പശുമലയില്‍ വെയില്‍ മങ്ങി നിഴല്‍ നീണ്ടു തുടങ്ങിയിരുന്നു. അങ്ങു ദൂരെ മാനം മുട്ടി നില്‍ക്കുന്ന മലകള്‍ക്ക് കറുപ്പു പടര്‍ന്ന പച്ചനിറം. അവയ്ക്കു മേലെ അങ്ങിങ്ങ് കോടമഞ്ഞിന്റെ പുകപടലം. ഉപേക്ഷിക്കപ്പെട്ടൊരു പ്രേതബംഗ്ലാവ് കണക്കെ ദൂരെ മലഞ്ചരുവില്‍ പൂട്ടിപ്പോയ തേയിലക്കമ്പനി. അതിന്റെ മേല്‍ക്കൂരയിലെ ലോഹഷീറ്റുകളില്‍ തുരുമ്പു പടര്‍ന്നിട്ടുണ്ട്.
മലഞ്ചരുവില്‍ നിരയൊത്തു വെട്ടിനിര്‍ത്തിയ തേയിലച്ചെടികള്‍ക്കിടയിലൂടെ സ്ത്രീകള്‍ കൊളുന്തു നുള്ളി മെല്ലെ നടന്നുനീങ്ങുന്നുണ്ട്. തേയിലത്തോട്ടത്തിനിടയിലൂടെ ഒരു മലമ്പാമ്പു പോലെ നീണ്ടു കിടന്ന പാതയില്‍ പൊടിപറപ്പിച്ച് ഞങ്ങളുടെ ജീപ്പ് പശുമലയുടെ ഓരത്തു വന്നു നിന്നു.
ഫാക്ടറി പൂട്ടിയ ശേഷം കാര്യമായി വാഹനങ്ങളൊന്നും അവിടേക്ക് വരാത്തതിനാലാകാം, കുട്ടികള്‍ ആരവം മുഴക്കിക്കൊണ്ട് ജീപ്പിനു പിന്നാലെ ഓടിയെത്തിയത്. എന്തോ കൗതുകക്കാഴ്ച കാണുമ്പോലെ ആവേശത്തോടെയാണ് അവരുടെ വരവ്. പണ്ടെങ്ങോ ബട്ടനുകളൊക്കെ അടര്‍ന്നു പോയ അവരുടെ ഷര്‍ട്ടുകളില്‍ നിറയെ ചെളി പടര്‍ന്ന കറുപ്പ്. സൂര്യതാഡനമേറ്റ് അവരുടെ മുഖമാകെ കരുവാളിച്ചിട്ടുണ്ട്. പോഷകാഹാരത്തിന്റെ അഭാവം ആ നെഞ്ചിന്‍കൂടുകളില്‍ വായിച്ചറിയാം. എണ്ണമയമില്ലാതെ ചെമ്പിച്ചു പാറിപ്പറന്ന മുടി മാടിയൊതുക്കാന്‍ വിഫലശ്രമം നടത്തുന്നുണ്ട് ചിലര്‍.
ജീപ്പില്‍നിന്നിറങ്ങിയ ഞങ്ങള്‍ കുട്ടികളുടെ അടുത്തെത്തി അവരെ പരിചയപ്പെട്ടു. മിക്കവര്‍ക്കും തമിള്‍ പേരുകളാണ്.
ശരവണന്‍, അരുളപ്പന്‍, അന്‍പഴകന്‍, പൂങ്കനി, നാഗവേണി... ...
പേരു ചോദിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ പലരുടെയും മുഖത്തു നാണം വിരിഞ്ഞു. കുട്ടികളോടു കുശലപ്രശ്‌നം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബിജു അടുത്തെത്തി. ബിജു കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായി. അവരോടു സ്‌നേഹത്തോടെ അല്പസമയം സംസാരിച്ചുനിന്ന ശേഷം ബിജു ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു:
''നമുക്കല്പം താഴേക്കിറങ്ങണം. ഒരു കാഴ്ച കാണിക്കാം.''
ആ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഓ-യുടെ പ്രവര്‍ത്തകനായ ബിജുവാണ് ഞങ്ങളുടെ വഴികാട്ടി. വിവിധ സഭകളുടെ സഹകരണത്തില്‍ അടുത്തൊരു ക്യാമ്പ് സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയവരാണ് ഞങ്ങള്‍. സെമിനാറിലെ ചര്‍ച്ചകള്‍ക്കിടയിലാണ് വേളാങ്കണ്ണി എന്ന തമിള്‍പെണ്‍കുട്ടിയെക്കുറിച്ചു കേള്‍ക്കുന്നത്. സെമിനാര്‍ അംഗങ്ങളുടെ ആഗ്രഹപ്രകാരം വേളാങ്കണ്ണിയുടെ കുടുംബം താമസിക്കുന്ന ലയം സന്ദര്‍ശിക്കാന്‍ ബിജു ഒരു അവസരമൊരുക്കുകയായിരുന്നു.
ചരിഞ്ഞിറങ്ങുന്ന ഭൂമിയില്‍ കാലുറപ്പിച്ച് ഞങ്ങള്‍ സൂക്ഷ്മതയോടെ ബിജുവിനൊപ്പം താഴേക്കിറങ്ങി. കുട്ടിക്കൂട്ടം ആഘോഷമായി ഞങ്ങള്‍ക്കു പിന്നാലെ കൂടി. തേയിലത്തോട്ടങ്ങള്‍ കടന്നു വന്ന കാറ്റിനു നല്ല ഉശിര്.
താഴെയെത്തിയപ്പോള്‍ കാണാം, മുട്ടറ്റം താഴ്ചയുള്ള ഒരു പാറക്കുഴിയിലിറങ്ങിയിരുന്ന് പാറയിടുക്കില്‍നിന്ന് കണ്ണീര്‍ച്ചാലു പോലെ ഊറി വരുന്ന അല്പം വെള്ളം ഒരു ചിരട്ടയുപയോഗിച്ച് കോരി തന്റെ പ്ലാസ്റ്റിക് കുടത്തിലൊഴിക്കുകയാണ് ഏകദേശം പന്ത്രണ്ടു വയസ്സു വരുന്ന ഒരു പെണ്‍കുട്ടി. നിറം മങ്ങി അങ്ങിങ്ങു കീറല്‍ വീണ പാവാടയും ബ്ലൗസുമാണ് വേഷം. ചെമ്പിച്ച മുടി അനുസരണയില്ലാതെ കാറ്റില്‍ പാറിപ്പറക്കുന്നു.
ഒരു പ്രാവശ്യം വെള്ളം കോരി കുടത്തിലൊഴിച്ചു കഴിഞ്ഞ് രണ്ടു മിനിറ്റോളം കാത്തിരിക്കേണ്ടി വരും, അല്പം വെള്ളം കൂടി ഊറി വരാന്‍. പാറയിടുക്കിന്റെ ആ കാരുണ്യത്തിനു മുന്നില്‍ ക്ഷമയോടെ കാത്തിരിക്കുകയാണവള്‍. അവള്‍ വെള്ളമെടുത്ത ശേഷം ആ അവസരത്തിന് ഊഴം കാത്തു വേറെയും ചില സ്ത്രീകള്‍ കുടവുമായി അവിടെയുണ്ട്. ഞങ്ങളവിടെയെത്തിയപ്പോള്‍ മറ്റു സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് മുഷിഞ്ഞു സംസാരിക്കുകയായിരുന്നു.
''നീയിത്രയും നേരമായി വെള്ളമെടുക്കുകയായിരുന്നില്ലേ? നിനക്കിത്രയും വെള്ളം കിട്ടിയില്ലേ? ഇനി എഴുന്നേല്‍ക്ക്... ഞങ്ങള്‍ക്കും വെള്ളം വേണ്ടേ?''
അതു കേട്ട ഭാവമില്ല അവള്‍ക്ക്. എങ്ങനെയെങ്കിലും ആകുന്നിടത്തോളം വെള്ളം നിറയ്ക്കാനാണ് അവളുടെ താത്പര്യം. സ്ത്രീകള്‍ പിന്നെയും കലമ്പല്‍ കൂട്ടി. ബഹളം വക വയ്ക്കാതെ അവള്‍ കുത്തിയിരുന്ന് ചിരട്ടയില്‍ വെള്ളം കോരി കുടം നിറയ്ക്കുന്നതില്‍ മനസ്സര്‍പ്പിച്ചു.
ദൈവമേ, എന്തൊരു കാഴ്ചയാണിത്! എന്റെ വീട്ടില്‍ ദിനവും എത്രമാത്രം വെള്ളമാണ് ഞങ്ങളൊക്കെ നഷ്ടപ്പെടുത്തുന്നത്. പശുമലയിലെ ഈ പെണ്‍കുട്ടിയുടെ മുഖമോര്‍ത്താല്‍ ഇനിയെങ്ങനെ വെള്ളം നഷ്ടപ്പെടുത്താനാവും?
ഇരുള്‍ പരക്കുംവരെ, കോടമഞ്ഞു വീഴുംവരെ ഈ കലമ്പലും വെള്ളം നിറയ്ക്കലും തുടരും. അതു കഴിഞ്ഞാല്‍ വെള്ളവും വെട്ടവുമില്ലാത്ത വല്ലായ്മയുടെ തണുത്ത രാത്രിയാണ്.
അവരെ സ്വതന്ത്രമായി വെള്ളം നിറയ്ക്കാനും ബഹളം കൂട്ടാനും വിട്ട് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. മലമുകളിലെ ലയമാണ് ഞങ്ങളുടെ ലക്ഷ്യം.
പണ്ട് ബ്രിട്ടീഷുകാര്‍ തേയില ഫാക്ടറികള്‍ നടത്തിയിരുന്ന കാലത്ത് കുതിരകളെ കെട്ടിയിരുന്ന ഇടമായിരുന്നത്രേ ലയങ്ങള്‍. ബ്രിട്ടീഷുകാരും കുതിരകളും പോയിക്കഴിഞ്ഞപ്പോള്‍ ലയങ്ങള്‍ പാവപ്പെട്ട തൊഴിലാളികളുടെ വാസസ്ഥലങ്ങളായി മാറി. കുതിരകള്‍ കിടന്നിരുന്ന ഇടത്തിന്റെ പരിമിതികള്‍പോലും അനുഗ്രഹമായി കരുതി സന്തോഷത്തോടെ സ്വീകരിച്ചു, അവര്‍. അത്തരം ലയങ്ങളിലൊന്നിലാണ് വേളാങ്കണ്ണിയുടെ കുടുംബം പാര്‍ക്കുന്നത്.
തേയിലക്കമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അല്ലലെന്തെന്നറിഞ്ഞിരുന്നില്ല അവര്‍. എന്നാല്‍ ജീവിതത്തിലാകെ ഇരുള്‍ പരത്തിക്കൊണ്ട് ഒരുനാള്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. ഒപ്പം ലയങ്ങളില്‍ വെള്ളവും വെളിച്ചവുമൊന്നും ലഭിക്കാതെയായി. വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ അതുവരെ പണമടച്ചുകൊണ്ടിരുന്നത് കമ്പനിയായിരുന്നു. കമ്പനി നിന്നുപോയതോടെ പണമടയ്ക്കാതെ വന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയായിരുന്നു.
മലമുകളിലെ ലയങ്ങളില്‍ പാവങ്ങള്‍ ഇരുട്ടിലായി. ആ മലമുകളിലുള്ളവര്‍ക്കെല്ലാം വെള്ളത്തിന് ചെറിയൊരു പാറയിടുക്ക് മാത്രമായി ആശ്രയം. പലരും നിത്യവൃത്തിക്കു മാര്‍ഗം തേടി ഊരു വിട്ടു.
ആ പരിമിതികള്‍ക്കിടയില്‍നിന്നാണ് എട്ടാം ക്ലാസ്സുകാരിയായ വേളാങ്കണ്ണി സ്‌കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു വേളാങ്കണ്ണി. കമ്പനി പൂട്ടിയ ശേഷം വരുമാനമൊന്നുമില്ലാത്ത അച്ഛന്‍ മദ്യപാനത്തിന്റെ വഴിതേടി എല്ലാ ഉത്തരവാദിത്തങ്ങളും മറന്നു. അമ്മ കൊളുന്തു നുള്ളി അടുത്തുള്ള കടയില്‍ കൊണ്ടുപോയി വിറ്റു കിട്ടുന്ന ചെറിയ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ അവള്‍ ആവശ്യങ്ങളൊന്നും വീട്ടില്‍ പറയുമായിരുന്നില്ല. ആകെയുള്ള ഒരു യൂണിഫോം വല്ലാതെ പിഞ്ഞിക്കീറി. ഇനിയത് ഉപയോഗിക്കാനാവില്ലെന്ന ഘട്ടമെത്തിയപ്പോള്‍ വേളാങ്കണ്ണി അയല്‍പക്കത്തുള്ള കൂട്ടുകാരിയോട് ചോദിച്ചു:
''എനിക്കിനി സ്‌കൂളില്‍ പോകണമെങ്കില്‍ യൂണിഫോമില്ല. സ്‌കൂള്‍ മുടക്കാനും മനസ്സു വരുന്നില്ല... നിനക്ക് രണ്ടു യൂണിഫോമില്ലേ? ഒരെണ്ണം എനിക്കു കടം തരാമോ?''
ഒരു ജോഡി യൂണിഫോം കൂട്ടുകാരിക്കു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഒരെണ്ണംകൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ചോദിച്ച സ്ഥിതിക്ക് കൊടുക്കാതിരിക്കാനാവില്ലല്ലോ. അത്ര സന്തോഷത്തോടെയല്ലെങ്കിലും കൂട്ടുകാരി വേളാങ്കണ്ണിക്ക് യൂണിഫോം കടം നല്കി. അങ്ങനെ വേളാങ്കണ്ണി യൂണിഫോം ധരിച്ച് മുടങ്ങാതെ സ്‌കൂളിലെത്തി. അവള്‍ നന്നായി പഠിച്ചു.
അപ്പോഴും കടം നല്കിയ യൂണിഫോമിന്റെ ചിന്ത കൂട്ടുകാരിയെ അലട്ടുകയായിരുന്നു. ഒരുനാള്‍ കഴുകി ഉണങ്ങാനിട്ട യൂണിഫോം ഉണങ്ങിയില്ലെന്ന കാരണം പറഞ്ഞ് അവള്‍ വേളാങ്കണ്ണിയോട് കടം നല്കിയ യൂണിഫോം മടക്കിച്ചോദിച്ചു. ഉടമസ്ഥ ചോദിച്ചാല്‍ മടക്കി നല്കാതിരിക്കുന്നതെങ്ങനെ? കൂട്ടുകാരിയുടെ യൂണിഫോം വേളാങ്കണ്ണി മടക്കി നല്കി.
യൂണിഫോമില്ലെന്ന കാരണത്താല്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ മനസ്സു വന്നില്ല അവള്‍ക്ക്. പിഞ്ഞിക്കീറിയ പഴയ യൂണിഫോം ധരിച്ച് ആ കൗമാരക്കാരി അന്നു സ്‌കൂളിലെത്തി.
കൂട്ടുകാരെല്ലാം വല്ലാതെ നെറ്റി ചുളിക്കുന്നു. മറ്റു ചിലരാകട്ടെ പരിഹസിച്ചു ചിരിക്കുന്നു. ഇനിയും ചിലര്‍ താളത്തിലൊരു പാട്ടു തന്നെയുണ്ടാക്കി:
''കിഴിവാണേ, കിഴിവാണേ
യൂണീഫോമിനു കിഴിവാണേ...
വേളാങ്കണ്ണിക്കണിയാന്‍ കിട്ടിയ
യൂണീഫോമിനു കിഴിവാണേ.
ആകെ മൊത്തം കിഴിവാണേ''
പാട്ടിന്റെ താളത്തിലുള്ള വികൃതിപ്പിള്ളേരുടെ സംഘനൃത്തം എല്ലാവരും നന്നായി ആസ്വദിച്ചു ചിരിച്ചു. വേളാങ്കണ്ണിക്കു മാത്രം ചിരിക്കാനായില്ല. ഇല്ലായ്മയുടെ വേദനയില്‍, കീറിയ യൂണിഫോം ധരിച്ച് സ്‌കൂളിലെത്തിയ അവള്‍ക്ക് ചിരിക്കാനാവുന്നതെങ്ങനെ? അപമാനിതയായ ആ കൗമാരക്കാരി കരഞ്ഞുകൊണ്ടാണ് അന്നു വൈകിട്ട് വീട്ടിലെത്തിയത്.
കണ്ണീരിന്റെ കാരണമന്വേഷിച്ച അമ്മയോടവള്‍ പറഞ്ഞു:
''അമ്മേ, കീറിയ ഉടുപ്പിട്ട് സ്‌കൂളില്‍ പോകാന്‍ വയ്യ. ഞാനെന്തു ചെയ്യണമെന്നു പറ...''
അമ്മയ്ക്കു മറുപടിയില്ല. മകളുടെ സങ്കടം കണ്ട് അമ്മയും കരഞ്ഞുപോയി. കൊളുന്തു നുള്ളി കിട്ടുന്ന പണം ആഹാരത്തിനു തികയുന്നില്ല. എന്തു ചെയ്യും? ആരോടു ചോദിക്കും?... എവിടെനിന്നെങ്കിലും അല്പം പണം കടം കിട്ടിയിരുന്നെങ്കില്‍ എന്ന ആശയോടെയാണ് ആ അമ്മ പുറത്തേക്കു പോയത്.
ചോദിക്കാവുന്നവരോടൊക്കെ കുറച്ചു രൂപ കടം ചോദിച്ചു. അവരെല്ലാം കൈമലര്‍ത്തി. എല്ലാവര്‍ക്കും സ്വന്തം പ്രാരാബ്ധങ്ങളാണു പറയാനുള്ളത്. ഒടുവില്‍ നിരാശയോടെ മടങ്ങിയ ആ അമ്മ മകളോട് എന്തു മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു. വീട്ടിലെത്തി ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്കു കയറിയ അവര്‍ ആ കാഴ്ച കണ്ട് അലറി വിളിച്ചുപോയി.
വേളാങ്കണ്ണിയുടെ ചേതനയറ്റ ശരീരം ലയത്തിന്റെ ഉത്തരത്തില്‍ കെട്ടിയ പഴഞ്ചന്‍ സാരിയില്‍ തൂങ്ങിയാടുന്നു! ദാരിദ്ര്യമില്ലാത്ത, കുത്തുവാക്കുകളില്ലാത്ത, പണവും വസ്ത്രവും ഭക്ഷണവുമൊന്നും ആകുലപ്പെടുത്താത്ത ലോകത്തേക്ക് അവളുടെ ആത്മാവ് അതിനോടകം പറന്നുപോയിരുന്നു.
സെമിനാര്‍ ചര്‍ച്ചയ്ക്കിടയില്‍ ഈ കഥ കേട്ടറിഞ്ഞാണ് ഞങ്ങള്‍ ലയത്തിലെത്തിയിരിക്കുന്നത്. വേളാങ്കണ്ണിയുടെ അമ്മയ്ക്കു മുന്നില്‍ ഞങ്ങള്‍ നിശ്ശബ്ദരായി നിന്നു. ഇതുപോലെ ഒട്ടേറെ സന്ദര്‍ശകരെ കണ്ട നിസ്സംഗതയില്‍ അയല്‍ക്കാരും ഞങ്ങള്‍ക്കരികില്‍ വന്നു നില്പുണ്ട്. വേദനയുടെ ആഴമറിയാതെ കുട്ടിക്കൂട്ടവും അടുത്തുതന്നെയുണ്ട്.
ആ അമ്മയ്ക്കു ഞങ്ങളോടൊന്നും പറയാനുണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകള്‍ പിഞ്ഞി നരച്ച സാരിത്തുമ്പുകൊണ്ടു തുടച്ച് അവര്‍ വേളാങ്കണ്ണിയുടെ വല്ലാതെ കീറിയ യൂണിഫോം എടുത്തുകൊണ്ടുവന്ന് ഞങ്ങളെ കാണിച്ചു, ഒപ്പം അവളുടെ കുടയും. ആ കുട മലങ്കാറ്റിന്റെ ശക്തിയില്‍ കീറിപ്പറിഞ്ഞ് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തിയതായിരുന്നു. പണ്ടെന്നോ കറുപ്പു നിറമായിരുന്നെന്നു തോന്നിപ്പിക്കുന്ന നരച്ച കുടശീല ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു.
വേളാങ്കണ്ണിയുടെ യൂണിഫോമും കുടയും!! നിശബ്ദമായി ഒരു കുരുന്നു നൊമ്പരത്തിന്റെ കഥ പറയുന്ന രണ്ടു പ്രതീകങ്ങള്‍... മനസ്സിന്റെ ആഴത്തില്‍ തറഞ്ഞുകയറിയ വേദനയുമായി ഞങ്ങള്‍ മലയിറങ്ങി. മടക്കയാത്രയില്‍ ആരുമൊന്നും മിണ്ടിയില്ല... മിണ്ടാനാവുമായിരുന്നില്ല ഞങ്ങള്‍ക്ക്.