Saturday, 18 May 2013

ഇട്ടുണ്ണിയും പട്ടവും

(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്‌.)

    
     
      പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
      പട്ടം പറത്തുവാന്‍ മോഹമായി
      പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
      വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
      വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
      പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
      മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
      വെട്ടിയൊട്ടിച്ചതില്‍ വാലുകളും
      കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
      'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
      'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
      കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
      പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
      ഒട്ടൊരു ഗമയില്‍ നടന്നു കേറി
      പട്ടം പറത്താനൊരുങ്ങുന്നേരം
      പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
      ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
      'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
      'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
      പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'‍
 

Thursday, 9 May 2013

അമ്മനൊമ്പരം

      മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര്‍ കിനാവു കാണുകയാണോ?... 
      വൈഗയ്‌ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന്‍ ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്‌ഡോദരന്‍ എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന്‍ തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്‌ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...
      വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്‍. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്‍കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകന്‍. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...
      ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്‍ക്കാന്‍ ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.
      ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്‌നേഹിതന്‍ ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്.
      ദുരൈയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്‌നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
      ദുരൈ പറഞ്ഞു, 'സര്‍... ഇവങ്കേ എന്നുടെ അമ്മ...'
      അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.
      'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'
      ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'
      അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-
      'അതെന്താ അങ്ങനെ?...'
      'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'
      'മഴയും കാറ്റുമൊക്കെ വന്നാലോ?...'
      'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്.
      മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...
      ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന്‍ ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്‍ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന്‍ അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന്‍ അമ്മയോട് അന്വേഷിച്ചു-
      'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'
      'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള്‍ പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'
      ഈ സ്‌നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന്‍ വരുമെന്ന പ്രതീക്ഷയോടെ...
      മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര്‍ വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്‍ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...

Friday, 22 March 2013

ഗണികയുടെ പുത്രന്‍

വമ്പന്‍ കുഴലൊന്നിലെന്നെക്കിടത്തിയി-
ട്ടിമ്പമായ് താരാട്ടു പാടിയമ്മ
താരാട്ടിന്നീണത്തില്‍ ഞാനൊന്നുറങ്ങിയ
നേരത്തിതെങ്ങോട്ടു പോയതമ്മ?

ഇന്നാളൊരു ദിനം ഇമ്മട്ടിലമ്മയെ
കാണാതെ പേടിച്ചു കേണ നേരം
വന്നീ കുഴലില്‍നിന്നെന്നെയെടുത്തൊരാ
വല്ല്യമ്മ ചൊല്ലിയ വാക്യമോര്‍പ്പൂ...
'തേവിടിശ്ശിയവള്‍ കുഞ്ഞിനെപ്പോറ്റുവാ-
നാവില്ലയെങ്കില്‍ കൊല്ലാത്തതെന്തേ?'

പിന്നീടൊരു ദിനം അമ്മയെ കാണാതെ
വന്നീ കുഴലിന്റെയഗ്രത്തില്‍ ഞാന്‍
'അമ്മേ'യെന്നുച്ചത്തില്‍ കേഴുമ്പോള്‍ കണ്ടു ഞാ-
നമ്മയെ കൂട്ടത്തില്‍ മൂന്നാലു മാമന്മാര്‍
അവരുടെ കാറില്‍നിന്നോടിവന്നെന്നെ
കവരുന്നു നെഞ്ചോടു ചേര്‍ക്കുന്നിതമ്മ
കണ്ണു നിറയുന്നു വിങ്ങുന്ന വാക്കുകള്‍
'കണ്ണനെപ്പോറ്റുവാന്‍ വേശ്യയായോളമ്മ...
ദൂരെയാ ഗ്രാമത്തിലുല്ലാസമായ് പണ്ടു
പാരം സമാധാനസന്തോഷചിത്തയായ്
മേവുമ്പോള്‍ കണ്ടു പരിചയപ്പെട്ടതാ-
മേട്ടനെ വിശ്വസിച്ചെല്ലാമുപേക്ഷിച്ചു
വീടുവിട്ടേട്ടന്റെ സ്വന്തമായ് പിന്നീടു
തേടുന്നെന്നേട്ടനിന്നെവിടെന്നറിയില്ല

നാലഞ്ചു മാസത്തിന്‍ ജീവിതമേകിയൊ-
രാലസ്യമാകെയൊഴിഞ്ഞ നേരം
എന്നുള്ളില്‍ വളരുമീയുയിരിന്‍ തുടിപ്പിനെ-
യെന്നെന്നും പോറ്റുവാന്‍ നിശ്ചയിച്ചോളമ്മ
കാലം പ്രയാണം തുടര്‍ന്നൂ നഗരത്തിന്‍
കോലമിന്നെന്നെ ഗണികയാക്കി

ആരുമില്ലെന്നുണ്ണീ നമ്മെ സഹായിക്കാ-
നാരുമീയുലകില്‍ മനുഷ്യരല്ല
നരികളാണെമ്പാടും രക്തം കുടിക്കുവോര്‍
നരനായ് നീയെങ്കിലും ജീവിക്കുമോ...'


(ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ ഒരു കവിതാമത്സരത്തിനുവേണ്ടി ധൃതിയില്‍ രചിച്ച കവിത. ഒരു വലിയ പൈപ്പിനുള്ളില്‍ ദൂരേക്കു നോക്കി, വിങ്ങലും ആകുലതയുമുള്ള മുഖവുമായി ഇരിക്കുന്ന തെരുവുകുട്ടിയുടെ ചിത്രത്തിന് യോജിച്ച കവിത രചിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.)

Monday, 21 January 2013

ക്ഷമയുടെ പരിശീലനക്കളരി

      റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...
      എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന്‍ കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്‌ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍.
       സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന്‍ തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍.
       ആബേലച്ചനെ കണ്ടാല്‍ ഫുട്ട്‌ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന്‍ നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.
       വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന്‍ ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന്‍ സിദ്ദിക്ക്.
       പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു:
       'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'
       ആബേലച്ചന്‍ ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'
       ഒന്നു ചിരിച്ചിട്ട് ആബേലച്ചന്‍ തുടര്‍ന്നു:
       'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'

Monday, 31 December 2012

കാലടികള്‍ ശ്രദ്ധിക്കൂ

കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'

Thursday, 6 December 2012

ക്രിസ്മസ്: എളിമയുടെ പൂത്തിരിവെട്ടം

      വര്‍ണ്ണാഭമാണിന്നു ക്രിസ്മസ്. സാന്റാക്ലോസും നക്ഷത്രവിളക്കും വീടിന്റെ ഉമ്മറത്ത് അലങ്കരിച്ചൊരുക്കിയ പുല്‍ക്കൂടുമെല്ലാം പ്രതാപം വിളിച്ചോതുന്ന മായാക്കാഴ്ചകള്‍ തന്നെ. നക്ഷത്രവിളക്കിന്റെ എണ്ണത്തിലും വലുപ്പത്തിലും ക്രിസ്മസ് ട്രീയുടെ മോടിയിലും അയലത്തുകാരനെ കടത്തിവെട്ടാനുള്ള വെപ്രാളമാണെവിടെയും. കണ്ണഞ്ചിപ്പിക്കുന്ന കമ്പോളനക്ഷത്രത്തിന്റെ ഗതി നോക്കി വിദ്വല്‍ഗര്‍വ്വു ഭാവിക്കുന്ന നമ്മുടെ സമൂഹമിന്ന് ബേത്‌ലഹേമില്‍നിന്ന് വളരെ ദൂരെ ഏതോ മരുഭൂമിയിലെത്തിയിരിക്കുന്നു. സ്‌നേഹം വറ്റിവരണ്ട സ്വാര്‍ത്ഥതയുടെ ഈ മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ എവിടെയാണ് കാരുണ്യരൂപിയായ ഉണ്ണിയ്ക്കു പിറക്കാനിടം ലഭിക്കുക? അപരനെ അറിയാന്‍ അല്പനേരം മാറ്റിവയ്ക്കാനില്ലാതെ ബന്ധങ്ങളറ്റ വിരസജീവിതങ്ങള്‍ക്കിടയിലെവിടെയാണ് ആ ദയാമയന് സ്ഥാനമുണ്ടാവുക? ക്രിസ്മസിന്റെ പേരില്‍ ഇന്നു പ്രചാരത്തിലുള്ള പ്രതീകങ്ങളെല്ലാം തുടക്കത്തില്‍ എളിമയുടെയും ഹൃദയവിശാലതയുടെയും പേരിലാണ് അംഗീകരിക്കപ്പെട്ടത് എന്ന സത്യം നാം മറക്കരുത്.
      ആദ്യത്തെ ക്രിസ്മസ് തന്നെ നോക്കൂ... അരക്ഷിതഭാവിയുടെ ഇരുളിമ പരന്ന മനസ്സുമായി ജീവിതത്തിന്റെ വെളിമ്പറമ്പില്‍ കഴിഞ്ഞിരുന്ന ഇടയന്മാര്‍ക്കാണ് സ്വര്‍ഗ്ഗസമാധാനത്തിന്റെ ദര്‍ശനമുണ്ടായത്. ആ കൊടുംതണുപ്പിലും അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, ഉള്ളിനെ ഊഷ്മളമാക്കുന്നൊരു സ്‌നേഹഭാവവുമായി തങ്ങളുടെ മശിഹാ വരുമെന്ന്. കഷ്ടതകളൊടുങ്ങുന്ന ആ നല്ല കാലം സ്വപ്നം കണ്ട അവര്‍ക്ക് ക്ഷണിക്കാതെ പൂക്കള്‍ നിറച്ചെത്തിയ വസന്തം പോലെ ആഹ്ലാദദായകമായി, ദൂതന്മാരുടെ ദര്‍ശനം.
      ദൂതന്‍ അവരോടു പറഞ്ഞതോ- "ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.' ലോകം സുരക്ഷിതത്വത്തിന്റെ തണലില്‍ ഗാഢനിദ്രയിലായ നേരത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ മേല്‍ക്കൂരയില്ലാത്ത വയലിടങ്ങളില്‍ ആടുകള്‍ക്കു കാവല്‍ കിടന്നവര്‍... ആടുകളുടെ ഭയമകറ്റുന്ന തൊഴിലാണ് അവര്‍ ചെയ്തിരുന്നതെങ്കിലും അവരുടെ ജീവിതമാകെ ഭയത്തിന്റെ കരിനിഴലിലായിരുന്നു. അത്തരമൊരു വിഭാഗത്തിനാണ് ദൂതന്‍ "ഭയപ്പെടേണ്ടാ' എന്ന സന്ദേശം നല്‍കുന്നത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന വലിയൊരു ജനതതി അന്ന് ആ നാട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് റോമന്‍ പട്ടാളക്കാരുടെ കിരാത ആക്രമണത്തിന്റെ ഭയം... മറ്റൊരു ഭാഗത്ത് റോമന്‍ ഭരണത്തെ എതിര്‍ത്ത തീവ്രവാദികളായ യഹൂദരെക്കുറിച്ചുള്ള ഭയം... ഇവയ്ക്കിടയില്‍ തങ്ങളുടെ ഭയമകറ്റാന്‍ താമസംവിനാ മശിഹാ പിറക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അവിടെയാണ് "ഭയപ്പെടേണ്ടാ...' എന്ന ദൂതന്റെ ശബ്ദം അവരില്‍ ആ വയലിലെ രാത്തണുപ്പിനെ അകറ്റുന്ന ഊഷ്മളതയായി നിറഞ്ഞത്. 
      ഭയത്തിന്റെ അസ്വസ്ഥതയില്‍ കഴിയുന്നവര്‍ക്ക് ഇന്നും ധൈര്യം പകരുന്ന സദ്വാര്‍ത്തയാണ് യേശുവിന്റെ ജനനം. അസ്ഥിരതയും അരക്ഷിതത്വവും രോഗങ്ങളും ശത്രുഭീഷണികളുമൊക്കെ ഇന്നും ഭീതിയായി നമ്മുടെയിടയില്‍ അലയടിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അനേകരുടെ കണ്ണീരൊപ്പിയ കരങ്ങളും നീട്ടി, ജീവിതത്തോണിയില്‍ അമരക്കാരനായി അവന്‍ വരുന്നു. അവന്റെ സാന്നിദ്ധ്യത്തില്‍ നിര്‍ഭയമായി മുന്നേറുമ്പോഴാണ് ശിരസ്സ് ധൈര്യമായി ഉയര്‍ത്താന്‍ സാധിക്കുന്നത്.  
      എവിടെ നിര്‍ഭയമാകുന്നു മാനസം
      അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
      ... ... ... ...
      അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ
      ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
      നിര്‍ഭയമായി ഉയര്‍ന്ന ശിരസ്സോടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനു പോലും നില്‍ക്കാനാവുന്നിടത്തേ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നാടുണര്‍ന്നു എന്നു പറയാനാവൂ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ വരികള്‍ മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റം നടത്തിയത് ഏറ്റുമാനൂര്‍ സോമദാസന്‍ മാഷാണ്.
      തങ്ങള്‍ക്ക് ഏറെ പരിചിതമായ പുല്ലിന്റെയും കന്നുകാലികളുടെയും മധ്യത്തില്‍ത്തന്നെ രക്ഷകനെ കണ്ടപ്പോള്‍ ഇടയന്മാര്‍ക്കുണ്ടായ സന്തോഷം എത്ര അധികമായിരുന്നിരിക്കും! മാത്രമോ കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്കു ലഭിച്ച അതേ പരിഗണന തന്നെയാണ് നിരാലംബരായ ആ ഇടയന്മാര്‍ക്കും രക്ഷകന്റെ സന്നിധിയില്‍ ലഭിച്ചത്.
      ക്രിസ്മസ് രാത്രിയില്‍ ഉണ്ണിയേശുവിന്റെ കരച്ചില്‍ കേട്ട് ആദ്യം റാന്തല്‍ വിളക്കുമായി എത്തിയ ചില ഇടയസ്ത്രീകളെക്കുറിച്ച് ഇങ്ങനെയൊരു കഥയുണ്ട്. അവര്‍ കൊണ്ടുവന്ന വിളക്കിന്റെ വെളിച്ചത്തിലാണത്രേ ഉണ്ണിയേശു മിഴി തുറന്നത്. അവര്‍ സമ്മാനിച്ച പുതപ്പാണു പോലും അവനു തണുപ്പകറ്റിയത്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. യേശു വളര്‍ന്നു. അവന്‍ യിസ്രായേലിലെങ്ങും പ്രസിദ്ധനായി. വാര്‍ദ്ധക്യത്തിലെത്തിയ ഇടയസ്ത്രീകള്‍ കൊച്ചുമക്കളെ അരികില്‍ വിളിച്ചു പഴയ സംഭവം പറഞ്ഞു.   ""മക്കളേ, ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമലുകള്‍ വളഞ്ഞതും ശിരസ്സ് കുനിഞ്ഞതും. മറിച്ച് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നതുകൊണ്ടാണ്. എന്നാല്‍ അന്ന് ആ ക്രിസ്മസ് രാത്രിയില്‍ ഞങ്ങളുടെ ശിരസ്സ് ഉയര്‍ന്നു, മനസ്സ് അഭിമാനത്താല്‍ നിറഞ്ഞു. കാരണം നമ്മെക്കാള്‍ ദരിദ്രനായിരുന്നു അവന്‍. നമ്മുടെ റാന്തലിന്റെ വെളിച്ചത്തിലേക്കാണവന്‍ മിഴി തുറന്നത്. നമ്മുടെ പുതപ്പിനടിയിലാണവന്‍ ആദ്യമായി നിദ്രയിലാണ്ടത്...'' മുത്തശ്ശിമാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തുവത്രേ: ""ഇമ്മാനുവേല്‍ എന്നതിന് "ദൈവം നമ്മോടുകൂടെ' എന്നു മാത്രമായിരിക്കില്ല അര്‍ത്ഥം, "നമ്മെ ചെറുതാക്കാതിരിക്കാന്‍ ദൈവം നമ്മോടൊപ്പം, നമ്മെപ്പോലെ' എന്നുകൂടി അര്‍ത്ഥമുണ്ടായിരിക്കണം.'' കഥ കേട്ട് കുഞ്ഞുങ്ങളുടെ ശിരസ്സും ഉയര്‍ന്നു. തീര്‍ച്ചയായും വിലാസമില്ലാത്തവരുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നവനാണ് നസ്രായന്‍ എന്നറിയപ്പെട്ട യേശു.
      ലോകത്തിലേക്കും വിലയുള്ള സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വിലയുള്ള സമ്മാനം- അതു ക്രിസ്തുവല്ലാതെ മറ്റൊന്നുമല്ല. തന്റെ ഏകജാതനെ നല്‍കുവാന്‍ തക്ക വിധം ലോകത്തെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ എന്തുണ്ട്? ഏറ്റവും വിലയുള്ളതിനെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിനുള്ള മനസ്സാണ് ദൈവത്തിന്റെ വലിയ സ്വഭാവം. ഏറ്റവും വിലയുള്ളതായി കരുതുന്നതിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോഴാണ് ഭവനത്തിന് രക്ഷയുണ്ടാകുന്നത് എന്ന സന്ദേശം സക്കേവൂസുമായുള്ള കണ്ടുമുട്ടലില്‍ യേശു നല്‍കുന്നുണ്ട്. അപരന്റെ വേദന കണ്ടറിഞ്ഞ് അവന്‍ ആവശ്യപ്പെടാതെതന്നെ അവനെ സഹായിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സ്‌നേഹം. "പറയാത്തത് അറിയാനുള്ള കഴിവാണ് സ്‌നേഹം' എന്ന് ഒരു നിര്‍വ്വചനം കേട്ടിട്ടുണ്ട്. സക്കേവൂസ് യേശുവിനെ കണ്ടുകഴിഞ്ഞപ്പോഴാണ് അപരന്റെ ആവശ്യങ്ങള്‍ കണ്ടത്. ആ കാഴ്ച അവനെ പങ്കുവയ്പിലേക്കു നയിച്ചു. വിശ്വാസത്തിന്റെ പൂര്‍ണതയിലേ ഏറ്റവും വിലയുള്ളതിനെ പങ്കുവയ്ക്കാനാവൂ എന്നതിനാലാവാം സക്കേവൂസ് അവന്റെ ഭൗതികസമ്പത്ത് അപരരുമായി പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ യേശു അവനെ "അബ്രഹാമിന്റെ മകന്‍' എന്നു സംബോധന ചെയ്യുന്നത്. ദൈവം വിളിച്ചപ്പോള്‍ വിശ്വാസത്താല്‍ സകലവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവനാണല്ലോ അബ്രഹാം. നിസ്വന്റെ വേദനയില്‍ ദൈവത്തിന്റെ വലിയ പങ്കുവയ്പ്പാണ് ക്രിസ്മസ്. അര്‍ത്ഥവത്തായ പങ്കുവയ്പ്പിലൂടെ അന്യന്റെ വേദനയില്‍ ആശ്വാസമേകാന്‍ സാധിക്കുമ്പോഴാണ് ക്രിസ്മസ് സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയുന്നത്.  
      ജനിക്കാന്‍ കാലിത്തൊഴുത്തു തെരഞ്ഞെടുത്ത യേശുവിന് വളരുവാന്‍ ലഭിച്ചതോ, മരപ്പണിക്കാരന്റെ ഭവനവും. ദരിദ്രരുടെയും പീഡിതരുടെയും പാപികളുടെയും രോഗികളുടെയും കാതുകള്‍ക്ക് യേശുവിന്റെ മൊഴികള്‍ ആശ്വാസദായകമായി. അവന്റെ നോട്ടം അവരെ വിലയുള്ളവരാക്കി. അവന്റെ കനിവുള്ള സ്പര്‍ശം അവര്‍ക്കു സൗഖ്യവും സ്വര്‍ഗ്ഗസായൂജ്യവുമേകി. ആത്മാവില്‍ ദരിദ്രരായവരും ദുഃഖിക്കുന്നവരും സൗമ്യതയുള്ളവരുമെല്ലാം ഭാഗ്യവാന്മാരാണെന്ന് പ്രസംഗിച്ച യേശു അവരുടെ ദുഃഖങ്ങളില്‍ പങ്കാളിയായി. അകക്കണ്ണു തുറന്ന അവര്‍ ഒന്നാകെ പറഞ്ഞു: "നീ ദൈവപുത്രനാണ്!' ആ ഗുരുപൂര്‍ണിമയിലെ എളിമയുടെ ദര്‍ശനമാണ് യേശുവിന്റെ ജീവിതം നമുക്കു പകരുന്നത്.
      സാന്റാക്ലോസിനെ അറിയില്ലേ? ലിസിയായിലെ ബിഷപ്പായിരുന്നു സെയിന്റ് നിക്കോളാസ്. വേദനിക്കുന്നവരുടെ കരളിലെ കനലുകള്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞ് കെടുത്താന്‍ തയ്യാറായതിന്റെ പേരിലാണ് നിക്കോളാസ് അംഗീകരിക്കപ്പെട്ടത്. സമൃദ്ധിയില്‍ പിറന്ന സെയിന്റ് നിക്കോളാസ് ഇല്ലായ്മയില്‍ കഴിഞ്ഞവര്‍ക്കായി തന്റെ കൈയിലുണ്ടായിരുന്ന വിഭവങ്ങള്‍ വിനിയോഗം ചെയ്തു. ലളിതജീവിതം നയിച്ച അദ്ദേഹം പാദരക്ഷയില്ലാതെ നടക്കുകയും തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നുവത്രേ. ആ സെയിന്റ് നിക്കോളാസ് ആണ് പിന്നീട് സാന്റാക്ലോസ് എന്ന് അറിയപ്പെട്ടത്. ഇന്നു പക്ഷേ, അപരനെ പരിഹസിക്കാനല്ലേ സാന്റാക്ലോസിന്റെ മുഖംമൂടി ഉപയോഗിക്കുന്നത്?
      വളര്‍ച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങളുമായി കാലസരണിയിലൂടെ നമ്മളൊരുപാടു മുന്നേറി. പരസ്യങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഒരു നാല്‍ക്കവലയില്‍ അനുഗ്രഹങ്ങളുടെ മധ്യത്തിലാണിന്നു നമ്മുടെ സമൂഹം. അനുഗ്രഹങ്ങളുടെ ധാരാളിമയില്‍ എളിമയുടെ മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ ആരുണ്ട്? വീടുണ്ടാക്കുമ്പോഴും വിവാഹം നടത്തുമ്പോഴും എന്തിനധികം മരണവേളകള്‍ പോലും ഗര്‍വ്വിന്റെ വേദികളാക്കുന്ന ജനത്തെ യേശു നിശബ്ദനായി നോക്കി നില്‍ക്കുന്നു. ആ കാരുണ്യരൂപന്റെ കണ്ണുകള്‍ നനയുന്നത് കാണുക. ഹൃദയം നോവുന്നത് അറിയുക. ആ ദര്‍ശനം ഇനിയുള്ള എളിമയുടെ വഴികളില്‍ നമുക്കു പ്രകാശമേകട്ടെ...

Thursday, 30 August 2012

കാരുണ്യത്തിന്റെ വില

      ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്.
     
      'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള്‍ തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'
     
      പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍.
     
      ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു.
     
      'ഇതാ സര്‍, ആ കുട്ടീടെ ഫയല്‍...'
     
      അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു. 
     
      ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്.
     
      ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്‌പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്‍കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്.
     
      പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്. 
     
      കാട്ടുചോല പോലെ തെളിവാര്‍ന്ന സ്‌നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്‍ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.
     
      ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന്‍ അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്‍.
     
      അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്‌പോണ്‍സര്‍ ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്‍ഡേഴ്‌സണ്‍. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്‌പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.
     
      'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'
     
      'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'
     
      'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'
     
      'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'
     
      ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന്‍ അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.
     
      'ഷൈനീ... സ്‌പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'
     
      അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല.
     
      മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.
     
      'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.
     
      'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി.
     
      'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.
     
      'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള്‍ കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'
     
      അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന്‍ പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?
     
    
       'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.
     
      ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'
     
      ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.
     
      പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്‌സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്‌സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ  വിദേശിയായ ചെറുകിട ബിസിനസ്സുകാരന്‍ പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു.
     
      ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം:
     
      പ്രിയ സുഹൃത്തേ,
     
      നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.
                         
      ആശംസകളോടെ,
                         
      കെന്നത്ത് ആന്‍ഡേഴ്‌സണ്‍.
 
      കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള്‍ അവന്‍ കാണാതിരിക്കാനാവണം അവള്‍ മുഖം വെട്ടിച്ചു കളഞ്ഞത്.