ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്.
'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള്‍ തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'
പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍.
ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു.
'ഇതാ സര്‍, ആ കുട്ടീടെ ഫയല്‍...'
അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു.
ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്.
ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്‌പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്‍കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്.
പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്.
കാട്ടുചോല പോലെ തെളിവാര്‍ന്ന സ്‌നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്‍ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.
ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന്‍ അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്‍.
അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്‌പോണ്‍സര്‍ ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്‍ഡേഴ്‌സണ്‍. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്‌പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.
'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'
'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'
'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'
'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'
ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന്‍ അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.
'ഷൈനീ... സ്‌പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'
അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല.
മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.
'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.
'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി.
'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.
'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള്‍ കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'
അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന്‍ പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?
'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.
ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'
ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.
പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്‌സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്‌സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ വിദേശിയായ ചെറുകിട ബിസിനസ്സുകാരന്‍ പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു.
ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം:
പ്രിയ സുഹൃത്തേ,
നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.
ആശംസകളോടെ,
കെന്നത്ത് ആന്‍ഡേഴ്‌സണ്‍.
കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള്‍ അവന്‍ കാണാതിരിക്കാനാവണം അവള്‍ മുഖം വെട്ടിച്ചു കളഞ്ഞത്.
അവസ്സാനം ,, കൊണ്ടു നിര്‍ത്തിയത് ..
ReplyDeleteനമ്മുക്കെന്നൊ നഷ്ടമായി ചിലതിലാണ്..
മനസ്സിലേക്ക് ഒരു കടല്‍ വന്നടിച്ച പൊലെ ...!
എന്നിട്ടും ആ പണം പൊകുന്നത് എവിടേക്ക് ..
നമ്മളോക്കെ എന്തേ ഇങ്ങനെ ആകുന്നു ...?
കാലികമായ ചില നേരുകള്‍ അടിഞ്ഞ് കിടപ്പുണ്ട്
ഈ വരികള്‍ക്കിടയിലെവിടെയോ ....
കുമിഞ്ഞു കൂടുന്ന വിദേശ പണങ്ങള്‍ എങ്ങോട്ടേക്കാണ്‍
ഒഴുകി പൊകുന്നത് , പാവപെട്ടവനേ സഹായിക്കുന്ന
പേരില്‍ എത്ര ആള്‍ദൈവങ്ങളും സ്ഥാപനങ്ങളും
കൊഴുത്ത് വളരുന്നു .. പട്ടിണിയുള്ളവനെന്നും അതു തന്നെ ...
എങ്കിലും ആ വിദേശിയേ അവതരിപ്പിച്ചത് വേറിട്ട വഴിക്കായീ ..
ഒന്നു നൊന്തു , ഹൃദയം വഴി ഒന്ന് വന്ന് മിഴികളില്‍ നിന്നു ..
വളരെ നന്ദി റിനീ, ഈ സന്ദര്‍ശനത്തിനും ആത്മാര്‍ത്ഥത നിറഞ്ഞ അഭിപ്രായപ്രകടനത്തിനും... വീണ്ടും കാണാം..
Deleteപലപ്പോഴും സംഭവിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. അര്‍ഹതയില്ലാത്തവരുടെ കൈകളിലേക്കാണ് ആനുകൂല്യങ്ങള്‍ ചെന്നെത്തുന്നത്. വെറുതെ കിട്ടുന്നതല്ലേ പോയി വാങ്ങിക്കോ എന്നൊരു മനോഭാവമാണ് സാമ്പത്തികമായി ഉയര്ന്നവര്‍ക്ക് പോലും. ആരെയും സഹായിക്കണ്ട. സ്വയം സാമ്പത്തികമായി പര്യാപ്തനനെങ്കില്‍ ഒരു ആനുകൂല്യവും പറ്റില്ല. തന്നെക്കാള്‍ അര്‍ഹനായ ഒരാള്‍ക്ക് അത് ലഭിക്കട്ടെ എന്ന ഒരു ചിന്തയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.. നല്ല ഒരു കഥ(അനുഭവമോ )..
ReplyDeleteനിസാര്‍, നന്ദി ഈ സന്ദര്‍ശനത്തിന്. എത്യോപ്യയെക്കുറിച്ച് നിസാര്‍ എഴുതിയ പോസ്റ്റ് വല്ലാതെ പിടിച്ചുലച്ചു എന്നെ. ഇത് എഴുതുമ്പോള്‍ ആ രചന എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. വിശക്കുന്നവനെ കാണാനും അവനൊപ്പം നില്‍ക്കാനും നമുക്കൊക്കെ സാധിക്കട്ടെ...
Deleteഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളുടെ യഥാതഥമായ
ReplyDeleteചിന്തിപ്പിക്കുന്ന ചിത്രം.മെയ് അനങ്ങാതെ പണം വാരിക്കൂട്ടാന്‍
വ്യഗ്രത കാണിക്കുന്നവരാണ് കൂടുതലും.ഒരു കൂട്ടര്‍ ചോരനീരാക്കി
അന്നന്നുകഴിച്ചുകൂട്ടുമ്പോള്‍ അധ്വാനിക്കാത്ത മറ്റുകൂട്ടര്‍ സുഖപതിയില്‍
കഴിയുന്നു.ഏതാണ് യഥാര്‍ത്ഥ സുഖം തരുന്നത്?!!
ഹൃദയസ്പര്‍ശിയായ രചന.അഭിനന്ദനങ്ങള്‍ സാര്‍
നന്മ നിറഞ്ഞ ഓണാശംസകള്‍
തങ്കപ്പേട്ടാ, വളരെ നന്ദി ഈ സന്ദര്‍ശനത്തിന്. നമുക്കു ചുറ്റും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും ആ മനസ്സിലാക്കല്‍ നന്മയുടെ വഴിയിലുള്ള പ്രയാണത്തിനും നമ്മെ സഹായിക്കുമെങ്കില്‍ സാര്‍ത്ഥകമാവും ഈ കൂട്ടായ്മ. വീണ്ടും കാണാം...
Deleteശരിക്കും ഉള്ള് വേദനിച്ചു വായിച്ചപ്പോള്‍...
ReplyDeleteഅനര്‍ഹരുടെ കയ്യിലാണ് പലപ്പോഴും സഹായങ്ങള്‍ എത്തുന്നത്..
അത് തരുന്നവരുടെ ആത്മാര്‍ഥതക്കു നേരെയുള്ള പരാഹാസമായി തീരുന്നു..
നല്ല പോസ്റ്റ്..
ശരിയാണ് മഖ്ബൂല്‍... സത്യത്തില്‍ സഹായത്തിന് അര്‍ഹതയുള്ളവര്‍ നമ്മുടെ നാട്ടില്‍ വളരെ കുറവാണ്. ഈ സത്യം പലപ്പോഴും സഹായം നല്‍കുന്നവര്‍ മനസ്സിലാക്കുന്നുമില്ല. വളരെ നന്ദി ഈ സന്ദര്‍ശനത്തിന്... വീണ്ടും കാണാം.
Deleteകെന്നത്ത് അന്‍റെഴ്സണ്‍ അയച്ച മെയില്‍ വേദനിപ്പിക്കുന്നതായി.
ReplyDeleteഹൃദയസ്പര്‍ശിയായ രചന.
നന്ദി വസീം, ഈ സന്ദര്‍ശനത്തിന്... ഉള്ളിലുണരുന്ന വേദനകള്‍ നന്മയിലേക്കു നമ്മെ നയിക്കാനുതകട്ടെ... വീണ്ടും കാണാം.
Deleteചാരിറ്റി പ്രവര്‍ത്തനങ്ങളിലെ കള്ളാ നാണയങ്ങളെ കാണിച്ചുതന്നതിന് നന്ദി.
ReplyDeleteനല്ല കഥ, ആശംസകള്‍.
നന്ദി ഉദയപ്രഭന്‍ ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം.
Delete"ഈ രാജ്യത്തു ജീവിക്കാന്‍ തന്നെ വെറുപ്പ് തോന്നുന്നു." എന്ന് പ്രതിലോമമായി ചിന്തിക്കല്ലേ എന്ന് മനസ്സില്‍ ഓരോ തവണ പറയുമ്പോഴും ഇത്തരത്തിലുള്ള ഓരോ വാര്‍ത്തകള്‍ എന്നെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ബെഞ്ചി, ഈ കഥ മനസ്സിനെ വല്ലാതെ നോവിച്ചു.
ReplyDeleteഅരുണ്‍... തിന്മയുടെ ശക്തികള്‍ ഈ രാജ്യത്തു മാത്രമല്ല, എല്ലായിടങ്ങളിലും സജീവമല്ലേ ഇന്ന്? നന്മയുടെ ചെറുതിരിനാളങ്ങളായി അന്ധകാരത്തില്‍ പ്രകാശമാകാന്‍ നമുക്കു സാധിക്കട്ടെ... വീണ്ടും കാണാം.
Deleteക്ലൈമാക്സ് ശരിക്കും ചിന്തിപ്പിക്കുന്ന ഒന്നാണ്.അര്ഹമായവരുടെ അവകാശത്തെ ഹനിച്ചു അനര്‍ഹരുടെ കയ്യില്‍ എത്തിപെട്ടുന്ന സഹായങ്ങള്‍ .അത് വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും യാതൊരു മനസക്ഷികുത്തുമില്ലാത്തവര്‍....ഒരു വേദനമാത്രം മനസ്സില്‍ അവശേഷിക്കുന്നു .ആശംസകള്‍ സുഹൃത്തേ ഒരു നിമിഷമെങ്കിലും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന കഥയ്ക്ക് .
ReplyDeleteവളരെ നന്ദി അനാമികാ... ഈ സന്ദര്‍ശനത്തിന്. അര്‍ഹര്‍ അവഗണിക്കപ്പെടുന്നതും അനര്‍ഹര്‍ അവിഹിതമായി സഹായങ്ങള്‍ നേടുന്നതും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന കാഴ്ചയാണ്. ഇത്തരം അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന വേദന നമ്മെ ക്രിയാത്മകമായ പ്രതികരണത്തിലേക്കു നയിക്കട്ടെ... വീണ്ടും കാണാം.
Deleteഈ ലോകം നിലനില്‍ക്കുന്നത് ആന്‍ഡേര്‍സനെപ്പോലുള്ളവര്‍ ഉള്ളതു കൊണ്ടു തന്നെയാണു്.
ReplyDeleteബഞമിന്റെ ഈ സൗമ്യദര്‍ശനം അഭിജിത്ത് ശ്രീനിവാസന്റെ അച്ഛനെപോലുള്ളവരുടെ മനസ്സിനെയും സംസ്കരിക്കുവാന്‍ പോരും. നന്ദി
നന്ദി സുഹൃത്തേ, ഈ സന്ദര്‍ശനത്തിന്... ആന്‍ഡേഴ്‌സണെപ്പോലെയുള്ളവര്‍ ആദരിക്കപ്പെടുമ്പോള്‍ തന്നെ അത്തരം സഹായങ്ങളെ ദുരുപയോഗം ചെയ്യുന്നവരെ നാം നിരുത്സാഹപ്പെടുത്തുകയും വേണം.. വീണ്ടും കാണാം.
Deleteഈതൊരു സത്യമാണു... കാരുണ്യം ചെയ്യണമെന്ന് കരുതുന്നവരെ ചൂഷണം ചെയ്യാൻ വൻ മാഫിയകൾ തന്നെ ഇവിടുണ്ട്. അതുകൊണ്ട് തന്നെ അർഹർക്ക് അതു ലഭിക്കുകയുമില്ല. നല്ലൊരു കഥ
ReplyDeleteനന്ദി സുമേഷ്... ഈ സന്ദര്‍ശനത്തിന്. ചൂഷണത്തിന്റെ ഇത്തരം നേര്‍ക്കാഴ്ചകള്‍ക്കു മുന്നില്‍ നാം എന്തെങ്കിലും ചെയ്‌തേ മതിയാകൂ... എങ്കിലേ എല്ലാവര്‍ക്കും ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്താനാവൂ. വീണ്ടും കാണാം.
Deleteഅന്‍റെഴ്സണ്‍ന്‍റെ മെയില്‍ കണ്ണ് നിറച്ചു കളഞ്ഞു. ഇത് വെറും കഥ ആണെന്ന് പറയാന്‍ വയ്യ. നമുക്കിടയിലുള്ള ആരുടെയൊക്കെയോ ജീവിതമാണ്
ReplyDeleteഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു.ഇങ്ങിനെ കിട്ടുന്ന പണം നമ്മള്‍ ശെരിയാംവണ്ണം വിനിയോഗിക്കുണ്ടോ? സുമാനി വന്നപ്പോള്‍ കിട്ടിയ പണത്തിനു കൃത്യമായ ഒരു കണക്ക് പോലും ഉണ്ടായിരുന്നില്ല.
ReplyDeleteആന്‍ഡേഴ്‌സണ്‍ അയച്ച മെയില്‍ മനസ്സില്‍ കൊണ്ടു. നന്നായി പറഞ്ഞിരിക്കുന്നു.
ശെരിക്കും പണം അങ്ങിനെയാണ്
ReplyDeleteആർക്കും സ്വന്തമെന്ന് എപ്പോഴും പറയപ്പെടാൻ പറ്റാത്ത ഒരു കാമുകി,
This comment has been removed by the author.
ReplyDeleteനൊമ്പരപ്പെടുത്തുകയും അത് പോലെ ചിന്തിപ്പിക്കുകയും ചെയ്ത ദര്‍ശനം....
ReplyDeleteഓരോ വ്യക്തിയും അവരുടെ മനസാക്ഷിയും ചിന്തികേണ്ട ഒരു സന്ദേശമാണീ കഥ നല്‍ക്കുന്നതു ......വിദേശ സാമ്പത് മാത്രമല്ല നമ്മുടെ സര്‍ക്കാരുകള്‍ പാവപ്പെട്ടവനുവേണ്ടി ചിലവാക്കുന്ന പണത്തിന്റെ വലിയ ഭാഗവും അടിചെടുക്കുന്നത് സമ്പന്ന വര്‍ഗ്ഗമാണ് എന്നും അതാണിവിടെ ഇന്നും ദാരിദ്ര്യം കോടി കുത്തി വാഴുന്നത് ,,, സ്നേഹപൂര്‍വ്വം @ PUNYAVAALAN
ReplyDeleteഎത്രഎത്ര പ്രതീക്ഷകളോടെ ആണ് കണ്ണുകള്‍ക്ക് അകലങ്ങളില്‍ ഇരുന്നു ആ പാവം മനുഷ്യന്‍ അഭിജിത്തിത്തിനെ സ്നേഹിക്കുന്നത് അത് ശരിക്കും ഇവിടെ ദുരുപയോഗം ചെയ്യുന്നു രക്തം വിറ്റെങ്കിലും ഒരാള്‍ക്ക വിദ്യ നല്‍കുക എന്നതിലൂടെ വിദ്യഭ്യാസത്തിനു ആ പാശ്ചാത്യന്‍ നല്‍കുന്ന വിലയും നമുക്ക് ഊഹിക്കാം
ReplyDeleteസങ്കട പെടുത്തിയ എഴുത്ത്
നന്നായിരിക്കുന്നു ആശംസകള്‍
ഇഷ്ടപ്പെട്ടു..
ReplyDeleteനല്ല കഥ.
ReplyDeleteഇതൊക്കെയാണ് ലോകം.
ലോകത്ത് രണ്ടു തരം ആൾക്കാരേ ഉള്ളൂ - നല്ലവരും മോശക്കാരും.
നമുക്ക് വിധിച്ചിരിക്കുന്നത് കൂടുതലും രണ്ടാമത്തെ ഇനങ്ങളാണ്!
ഈ ചതി തന്നെ വരുമാനമാക്കുന്ന എത്രയെത്ര സ്ഥാപനങ്ങള്‍,എത്രയെത്ര ആള്‍ക്കാര്‍,,തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെ.... വളരെ മനോഹരമായ എഴുത്ത് .....ആശംസകള്‍.....
ReplyDeleteമനസ്സില്‍ കൊണ്ടു താങ്കളുടെ രചന ..
ReplyDeleteഇതൊരു ഓര്‍മ്മപെടുത്തലാണ് , ട്രസ്ടുകള്‍ ബിസിനസ് ആയി മാറുന്ന ഈ കാലത്ത് ...
ആശംസകള്‍ സര്‍ ..
ഹൃദയസ്പര്‍ശിയാണ്..ആശംസകളോടെ
ReplyDeleteബെഞ്ചി ചേട്ടന്റെ മുന്‍പ് വായിച്ച കഥകളിലെല്ലാം പ്രതിധ്വനിക്കുന്ന ഒരു ആശയം ഇതിലും നിറഞ്ഞു നില്‍ക്കുന്നു. മനസ്സില്‍ കരുണയും സ്നേഹവും ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള ആശയങ്ങളില്‍ കൂടി സഞ്ചരിക്കാന്‍ സാധിക്കൂ.
ReplyDeleteകഥയില്‍ രണ്ടു വ്യത്യസ്ത അവസ്ഥകളെ കുറിച്ച് പറയുന്നു. ഒന്ന് അനര്‍ഹമായ കൈകളിലേക്ക് എത്തിപ്പെടുന്ന സഹായ ധനം. മറ്റൊന്ന് ഈ പ്രൊജെക്ടിനു അംഗീകാരം ലഭിക്കണമെങ്കില്‍ പാവപ്പെട്ട കുട്ടികള്‍ മാത്രം പോരായിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഷൈനി. . ഒരു തൊഴിലിനായി ഇത്തരം കൊള്ളരുതായ്മകളെ അവര്‍ അംഗീകരിക്കുന്നു. അവരുടെ നിസ്സഹായാവസ്ഥ നന്നായി പറയ്യുന്നു കഥയില്‍.,. പിന്നീടങ്ങോട്ട് കഥയില്‍ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ട് . അത് കൊണ്ട് തന്നെ എനിക്കീ കഥയില്‍ ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കുന്നില്ല.
അവസാന ഭാഗം ഒരിത്തിരി നാടകീയമായോ എന്നൊരു സംശയം ഉണ്ട്. പ്രത്യേകിച്ച് രക്തം വിറ്റ പണമാണ് അക്കൌണ്ടില്‍ ഇട്ടതു എന്നൊക്കെ പറയുന്ന ഭാഗം. പിന്നെ കത്ത് വായിക്കുന്നത് പ്രമോദ് മാത്രമല്ലേ. പ്രമോദ് അത് ഉറക്കെ വായിക്കുന്നുമില്ല. പിന്നെങ്ങനെ ഷൈനി കണ്ണുകള്‍ നിറച്ചു ..? ആ ഭാഗം എന്തോ ഒരു വശപിശക് ..
ഇത്രയും ഒഴിച്ച് നോക്കിയാല്‍, ഈ കഥ എല്ലാം കൊണ്ടും എനിക്കിഷ്ടമായി.
ആശംസകളോടെ ...
പ്രവീണ്‍... സൂക്ഷ്മവും ആത്മാര്‍ത്ഥവുമായ വിലയിരുത്തലിന് നന്ദി... ഇത് കഥയായി അവതരിപ്പിച്ചെങ്കിലും നടന്ന ഒരു സംഭവത്തിന്റെ കഥാവിഷ്കാരം തന്നെയാണ്. രക്തം വിറ്റ് കുട്ടിയെ പഠിപ്പിക്കാന്‍ പണം അയച്ചുകൊടുത്ത വിദേശിയെക്കുറിച്ച് ഞാന്‍ കേട്ടത് കേരളത്തിലെ ഒരു പ്രൊജക്ടില്‍നിന്നു തന്നെയാണ്. അതു കേട്ടപ്പോള്‍ തരിച്ചിരുന്നുപോയി ഞാന്‍. വായിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ പരാജയമാണ്. സ്‌പോണ്‍സറുടെ മറുപടി പ്രിന്റ് എടുത്തപ്പോള്‍ ആദ്യം അത് ഷൈനി വായിച്ച ശേഷമാണ് പ്രമോദിന്റെ കൈയിലേക്ക് കൊടുത്തതെന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രം. എന്നാല്‍ അതും സംവേദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രവീണിന്റെ കമന്റില്‍നിന്ന് മനസ്സിലാക്കുന്നു. ഇത്തരം അനേകം അനുഭവങ്ങള്‍ എനിക്ക് നേരിട്ടു കാണാന്‍ ഇടയായിട്ടുണ്ട്. അവ സമ്മാനിച്ച നൊമ്പരങ്ങളാണ് മനസ്സില്‍ ഏറെയും. വിശക്കുന്നവനോട് നീതി കാട്ടാന്‍ നമുക്കൊന്നും സാധിക്കുന്നില്ലല്ലോ...
Deleteഒകെ..ബെന്ജിയെട്ടാ,,ഇപ്പൊ അല്‍പ്പം കൂടി വ്യക്തത വന്നു...ചിലപ്പോള്‍ എന്‍റെ വായനയുടെ തകരാരുമാകാം ട്ടോ. എന്തായലും വിശദമായ മറുപടിക്ക് ഒത്തിരി നന്ദി..
Deleteഅടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു ..
വേദനിപ്പിക്കുന്ന കത്തായിരുന്നു കെന്നത്തിന്റെ ...അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നമ്മള്‍ സഹായം ചെയ്യണം ..!
ReplyDeleteനല്ല രചന ബെഞ്ചി ..!
വളരെ നന്ദി കൊച്ചുമോള്‍... ഈ സന്ദര്‍ശനത്തിനും പ്രതികരണത്തിനും...
Deleteവളരെ ഹൃദ്യമായ കഥ. ലേബല്‍ കഥ എന്ന് കണ്ടത് കൊണ്ട് മാത്രം അങ്ങിനെയെഴുതുന്നു. ഇത് ജീവിതത്തിന്റെ ഒരു എട് തന്നെയല്ലേ. ശരിക്കും നടക്കാവുന്നത്. ഹൃദ്യമായി പറഞ്ഞു
ReplyDeleteശരിയാണ് വേണുഗോപാല്‍ജി... കഥാതന്തു അനുഭവത്തില്‍നിന്നു തന്നെയാണ്... നന്ദി ഈ സന്ദര്‍ശനത്തിന്...
Deleteകണ്ണും ,മനസ്സും നിറഞ്ഞു....നന്ദി !
ReplyDeleteപണത്തിന്റെ കാര്യം അങ്ങിനെയാണ്...അത് ഉണ്ടാക്കുന്നവന്‍ ഒരു പോരാളിയാണങ്കിലും കൈകാര്യം ചെയ്യുന്നവന്‍ ഒരു പക്കാ ധാരാളിയാണ് !
ആ രക്തത്തില്‍ വിയര്‍പ്പിന്റെ ഉപ്പുകണം ഞാന്‍ അനുഭവിക്കുന്നു...
ഒരായിരം ആശംസകളോടെ...
അസ്രുസ്
അസ്രുസേ നന്ദി... ഈ സന്ദര്‍ശനത്തിനും പ്രതികരണത്തിനും... ദാനത്തിനു പിന്നിലുള്ള വേദനകളെ തിരിച്ചറിയാനാവട്ടെ സ്വീകര്‍ത്താക്കള്‍ക്ക്...
Deleteപ്രിയ സുഹ്രുത്തേ, മനസ്സില്‍ തട്ടുന്ന ഈ രചനാശൈലി അഭിനന്ദനം അര്‍ഹിക്കുന്നു. വെറുതെ കിട്ടുന്നതല്ലേ വാങ്ങിക്കളയാം എന്നാ മനോഭാവം എല്ലാവര്‍ക്കും ഉള്ളതാണ് എന്നാണ് എന്‍റെ ജീവിത അനുഭവം. അര്‍ഹത പലപ്പോഴും ആരും നോക്കാറില്ല, ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. അത് അന്നും ഇന്നും എന്നും ഇവിടെയും അവിടെയും എവിടെയും അര്‍ത്ഥവത്താണ്. എന്‍റെ പഴയ ഒരു പോസ്റ്റ് ഇതിനോട് ചേര്‍ത്തു വായിക്കാം. http://thahirkk.blogspot.com/2011/05/blog-post.html
ReplyDeleteഹൃദയ സ്പര്‍ശി....
ReplyDeleteഅവതരണവും നന്നായി
വളരെ ഹൃദയസ്പര്‍ശിയായ കഥ..നന്നായിരിക്കുന്നു
ReplyDeleteനല്ലഹൃദയസ്പര്‍ശിയായ കഥ.. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആരുടേയും മനസ്സിനെയും ഒന്ന് ആകുലതപെടുത്തുന്ന കഥ..
ReplyDeleteചൂഷണത്തിന്റെ മറ്റൊരു ചിത്രം കൂടി...നല്ല രചന ..ആശംസകള്‍ ....
ReplyDeleteകൊള്ളാം വന്നു കയറിയത് മോശമായില്ല...
ReplyDeleteസുന്ദരമായ കഥ , ഹൃദയസ്പര്‍ശി.... വളരെ വളരെ നല്ല ഭാഷാ ശൈലി... നല്ല വായനാ സുഖം കിട്ടി
അപ്പൊ ഇനിയും വരാം ഇതുവഴി
ബെഞ്ചമിനെ ഞാന്‍ ഫോളോ ചെയ്തിട്ട് കുറെയായി, പക്ഷെ വായിക്കുന്നത് ആദ്യമാണോ ഒരു സംശയം. കാരുണ്യത്തിന്‌റെ വില വായിച്ചു, തന്‌റെ കഷ്ടപ്പാടുകളെല്ലാം മറന്ന് അപരനെ സഹായിക്കാന്‍ വന്ന ആ മഹാനെ ഞാന്‍ സ്മരിക്കുന്നു. അര്‍ഹര്‍ക്ക് കിട്ടേണ്‌ടത് അനര്‍ഹര്‍ നേടുന്ന ഒരു സ്ഥിതി വിശേഷം നമ്മൂടെ നാട്ടിലുണ്‌ട്. അതിന്‌റെ ഒരു നേര്‍ചിത്രം ബെഞ്ചമിന്‍ വരച്ച് കാട്ടിയപ്പോള്‍ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്ന് തന്നെ പറയാം നല്ല എഴുത്തിന് ആശംസകല്‍
ReplyDeleteഇതൊക്കെയേ ഇവിടെ നടക്കൂ..:(
ReplyDeleteബെന്‍ജിയുടെ കഥകളിലെല്ലാം ഒരു നല്ല സന്ദേശമുണ്ട്
ReplyDeleteനല്ല കാര്യം. അങ്ങനെയാണ് വേണ്ടത്
അമേരിക്കന്‍ ഗവര്‍മെന്റിന്റെ പല നയങ്ങളോട് എതിര്‍പ്പുള്ളപ്പോഴും, വ്യക്തിപരമായി അമേരിക്കക്കാരന്‍ ചെയ്യുന്ന ചാരിറ്റിയോളം ഈ ലോകത്ത് വേറൊരു രാജ്യക്കാരനും ചെയ്യുന്നില്ല എന്നൊരു കാര്യം എവിടെയോ വായിച്ചതായിട്ട് ഓര്‍മ്മയുണ്ട്.
പരിചയപ്പെടുന്ന ഓരോ അമേരിക്കക്കാരനിലും ആകര്‍ഷിക്കുന്ന ചില ഗുണങ്ങള്‍ കണ്ടിട്ടുമുണ്ട്.
(അവധി കഴിഞ്ഞ് തിരിച്ചെത്തി കുടിശ്ശിഖ ബ്ലോഗ് വായനയൊക്കെ തീര്‍ക്കുകയാണ്)
കൊള്ളാം . പക്ഷേ മലയാള പദങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രമിക്കാമായിരുന്നു . ആശംസകള്‍ @PRAVAAHINY
ReplyDeleteഎന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ReplyDeleteഹൗ...ആ ആൻഡേഴ്സൺ അയച്ച മെയിൽ ഹൃദയം കൊണ്ടാണ് വായിക്കാനായത്. ഒന്ന് ആർദ്രമാവുകയും ചെയ്തു.
നമ്മുടെ നാട്ടിലേക്ക് പല പല സ്ഥാപനങ്ങളുടേയും നിരാലംബരായ ആളുകളുടേയും കുട്ടികളൂടേയും പേരിൽ വരുന്ന കണക്കല്ലാറ്റ്ത പണവും മറ്റു സാധനങ്ങളും എവിടേക്കാണ് പോകുന്നത്.? വളരെ ചിന്തിക്കേണ്ടുന്ന ഒരു കാര്യമാണത്. അതൊക്കെ ചിന്തിച്ചാൽ ഒന്നും എവിടേക്കും എത്തില്ല. സോ ഞാൻ ഒന്നും കൂടുതലായി പറയുന്നില്ല.
ആശംസകൾ.
ബെഞ്ചി ഇക്കുറി, കാണാന്‍ വൈകിപ്പോയി അറിയിപ്പ് തപാലിലൂടെ കിട്ടിയില്ല I mean emailil. വളരെ ഗൌരവതരമായ ഒരു വിഷയം അതിലും ഗൌരവമായിത്തന്നെ ഇവിടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞു.
ReplyDeleteഎന്തിനും ഏതിനും അമേരിക്കക്കാരനോട് അല്ല അമേരിക്കയോട് കലി തുള്ളുന്നവര്‍ ഇതൊന്നു കണ്ണ് തുറന്നു വായിച്ചെങ്കില്‍ എന്നോര്‍ത്തു പോയി, കമന്റില്‍ അജിത് മാഷ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സേവന തല്പ്പരതയില്‍ അവര്‍ക്കൊപ്പം ഒരു രാജ്യവും കിട പിടിക്കില്ല തന്നെ, ഇക്കഥയിലെ കെന്നത്തിനെപ്പോലുള്ള അനേകരെ അവിടെ കണ്ടെത്താന്‍ കഴിയും!! അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെ ഈ വാക്കുകള്‍ കുറിച്ചത്, ബെഞ്ചി അത് കഥാ രൂപേണ നെഞ്ചില്‍ തട്ടും വിധം അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍, വീണ്ടും പുതിയ കഥാ തന്തുക്കളുമായി വരുമല്ലോ!
ആശംസകള്‍
കഥ വളരെ ഇഷ്ടപ്പെട്ടു. ആൻഡേഴ്സൺന്‍റെ കത്തിലെ അതിഭാവുകത്വത്തെ ഒഴിവാക്കിയാല്‍ കഥ വളരെ നന്നായി. ആശംസകള്‍ !
ReplyDeleteനമ്മുടെ സര്‍ക്കാരിന്‍റെ സഹായധനങ്ങള്‍ പിടിച്ചു പറ്റുന്നവരെക്കുറിച്ച് അറിയാമോ? ഓരോ ഒഫിസുകളെയും ചുറ്റിപ്പറ്റി കുറേ പേരുണ്ടാകും പാവപ്പെട്ടവന്‍റെ അപ്പം മോഷ്ടിക്കുന്നവര്‍ . കര്‍ഷകര്‍ക്കുള്ളത്, പാവങ്ങള്‍ക്കുള്ളത്, അവശന്മാര്‍ക്കുള്ളത് എല്ലാം അര്‍ഹിക്കുന്നക്കുന്നവര്‍ക്ക് തന്നെയാണോ ലഭിക്കുന്നത്?
നല്ല കഥ -
ReplyDeleteകൈയില്‍ മിച്ചമുള്ള പൈസയില്‍ നിന്ന്
മനുഷ്യ കാരുണ്യ പ്രവര്‍ത്തനത്തിനായി
ചിലവാക്കുന്നത് നല്ലത് തന്നെ -
നമ്മുടെ ആവശ്യങ്ങള്‍ വേണ്ട എന്ന് വെച്ച്
ത്യജിക്കുന്നവന്‍ ആണ് അതിലും ശ്രേഷ്ടന്‍ -
‘സഹായം അർഹതപ്പെട്ടവരുടെ കൈകളിൽ പൽപ്പോഴും എത്തുന്നില്ല’ എന്ന് പലപ്പോഴും മനസ്സിലായിട്ടുണ്ട്. ഇവിടെ അടുത്ത് നാട്ടിലെ ഏറ്റവും വലിയ വീടുള്ള പണക്കാരൻ ബി.പി.എൽ. അതിനു സമീപം താമസിക്കുന്ന പാവങ്ങൾക്ക് റേഷൻ കാർഡ് പോലും ആയിട്ടില്ല.
ReplyDeleteഇഷ്ട്ടപ്പെട്ടു...
ReplyDeleteഇപ്പോഴാണു വായിച്ചത്. വളരെ നന്നായി എഴുതീട്ടുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteപലപ്പോഴും ഇത്തരം നല്ല രചനകൾ ശ്രദ്ധിക്കപ്പെടാതെപോവുന്നു. ഫിലിപ്പ് സാർ ഇങ്ങോട്ടുള്ള വഴി കാട്ടിയതുകൊണ്ടാണ് ഈ നല്ല രചന വായിക്കാനായത്.
ReplyDeleteഇവിടെ പലരും സൂചിപ്പിച്ച കാര്യങ്ങൾ തന്നെയാണ് വായന കഴിഞ്ഞപ്പോൾ ഞാനും ചിന്തിച്ചത്. ആവർത്തിക്കുന്നില്ല. കഥകളിൽ മികച്ച സന്ദേശങ്ങൾ ഒലിപ്പിച്ചുവെക്കുന്ന ഈ അവതരണമികവിനെ അഭിനന്ദിക്കുന്നു....
വളരെ മനോഹരമായി കഥ പറഞ്ഞു ,എഴുത്തിനെ വിലയിരുത്താന്‍ ഒന്നും എനിക്ക് കഴിവില്ല എങ്കിലും വളരെ ഇഷ്ടപ്പെട്ടു ,,ആശംസകള്‍
ReplyDeleteഇതുപോലെ അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന നിരവധിയാളുകള്‍ നമുക്കു ചുറ്റുമുണ്ടു്.
ReplyDeleteനമ്മുടെ നാട്ടിലെ വ്യക്തികള്‍ക്കു സഹായം നല്കുന്ന വിദേശികളില്‍ അധികവും ഇടത്തരക്കാരോ താഴ്ന്ന വരുമാനക്കാരോ ആണു്. അവരുടെ തുച്ഛമായമായ വരുമാനത്തിന്റെ ദശാംശം മാറ്റിവച്ചാണു് അവര്‍ ഇത്തരം പദ്ധതികളില്‍ പങ്കാളികളാകുന്നതു്. എങ്കിലും സ്പോണ്‍സറുടെ മറുപടി അല്പം കൂടി മയപ്പെടുത്താമായിരുന്നു.
കഥ ഇഷ്ടമായി.