കിലും ടീച്ചറിന് ഇപ്പോഴും കുട്ടികളെ കാണാതിരിക്കാനാവില്ല. ജിഷ്ണു അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ ചോദിച്ചു: 
''ജിഷ്ണൂ... പുസ്തകങ്ങളും ബുക്കുമൊക്കെ വാങ്ങിയോ?...''
''വാങ്ങി ടീച്ചര്‍...'' അവര്‍ അവനെ ചേര്‍ത്തു നിര്‍ത്തി പുഞ്ചിരിയില്‍ നിറഞ്ഞ സ്‌നേഹത്തോടെ ചോദിച്ചു: 
''എന്നിട്ട് പുതിയ സ്‌കൂള്‍ബാഗ് വാങ്ങിയില്ലേ? ഈ ബാഗിന്റെ നിറം മങ്ങി പഴകിപ്പോയല്ലോ...''
അവന്‍ ഒന്നും പറഞ്ഞില്ല. പെയ്യാനൊരുങ്ങുന്ന ആകാശം പോലെയായി അവന്റെ കണ്ണുകള്‍. ടീച്ചര്‍ വിളിച്ചു: ''നീ വാ...'' 
ടീച്ചറുടെ വീടിനുള്ളില്‍ പതുപതുത്ത സെറ്റിയില്‍ അമര്‍ന്നിരിക്കാന്‍ ജിഷ്ണുവിനു തോന്നിയില്ല. ടീച്ചര്‍ അവന് ചായയും പലഹാരങ്ങളും നല്‍കി. മടങ്ങുമ്പോള്‍ ഒരു അഞ്ഞൂറു രൂപ നോട്ടും ഒരു നൂറുരൂപാ നോട്ടും ഒരുമിച്ച് മടക്കി അവന്റെ പോക്കറ്റില്‍ തിരുകിയിട്ട് ടീച്ചര്‍ പറഞ്ഞു: 
''ഇതുകൊണ്ടൊരു സ്‌കൂള്‍ ബാഗ് വാങ്ങണം കേട്ടോ...''
അപ്പോള്‍ തന്നെ അവന്‍ വീട്ടിലേക്കു പോകാതെ ടൗണിലേക്കു തിരിച്ചു. നിറപ്പകിട്ടാര്‍ന്ന ബാഗുകള്‍ നിറഞ്ഞ ഒരു കടയുടെ മുന്നിലാണ് ഇപ്പോള്‍ ജിഷ്ണു. അവിടെ ചില്ലലമാരയില്‍ തൂക്കിയിട്ട പിങ്ക് നിറമുള്ള ബാഗില്‍ മഞ്ഞനിറത്തില്‍ മിക്കി മൗസിനെ ജിഷ്ണു കണ്ടു. മിക്കി തന്നെ അങ്ങോട്ടു വിളിക്കുകയാണ്. 
ആ കടയ്ക്കപ്പുറത്ത് ഒരു തുണിക്കടയുണ്ട്. ജിഷ്ണു മെല്ലെ അങ്ങോട്ടു നടന്നു. അവിടെ കണ്ട വില്പനക്കാരിയോടവന്‍ ചോദിച്ചു: 
''ചേച്ചീ... അറുനൂറു രൂപയ്ക്ക് ഒരു കമ്പിളിപ്പുതപ്പു കിട്ടുമോ?...''
പുറത്തു തൂക്കിയ നിറം മങ്ങിയ സ്‌കൂള്‍ബാഗും നെഞ്ചത്തടുക്കിപ്പിടിച്ച കമ്പിളിപ്പുതപ്പുമായി വീട്ടിലേക്കു നടക്കുമ്പോള്‍ അവന്‍ ചിന്തിച്ചു: നിറം മങ്ങിയതാണെങ്കിലും എന്റെ സ്‌കൂള്‍ബാഗിന് മറ്റു കുഴപ്പമൊന്നുമില്ലല്ലോ...

4 comments:

  1. ഹൃദയസ്പർശിയായ എഴുത്ത്

    ReplyDelete
  2. നൊമ്പരപ്പെടുത്തുന്ന എഴുത്ത്. ജിഷ്ണുവിന്റെ മനസ്സ് സുപ്പർ

    ReplyDelete
  3. കഥകൾ സങ്കടപ്പെടുത്തുന്നവയെങ്കിലും നല്ല കഥ .

    ReplyDelete