Wednesday, 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.

Wednesday, 6 November 2013

രാജാവിന്റെ മോതിരം

      വളരെക്കാലം മുമ്പ് പേര്‍ഷ്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അജയ്യനായ അദ്ദേഹത്തിന് ഭൂമിയിലെ ധനങ്ങളൊന്നും അപ്രാപ്യമായിരുന്നില്ല.
      മരുഭൂമികളും മണല്‍ക്കാടുകളും കടന്ന് ദൂരെരാജ്യങ്ങളില്‍ നിന്ന് ഒട്ടകക്കൂട്ടങ്ങളിലേറി വന്ന വ്യാപാരികള്‍ രാജാവിന് വിലയേറിയ രത്‌നങ്ങള്‍ സമ്മാനിക്കുമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങള്‍!!
      കടലുകള്‍ താണ്ടി കപ്പലുകള്‍ രാജ്യത്തെത്തുമ്പോള്‍ കടല്‍സഞ്ചാരികള്‍ നല്ലവനായ രാജാവിനെ മുഖം കാണിക്കാനെത്തും. അവര്‍ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമായിട്ടാവും വരിക. വിലയേറിയ മുത്തുകള്‍...
      പക്ഷേ ഈ സമ്മാനങ്ങളൊന്നും രാജാവില്‍ ഭാവവ്യത്യാസമുണ്ടാക്കാറില്ല. അദ്ദേഹം നിസ്സംഗനായി തന്റെ കൈയിലെ മോതിരത്തിലേക്കു നോക്കും. ആ നോട്ടം അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കും. കാരണമെന്തെന്നോ? ആ മോതിരത്തില്‍ ഒരു വാചകം കുറിച്ചിട്ടുണ്ട്: "ഇതും കടന്നുപോകും'' എന്നാണ് ആ വാചകം.
      ആസ്ഥാനനഗരിയില്‍ നടക്കാറുള്ള കായിക മത്സരങ്ങളില്‍ മതിമറന്ന് കാണികള്‍ ഹര്‍ഷാരവം മുഴക്കുമ്പോഴും രാജാവ് മോതിരത്തിലേക്കാവും നോക്കുക. ആ നോട്ടം അദ്ദേഹത്തെ വലിയൊരു സത്യം ഓര്‍മ്മിപ്പിക്കും- ഇതും കടന്നു പോകും.
      രാജാവ് വിശ്വസുന്ദരിയായൊരു യുവതിയെ വിവാഹം കഴിച്ചപ്പോള്‍ പ്രജകള്‍ പറഞ്ഞു:
      "നമ്മുടെ രാജാവ് എത്ര ഭാഗ്യവാനാണ്... രാജ്ഞി എത്ര സുന്ദരിയാണ്!!''
      അതു കേട്ടപ്പോഴും രാജാവ് മോതിരത്തിലേക്കു നോക്കി വായിച്ചു: "ഇതും കടന്നു പോകും...''
യുദ്ധമുഖത്ത് ശത്രുപക്ഷത്തെ ഒരു സൈനികന്റെ കുന്തം രാജാവിന്റെ പരിച തകര്‍ത്ത് ശരീരത്തില്‍ മുറിവേല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ അലറിക്കരഞ്ഞു:
      "നോക്കൂ... നമ്മുടെ രാജാവിന് മുറിവേറ്റു!''
അംഗരക്ഷകര്‍ മുറിവേറ്റ രാജാവിനെ യുദ്ധമുഖത്തുനിന്ന് ശുശ്രൂഷിക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ രാജാവ് പറഞ്ഞു:
      "ഹൊ! വേദന സഹിക്കാനാവുന്നില്ല... എങ്കിലും സഹിക്കാതെ വയ്യല്ലോ... സാരമില്ല, ഇതും കടന്നു പോകും...''
      പ്രശസ്തിയോ ലോകത്തിന്റെ മഹത്വമോ ഒന്നും രാജാവിനെ പ്രലോഭിപ്പിച്ചില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം രാജാവിന്റെ മോതിരം വലിയൊരു സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. "ഇതും കടന്നു പോകും...''
വാര്‍ദ്ധക്യത്തില്‍ സ്വര്‍ഗ്ഗയാത്ര സ്വപ്നം കണ്ടു കഴിയുമ്പോള്‍ രാജാവ് ചിന്തിച്ചു, എന്താണു മരണം? അതിന് മറുപടിയെന്നോണം ജനാലയിലൂടെ കടന്നെത്തിയ ഒരു സൂര്യകിരണം രാജാവിന്റെ മോതിരത്തില്‍ പതിച്ചു. ഇതും കടന്നുപോകും എന്ന് രാജാവിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ സൂര്യകിരണം...
      തിയഡോര്‍ ടില്‍ട്ടണ്‍ എന്ന ആംഗലേയ കവിയുടെ പ്രശസ്തമായ "ദ കിംഗ്‌സ് റിങ്'' എന്ന കവിതയുടെ സാരാംശമാണിത്. ആ കവിതയിലൂടെ അദ്ദേഹം എത്ര വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ.
      ഈ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും. അതുകൊണ്ട്, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കാതെ, ദുഃഖങ്ങളില്‍ നിരാശരാകാതെ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെ.