Thursday, 21 July 2022

നല്ല കൂട്ടുകാരി

'ഡാഡീ... ഒരു തമാശ കേള്‍ക്കണോ?'

സ്‌കൂളില്‍ നിന്നു വന്നയുടനേ ശ്രേയ ഡാഡിയുടെയടുത്തെത്തി. ഏഴാം ക്ലാസ്സുകാരിയായ ശ്രേയയുടെ തമാശ കേള്‍ക്കാന്‍ അവളുടെ ഡാഡി ജിമ്മിച്ചന്‍  കാതോര്‍ത്തു.

'എന്താ തമാശ? കേള്‍ക്കട്ടെ...'

'എന്റെ ക്ലാസ്സിലെ നാഗവേണിയെ ഇന്നു കുട്ടികളെല്ലാം കണക്കിനു കളിയാക്കി.'

'നാഗവേണി ആ വെങ്കിടേശന്റെ മകളല്ലേ? അവളുടെ അമ്മ ഇവിടെ പണിക്കു വന്നിട്ടുണ്ടല്ലോ. എന്തിനാ നാഗവേണിയെ കുട്ടികള്‍ കളിയാക്കിയത്?' ജിമ്മിച്ചന്‍ ചോദിച്ചു.

'അതേ ഡാഡീ... അവള്‍ തന്നെ. അവളിന്ന് ക്ലാസ്സില്‍ വന്നത് മുഴുവന്‍ കീറിയ ഒരു യൂണിഫോമിട്ടാണ്. അതിലും ഭേദം അവള്‍ ഉടുപ്പിടാതെ വരുന്നതായിരുന്നു. ആണ്‍കുട്ടികളെല്ലാം നൂറു ശതമാനം കിഴിവെന്നു പറഞ്ഞ് അവളെ കളിയാക്കുകയായിരുന്നു.' അതു പറഞ്ഞപ്പോള്‍ ശ്രേയയ്ക്ക് ചിരിപൊട്ടി.

ജിമ്മിച്ചന് അതിലത്ര തമാശ തോന്നിയില്ല. ശ്രേയയെ വിഷമിപ്പിക്കാതിരിക്കാന്‍ ഒന്നു പുഞ്ചിരിച്ചെന്നു വരുത്തിയിട്ട് അയാള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. എന്നിട്ടു ചോദിച്ചു:

'ഞാന്‍ പുറത്തേക്കൊന്നു പോവുകയാ. ശ്രേയമോള്‍ വരുന്നോ?'

'ങാ... ഞാന്‍ വരുന്നു.'

'മമ്മീ... ഞാന്‍ ഡാഡിക്കൊപ്പം പുറത്തേക്കൊന്നു പോവുകയാ...' ചെരുപ്പണിയുന്നതിനൊപ്പം ശ്രേയ വിളിച്ചു പറഞ്ഞു.

പുറത്ത് ചെറിയ തണുപ്പ് പരന്നിട്ടുണ്ട്. ജിമ്മിച്ചന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ശ്രേയ മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. 

'നമ്മളെങ്ങോട്ടാ ഡാഡീ പോവുന്നത്?' ശ്രേയയ്ക്ക് ജിജ്ഞാസ.

മറുപടിയൊന്നും പറയാതെ ജിമ്മിച്ചന്‍ കാര്‍ മുന്നോട്ടെടുത്തു. തേയിലത്തോട്ടത്തിനു നടുവിലൂടെ തേയിലഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അയാള്‍ കാര്‍ അവിടെ നിര്‍ത്തി. 

'എന്തിനാ ഡാഡീ ഇവിടെ നിര്‍ത്തിയത്? ഇതു പൂട്ടിക്കിടക്കുന്ന ഫാക്ടറിയല്ലേ?' ശ്രേയയ്ക്കു സംശയം.

'അതേ മോളേ, ഈ ഫാക്ടറി പൂട്ടിയിട്ട് അഞ്ചു വര്‍ഷമായി. മോളുടെ ക്ലാസ്സിലെ നാഗവേണിയുടെ അച്ഛന്‍ വെങ്കിടേശന്‍ ഈ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഫാക്ടറിയുണ്ടായിരുന്ന കാലത്ത് നാഗവേണിയുടെ വീട്ടുകാര്‍ പട്ടിണിയെന്തെന്നറിഞ്ഞിരുന്നില്ല. തേയില ബിസിനസ് നഷ്ടത്തിലായപ്പോള്‍ ഫാക്ടറി ഉടമസ്ഥര്‍ അതു പൂട്ടി. അതോടെയാണ് നാഗവേണിയുടെ കുടുംബത്തിനു കഷ്ടത തുടങ്ങിയത്.'

ഡാഡി പറയുന്നതു ശ്രദ്ധിക്കുകയായിരുന്നു, ശ്രേയ. ഫാക്ടറിക്കപ്പുറമുള്ള കുന്നിന്‍മുകളിലേക്കു കൈ ചൂണ്ടി ഡാഡി പറഞ്ഞു:  

'അതാ, ആ കുന്നിന്‍മുകളിലെ ചെറിയ വീടുകള്‍ കണ്ടില്ലേ? അതിലൊന്നിലാണ് നാഗവേണി താമസിക്കുന്നത്. ജോലിയില്ലാതായ ശേഷം വെങ്കിടേശന്‍ ഹൃദ്രോഗിയായി. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നമ്മുടെ പള്ളിയില്‍നിന്നും അയാളുടെ ചികിത്സയ്ക്ക് ഒരു സംഭാവന കൊടുത്തിരുന്നു. ഇപ്പോള്‍ നാഗവേണിയുടെ അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.'

ഡാഡി അതു പറയുമ്പോള്‍ ശ്രേയ നാഗവേണിയെ ഓര്‍ക്കുകയായിരുന്നു. അവള്‍ കീറിയ ഉടുപ്പിട്ടു വന്നപ്പോള്‍ കുട്ടികള്‍ കളിയാക്കിയതും അതുകേട്ട് താന്‍ കുടുകുടെ ചിരിച്ചതും നാഗവേണി നിറഞ്ഞൊഴുകാറായ കണ്ണുകളോടെ തന്നെ നോക്കിയതും ശ്രേയ ഓര്‍ത്തു. വീട്ടില്‍ പുത്തന്‍ മായാത്ത എത്രയോ ഉടുപ്പുകള്‍ തനിക്കുണ്ട്! യൂണിഫോം തന്നെ ഏഴോ എട്ടോ ജോഡിയുണ്ടാവും.

'മോളേ... നമ്മള്‍ ടി.വി കണ്ടും എല്ലാ മുറികളിലും ലൈറ്റും ഫാനുമിട്ടും സന്തോഷിക്കുമ്പോള്‍ നാഗവേണിയുടെ വീട്ടില്‍ ഒരു ലൈറ്റു പോലും കത്തുന്നില്ല. ഫാക്ടറി പൂട്ടിയതോടെ വൈദ്യുതി ബോര്‍ഡ് അവരുടെ കറന്റുകണക്ഷന്‍ കട്ട് ചെയ്തു. ആ പാവങ്ങള്‍ക്ക് കറന്റ് ചാര്‍ജ് അടയ്ക്കാന്‍ നിവൃത്തിയില്ല...'

ഡാഡി കൂടുതലെന്തെങ്കിലും പറയുംമുമ്പേ ശ്രേയ വിങ്ങിക്കരയാന്‍ തുടങ്ങി. വിതുമ്പലോടെ അവള്‍ പറഞ്ഞു:

'ഡാഡീ... നമുക്കു വീട്ടിലേക്കു പോകാം. എന്റെ രണ്ടു ജോഡി യൂണിഫോമും ഇപ്രാവശ്യം ബെര്‍ത്ത്‌ഡേയ്ക്ക് കുഞ്ഞാന്റി തന്ന പുള്ളിയുടുപ്പും ഞാന്‍ നാഗവേണിക്കു കൊടുക്കും. അത് അവളുടെ വീട്ടില്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോയി കൊടുക്കണം. ഡാഡിയും വരണം, എന്റെ കൂടെ...'

ജിമ്മിച്ചന്‍ ശ്രേയയെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. കാര്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ കോടക്കാറ്റ് ജാലത്തിലൂടെ ഉള്ളിലേക്കു വന്ന് ശ്രേയയെ ചുംബിച്ചു. 'നീയിപ്പോഴാ ഒരു നല്ല കൂട്ടുകാരിയായത്' എന്ന് കാറ്റ് തന്റെ ചെവിയില്‍ പറയുന്നതുപോലെ ശ്രേയയ്ക്കു തോന്നി.