ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്.
'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള്‍ തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'
പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍.
ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു.
'ഇതാ സര്‍, ആ കുട്ടീടെ ഫയല്‍...'
അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു.
ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്.
ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്‌പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്‍കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്.
പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്.
കാട്ടുചോല പോലെ തെളിവാര്‍ന്ന സ്‌നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്‍ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.
ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന്‍ അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്‍.
അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്‌പോണ്‍സര്‍ ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്‍ഡേഴ്‌സണ്‍. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്‌പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.
'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'
'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'
'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'
'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'
ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന്‍ അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.
'ഷൈനീ... സ്‌പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'
അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല.
മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.
'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.
'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി.
'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.
'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള്‍ കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'
അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന്‍ പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?
'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.
ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'
ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.
പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്‌സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്‌സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ വിദേശിയായ ചെറുകിട ബിസിനസ്സുകാരന്‍ പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു.
ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം:
പ്രിയ സുഹൃത്തേ,
നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.
ആശംസകളോടെ,
കെന്നത്ത് ആന്‍ഡേഴ്‌സണ്‍.
കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള്‍ അവന്‍ കാണാതിരിക്കാനാവണം അവള്‍ മുഖം വെട്ടിച്ചു കളഞ്ഞത്.