Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, 21 July 2023

കള്ളന്റെ മകന്‍

കുര്‍ബാന കഴിഞ്ഞ് എല്ലാവരും വീടണയാനുള്ള തിരക്കിലാണ്. അപ്പോഴാണ് നിറഞ്ഞ ചിരിയോടെ അവന്‍ അടുത്തെത്തിയത്. എവിടെയോ കണ്ടു നല്ല പരിചയം. ഈ വിദേശരാജ്യത്ത് പരിചയഭാവത്തില്‍ സമീപിക്കുന്ന യുവാവ് ആരായിരിക്കും? ഓര്‍മ്മയുടെ ആല്‍ബങ്ങളിലാകെ പരതി നില്ക്കുമ്പോള്‍ അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു:

''സര്‍, ഞാന്‍ ബ്ലസ്സന്‍. സാറെന്നെ വി.ബി.എസ് പഠിപ്പിച്ചിട്ടുണ്ട്.''

''എവിടെ?...'' ഞാന്‍ സന്ദേഹത്തോടെ അവന്റെ കൈ പിടിച്ചു.

അവന്‍ നാട്ടില്‍ അവന്റെ ഗ്രാമത്തിന്റെ പേരു പറഞ്ഞു. 

ശരിയാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവന്റെ ഗ്രാമത്തില്‍ അവധിക്കാല വേദപരിശീലന ക്ലാസ്സില്‍ ഡയറക്ടറായി പോയിട്ടുണ്ട്. അത് തൊണ്ണൂറ്റി മൂന്നിലോ തൊണ്ണൂറ്റി നാലിലോ ആയിരുന്നിരിക്കണം. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ ഗ്രാമപ്രദേശത്തെ കൊച്ചു ദേവാലയത്തിലെ വി.ബി.എസ്സിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സജീവമാകുന്നു. ആ ഓര്‍മ്മച്ചിത്രങ്ങള്‍ക്കിടയില്‍ തോമസ് എന്നൊരു കൊച്ചു കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വരികയാണ്.

മുഷിഞ്ഞ വേഷം ധരിച്ച്, തലമുടി ചീകിയൊതുക്കാതെ ക്ലാസ്സില്‍ ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന പത്തുവയസ്സുകാരന്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് പതിവു ക്ലാസ് സന്ദര്‍ശനവേളയിലാണ്. ഞാന്‍ ആ ക്ലാസ്സിലെത്തിയപ്പോള്‍ മിഷണറി ചരിത്രപാഠം പഠിപ്പിക്കുകയായിരുന്നു ക്ലാസ് ടീച്ചര്‍.

''സാര്‍, ഈ തോമസ് ഇവിടെ മഹാ ശല്യമാ... ദേ, എന്റെ കൈ നുള്ളിപ്പറിച്ചു.'' അവന്റെ തൊട്ടടുത്തിരുന്ന ചുണക്കുട്ടിയുടെ പരാതിയാണ്. തോമസിനെ ചൂണ്ടിയ ശേഷം സ്വന്തം കൈയിലെ നഖക്ഷതം കാട്ടിക്കൊണ്ടാണ് ആ കൊച്ചു കുറുമ്പന്റെ പരിഭവം.

ഞാന്‍ തോമസിനെ ഒന്നു നോക്കി. ആ കുഞ്ഞു മുഖത്ത് എല്ലാവരോടുമുള്ള അമര്‍ഷം പ്രകടമാണ്. കൈവിരലുകളിലെ നഖങ്ങള്‍ക്കിടയില്‍ ചെളി പുരണ്ട കറുപ്പ്. ബട്ടണുകള്‍ പലതും പൊട്ടിപ്പോയ ഷര്‍ട്ടിന്റെ വിടവിലൂടെ അവന്റെ നെഞ്ചിന്‍കൂട് തെളിഞ്ഞു കാണാം. രാവിലെ കുളിച്ച ലക്ഷണമില്ല. എണ്ണമയം കാണാത്ത മുടി അനുസരണയില്ലാതെ പാറിപ്പറന്നു കിടക്കുന്നു. ഞാനവന്റെ തോളില്‍ കൈവച്ച് ചോദിച്ചു:

''നേരാണോ തോമസേ, അവനെ നുള്ളിയോ?''

മറുപടിയൊന്നും പറയാതെ തോമസ് എന്റെ കൈ തട്ടി മാറ്റി, വല്ലാത്തൊരു പകയോടെ.

ഉടനെ പരാതിക്കാരന്‍ ഇടപെട്ടു:

''സാറേ അവനോടു മിണ്ടണ്ട. അവന്‍ കള്ളന്റെ മോനാ... അവന്റപ്പന്‍ ജയിലിലാ.''

ഞാനൊന്നു ഞെട്ടി. ഒരു കൊച്ചു കുട്ടിക്ക് അവന്റെ സഹപാഠി ചാര്‍ത്തി നല്കിയ മുദ്ര- കള്ളന്റെ മോന്‍! അതും ക്ലാസ്സിലുള്ള മുഴുവന്‍ കുട്ടികളും കേള്‍ക്കെ. അതു സത്യമാണോ എന്ന സന്ദേഹത്തോടെ ഞാന്‍ ക്ലാസ് ടീച്ചറെ നോക്കി. അതെയെന്ന ഭാവത്തില്‍ പുഞ്ചിരിയോടെ അവര്‍ തലയാട്ടി. കള്ളന്റെ മകനാണവനെന്നത് എല്ലാവരും അറിയണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി. കുഞ്ഞുപ്രായത്തില്‍ അവനു ചാര്‍ത്തിക്കിട്ടിയ മുദ്ര എന്റെ മനസ്സില്‍ നീറ്റലാണുണ്ടാക്കിയത്. അങ്ങനെയെങ്കില്‍ ആ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും. 

സംഘാടകരിലൊരാളോട് പിന്നീട് ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹമാണ് തോമസിന്റെ കുടുംബത്തിന്റെ കഥ പറഞ്ഞത്. 

ഒരു മോഷ്ടാവാണ് തോമസിന്റെയപ്പന്‍. ഇപ്പോള്‍ ജയിലിലാണയാള്‍. കുറേക്കാലം ജയിലില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങും. വീണ്ടും മോഷണം നടത്തും. കൃത്യമായി പോലീസ് അയാളെ പൊക്കും. തോമസിന്റെയമ്മ ഒരു വീട്ടില്‍ അടുക്കള ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. അവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്ക് ആ കുടുംബത്തിന്റെ കഥകളെല്ലാമറിയാമെങ്കിലും ആ സ്ത്രീയുടെ വിശ്വസ്തതയെക്കുറിച്ച് അവര്‍ക്കു നല്ല മതിപ്പാണ്. മറ്റു ബന്ധുക്കളാരും അവര്‍ക്കില്ല.

 മോഷ്ടാവിന്റെയും കുടുംബത്തിന്റെയും കഥയുടെ പേരില്‍ പകല്‍ മുഴുവന്‍ മനസ്സ് വല്ലാതെ നൊന്തു. പിന്നീടുള്ള രണ്ടുമൂന്നു ദിനങ്ങളില്‍ അവനെയൊന്നു കൂട്ടുകാരനാക്കാനായിരുന്നു എന്റെ ശ്രമം. ചെറിയ മാജിക്കുകളും പസ്സില്‍ ഉപകരണങ്ങളുമായി ഞാനവന്റെ പിന്നാലെ കൂടി. പത്തു വയസ്സുകാരനില്‍ കൗതുകമുണര്‍ത്താനും അവനെ എന്നിലേക്ക് അടുപ്പിക്കാനും അതൊക്കെ ധാരാളമായിരുന്നു. ആരും കൂട്ടുകാരായില്ലാത്ത തോമസ് പതിയെ എന്നോടടുത്തു.

നാലു ദിവസം കഴിഞ്ഞ് ഒരു നാള്‍ വൈകുന്നേരം ഞാന്‍ തോമസിന്റെ വീടു സന്ദര്‍ശിച്ചു. ഓടിട്ട ചെറിയൊരു വീട്. മഴവെള്ളം വീണ് നിറം മങ്ങി പഴകിയ പലകകള്‍കൊണ്ടുണ്ടാക്കിയ വാതില്‍ അടഞ്ഞു കിടക്കുകയാണ്. ഞാന്‍ വാതിലില്‍ മൃദുവായി കൊട്ടി. ശബ്ദം കേട്ട് വാതില്‍ തുറന്നത് തോമസിന്റെ അമ്മയാണ്. എന്നെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് വല്ലാത്ത അങ്കലാപ്പ്. തോമസിന്റെ അപ്പനെ അന്വേഷിച്ചു വരുന്ന പോലീസുകാരെ മാത്രമേ ആ അമ്മയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നു തോന്നി. ഒരുപക്ഷേ, പോലീസുകാരില്‍നിന്ന് പരുപരുത്ത അനുഭവങ്ങളാവാം ആ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.

വാതില്‍ പാളിയില്‍ പിടിച്ച് ആശങ്കയോടെ എന്നെ നോക്കി ഭയം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു:

''ആരാ?... എന്താ വന്നത്?...''

പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു:

''ഞാന്‍ തോമസിന്റെ വി.ബി.എസ്സിലെ സാറാ... തോമസിന്റെ വീടൊന്നു സന്ദര്‍ശിക്കണമെന്നു തോന്നിയതുകൊണ്ടു വന്നതാ.''

അപ്പോഴേക്കും തോമസ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് ഓടിയെത്തി. എന്നെ കണ്ടപ്പോള്‍ അവനും അദ്ഭുതം.

അപ്പോഴും അമ്മയുടെ അങ്കലാപ്പ് മാറിയിട്ടില്ല. അവര്‍ ചോദിച്ചു:

''എന്തു പറ്റി സാറേ? ഇവനവിടെ പ്രശ്‌നമെന്തേലുമുണ്ടാക്കിയോ?''

അവനൊരു പ്രശ്‌നക്കാരനാണെന്നോ, പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കിലേ ആരെങ്കിലും തങ്ങളുടെ വീട് തേടിയെത്തൂ എന്നോ ആ അമ്മ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നി.

''അയ്യോ, പ്രശ്‌നമൊന്നുമുണ്ടായിട്ടല്ല ഞാന്‍ വന്നത്. തോമസ് നല്ലൊരു കുട്ടിയല്ലേ? ഞങ്ങള്‍ നല്ല കൂട്ടുകാരാ... വി.ബി.എസ്സിലെ കുട്ടികളുടെയൊക്കെ വീട് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. അക്കൂട്ടത്തില്‍ തോമസിന്റെയും വീട്ടിലൊന്നു വരാമെന്നു തോന്നി. അതാ...'' അതു കേട്ടതോടെ തോമസിന്റെ അമ്മയ്ക്ക് അല്പം ആശ്വാസമായി. അവര്‍ പറഞ്ഞു:

''കേറിയിരിക്കു സാറേ...'' അങ്ങിങ്ങ് തുരുമ്പു വീണ് ദ്രവിച്ച പഴയൊരു ഇരുമ്പു കസേര അവര്‍ ചൂണ്ടിക്കാട്ടി. ഞാനിരുന്നു. തോമസ് അഭിമാനത്തോടെയും സന്തോഷത്തോടെയും എന്റെയടുത്തു വന്നു നില്പാണ്. ഞാന്‍ തോമസിനെ തോളില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തിയിട്ട് അമ്മയോടു ചോദിച്ചു:

''തോമസ് വീട്ടില്‍ അമ്മയെ സഹായിക്കുമോ?''

''സഹായിച്ചില്ലേലും വേണ്ടില്ല സാറേ... നന്നായിട്ടു പഠിച്ചാല്‍ മതിയായിരുന്നു. അവന്റെ കണ്ണില്‍ നോക്കിയാ ഞാന്‍ ജീവിക്കുന്നത്. എങ്ങനേലും ഇവനെ ഒരു നെലയ്‌ക്കെത്തിച്ചിട്ട് കണ്ണടച്ചാല്‍ മതി എനിക്ക്.''

''അതോര്‍ത്തു വിഷമിക്കണ്ട... അവന്‍ ഉയര്‍ന്ന നിലയിലെത്തും. ദൈവം അവനെ അനുഗ്രഹിക്കും. തോമസേ... നിനക്ക് ആരാകാനാ ആഗ്രഹം?''

''പോലീസ്...'' 

അതു പറയാന്‍ തോമസിന് അധികം ആലോചിക്കേണ്ടി വന്നില്ല. അപ്പനെ പിടിച്ചുകൊണ്ടു പോകാറുള്ള പോലീസുകാരാണ് അപ്പനെക്കാള്‍ ശക്തരെന്ന തോന്നലായിരിക്കാം അങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലെന്നു ഞാന്‍ ചിന്തിച്ചു.

''പോലീസാകണമെങ്കില്‍ എന്തു വേണം?''

''ബലം വേണം.'' ഒട്ടും താമസമില്ലാതെയാണ് അവന്റെ ഉത്തരങ്ങള്‍.

''ബലം മാത്രം മതിയോ?''

''പോരാ, ബുദ്ധിയും വേണം.''

''ഉം... നന്നായി പഠിക്കണം. പിന്നെ ദൈവാശ്രയവും വേണം. ദൈവാനുഗ്രഹമുണ്ടെങ്കിലേ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ പറ്റൂ. പഠിക്കുമോ നീയ്?''

''പഠിക്കാം...''

പിന്നെയും കുറേനേരം സംസാരിച്ചിരുന്ന ശേഷമാണ് ഞാനവിടെനിന്നിറങ്ങിയത്. പത്തു ദിവസത്തെ വി.ബി.എസ് സമാപനദിനങ്ങളോടടുത്തപ്പോള്‍ തോമസിന് വല്ലാത്ത സങ്കടം. എന്നെ വിട്ടുമാറാനാവാത്തതു പോലെ ഇടവേളകളിലൊക്കെ അവന്‍ അടുത്തുകൂടി. ഇടയ്‌ക്കൊരിക്കല്‍ ചോദിച്ചു:

''സാറിവിടുന്നു പോയിക്കഴിഞ്ഞാല്‍ ഞങ്ങളെയൊക്കെ മറക്കുമായിരിക്കുമല്ലേ?''

ഞാനവനെ ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടി.

''അങ്ങനെ മറക്കാന്‍ പറ്റുമോ തോമസേ? നിന്നെ മറന്നാല്‍ പിന്നെ ആരെയാ ഓര്‍ത്തിരിക്കുക?''

അവന്റെ കണ്ണു നിറഞ്ഞു. കണ്ണീരില്‍ തെളിഞ്ഞ പുഞ്ചിരിക്ക് മഴവില്ലിന്റെ ശോഭയുണ്ടായിരുന്നു.

വി.ബി.എസ്സിന്റെ സമാപന ദിവസം പക്ഷേ തോമസ് വന്നില്ല. സദസ്സില്‍ കുട്ടികളുടെയിടയില്‍ ഞാനവന്റെ മുഖം തിരയുകയായിരുന്നു. വി.ബി.എസ് പൂര്‍ത്തിയാക്കി അവിടെനിന്നു മടങ്ങുന്നത് വൈകുന്നേരമാണ്. എനിക്കു പോകേണ്ട ബസ്സ് വന്നു നിന്നപ്പോള്‍ അതാ, തോമസ് ആ ബസ്സില്‍നിന്ന് ഇറങ്ങുന്നു. എവിടെയോ പോയിട്ട് മടങ്ങി വരികയാണവന്‍. അവസാനമായി അവനെ കാണാനായല്ലോ എന്ന ആശ്വാസത്തില്‍ ഞാനവന്റെ തോളത്ത് കൈ വച്ചു. ആളുകള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്ന സമയത്തിനിടയില്‍ അവന്‍ വിങ്ങിക്കരഞ്ഞുകൊണ്ട് എന്നോടു ചോദിച്ചു:

''സാറു പോകുവാണോ?...'' ആ വിതുമ്പല്‍ നിയന്ത്രണം വിട്ട കരച്ചിലായി മാറി. എന്തു ചെയ്യണമെന്നറിയാതെ നില്ക്കുകയാണ് ഞാന്‍. ഇറങ്ങാനുള്ള യാത്രക്കാരെല്ലാം ബസ്സില്‍നിന്നിറങ്ങിക്കഴിഞ്ഞു. കയറാനുള്ളവരും കയറി. ഇനി നിന്നാല്‍ എനിക്കു പോകാനാവില്ല. യാത്രാസൗകര്യം കുറവായ ആ ഗ്രാമത്തില്‍നിന്ന് പട്ടണത്തിലേക്കുള്ള അവസാനത്തെ ബസ്സാണത്. ഈ ബസ്സ് പിടിക്കാനായില്ലെങ്കില്‍ എന്റെ യാത്ര മുടങ്ങും. ഞാന്‍ തോമസിനെ വിട്ട് ബസ്സിലേക്ക് ചാടിക്കയറി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ വെളിയിലേക്കു നോക്കി. തേങ്ങിക്കരഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കുകയാണ് തോമസ്.

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ തോമസ്സിന്റെ മുഖം കണ്ട് നില്ക്കുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. കണ്ണുനീരിന്റെ അവ്യക്തതയകന്നപ്പോള്‍ ബ്ലസ്സന്‍ എന്റെ കൈപിടിച്ച് നില്ക്കുകയാണ്. ഞാന്‍ ബ്ലസ്സനോടു ചോദിച്ചു:

''ബ്ലസ്സന്‍, അവിടെയൊരു തോമസ് ഉണ്ടായിരുന്നു... ഞാനവിടെ വന്ന കാലത്ത് അവന്റെയപ്പന്‍ ജയിലിലായിരുന്നു. അവനിപ്പോള്‍ എവിടെയാണെന്നറിയാമോ?''

ബ്ലസ്സന്‍ പറഞ്ഞു:

''അതെ സര്‍, തോമസ് വി.ബി.എസ്സില്‍ എന്റെ ക്ലാസ്സിലായിരുന്നു. അപ്പന്‍ കള്ളനാണെന്ന പേരുദോഷം കാരണം ജീവിതം വലിയ ദുരിതത്തിലായപ്പോള്‍ ആ കുടുംബം നാടുവിട്ടു. തമിഴ്‌നാട്ടില്‍ ഏതോ ഉള്‍നാട്ടിലാണെന്നാണ് പിന്നീടു കേട്ടത്. ഇപ്പോള്‍ നാട്ടിലാരുമായും അവര്‍ക്ക് ബന്ധമൊന്നുമില്ല.''

ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു. തിരസ്‌കാരം എത്ര വലിയ ഒറ്റപ്പെടലിലേക്കും ദുരന്തത്തിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്! തോമസേ... മാപ്പ്! മാപ്പ്!!... നിന്നെ ഉള്‍ക്കൊള്ളാതെ പോയ സമൂഹത്തിന്റെ ഭാഗമായിപ്പോയല്ലോ ഞാനും...


Thursday, 9 May 2013

അമ്മനൊമ്പരം

      മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര്‍ കിനാവു കാണുകയാണോ?... 
      വൈഗയ്‌ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന്‍ ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്‌ഡോദരന്‍ എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന്‍ തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്‌ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...
      വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്‍. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്‍കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകന്‍. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...
      ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്‍ക്കാന്‍ ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.
      ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്‌നേഹിതന്‍ ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്.
      ദുരൈയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്‌നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
      ദുരൈ പറഞ്ഞു, 'സര്‍... ഇവങ്കേ എന്നുടെ അമ്മ...'
      അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.
      'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'
      ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'
      അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-
      'അതെന്താ അങ്ങനെ?...'
      'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'
      'മഴയും കാറ്റുമൊക്കെ വന്നാലോ?...'
      'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്.
      മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...
      ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന്‍ ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്‍ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന്‍ അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന്‍ അമ്മയോട് അന്വേഷിച്ചു-
      'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'
      'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള്‍ പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'
      ഈ സ്‌നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന്‍ വരുമെന്ന പ്രതീക്ഷയോടെ...
      മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര്‍ വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്‍ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...

Monday, 21 January 2013

ക്ഷമയുടെ പരിശീലനക്കളരി

      റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...
      എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന്‍ കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്‌ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍.
       സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന്‍ തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍.
       ആബേലച്ചനെ കണ്ടാല്‍ ഫുട്ട്‌ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന്‍ നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.
       വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന്‍ ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന്‍ സിദ്ദിക്ക്.
       പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു:
       'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'
       ആബേലച്ചന്‍ ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'
       ഒന്നു ചിരിച്ചിട്ട് ആബേലച്ചന്‍ തുടര്‍ന്നു:
       'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'

Thursday, 31 May 2012

അമ്മയാണു ധനം

      മഞ്ഞു പൊഴിയുന്ന പ്രഭാതം.
      ഏഴിന് അഞ്ചു മിനിട്ട് മുമ്പു തന്നെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തി. തലേദിവസം സന്ദീപ് പറഞ്ഞത് ഓര്‍മ്മയില്‍ വന്നു.
      'സാര്‍ ടൗണില്‍നിന്ന് ഡാം സൈറ്റിലേക്ക് രാവിലെ ഏഴിനാണ് ആദ്യ വണ്ടി. അതു കഴിഞ്ഞാല്‍ പിന്നെ പതിനൊന്നരയ്‌ക്കേ വണ്ടിയുള്ളൂ. ടൗണ്‍ പിന്നിട്ടു കഴിഞ്ഞാല്‍ വനമാണ്. വനത്തിനുള്ളില്‍ രണ്ടാമത്തെ സ്‌റ്റോപ്പ്. അതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവിടെയൊരു വെയിറ്റിംഗ് ഷെഡുണ്ട്. ഞാനവിടെ കാത്തു നില്‍ക്കും.'
      സന്ദീപിനെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങളായിട്ടില്ല. നല്ല ചുറുചുറുക്കുള്ളൊരു യുവാവ്. പരിഷ്ക്കാരവും വിനയവും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഇടപെടല്‍. ടൗണില്‍ പാല്‍ വില്‍ക്കാന്‍ വരുന്ന അവന്‍ കാണുമ്പോഴെല്ലാം ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്യുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. മനസ്സിലുണ്ടായ സംശയം തലേദിവസം അവനോടു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു.
      'സന്ദീപ് നീ ഏതു സ്കൂളിലാണ് പഠിച്ചത്? ഇവിടുത്തെ സാധാരണ കുട്ടികളെക്കാള്‍ നിനക്ക് അറിവുണ്ടല്ലോ... നീയിങ്ങനെ പാല്‍ വിറ്റു നടക്കേണ്ടവനല്ലല്ലോ.'
      അവന്‍ ഒന്നു മന്ദഹസിച്ചു. 'സാര്‍ അതൊരു വലിയ കഥയാണ്. നാളെ രാവിലെ എന്റെ വീട്ടിലേക്കു വരുമോ? എങ്കില്‍ ആ കഥ ഞാന്‍ പറയാം.'
      'ഡാം സൈറ്റ്... ഡാം സൈറ്റ്...' കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഡാം സൈറ്റിലേക്കുള്ള ബസ് തൊട്ടു മുന്നില്‍. പാല്‍പാത്രങ്ങളുമായി കുറേ ആദിവാസി സ്ത്രീകള്‍ കലപില ശബ്ദമുണ്ടാക്കി ബസ്സില്‍ കയറാന്‍ തിരക്കു കൂട്ടുന്നു. പച്ചയും ചുവപ്പുമൊക്കെ നിറത്തിലുള്ള സാരികള്‍ പ്രത്യേക രീതിയില്‍ ഉടുത്ത അവര്‍ കൈ നിറയെ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. കഴുത്തു നിറയെ മുത്തുമാലകളും. അവര്‍ ധരിച്ചിരിക്കുന്ന കമ്മലുകളെ താങ്ങാനുള്ള ശേഷി അവരുടെ കാതുകള്‍ക്കില്ലെന്നു തോന്നി. അവരെല്ലാവരും കയറിക്കഴിയുന്നതു വരെ കാത്തുനിന്നു.
      അവധി ദിവസമായതുകൊണ്ടാവാം, ആദിവാസി സ്ത്രീകളെ കൂടാതെ മൂന്നു യാത്രക്കാരേ ബസ്സിലുണ്ടായിരുന്നുള്ളൂ. തണുപ്പു കാരണം ആരും വിന്‍ഡോ ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. അകലെയേതോ ക്ഷേത്രത്തില്‍നിന്ന് 'ഭാഗ്യദ ലക്ഷ്മീ ബാറമ്മ...' എന്ന കന്നഡ ഭക്തിഗാനത്തിന്റെ ശ്രുതിമധുരമായ ഈരടികള്‍ ഒഴുകിയെത്തി. ബസ് പതിയെ മുന്നോട്ടു നീങ്ങി. ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് പണം നല്‍കുമ്പോള്‍ കണ്ടക്ടര്‍ ഒന്നു പാളി നോക്കി. സ്ഥിരമായി വനമധ്യത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നവരെ അയാള്‍ക്കറിയാമായിരിക്കാം.
      മഞ്ഞണിഞ്ഞ കാനനക്കാഴ്ചകള്‍ പിന്നോട്ടോടി. പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെയും പൂവുകളുടെയും ഗന്ധങ്ങള്‍ നാസികകള്‍ക്കു വിരുന്നൊരുക്കി. വനമധ്യത്തിലെ ബസ്‌സ്റ്റോപ്പും വെയിറ്റിംഗ് ഷെഡും ദൂരെനിന്നേ കണ്ട ഞാന്‍ എഴുന്നേറ്റു. ബസ് നിന്നപ്പോള്‍ കണ്ടു, വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ കാത്തു നില്‍ക്കുന്ന സന്ദീപിനെ. ചിരിയോടെയാണ് അവന്‍ വരവേറ്റത്.
      'സാര്‍ സ്ഥലം മനസ്സിലാക്കാന്‍ പ്രയാസമുണ്ടായോ?'
      'ഏയ് ഇല്ല, സന്ദീപ് വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനേരമായോ?'
      'അഞ്ചു മിനിറ്റ് ആയതേയുള്ളു സാര്‍. നമുക്കിനി അല്‍പ്പം നടക്കാനുണ്ട്...'
      എനിക്കു സന്തോഷമായി. കാട്ടുവഴിയിലൂടെ കാടിനെ അടുത്തറിയാവുന്ന ഒരാളോടൊപ്പം ഒരു പ്രഭാതസവാരി!!!
      'കാട്ടുമൃഗങ്ങള്‍ ഉണ്ടാവുമോ സന്ദീപ്?'
      'പേടിക്കേണ്ട സാര്‍, മനുഷ്യന്റെ അടുത്തേക്ക് അവ വരില്ല. പിന്നെ എന്റെ കൈസര്‍ കൂടെയുള്ളപ്പോള്‍ ഒട്ടും പേടിക്കേണ്ട.'
      അപ്പോഴാണ് ഞാന്‍ കൈസറിനെ ശ്രദ്ധിച്ചത്. നല്ല ഉശിരന്‍ ഒരു നാടന്‍ നായ.
      മെയിന്‍ റോഡില്‍നിന്ന് ഞങ്ങള്‍ കാടിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു മുമ്പേ കൈസര്‍ ഇലകളും കായ്കളും മണത്തുനോക്കി വഴികാട്ടിയെപ്പോലെ നടന്നു. നടക്കുന്നതിനിടയില്‍ സന്ദീപ് അവന്റെ കഥ പറഞ്ഞുതുടങ്ങി.
      സന്ദീപ് ജനിച്ചത് അവിടെനിന്ന് മുന്നൂറോളം കിലോമീറ്ററുകള്‍ അകലെ ഒരു മറാഠി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലെ അറിയപ്പെടുന്നൊരു കര്‍ഷകനായിരുന്നു അവന്റെ അച്ഛന്‍. ഒരു ട്രാക്ടറും സ്കൂട്ടറും പത്ത് ഏക്കറോളം കൃഷിയിടവും കുറേ പശുക്കളും സ്വന്തമായി ഉണ്ടായിരുന്നു അയാള്‍ക്ക്. സുഭിക്ഷമായി ജീവിച്ചിരുന്ന ആ കാലത്താണ് ദുരിതം രോഗത്തിന്റെ വേഷത്തില്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
      സന്ദീപിന്റെ അമ്മ ഹൃദ്രോഗബാധിതയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും സന്ദീപും അടങ്ങുന്ന ആ കുടുംബം ഇരുളില്‍ തപ്പി. ദൂരെയുള്ള മെഡിക്കല്‍കോളജില്‍ അമ്മ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷനും അനന്തരചികിത്സയുമൊക്കെയായപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍... ഏഴാം ക്ലാസ് പാസായ മകന്‍... രോഗിണിയായ ഭാര്യ... എന്തു ചെയ്യണം? സന്ദീപിന്റെ അച്ഛന്‍ വ്യാകുലപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിടപ്പാടം വില്‍ക്കാന്‍ ആ നല്ല കുടുംബനാഥന്‍ മടിച്ചില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ ആ മാതാവിനു ലഭിച്ചു.
      ഇനി എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു കൃഷിയിടം കണ്ടെത്തണം. അങ്ങനെയാണ് കര്‍ണ്ണാടകയില്‍ പശ്ചിമഗിരിനിരകളിലെ ആ വനത്തിനു നടുവില്‍ വളക്കൂറുള്ള മണ്ണു കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നറിഞ്ഞ് അയാള്‍ അവിടെയെത്തിയത്.
      സന്ദീപ് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.
      'അപ്പോള്‍ സന്ദീപ് ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളോ?'
      അവന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു-
      'സാര്‍, ആ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.'
      ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.
      'സാര്‍ പഠിക്കാന്‍ എനിക്കു വലിയ ആഗ്രഹം തോന്നി. ഞാനത് അച്ഛനോടു തുറന്നു പറഞ്ഞു. പക്ഷേ അച്ഛന്‍ നിസ്സഹായനായിരുന്നു. ഈ കാടിനു നടുവില്‍നിന്ന് ഏറ്റവും അടുത്തുള്ള സ്കൂളിലെത്തണമെങ്കില്‍ പതിമൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടിലൂടെ എന്നെ സ്കൂളിലയയ്ക്കാന്‍ അച്ഛനു മനസ്സു വന്നില്ല. അങ്ങനെ എന്റെ പഠനം മുടങ്ങി.'
      ഇതു പറയുന്നതിനിടയില്‍ അപ്പുറത്ത് കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം!!! എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി. സന്ദീപ് 'കൈസര്‍...' എന്നു വിളിച്ചതും കൈസര്‍ അവിടേക്കു ചാടിയതും ഒന്നിച്ചായിരുന്നു. പിന്നെ കണ്ടത് വലിയൊരു മുയലിനെ കൈസര്‍ കടിച്ചു കുടയുന്നതാണ്. എന്നിട്ട് അവന്‍ അതിനെ സന്ദീപിന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്ന് ഇട്ടു. കാട്ടിലകള്‍ പറിച്ച് മുയലിന്റെ രക്തം തുടച്ചു കളഞ്ഞിട്ട് സന്ദീപ് അതിനെ കൈകളിലെടുത്തു. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു-
      'കൈസറിനെ ഓടിത്തോല്‍പ്പിക്കാന്‍ ഒരു മുയലിനും പറ്റില്ല.'
      മുയലിനെ തൂക്കിപ്പിടിച്ച് മുന്നോട്ടു നടക്കുമ്പോള്‍ സന്ദീപ് അവന്റെ അനുഭവ വിവരണം തുടര്‍ന്നു.
      'അങ്ങനെ സ്കൂളില്‍ പോകാതെ ഞാന്‍ ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടി വന്നു. അതിനിടയ്ക്ക് സ്കൂളില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടെന്ന് അച്ഛന്‍ സുഹൃത്തായ ഒരു പോലീസുകാരനോടു പറഞ്ഞു. അച്ഛന്റെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം ഒരു വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. സ്റ്റേഷനില്‍ ചെന്ന് എസ് ഐയെ കണ്ട് ഒരു കൈമടക്ക് കൊടുക്കുക. ബാക്കിയൊക്കെ അദ്ദേഹം പറഞ്ഞു തരും. അങ്ങനെ അച്ഛന്‍ എസ് ഐയെ കണ്ടു. അദ്ദേഹം എന്നെ വിളിപ്പിച്ചു സംസാരിച്ചു. പിറ്റേന്ന് പോലീസുകാര്‍ വീട്ടില്‍ വന്ന് എന്നെ അറസ്റ്റ് ചെയ്തു.'
      ഇതു പറഞ്ഞ് സന്ദീപ് ഒന്നു നിര്‍ത്തി. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന്‍ തുടര്‍ന്നു.
      'അതേ സാര്‍, ഒരു തെറ്റും ചെയ്യാതെ ഞാന്‍ പതിമൂന്നാം വയസ്സില്‍ ക്രിമിനല്‍കേസില്‍ പ്രതിയായി. എന്നെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. പോലീസുകാര്‍ പഠിപ്പിച്ചതനുസരിച്ച് ഞാന്‍ തെറ്റു ചെയ്തതാണെന്ന് കോടതിയുടെ മുന്നില്‍ സമ്മതിച്ചു. കോടതി എന്നെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. ഇവിടെനിന്ന് നൂറു കിലോമീറ്റര്‍ അകലെ പട്ടണത്തിലെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എനിക്ക് പഠിക്കാന്‍ നല്ല അന്തരീക്ഷമായിരുന്നു. ഞാന്‍ വാശിയോടെ പഠിച്ചു. പഠിക്കാനുള്ള എന്റെ ഉത്സാഹവും ശാന്തസ്വഭാവവും കാരണം പത്താം ക്ലാസിനു ശേഷം എന്നെ ശിക്ഷ ഇളവു ചെയ്ത് വീട്ടിലേക്ക് അയച്ചു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ എനിക്കു സാധിച്ചില്ല സാര്‍. ഇനിയൊരിക്കല്‍ക്കൂടി പ്രതിയാകാനും ശിക്ഷയനുഭവിക്കാനും ഞാനില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് എട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. കൂടാതെ കുറേ പശുക്കളും. ഞാനിപ്പോള്‍ അച്ഛനെ സഹായിക്കുകയാണ്.'
      അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സന്ദീപിന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും പുല്ലു മേഞ്ഞ മേല്‍ക്കൂരയുമായി ഒരു വീട്! അതിനപ്പുറത്ത് കൃഷിയിടം. കൃഷിയിടത്തിനു നടുവില്‍ ഒരു മരം. അതിലൊരു ഏറുമാടം. കൃഷിയിടത്തിനപ്പുറം പുഴയാണ്. വീടിനെയും കൃഷിയിടത്തെയും കാടുമായി വേര്‍തിരിക്കുന്ന ഭാഗത്ത് വലിയൊരു കിടങ്ങ് കുഴിച്ചിട്ടുണ്ട്. ആ കിടങ്ങിനു കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലത്തിലൂടെ ബാലന്‍സ് ചെയ്ത് നടന്നു വേണം സന്ദീപിന്റെ വീട്ടിലെത്താന്‍. ശ്രദ്ധയോടെ ആ പാലത്തിലൂടെ നടക്കുമ്പോള്‍ സന്ദീപ് പറഞ്ഞു-      'കാട്ടുമൃഗങ്ങളുടെ ശല്യം ഒഴ്വാക്കാനാണു സാര്‍ ഈ കിടങ്ങ്.'
      വീട്ടില്‍ സന്ദീപിന്റെ മാതാപിതാക്കളും സഹോദരിമാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് മടങ്ങുമ്പോള്‍ സന്ദീപിനോടു ചോദിച്ചു-
      'മഹാരാഷ്ട്രയിലെ സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഈ കാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നതില്‍ വിഷമം തോന്നുന്നുണ്ടോ സന്ദീപ്?'
      അവന്റെ മറുപടി പെട്ടെന്നായിരുന്നു-
      'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'
                   
 

Tuesday, 22 May 2012

സ്‌നേഹവിരുന്ന്

      ഉദ്യാനനഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. തക്കാളിയും കാരറ്റും മുന്തിരിയും വളരുന്ന പാടങ്ങള്‍ ഗ്രാമത്തിനു ചുറ്റും കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടപ്പുണ്ട്.
 
      അവിടെയുള്ള 'കമ്പാഷന്‍ ഇന്‍ഡ്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊരു അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ച് ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി കരുതി. യാത്ര എന്നും എനിക്ക് ഹരമാണ്. തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയുമായുള്ള ബന്ധത്തില്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പഠിച്ച കന്നഡ ഭാഷ ഒന്നുകൂടി ഉപയോഗിക്കാന്‍ ഒരു അവസരവുമായി.
 
      ക്ലാസിന് കുട്ടികള്‍ ഉത്സാഹത്തോടെയാണു വരുന്നത്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അവരെത്തും. ഉച്ച വരെ പാട്ടും കഥകളും ചിത്രരചനയും കളികളുമൊക്കെയായി സ്വര്‍ഗ്ഗതുല്യമായ സന്തോഷം. എഴുനൂറോളം കുട്ടികളുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമാണവര്‍ മടങ്ങുന്നത്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യും.
 ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതുതന്നെ വളരെ ശ്രമകരം. സംഘാടകര്‍ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്‌പോണ്‍സേഴ്‌സാണ് പണം മുടക്കുന്നത്.
 
      ഒരു ദിവസം കുട്ടികള്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു:
 
      'നാളെ സ്‌നേഹവിരുന്നാണ്. എല്ലാവരും വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരണം. ഇവിടെ നമുക്ക് ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവച്ച് ഭക്ഷണം കഴിക്കണം. അങ്ങനെ പങ്കുവയ്പ്പിന്റെ മഹത്വം നാം പഠിക്കും.'
 
      അനുസരണമുള്ളവരാണു കുട്ടികള്‍. അവര്‍ പിറ്റേന്ന് ഭക്ഷണവുമായി വന്നു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ക്കു നല്കുവാന്‍വേണ്ടി സംഘാടകര്‍ കുറേ ഭക്ഷണപ്പൊതികള്‍ കരുതിയിരുന്നു. ഭക്ഷണം കൊണ്ടുവരാതിരുന്നവരെ കണ്ടെത്തി അതു നല്‍കുവാന്‍വേണ്ടി സംഘാടകര്‍ ഓടിനടന്നു.
 
      ഭക്ഷണം കഴിക്കേണ്ട സമയമായി. കുട്ടികള്‍ ഉത്സാഹത്തോടെ പൊതികള്‍ അഴിച്ചു. വ്യത്യസ്തമായ വിഭവങ്ങള്‍! വ്യത്യസ്തമായ രുചികള്‍!! അവര്‍ സ്‌നേഹത്തോടെ അവ പരസ്പരം കൈമാറി. ചില കുസൃതികള്‍ കൈയിട്ടു വാരി. ഇതെല്ലാം കണ്ട് കുട്ടികള്‍ക്കിടയിലൂടെ അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് നടക്കുകയായിരുന്നു ഞാന്‍.
 
      ഒരിടത്തെത്തിയപ്പോള്‍ അറിയാതെ ഞാന്‍ നിന്നു. ഒരു പെണ്‍കുട്ടി അവളുടെ പൊതി തുറന്നിട്ടില്ല. പത്തു വയസ്സുണ്ടാവും അവള്‍ക്ക്. നിറം മങ്ങിയ പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ചെമ്പിച്ച തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നു. തുളുമ്പിയൊഴുകാന്‍ വെമ്പുന്ന കണ്ണുകള്‍... മുമ്പിലിരിക്കുന്ന പൊതി സംഘാടകര്‍ കൊടുത്തതാണ്. ഞാന്‍ സ്‌നേഹത്തോടെ അടുത്തിരുന്നിട്ട് അവളോടു പറഞ്ഞു:
 
      'മോളേ, പൊതി തുറന്നു കഴിക്കൂ...' അവള്‍ പ്രതികരിച്ചില്ല.
 
      തോളില്‍ തട്ടിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:
 
      'മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ചു കഴിയാറായി... മോളെന്താ ഭക്ഷണം കഴിക്കാത്തത് ?'
 അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനാകെ സങ്കോചത്തിലായി. ഒരു കാര്യം വ്യക്തം. അവളുടെയുള്ളില്‍ വേദനിപ്പിക്കുന്ന എന്തോ ഒരു അനുഭവമുണ്ട്. അത് ഒരുപക്ഷേ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പറയാന്‍ അവള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാനവളെ പുറത്തേക്കു വിളിച്ചു. പുറത്ത് മാവിന്‍ചുവട്ടില്‍ വച്ച് അവള്‍ സ്വന്തം അനുഭവം പറഞ്ഞു.
 
      അര്‍ച്ചന എന്നാണ് അവളുടെ പേര്. അച്ഛനും അമ്മയുമുണ്ട് അവള്‍ക്ക്. ഇരുപത് കിലോമീറ്റര്‍ അകലെ പട്ടണത്തില്‍ ഒരു കടയിലാണ് അച്ഛനു ജോലി. എല്ലാ ദിവസവും പട്ടണത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ മദ്യപിച്ച് സുബോധമില്ലാതെയാവും അച്ഛന്‍ വീട്ടിലെത്തുക. പിന്നെ പുകിലാണവിടെ. അമ്മയെയും അര്‍ച്ചനയെയും അയാള്‍ വല്ലാതെ ഉപദ്രവിക്കും. അടുക്കളയിലുള്ള പാത്രങ്ങളൊക്കെ നശിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊന്നും വാങ്ങിക്കൊടുക്കുകയില്ല. ദിവസവും മര്‍ദ്ദനമേറ്റ് അര്‍ച്ചനയുടെ അമ്മ ശാരിരികമായും മാനസികമായും ആകെ തകര്‍ന്നു. ജോലിയൊന്നും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാവിലെ ഒരു ചായ പോലും കുടിക്കാതെയാണ് അര്‍ച്ചന ക്ലാസിനു വന്നിരിക്കുന്നത്. ഒന്നും അറിയാത്തവനെപ്പോലെ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിക്കഴിഞ്ഞു.
 
      കഥയിത്രയും പറഞ്ഞ് അവള്‍ ഒന്നു നിര്‍ത്തി. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വിങ്ങലോടെ അവള്‍ തുടര്‍ന്നു:
 
      'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'
 
      എന്റെ നാവിറങ്ങിപ്പോയി. വല്ലാത്തൊരു കോരിത്തരിപ്പ് . അമ്മയോടുള്ള സ്‌നേഹത്തില്‍ സ്വന്തം വിശപ്പുപോലും മറന്നുപോയ ഒരു പത്തു വയസ്സുകാരി!!!
 
      ഇതിനകം അവിടെയെത്തിയ സംഘാടകര്‍ അവളുടെ അമ്മയ്ക്കായി മറ്റൊരു ഭക്ഷണപ്പൊതി നല്‍കിയ ശേഷമേ അര്‍ച്ചന അവളുടെ പൊതി തുറന്നുള്ളൂ.  ഇതിനപ്പുറം എന്തു സ്‌നേഹവിരുന്നാണുള്ളത്!!!

   

Sunday, 6 May 2012

കച്ചവടം

      മൂവന്തി നേരത്താണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. നല്ല തിരക്കുണ്ടായിരുന്നു. കമ്പാര്‍ട്ട്മന്റ് തേടി ഓടുന്നവര്‍, ഭക്ഷണപ്പൊതികളും ചായയും കാപ്പിയും മാസികകളുമൊക്കെ വില്‍ക്കുന്നവര്‍, ഭിക്ഷക്കാര്‍, റെയില്‍വേ ജീവനക്കാര്‍.... അവര്‍ക്കിടയിലൂടെ ഞാനും.
      അന്തിപ്പത്രവില്പ്പനക്കാരന്റെ "ചൂടുള്ള വാര്‍ത്ത' എന്ന വിളി കേട്ട് അയാളുടെ കയ്യിലിരുന്ന പത്രത്തിലേക്ക് അലസമായി ഒന്നു നോക്കി. എവിടെയോ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു... അതു നിത്യസംഭവമല്ലേ, അതിലെന്തു ചൂടുവാര്‍ത്ത എന്നു ചിന്തിച്ച് മേല്പ്പാലം ലക്ഷ്യമാക്കി ഓടി. ഒരു അഭ്യാസിയെപ്പോലെ രണ്ടും മൂന്നും പടികള്‍ ഒരുമിച്ചു ചാടി മറ്റു യാത്രക്കാര്‍ക്കു മുന്‍പേ റോഡിലെത്തിയപ്പോള്‍ എന്തോ കീഴടക്കിയ ഭാവമായിരുന്നു എന്റെ മുഖത്ത്.
      ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നിലൊരു വിളി.
      "പപ്പടം വേണോ സാര്‍... പപ്പടം...'
      ഒരു കൊച്ചു ബാലനാണ്. പന്ത്രണ്ടു വയസ്സുണ്ടാവും. നല്ല ചുറുചുറുക്കുള്ള മുഖം. കൈയില്‍ രണ്ടു കെട്ട് പപ്പടമുണ്ട്.
      ഈ മൂവന്തി നേരത്ത് പപ്പടം വിറ്റുനടക്കുന്ന ഇവന്‍ എപ്പോഴാണിനി വീട്ടിലേക്കു മടങ്ങുക? ഇവന്റെ വീട്ടില്‍ ആരൊക്കെയുണ്ടാവും? അവനെക്കുറിച്ച് കാടുകയറുന്ന ചിന്തകളുമായി ഞാന്‍ ഒന്നു നിന്നു.
      "സാര്‍, ഒരു കെട്ടു പപ്പടം വേണോ, പത്തു രൂപയേയുള്ളു.'
      സ്ഥിരം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഞാന്‍ ഈ പപ്പടം വാങ്ങിയിട്ട് എന്തു ചെയ്യാന്‍! ഞാന്‍ വാത്സല്യത്തോടെ അവന്റെ തോളില്‍ കൈവച്ചു. എന്നിട്ടു ചോദിച്ചു.
      "എന്താ മോന്റെ പേര്?'
      "കിരണ്‍...' അവന്‍ പേരു പറഞ്ഞു.
      "എവിടെയാ വീട്?'
      "മാരിയമ്മന്‍ കോവിലിനു പിന്നിലാണു സാര്‍. സാര്‍, പപ്പടം ഒരു കെട്ടു മതിയോ?'
      "കിരണ്‍, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടില്‍ പോകാത്തത്? നീ പഠിക്കുന്നുണ്ടോ?'
      "ഉണ്ടു സാര്‍, അഞ്ചാം ക്ലാസിലാ പഠിക്കുന്നത്. പപ്പടം എത്ര കെട്ടു വേണം സാര്‍?'
      "മോനേ, വീട്ടില്‍ പാചകം ചെയ്യാത്ത ഞാന്‍ പപ്പടം വാങ്ങിയിട്ടും പ്രയോജനമില്ല. നീയത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.' ഞാന്‍ നടക്കാനൊരുങ്ങി.
      "സാര്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അമ്മയും അനിയത്തിയുമേ വീട്ടിലുള്ളൂ. ഒരുപാടു കടമുണ്ടു സാര്‍. വീടു വാങ്ങാന്‍ ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ടു സാര്‍. നാളെ ബാങ്കിലെ പണം അടയ്ക്കണമെങ്കില്‍ ഇരുപത് രൂപ കൂടിയുണ്ടാകണം. അതു കൂടി ഉണ്ടായിട്ടേ ഞാന്‍ വീട്ടില്‍ പോകുന്നുള്ളു.'
      ഈ ചെറിയ പ്രായത്തില്‍ അവന്റെ ഉത്തരവാദിത്തമോര്‍ത്ത് എനിക്ക് അതിശയം തോന്നി.
      "അച്ഛന്‍ എങ്ങനെയാ മരിച്ചത്?'
      "ആത്മഹത്യയായിരുന്നു സാര്‍. കടബാധ്യത കൂടിയിട്ട്...'
      പോക്കറ്റില്‍നിന്ന് ഇരുപതു രൂപ എടുത്ത് അവനു നല്‍കിയിട്ട് ഞാന്‍ പറഞ്ഞു,
      "കിരണ്‍ വീട്ടില്‍ പൊയ്‌ക്കോളൂ. ഞാന്‍ സമയം പോലെ നിന്റെ വീട്ടില്‍ വരാം.'
      "സാര്‍ പപ്പടം...'
      "കിരണ്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ.'
      ആ രാത്രി ഉറക്കം വന്നില്ല. ഉത്തരവാദിത്തത്തിന്റെ വേദനയില്‍ കരിഞ്ഞുണങ്ങുന്ന കുരുന്നുബാല്യമായിരുന്നു മനസ്സു നിറയെ.
      പിറ്റേന്ന് കിരണിന്റെ വീടു തേടി മാരിയമ്മന്‍ കോവിലിനടുത്തെത്തി. അവിടെയാര്‍ക്കും കിരണിനെ അറിയില്ല. അടയാളമൊക്കെ കേട്ടിട്ട് പപ്പടം ഉണക്കിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു...
      "അത് ശങ്കരന്റെ മകന്‍ ശ്രീനിയാവും. അവനാ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് പപ്പടവുമായി പോകുന്നത്.' അപ്പുറത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അവര്‍ തുടര്‍ന്നു.
      "ദാ ആ നില്‍ക്കുന്നതാ അവന്റെ അമ്മ. അച്ഛനെയാ കാണേണ്ടതെങ്കില്‍ ഷാപ്പില്‍ പോയി നോക്കിയാല്‍ മതി.' എവിടെയോ കണക്കുകള്‍ പിഴയ്ക്കുന്നു. ആരാണ് കള്ളം പറയുന്നത്? അവര്‍ കാട്ടിത്തന്ന വീട്ടിലേക്ക് സംശയത്തോടെയാണ് നടന്നു കയറിയത്. അവന്റെ അമ്മ ചോദ്യഭാവത്തില്‍ നോക്കി.
      "ശ്രീനിയെ ഒന്നു കാണാന്‍ വന്നതാ.'
      "എന്താ സാര്‍ പപ്പടം വാങ്ങാനാണോ?'
      "അല്ല. എനിക്കവനെ ഒന്നു കണ്ടാല്‍ മതി.'
      "എടാ ശ്രീനീ...' അവര്‍ നീട്ടി വിളിച്ചു.
      പൂത്തിരി കത്തിച്ചതു പോലെയാണ് അവന്‍ ഓടി വന്നത്. എന്നെ കണ്ട അവന്‍ ഒന്നു ഞെട്ടിയോ?
      "ശ്രീനിയുടെ വീട് ഇതാണല്ലേ? എല്ലാവരെയും ഒന്നു പരിചയപ്പെടാമെന്നു കരുതി വന്നതാണ്. ഇന്നലെ വാങ്ങിയ പപ്പടം നന്നായിരുന്നു കേട്ടോ. അച്ഛന്‍ എവിടെ?' അവന്റെ പരുങ്ങല്‍ കണ്ട് ഞാന്‍ ചോദിച്ചു.
      "അങ്ങേരിനി വൈകിട്ടേ വരൂ സാര്‍. വീടിനെക്കുറിച്ച് ഒരു വിചാരവുമില്ലാത്ത മനുഷ്യന്‍... ഈ ചെറുക്കനാണു സാര്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.' ശ്രീനിയുടെ അമ്മ വാചാലയായി. നിമിഷനേരത്തിനകം കട്ടന്‍ ചായയുമായി അവര്‍ വന്നു. ചായ മൊത്തിക്കുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.
     "സാര്‍ പപ്പടം ഇനിയും വേണോ?'
     "ഇപ്പോള്‍ വേണ്ട. ഇനി ഞാന്‍ ശ്രീനിയോടു വാങ്ങിക്കൊള്ളാം.'
     ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ ശ്രീനി ഒപ്പം ഓടിയെത്തി. അവന്‍ ശബ്ദമടക്കി പറഞ്ഞു.
     "സാര്‍, അച്ഛന്‍ മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...' അവന്‍ കൈ നീട്ടിക്കൊണ്ടു തുടര്‍ന്നു- "ഇതാ സാറിന്റെ ഇരുപതു രൂപ.'
     ഞാന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു-
     "അതു നീ വച്ചോളൂ... പക്ഷെ, നീയെന്തിനായിരുന്നു നിന്റെ പേരു മാറ്റിപ്പറഞ്ഞത്?'
     അതിനവനു മറുപടിയുണ്ടായിരുന്നില്ല.

Sunday, 30 October 2011

വേളാങ്കണ്ണി

പശുമലയില്‍ വെയില്‍ മങ്ങി നിഴല്‍ നീണ്ടു തുടങ്ങിയിരുന്നു. അങ്ങു ദൂരെ മാനം മുട്ടി നില്‍ക്കുന്ന മലകള്‍ക്ക് കറുപ്പു പടര്‍ന്ന പച്ചനിറം. അവയ്ക്കു മേലെ അങ്ങിങ്ങ് കോടമഞ്ഞിന്റെ പുകപടലം. ഉപേക്ഷിക്കപ്പെട്ടൊരു പ്രേതബംഗ്ലാവ് കണക്കെ ദൂരെ മലഞ്ചരുവില്‍ പൂട്ടിപ്പോയ തേയിലക്കമ്പനി. അതിന്റെ മേല്‍ക്കൂരയിലെ ലോഹഷീറ്റുകളില്‍ തുരുമ്പു പടര്‍ന്നിട്ടുണ്ട്.

മലഞ്ചരുവില്‍ നിരയൊത്തു വെട്ടിനിര്‍ത്തിയ തേയിലച്ചെടികള്‍ക്കിടയിലൂടെ സ്ത്രീകള്‍ കൊളുന്തു നുള്ളി മെല്ലെ നടന്നുനീങ്ങുന്നുണ്ട്. തേയിലത്തോട്ടത്തിനിടയിലൂടെ ഒരു മലമ്പാമ്പു പോലെ നീണ്ടു കിടന്ന പാതയില്‍ പൊടിപറപ്പിച്ച് ഞങ്ങളുടെ ജീപ്പ് പശുമലയുടെ ഓരത്തു വന്നു നിന്നു.

ഫാക്ടറി പൂട്ടിയ ശേഷം കാര്യമായി വാഹനങ്ങളൊന്നും അവിടേക്ക് വരാത്തതിനാലാകാം, കുട്ടികള്‍ ആരവം മുഴക്കിക്കൊണ്ട് ജീപ്പിനു പിന്നാലെ ഓടിയെത്തിയത്. എന്തോ കൗതുകക്കാഴ്ച കാണുമ്പോലെ ആവേശത്തോടെയാണ് അവരുടെ വരവ്. പണ്ടെങ്ങോ ബട്ടനുകളൊക്കെ അടര്‍ന്നു പോയ അവരുടെ ഷര്‍ട്ടുകളില്‍ നിറയെ ചെളി പടര്‍ന്ന കറുപ്പ്. സൂര്യതാഡനമേറ്റ് അവരുടെ മുഖമാകെ കരുവാളിച്ചിട്ടുണ്ട്. പോഷകാഹാരത്തിന്റെ അഭാവം ആ നെഞ്ചിന്‍കൂടുകളില്‍ വായിച്ചറിയാം. എണ്ണമയമില്ലാതെ ചെമ്പിച്ചു പാറിപ്പറന്ന മുടി മാടിയൊതുക്കാന്‍ വിഫലശ്രമം നടത്തുന്നുണ്ട് ചിലര്‍.

ജീപ്പില്‍നിന്നിറങ്ങിയ ഞങ്ങള്‍ കുട്ടികളുടെ അടുത്തെത്തി അവരെ പരിചയപ്പെട്ടു. മിക്കവര്‍ക്കും തമിള്‍ പേരുകളാണ്.

ശരവണന്‍, അരുളപ്പന്‍, അന്‍പഴകന്‍, പൂങ്കനി, നാഗവേണി... ...

പേരു ചോദിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ പലരുടെയും മുഖത്തു നാണം വിരിഞ്ഞു. കുട്ടികളോടു കുശലപ്രശ്‌നം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബിജു അടുത്തെത്തി. ബിജു കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായി. അവരോടു സ്‌നേഹത്തോടെ അല്പസമയം സംസാരിച്ചുനിന്ന ശേഷം ബിജു ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു:

''നമുക്കല്പം താഴേക്കിറങ്ങണം. ഒരു കാഴ്ച കാണിക്കാം.''

ആ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഓ-യുടെ പ്രവര്‍ത്തകനായ ബിജുവാണ് ഞങ്ങളുടെ വഴികാട്ടി. വിവിധ സഭകളുടെ സഹകരണത്തില്‍ അടുത്തൊരു ക്യാമ്പ് സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയവരാണ് ഞങ്ങള്‍. സെമിനാറിലെ ചര്‍ച്ചകള്‍ക്കിടയിലാണ് വേളാങ്കണ്ണി എന്ന തമിള്‍പെണ്‍കുട്ടിയെക്കുറിച്ചു കേള്‍ക്കുന്നത്. സെമിനാര്‍ അംഗങ്ങളുടെ ആഗ്രഹപ്രകാരം വേളാങ്കണ്ണിയുടെ കുടുംബം താമസിക്കുന്ന ലയം സന്ദര്‍ശിക്കാന്‍ ബിജു ഒരു അവസരമൊരുക്കുകയായിരുന്നു.

ചരിഞ്ഞിറങ്ങുന്ന ഭൂമിയില്‍ കാലുറപ്പിച്ച് ഞങ്ങള്‍ സൂക്ഷ്മതയോടെ ബിജുവിനൊപ്പം താഴേക്കിറങ്ങി. കുട്ടിക്കൂട്ടം ആഘോഷമായി ഞങ്ങള്‍ക്കു പിന്നാലെ കൂടി. തേയിലത്തോട്ടങ്ങള്‍ കടന്നു വന്ന കാറ്റിനു നല്ല ഉശിര്. 

താഴെയെത്തിയപ്പോള്‍ കാണാം, മുട്ടറ്റം താഴ്ചയുള്ള ഒരു പാറക്കുഴിയിലിറങ്ങിയിരുന്ന് പാറയിടുക്കില്‍നിന്ന് കണ്ണീര്‍ച്ചാലു പോലെ ഊറി വരുന്ന അല്പം വെള്ളം ഒരു ചിരട്ടയുപയോഗിച്ച് കോരി തന്റെ പ്ലാസ്റ്റിക് കുടത്തിലൊഴിക്കുകയാണ് ഏകദേശം പന്ത്രണ്ടു വയസ്സു വരുന്ന ഒരു പെണ്‍കുട്ടി. നിറം മങ്ങി അങ്ങിങ്ങു കീറല്‍ വീണ പാവാടയും ബ്ലൗസുമാണ് വേഷം. ചെമ്പിച്ച മുടി അനുസരണയില്ലാതെ കാറ്റില്‍ പാറിപ്പറക്കുന്നു.

ഒരു പ്രാവശ്യം വെള്ളം കോരി കുടത്തിലൊഴിച്ചു കഴിഞ്ഞ് രണ്ടു മിനിറ്റോളം കാത്തിരിക്കേണ്ടി വരും, അല്പം വെള്ളം കൂടി ഊറി വരാന്‍. പാറയിടുക്കിന്റെ ആ കാരുണ്യത്തിനു മുന്നില്‍ ക്ഷമയോടെ കാത്തിരിക്കുകയാണവള്‍. അവള്‍ വെള്ളമെടുത്ത ശേഷം ആ അവസരത്തിന് ഊഴം കാത്തു വേറെയും ചില സ്ത്രീകള്‍ കുടവുമായി അവിടെയുണ്ട്. ഞങ്ങളവിടെയെത്തിയപ്പോള്‍ മറ്റു സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് മുഷിഞ്ഞു സംസാരിക്കുകയായിരുന്നു.

''നീയിത്രയും നേരമായി വെള്ളമെടുക്കുകയായിരുന്നില്ലേ? നിനക്കിത്രയും വെള്ളം കിട്ടിയില്ലേ? ഇനി എഴുന്നേല്‍ക്ക്... ഞങ്ങള്‍ക്കും വെള്ളം വേണ്ടേ?'' 

അതു കേട്ട ഭാവമില്ല അവള്‍ക്ക്. എങ്ങനെയെങ്കിലും ആകുന്നിടത്തോളം വെള്ളം നിറയ്ക്കാനാണ് അവളുടെ താത്പര്യം. സ്ത്രീകള്‍ പിന്നെയും കലമ്പല്‍ കൂട്ടി. ബഹളം വക വയ്ക്കാതെ അവള്‍ കുത്തിയിരുന്ന് ചിരട്ടയില്‍ വെള്ളം കോരി കുടം നിറയ്ക്കുന്നതില്‍ മനസ്സര്‍പ്പിച്ചു.

ദൈവമേ, എന്തൊരു കാഴ്ചയാണിത്! എന്റെ വീട്ടില്‍ ദിനവും എത്രമാത്രം വെള്ളമാണ് ഞങ്ങളൊക്കെ നഷ്ടപ്പെടുത്തുന്നത്. പശുമലയിലെ ഈ പെണ്‍കുട്ടിയുടെ മുഖമോര്‍ത്താല്‍ ഇനിയെങ്ങനെ വെള്ളം നഷ്ടപ്പെടുത്താനാവും?

ഇരുള്‍ പരക്കുംവരെ, കോടമഞ്ഞു വീഴുംവരെ ഈ കലമ്പലും വെള്ളം നിറയ്ക്കലും തുടരും. അതു കഴിഞ്ഞാല്‍ വെള്ളവും വെട്ടവുമില്ലാത്ത വല്ലായ്മയുടെ തണുത്ത രാത്രിയാണ്.

അവരെ സ്വതന്ത്രമായി വെള്ളം നിറയ്ക്കാനും ബഹളം കൂട്ടാനും വിട്ട് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. മലമുകളിലെ ലയമാണ് ഞങ്ങളുടെ ലക്ഷ്യം.

പണ്ട് ബ്രിട്ടീഷുകാര്‍ തേയില ഫാക്ടറികള്‍ നടത്തിയിരുന്ന കാലത്ത് കുതിരകളെ കെട്ടിയിരുന്ന ഇടമായിരുന്നത്രേ ലയങ്ങള്‍. ബ്രിട്ടീഷുകാരും കുതിരകളും പോയിക്കഴിഞ്ഞപ്പോള്‍ ലയങ്ങള്‍ പാവപ്പെട്ട തൊഴിലാളികളുടെ വാസസ്ഥലങ്ങളായി മാറി. കുതിരകള്‍ കിടന്നിരുന്ന ഇടത്തിന്റെ പരിമിതികള്‍പോലും അനുഗ്രഹമായി കരുതി സന്തോഷത്തോടെ സ്വീകരിച്ചു, അവര്‍. അത്തരം ലയങ്ങളിലൊന്നിലാണ് വേളാങ്കണ്ണിയുടെ കുടുംബം പാര്‍ക്കുന്നത്.

തേയിലക്കമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അല്ലലെന്തെന്നറിഞ്ഞിരുന്നില്ല അവര്‍. എന്നാല്‍ ജീവിതത്തിലാകെ ഇരുള്‍ പരത്തിക്കൊണ്ട് ഒരുനാള്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. ഒപ്പം ലയങ്ങളില്‍ വെള്ളവും വെളിച്ചവുമൊന്നും ലഭിക്കാതെയായി. വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ അതുവരെ പണമടച്ചുകൊണ്ടിരുന്നത് കമ്പനിയായിരുന്നു. കമ്പനി നിന്നുപോയതോടെ പണമടയ്ക്കാതെ വന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയായിരുന്നു.

മലമുകളിലെ ലയങ്ങളില്‍ പാവങ്ങള്‍ ഇരുട്ടിലായി. ആ മലമുകളിലുള്ളവര്‍ക്കെല്ലാം വെള്ളത്തിന് ചെറിയൊരു പാറയിടുക്ക് മാത്രമായി ആശ്രയം. പലരും നിത്യവൃത്തിക്കു മാര്‍ഗം തേടി ഊരു വിട്ടു. 

ആ പരിമിതികള്‍ക്കിടയില്‍നിന്നാണ് എട്ടാം ക്ലാസ്സുകാരിയായ വേളാങ്കണ്ണി സ്‌കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു വേളാങ്കണ്ണി. കമ്പനി പൂട്ടിയ ശേഷം വരുമാനമൊന്നുമില്ലാത്ത അച്ഛന്‍ മദ്യപാനത്തിന്റെ വഴിതേടി എല്ലാ ഉത്തരവാദിത്തങ്ങളും മറന്നു. അമ്മ കൊളുന്തു നുള്ളി അടുത്തുള്ള കടയില്‍ കൊണ്ടുപോയി വിറ്റു കിട്ടുന്ന ചെറിയ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം.

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ അവള്‍ ആവശ്യങ്ങളൊന്നും വീട്ടില്‍ പറയുമായിരുന്നില്ല. ആകെയുള്ള ഒരു യൂണിഫോം വല്ലാതെ പിഞ്ഞിക്കീറി. ഇനിയത് ഉപയോഗിക്കാനാവില്ലെന്ന ഘട്ടമെത്തിയപ്പോള്‍ വേളാങ്കണ്ണി അയല്‍പക്കത്തുള്ള കൂട്ടുകാരിയോട് ചോദിച്ചു:

''എനിക്കിനി സ്‌കൂളില്‍ പോകണമെങ്കില്‍ യൂണിഫോമില്ല. സ്‌കൂള്‍ മുടക്കാനും മനസ്സു വരുന്നില്ല... നിനക്ക് രണ്ടു യൂണിഫോമില്ലേ? ഒരെണ്ണം എനിക്കു കടം തരാമോ?''

ഒരു ജോഡി യൂണിഫോം കൂട്ടുകാരിക്കു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഒരെണ്ണംകൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ചോദിച്ച സ്ഥിതിക്ക് കൊടുക്കാതിരിക്കാനാവില്ലല്ലോ. അത്ര സന്തോഷത്തോടെയല്ലെങ്കിലും കൂട്ടുകാരി വേളാങ്കണ്ണിക്ക് യൂണിഫോം കടം നല്കി. അങ്ങനെ വേളാങ്കണ്ണി യൂണിഫോം ധരിച്ച് മുടങ്ങാതെ സ്‌കൂളിലെത്തി. അവള്‍ നന്നായി പഠിച്ചു.

അപ്പോഴും കടം നല്കിയ യൂണിഫോമിന്റെ ചിന്ത കൂട്ടുകാരിയെ അലട്ടുകയായിരുന്നു. ഒരുനാള്‍ കഴുകി ഉണങ്ങാനിട്ട യൂണിഫോം ഉണങ്ങിയില്ലെന്ന കാരണം പറഞ്ഞ് അവള്‍ വേളാങ്കണ്ണിയോട് കടം നല്കിയ യൂണിഫോം മടക്കിച്ചോദിച്ചു. ഉടമസ്ഥ ചോദിച്ചാല്‍ മടക്കി നല്കാതിരിക്കുന്നതെങ്ങനെ? കൂട്ടുകാരിയുടെ യൂണിഫോം വേളാങ്കണ്ണി മടക്കി നല്കി.

യൂണിഫോമില്ലെന്ന കാരണത്താല്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ മനസ്സു വന്നില്ല അവള്‍ക്ക്. പിഞ്ഞിക്കീറിയ പഴയ യൂണിഫോം ധരിച്ച് ആ കൗമാരക്കാരി അന്നു സ്‌കൂളിലെത്തി.

കൂട്ടുകാരെല്ലാം വല്ലാതെ നെറ്റി ചുളിക്കുന്നു. മറ്റു ചിലരാകട്ടെ പരിഹസിച്ചു ചിരിക്കുന്നു. ഇനിയും ചിലര്‍ താളത്തിലൊരു പാട്ടു തന്നെയുണ്ടാക്കി: 

''കിഴിവാണേ, കിഴിവാണേ
യൂണീഫോമിനു കിഴിവാണേ...
വേളാങ്കണ്ണിക്കണിയാന്‍ കിട്ടിയ
യൂണീഫോമിനു കിഴിവാണേ.
ആകെ മൊത്തം കിഴിവാണേ''

പാട്ടിന്റെ താളത്തിലുള്ള വികൃതിപ്പിള്ളേരുടെ സംഘനൃത്തം എല്ലാവരും നന്നായി ആസ്വദിച്ചു ചിരിച്ചു. വേളാങ്കണ്ണിക്കു മാത്രം ചിരിക്കാനായില്ല. ഇല്ലായ്മയുടെ വേദനയില്‍, കീറിയ യൂണിഫോം ധരിച്ച് സ്‌കൂളിലെത്തിയ അവള്‍ക്ക് ചിരിക്കാനാവുന്നതെങ്ങനെ? അപമാനിതയായ ആ കൗമാരക്കാരി കരഞ്ഞുകൊണ്ടാണ് അന്നു വൈകിട്ട് വീട്ടിലെത്തിയത്. 

കണ്ണീരിന്റെ കാരണമന്വേഷിച്ച അമ്മയോടവള്‍ പറഞ്ഞു:

''അമ്മേ, കീറിയ ഉടുപ്പിട്ട് സ്‌കൂളില്‍ പോകാന്‍ വയ്യ. ഞാനെന്തു ചെയ്യണമെന്നു പറ...''

അമ്മയ്ക്കു മറുപടിയില്ല. മകളുടെ സങ്കടം കണ്ട് അമ്മയും കരഞ്ഞുപോയി. കൊളുന്തു നുള്ളി കിട്ടുന്ന പണം ആഹാരത്തിനു തികയുന്നില്ല. എന്തു ചെയ്യും? ആരോടു ചോദിക്കും?... എവിടെനിന്നെങ്കിലും അല്പം പണം കടം കിട്ടിയിരുന്നെങ്കില്‍ എന്ന ആശയോടെയാണ് ആ അമ്മ പുറത്തേക്കു പോയത്.

ചോദിക്കാവുന്നവരോടൊക്കെ കുറച്ചു രൂപ കടം ചോദിച്ചു. അവരെല്ലാം കൈമലര്‍ത്തി. എല്ലാവര്‍ക്കും സ്വന്തം പ്രാരാബ്ധങ്ങളാണു പറയാനുള്ളത്. ഒടുവില്‍ നിരാശയോടെ മടങ്ങിയ ആ അമ്മ മകളോട് എന്തു മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു. വീട്ടിലെത്തി ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്കു കയറിയ അവര്‍ ആ കാഴ്ച കണ്ട് അലറി വിളിച്ചുപോയി.

വേളാങ്കണ്ണിയുടെ ചേതനയറ്റ ശരീരം ലയത്തിന്റെ ഉത്തരത്തില്‍ കെട്ടിയ പഴഞ്ചന്‍ സാരിയില്‍ തൂങ്ങിയാടുന്നു! ദാരിദ്ര്യമില്ലാത്ത, കുത്തുവാക്കുകളില്ലാത്ത, പണവും വസ്ത്രവും ഭക്ഷണവുമൊന്നും ആകുലപ്പെടുത്താത്ത ലോകത്തേക്ക് അവളുടെ ആത്മാവ് അതിനോടകം പറന്നുപോയിരുന്നു.

സെമിനാര്‍ ചര്‍ച്ചയ്ക്കിടയില്‍ ഈ കഥ കേട്ടറിഞ്ഞാണ് ഞങ്ങള്‍ ലയത്തിലെത്തിയിരിക്കുന്നത്. വേളാങ്കണ്ണിയുടെ അമ്മയ്ക്കു മുന്നില്‍ ഞങ്ങള്‍ നിശ്ശബ്ദരായി നിന്നു. ഇതുപോലെ ഒട്ടേറെ സന്ദര്‍ശകരെ കണ്ട നിസ്സംഗതയില്‍ അയല്‍ക്കാരും ഞങ്ങള്‍ക്കരികില്‍ വന്നു നില്പുണ്ട്. വേദനയുടെ ആഴമറിയാതെ കുട്ടിക്കൂട്ടവും അടുത്തുതന്നെയുണ്ട്.

ആ അമ്മയ്ക്കു ഞങ്ങളോടൊന്നും പറയാനുണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകള്‍ പിഞ്ഞി നരച്ച സാരിത്തുമ്പുകൊണ്ടു തുടച്ച് അവര്‍ വേളാങ്കണ്ണിയുടെ വല്ലാതെ കീറിയ യൂണിഫോം എടുത്തുകൊണ്ടുവന്ന് ഞങ്ങളെ കാണിച്ചു, ഒപ്പം അവളുടെ കുടയും. ആ കുട മലങ്കാറ്റിന്റെ ശക്തിയില്‍ കീറിപ്പറിഞ്ഞ് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തിയതായിരുന്നു. പണ്ടെന്നോ കറുപ്പു നിറമായിരുന്നെന്നു തോന്നിപ്പിക്കുന്ന നരച്ച കുടശീല ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു.

വേളാങ്കണ്ണിയുടെ യൂണിഫോമും കുടയും!! നിശബ്ദമായി ഒരു കുരുന്നു നൊമ്പരത്തിന്റെ കഥ പറയുന്ന രണ്ടു പ്രതീകങ്ങള്‍... മനസ്സിന്റെ ആഴത്തില്‍ തറഞ്ഞുകയറിയ വേദനയുമായി ഞങ്ങള്‍ മലയിറങ്ങി. മടക്കയാത്രയില്‍ ആരുമൊന്നും മിണ്ടിയില്ല... മിണ്ടാനാവുമായിരുന്നില്ല ഞങ്ങള്‍ക്ക്.