Thursday, 29 May 2014

നചികേതസ്സിന്റെ സന്ദേഹം

      ആശ്രമമുറ്റത്ത് യജ്ഞശാലയില്‍ യാഗത്തിരക്ക്. ഉദ്ദാലകമുനിയും ബന്ധുക്കളും ഭയഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി. ഉദ്ദാലകന്റെ താത്പര്യമനുസരിച്ചാണ് വിശ്വജിത്ത് എന്ന യാഗം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ യജ്ഞാചാര്യന്മാര്‍ സന്നിഹിതരാണ്. 
      യാജകപ്രധാനിയുടെ സമീപത്തുതന്നെ ആജ്ഞാനുവര്‍ത്തിയായി നില്‍പ്പുണ്ട്, നചികേതസ്സ്. ഉദ്ദാലകമുനിയുടെ മകനാണ് ആ ബാലന്‍. ഊര്‍ജ്ജസ്വലനും ബുദ്ധിമാനുമായ അവന്റെ സംശയങ്ങള്‍ക്കു മുന്നില്‍ പണ്ഡിതരായ മുനിവര്യന്മാര്‍ പോലും പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുണ്ട്.
ചിലപ്പോള്‍ അവന്‍ യാഗമന്ത്രങ്ങളുടെ അര്‍ത്ഥം അന്വേഷിക്കും. മറ്റു ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ അങ്ങനെ തന്നെ നടത്തിയില്ലെങ്കിലെന്താ എന്നാവും അവന്റെ സംശയം. ഈശ്വരപ്രസാദത്തെക്കുറിച്ചുള്ള സംശയങ്ങളും മഹര്‍ഷിശ്രേഷ്ഠരോട് ഉന്നയിക്കാന്‍ അവന്‍ മടിക്കാറില്ല. നചികേതസ്സിന്റെ സംശയങ്ങളൊന്നും അവസാനിക്കില്ലെന്നാണ് മുനികുമാരന്മാര്‍ തമാശയായി പറയാറുള്ളത്.
      യാഗം അവസാനഘട്ടത്തിലെത്തി. യാഗം ഫലം കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. വിശ്വജിത് യാഗത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യാജകര്‍ക്ക് ആതിഥേയന്‍ എല്ലാം ദാനം ചെയ്യണമെന്നാണു നിയമം. ഉദ്ദാലകന്‍ ഉദാരമനസ്കനായി എല്ലാം ദാനം ചെയ്യാന്‍ തയ്യാറായി.
      ആശ്രമത്തില്‍ കുറേ പശുക്കളുണ്ടായിരുന്നു- പാല്‍ വറ്റി ശോഷിച്ച മിണ്ടാപ്രാണികള്‍! ദാനം ചെയ്യാന്‍ ബാക്കിയൊന്നുമില്ലെന്നു വന്നപ്പോള്‍ ഉദ്ദാലകന്‍ അവയെയും ദാനം ചെയ്തു. കണ്ടു നിന്ന നചികേതസ്സ് ആ പശുക്കളുടെ കണ്ണിലേക്കു നോക്കി. അവയുടെ ദൈന്യഭാവം അവനില്‍ കനിവുണര്‍ത്തി. ഒപ്പം ഒരു സന്ദേഹവും ഉള്ളിലുണര്‍ന്നു.
ഞാനും അച്ഛന്റെ സ്വത്തല്ലേ? സര്‍വ്വവും ദാനം ചെയ്യണമെന്നാണെങ്കില്‍ എന്നെയും ദാനം ചെയ്യണമല്ലോ.
      നചികേതസ്സ് സംശയം മറച്ചുവച്ചില്ല. അവന്‍ പിതാവിനടുത്തെത്തി ചോദിച്ചു:
      "അച്ഛാ... എന്നെ ആര്‍ക്കാണു ദാനം ചെയ്യുന്നത്?''
      ആദ്യം ഉദ്ദാലകന്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. വിടാന്‍ ഭാവമില്ലാതെ മുനികുമാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം അവന്റെ ചോദ്യത്തെ അവഗണിക്കാനാവാതെ അല്പം നീരസത്തോടെ തന്നെ ഉദ്ദാലകന്‍ പറഞ്ഞു:
      "നിന്നെ ഞാന്‍ കാലനു കൊടുക്കും...''
      അറംപറ്റുന്ന ആ മറുപടി കേട്ട് യജ്ഞശാലയില്‍ അസ്വസ്ഥത പരന്നു. മുനിമാര്‍ വിഷണ്ണരായി. നചികേതസ്സ് മാത്രം അക്ഷോഭ്യനായി നിലകൊണ്ടു. പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി മുഴങ്ങി.
      "നചികേതസ്സേ, നീ യമഗൃഹത്തില്‍ പോകണമെന്നതാണ് നിന്റെ അച്ഛന്റെ ഉദ്ദേശ്യം. അതുകൊണ്ട് യമന്‍ വീട്ടിലില്ലാത്ത സമയം നോക്കി നീ അവിടെ ചെല്ലുക. അപ്പോള്‍ യമപത്‌നി ആതിഥ്യ മര്യാദയനുസരിച്ച് ആഹാരം കഴിക്കുവാന്‍ നിന്നോട് ആവശ്യപ്പെടും. അതു നീ പാടേ നിരസിക്കണം. യമരാജന്‍ മടങ്ങിയെത്തുമ്പോള്‍ നീ അവിടെയെത്തിയിട്ട് എത്ര ദിവസമായെന്നും എന്തു ഭക്ഷിച്ചെന്നും ചോദിക്കും. അതിന് നീ അവിടെയെത്തി മൂന്നു രാത്രിയായെന്നും ആദ്യദിവസം അങ്ങയുടെ പ്രജകളെയും രണ്ടും മൂന്നും ദിവസങ്ങളില്‍ പശുക്കളെയും സുകൃതത്തെയും ഭക്ഷിച്ചെന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നു കഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ് അതിനര്‍ത്ഥം.''
      അശരീരി അനുസരിച്ച് നചികേതസ്സ് യമഗൃഹത്തിലേക്ക് യാത്ര തിരിക്കുകയും അത്തരത്തില്‍ യമനോട് സംസാരിക്കുകയും ചെയ്തു. ആ കൊച്ചുമിടുക്കന്റെ സംസാരത്തില്‍ പ്രീതനായ യമരാജന്‍ അവനെ അനുഗ്രഹിച്ച് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ അവനോട്  ആവശ്യപ്പെട്ടു. എന്നെ ജീവനോടെ എന്റെ അച്ഛന്റെയടുത്തേക്ക് അയയ്ക്കണം, കേള്‍വിയിലൂടെയും ഓര്‍മ്മയിലൂടെയും എനിക്കു ലഭിച്ച യജ്ഞസിദ്ധി നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കണം, മരണത്തെ അതിജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്നീ വരങ്ങളാണ് നചികേതസ്സ് യമരാജനോട് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ യമദേവന്‍ അവന്റെ അഭീഷ്ടം നിറവേറ്റിക്കൊടുത്തു. ബ്രഹ്മവിദ്യയും യോഗവിദ്യയും കരസ്ഥമാക്കി ആശ്രമത്തില്‍ തിരിച്ചെത്തിയ നചികേതസ്സ്  തന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചു.
      നചികേതസ്സ് നമുക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിന് വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാവുമെന്നതാണ് ആ സന്ദേശം. അത്തരം വിജയങ്ങളിലൂടെ നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കണം.