Monday, 31 December 2012

കാലടികള്‍ ശ്രദ്ധിക്കൂ

കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'

Thursday, 6 December 2012

ക്രിസ്മസ്: എളിമയുടെ പൂത്തിരിവെട്ടം

      വര്‍ണ്ണാഭമാണിന്നു ക്രിസ്മസ്. സാന്റാക്ലോസും നക്ഷത്രവിളക്കും വീടിന്റെ ഉമ്മറത്ത് അലങ്കരിച്ചൊരുക്കിയ പുല്‍ക്കൂടുമെല്ലാം പ്രതാപം വിളിച്ചോതുന്ന മായാക്കാഴ്ചകള്‍ തന്നെ. നക്ഷത്രവിളക്കിന്റെ എണ്ണത്തിലും വലുപ്പത്തിലും ക്രിസ്മസ് ട്രീയുടെ മോടിയിലും അയലത്തുകാരനെ കടത്തിവെട്ടാനുള്ള വെപ്രാളമാണെവിടെയും. കണ്ണഞ്ചിപ്പിക്കുന്ന കമ്പോളനക്ഷത്രത്തിന്റെ ഗതി നോക്കി വിദ്വല്‍ഗര്‍വ്വു ഭാവിക്കുന്ന നമ്മുടെ സമൂഹമിന്ന് ബേത്‌ലഹേമില്‍നിന്ന് വളരെ ദൂരെ ഏതോ മരുഭൂമിയിലെത്തിയിരിക്കുന്നു. സ്‌നേഹം വറ്റിവരണ്ട സ്വാര്‍ത്ഥതയുടെ ഈ മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ എവിടെയാണ് കാരുണ്യരൂപിയായ ഉണ്ണിയ്ക്കു പിറക്കാനിടം ലഭിക്കുക? അപരനെ അറിയാന്‍ അല്പനേരം മാറ്റിവയ്ക്കാനില്ലാതെ ബന്ധങ്ങളറ്റ വിരസജീവിതങ്ങള്‍ക്കിടയിലെവിടെയാണ് ആ ദയാമയന് സ്ഥാനമുണ്ടാവുക? ക്രിസ്മസിന്റെ പേരില്‍ ഇന്നു പ്രചാരത്തിലുള്ള പ്രതീകങ്ങളെല്ലാം തുടക്കത്തില്‍ എളിമയുടെയും ഹൃദയവിശാലതയുടെയും പേരിലാണ് അംഗീകരിക്കപ്പെട്ടത് എന്ന സത്യം നാം മറക്കരുത്.
      ആദ്യത്തെ ക്രിസ്മസ് തന്നെ നോക്കൂ... അരക്ഷിതഭാവിയുടെ ഇരുളിമ പരന്ന മനസ്സുമായി ജീവിതത്തിന്റെ വെളിമ്പറമ്പില്‍ കഴിഞ്ഞിരുന്ന ഇടയന്മാര്‍ക്കാണ് സ്വര്‍ഗ്ഗസമാധാനത്തിന്റെ ദര്‍ശനമുണ്ടായത്. ആ കൊടുംതണുപ്പിലും അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, ഉള്ളിനെ ഊഷ്മളമാക്കുന്നൊരു സ്‌നേഹഭാവവുമായി തങ്ങളുടെ മശിഹാ വരുമെന്ന്. കഷ്ടതകളൊടുങ്ങുന്ന ആ നല്ല കാലം സ്വപ്നം കണ്ട അവര്‍ക്ക് ക്ഷണിക്കാതെ പൂക്കള്‍ നിറച്ചെത്തിയ വസന്തം പോലെ ആഹ്ലാദദായകമായി, ദൂതന്മാരുടെ ദര്‍ശനം.
      ദൂതന്‍ അവരോടു പറഞ്ഞതോ- "ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.' ലോകം സുരക്ഷിതത്വത്തിന്റെ തണലില്‍ ഗാഢനിദ്രയിലായ നേരത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ മേല്‍ക്കൂരയില്ലാത്ത വയലിടങ്ങളില്‍ ആടുകള്‍ക്കു കാവല്‍ കിടന്നവര്‍... ആടുകളുടെ ഭയമകറ്റുന്ന തൊഴിലാണ് അവര്‍ ചെയ്തിരുന്നതെങ്കിലും അവരുടെ ജീവിതമാകെ ഭയത്തിന്റെ കരിനിഴലിലായിരുന്നു. അത്തരമൊരു വിഭാഗത്തിനാണ് ദൂതന്‍ "ഭയപ്പെടേണ്ടാ' എന്ന സന്ദേശം നല്‍കുന്നത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന വലിയൊരു ജനതതി അന്ന് ആ നാട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് റോമന്‍ പട്ടാളക്കാരുടെ കിരാത ആക്രമണത്തിന്റെ ഭയം... മറ്റൊരു ഭാഗത്ത് റോമന്‍ ഭരണത്തെ എതിര്‍ത്ത തീവ്രവാദികളായ യഹൂദരെക്കുറിച്ചുള്ള ഭയം... ഇവയ്ക്കിടയില്‍ തങ്ങളുടെ ഭയമകറ്റാന്‍ താമസംവിനാ മശിഹാ പിറക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അവിടെയാണ് "ഭയപ്പെടേണ്ടാ...' എന്ന ദൂതന്റെ ശബ്ദം അവരില്‍ ആ വയലിലെ രാത്തണുപ്പിനെ അകറ്റുന്ന ഊഷ്മളതയായി നിറഞ്ഞത്. 
      ഭയത്തിന്റെ അസ്വസ്ഥതയില്‍ കഴിയുന്നവര്‍ക്ക് ഇന്നും ധൈര്യം പകരുന്ന സദ്വാര്‍ത്തയാണ് യേശുവിന്റെ ജനനം. അസ്ഥിരതയും അരക്ഷിതത്വവും രോഗങ്ങളും ശത്രുഭീഷണികളുമൊക്കെ ഇന്നും ഭീതിയായി നമ്മുടെയിടയില്‍ അലയടിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അനേകരുടെ കണ്ണീരൊപ്പിയ കരങ്ങളും നീട്ടി, ജീവിതത്തോണിയില്‍ അമരക്കാരനായി അവന്‍ വരുന്നു. അവന്റെ സാന്നിദ്ധ്യത്തില്‍ നിര്‍ഭയമായി മുന്നേറുമ്പോഴാണ് ശിരസ്സ് ധൈര്യമായി ഉയര്‍ത്താന്‍ സാധിക്കുന്നത്.  
      എവിടെ നിര്‍ഭയമാകുന്നു മാനസം
      അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
      ... ... ... ...
      അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ
      ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
      നിര്‍ഭയമായി ഉയര്‍ന്ന ശിരസ്സോടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനു പോലും നില്‍ക്കാനാവുന്നിടത്തേ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നാടുണര്‍ന്നു എന്നു പറയാനാവൂ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ വരികള്‍ മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റം നടത്തിയത് ഏറ്റുമാനൂര്‍ സോമദാസന്‍ മാഷാണ്.
      തങ്ങള്‍ക്ക് ഏറെ പരിചിതമായ പുല്ലിന്റെയും കന്നുകാലികളുടെയും മധ്യത്തില്‍ത്തന്നെ രക്ഷകനെ കണ്ടപ്പോള്‍ ഇടയന്മാര്‍ക്കുണ്ടായ സന്തോഷം എത്ര അധികമായിരുന്നിരിക്കും! മാത്രമോ കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്കു ലഭിച്ച അതേ പരിഗണന തന്നെയാണ് നിരാലംബരായ ആ ഇടയന്മാര്‍ക്കും രക്ഷകന്റെ സന്നിധിയില്‍ ലഭിച്ചത്.
      ക്രിസ്മസ് രാത്രിയില്‍ ഉണ്ണിയേശുവിന്റെ കരച്ചില്‍ കേട്ട് ആദ്യം റാന്തല്‍ വിളക്കുമായി എത്തിയ ചില ഇടയസ്ത്രീകളെക്കുറിച്ച് ഇങ്ങനെയൊരു കഥയുണ്ട്. അവര്‍ കൊണ്ടുവന്ന വിളക്കിന്റെ വെളിച്ചത്തിലാണത്രേ ഉണ്ണിയേശു മിഴി തുറന്നത്. അവര്‍ സമ്മാനിച്ച പുതപ്പാണു പോലും അവനു തണുപ്പകറ്റിയത്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. യേശു വളര്‍ന്നു. അവന്‍ യിസ്രായേലിലെങ്ങും പ്രസിദ്ധനായി. വാര്‍ദ്ധക്യത്തിലെത്തിയ ഇടയസ്ത്രീകള്‍ കൊച്ചുമക്കളെ അരികില്‍ വിളിച്ചു പഴയ സംഭവം പറഞ്ഞു.   ""മക്കളേ, ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമലുകള്‍ വളഞ്ഞതും ശിരസ്സ് കുനിഞ്ഞതും. മറിച്ച് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നതുകൊണ്ടാണ്. എന്നാല്‍ അന്ന് ആ ക്രിസ്മസ് രാത്രിയില്‍ ഞങ്ങളുടെ ശിരസ്സ് ഉയര്‍ന്നു, മനസ്സ് അഭിമാനത്താല്‍ നിറഞ്ഞു. കാരണം നമ്മെക്കാള്‍ ദരിദ്രനായിരുന്നു അവന്‍. നമ്മുടെ റാന്തലിന്റെ വെളിച്ചത്തിലേക്കാണവന്‍ മിഴി തുറന്നത്. നമ്മുടെ പുതപ്പിനടിയിലാണവന്‍ ആദ്യമായി നിദ്രയിലാണ്ടത്...'' മുത്തശ്ശിമാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തുവത്രേ: ""ഇമ്മാനുവേല്‍ എന്നതിന് "ദൈവം നമ്മോടുകൂടെ' എന്നു മാത്രമായിരിക്കില്ല അര്‍ത്ഥം, "നമ്മെ ചെറുതാക്കാതിരിക്കാന്‍ ദൈവം നമ്മോടൊപ്പം, നമ്മെപ്പോലെ' എന്നുകൂടി അര്‍ത്ഥമുണ്ടായിരിക്കണം.'' കഥ കേട്ട് കുഞ്ഞുങ്ങളുടെ ശിരസ്സും ഉയര്‍ന്നു. തീര്‍ച്ചയായും വിലാസമില്ലാത്തവരുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നവനാണ് നസ്രായന്‍ എന്നറിയപ്പെട്ട യേശു.
      ലോകത്തിലേക്കും വിലയുള്ള സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വിലയുള്ള സമ്മാനം- അതു ക്രിസ്തുവല്ലാതെ മറ്റൊന്നുമല്ല. തന്റെ ഏകജാതനെ നല്‍കുവാന്‍ തക്ക വിധം ലോകത്തെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ എന്തുണ്ട്? ഏറ്റവും വിലയുള്ളതിനെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിനുള്ള മനസ്സാണ് ദൈവത്തിന്റെ വലിയ സ്വഭാവം. ഏറ്റവും വിലയുള്ളതായി കരുതുന്നതിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോഴാണ് ഭവനത്തിന് രക്ഷയുണ്ടാകുന്നത് എന്ന സന്ദേശം സക്കേവൂസുമായുള്ള കണ്ടുമുട്ടലില്‍ യേശു നല്‍കുന്നുണ്ട്. അപരന്റെ വേദന കണ്ടറിഞ്ഞ് അവന്‍ ആവശ്യപ്പെടാതെതന്നെ അവനെ സഹായിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സ്‌നേഹം. "പറയാത്തത് അറിയാനുള്ള കഴിവാണ് സ്‌നേഹം' എന്ന് ഒരു നിര്‍വ്വചനം കേട്ടിട്ടുണ്ട്. സക്കേവൂസ് യേശുവിനെ കണ്ടുകഴിഞ്ഞപ്പോഴാണ് അപരന്റെ ആവശ്യങ്ങള്‍ കണ്ടത്. ആ കാഴ്ച അവനെ പങ്കുവയ്പിലേക്കു നയിച്ചു. വിശ്വാസത്തിന്റെ പൂര്‍ണതയിലേ ഏറ്റവും വിലയുള്ളതിനെ പങ്കുവയ്ക്കാനാവൂ എന്നതിനാലാവാം സക്കേവൂസ് അവന്റെ ഭൗതികസമ്പത്ത് അപരരുമായി പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ യേശു അവനെ "അബ്രഹാമിന്റെ മകന്‍' എന്നു സംബോധന ചെയ്യുന്നത്. ദൈവം വിളിച്ചപ്പോള്‍ വിശ്വാസത്താല്‍ സകലവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവനാണല്ലോ അബ്രഹാം. നിസ്വന്റെ വേദനയില്‍ ദൈവത്തിന്റെ വലിയ പങ്കുവയ്പ്പാണ് ക്രിസ്മസ്. അര്‍ത്ഥവത്തായ പങ്കുവയ്പ്പിലൂടെ അന്യന്റെ വേദനയില്‍ ആശ്വാസമേകാന്‍ സാധിക്കുമ്പോഴാണ് ക്രിസ്മസ് സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയുന്നത്.  
      ജനിക്കാന്‍ കാലിത്തൊഴുത്തു തെരഞ്ഞെടുത്ത യേശുവിന് വളരുവാന്‍ ലഭിച്ചതോ, മരപ്പണിക്കാരന്റെ ഭവനവും. ദരിദ്രരുടെയും പീഡിതരുടെയും പാപികളുടെയും രോഗികളുടെയും കാതുകള്‍ക്ക് യേശുവിന്റെ മൊഴികള്‍ ആശ്വാസദായകമായി. അവന്റെ നോട്ടം അവരെ വിലയുള്ളവരാക്കി. അവന്റെ കനിവുള്ള സ്പര്‍ശം അവര്‍ക്കു സൗഖ്യവും സ്വര്‍ഗ്ഗസായൂജ്യവുമേകി. ആത്മാവില്‍ ദരിദ്രരായവരും ദുഃഖിക്കുന്നവരും സൗമ്യതയുള്ളവരുമെല്ലാം ഭാഗ്യവാന്മാരാണെന്ന് പ്രസംഗിച്ച യേശു അവരുടെ ദുഃഖങ്ങളില്‍ പങ്കാളിയായി. അകക്കണ്ണു തുറന്ന അവര്‍ ഒന്നാകെ പറഞ്ഞു: "നീ ദൈവപുത്രനാണ്!' ആ ഗുരുപൂര്‍ണിമയിലെ എളിമയുടെ ദര്‍ശനമാണ് യേശുവിന്റെ ജീവിതം നമുക്കു പകരുന്നത്.
      സാന്റാക്ലോസിനെ അറിയില്ലേ? ലിസിയായിലെ ബിഷപ്പായിരുന്നു സെയിന്റ് നിക്കോളാസ്. വേദനിക്കുന്നവരുടെ കരളിലെ കനലുകള്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞ് കെടുത്താന്‍ തയ്യാറായതിന്റെ പേരിലാണ് നിക്കോളാസ് അംഗീകരിക്കപ്പെട്ടത്. സമൃദ്ധിയില്‍ പിറന്ന സെയിന്റ് നിക്കോളാസ് ഇല്ലായ്മയില്‍ കഴിഞ്ഞവര്‍ക്കായി തന്റെ കൈയിലുണ്ടായിരുന്ന വിഭവങ്ങള്‍ വിനിയോഗം ചെയ്തു. ലളിതജീവിതം നയിച്ച അദ്ദേഹം പാദരക്ഷയില്ലാതെ നടക്കുകയും തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നുവത്രേ. ആ സെയിന്റ് നിക്കോളാസ് ആണ് പിന്നീട് സാന്റാക്ലോസ് എന്ന് അറിയപ്പെട്ടത്. ഇന്നു പക്ഷേ, അപരനെ പരിഹസിക്കാനല്ലേ സാന്റാക്ലോസിന്റെ മുഖംമൂടി ഉപയോഗിക്കുന്നത്?
      വളര്‍ച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങളുമായി കാലസരണിയിലൂടെ നമ്മളൊരുപാടു മുന്നേറി. പരസ്യങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഒരു നാല്‍ക്കവലയില്‍ അനുഗ്രഹങ്ങളുടെ മധ്യത്തിലാണിന്നു നമ്മുടെ സമൂഹം. അനുഗ്രഹങ്ങളുടെ ധാരാളിമയില്‍ എളിമയുടെ മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ ആരുണ്ട്? വീടുണ്ടാക്കുമ്പോഴും വിവാഹം നടത്തുമ്പോഴും എന്തിനധികം മരണവേളകള്‍ പോലും ഗര്‍വ്വിന്റെ വേദികളാക്കുന്ന ജനത്തെ യേശു നിശബ്ദനായി നോക്കി നില്‍ക്കുന്നു. ആ കാരുണ്യരൂപന്റെ കണ്ണുകള്‍ നനയുന്നത് കാണുക. ഹൃദയം നോവുന്നത് അറിയുക. ആ ദര്‍ശനം ഇനിയുള്ള എളിമയുടെ വഴികളില്‍ നമുക്കു പ്രകാശമേകട്ടെ...