Showing posts with label ഗ്രീക്ക് ഇതിഹാസം. Show all posts
Showing posts with label ഗ്രീക്ക് ഇതിഹാസം. Show all posts

Tuesday, 2 May 2017

യഥാര്‍ത്ഥ സന്തോഷം

      
      മഹാധനികനായിരുന്നു, ലിഡിയയിലെ ക്രോയ്‌സസ് രാജാവ്. ഏഥെന്‍സിലെ പ്രശസ്ത നിയമജ്ഞന്‍ സോളോണ്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ക്രോയ്‌സസിനെ സോളോണ്‍ സമയം കിട്ടുമ്പോഴൊക്കെ സന്ദര്‍ശിക്കും. 
      ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ സോളോണിന് രാജാവ് തന്റെ അമൂല്യനിധിനിക്ഷേപങ്ങള്‍ കാട്ടിക്കൊടുത്തു. ഒട്ടേറെ അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അമൂല്യരത്‌നങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കളും!!... 
      അത്രയും അമൂല്യമായ ധനസമ്പത്ത് അതിനു മുമ്പൊരിക്കലും സോളോണ്‍ കണ്ടിരുന്നില്ല. എങ്കിലും ആ കാഴ്ച അദ്ദേഹത്തില്‍ ഭാവവ്യത്യാസമൊന്നുമുണ്ടാക്കിയില്ല. 
      കണക്കില്ലാത്ത നിധിനിക്ഷേപങ്ങള്‍ കണ്ടിട്ടും നിസ്സംഗനായി നില്‍ക്കുന്ന സോളോണിന്റെ പ്രതികരണം രാജാവിന് അത്ര ഇഷ്ടപ്പെട്ടില്ല. ക്രോയ്‌സസ് രാജാവ് ചോദിച്ചു:
      ''ഇനി പറയൂ സോളോണ്‍, ഇത്രയധികം സമ്പത്തുള്ള ഞാനല്ലേ ലോകത്ത് ഏറ്റവും സന്തുഷ്ടന്‍?''
      സോളോണ്‍ പറഞ്ഞു:
      ''അല്ല മഹാരാജാവേ, ഒരിക്കലും അങ്ങല്ല ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍...''
രാജാവിന് ദേഷ്യം വന്നെങ്കിലും അതു പ്രകടിപ്പിക്കാതെ അദ്ദേഹം ചോദിച്ചു:
      ''പിന്നെയാരാണ്?''
      സോളോണ്‍ വിനയത്തോടെ പറഞ്ഞു:''ഏഥെന്‍സില്‍ ജീവിച്ചിരുന്ന ടെല്ലസ് ആണ് എന്റെ അറിവില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍. ആര്‍ഭാടമായി ജീവിക്കാന്‍ വേണ്ടത്ര പണം കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം അത് മുഴുവന്‍ യുദ്ധങ്ങളിലും കലഹങ്ങളിലും വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു.''
      ''ശരി... സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ ആള്‍ ആരാണ്?'' അതു താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് രാജാവ് ആ ചോദ്യം ചോദിച്ചത്.
രാജാവിന്റെ ആ പ്രതീക്ഷയും തെറ്റായിരുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും ക്രോയ്‌സസിനല്ല സോളോണ്‍ നല്‍കിയത്. അദ്ദേഹം പറഞ്ഞു: 
      ''മഹാരാജാവേ, അങ്ങു സന്തുഷ്ടനായിരിക്കാം... എന്നാല്‍ നാളെ അങ്ങേയ്ക്ക് എന്തു സംഭവിക്കുമെന്നറിയില്ലല്ലോ. പണവും പ്രതാപവും അധികാരവും നഷ്ടപ്പെട്ടാല്‍ അങ്ങു സന്തോഷവാനായിരിക്കുമെന്നതിന് എന്താണ് ഉറപ്പ്? അതുകൊണ്ട് അങ്ങ് സന്തോഷവാനായിരുന്നോ അല്ലയോ എന്ന് അങ്ങയുടെ മരണശേഷമേ പറയാനാവൂ...''
      സോളോണിന്റെ വാക്കുകള്‍ ശരിയാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. പേര്‍ഷ്യന്‍ രാജാവായ സൈറസുമായുള്ള യുദ്ധത്തില്‍ ക്രോയ്‌സസ് തടവുകാരനായി പിടിക്കപ്പെട്ടു. ബന്ധനസ്ഥനായി തടവില്‍ കഴിയുമ്പോള്‍ ക്രോയ്‌സസ് സോളോണിന്റെ വാക്കുകള്‍ ഓര്‍ത്തു. 
      'ഹൊ... എത്ര വലിയ സത്യമാണ് സോളോണ്‍ അന്നു പറഞ്ഞത്! ഞാന്‍ ഏറ്റവും വിലയേറിയതായി കരുതിയ പണം ഇല്ലായിരുന്നെങ്കില്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ ആക്രമണവും എന്റെയീ കാരാഗൃഹവാസവുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ...'
      അദ്ദേഹം കാരാഗൃഹത്തിലെ ഇരുട്ടറയില്‍ കിടന്ന് ''സോളോണ്‍... സോളോണ്‍...'' എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. 
      ഏതായാലും ക്രോയ്‌സസിന്റെ ജീവിതം ആ കാരാഗൃഹത്തില്‍ അവസാനിച്ചില്ല. പിന്നീട് അധികാരമേറ്റ സൈറസ് ചക്രവര്‍ത്തി ക്രോയ്‌സസിനോട് സൗഹൃദവും ആദരവും പുലര്‍ത്തി. ചക്രവര്‍ത്തി ക്രോയ്‌സസിനെ തടവില്‍നിന്ന് മോചിപ്പിച്ചു.
      പണമാണ് ഏറ്റവും വലിയ നേട്ടമെന്നു കരുതുകയും അതിനായി എല്ലാ പ്രമാണങ്ങളും കൈവെടിയുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ധനവും മറ്റു സൗഭാഗ്യങ്ങളുമൊക്കെ ചില നേരങ്ങളില്‍ നമുക്കു ശാപമായി മാറാം. നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവുന്നത്.

Wednesday, 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.

Tuesday, 13 August 2013

ഇക്കാറസിന്റെ ചിറകുകള്‍

      ഒരു ഗ്രീക്ക് പുരാണ കഥയാണിത്. നമ്മുടെ മാസികയില്‍ ഒരു കോളത്തിനുവേണ്ടി ഓര്‍ത്തെടുത്ത കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുമ്പ് അറിയാവുന്നവര്‍ക്ക് ഈ പുനര്‍വായന വിരസമാകാതിരിക്കട്ടെ. പുതിയ വായനക്കാര്‍ക്ക് പുതിയൊരു അറിവു ലഭിക്കട്ടെ. എല്ലാവര്‍ക്കും നന്മയുടെ ദര്‍ശനമുള്‍ക്കൊള്ളാനാകട്ടെ.
      ഗ്രീക്ക് ഇതിഹാസത്തിലെ പ്രഗത്ഭ ശില്പിയായിരുന്നു ഡിഡാലസ്. ഒരിക്കല്‍ ക്രീറ്റിലെ രാജാവായ മിനോസ് ഒരു കോട്ട നിര്‍മ്മിക്കാന്‍ ഡിഡാലസിനെ നിയോഗിച്ചു. രാജാവ് ഒരു നിര്‍ദ്ദേശം കൂടി നല്‍കി-
      "കോട്ട വളരെ മനോഹരമായിരിക്കണം. കടലിനു നടുക്ക് ഈ ദ്വീപില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കുകള്‍ നിറഞ്ഞ വിധത്തിലായിരിക്കണം വഴികള്‍ നിര്‍മ്മിക്കേണ്ടത്.''
      ഡിഡാലസും മകന്‍ ഇക്കാറസും ചേര്‍ന്ന് സമര്‍ത്ഥമായി ആ ജോലി നിര്‍വ്വഹിച്ചു. അതിനു ശേഷം ആഥന്‍സിലെ രാജാവായ തീസിയസ്സിനെ മിനോസ് ആ കോട്ടയില്‍ തടവിലാക്കി. എന്നാല്‍ തീസിയസ്സിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ഡിഡാലസ് രഹസ്യമാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തെ രക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ കോപാകുലനായ മിനോസ് രാജാവ് ഡിഡാലസിനെയും ഇക്കാറസിനെയും ആ കോട്ടയില്‍ത്തന്നെ തടവിലാക്കി. അതിവിദഗ്ദ്ധമായി തടവില്‍നിന്ന് പുറത്തു വന്നെങ്കിലും അവര്‍ക്ക് വിജനമായ ആ കോട്ടയില്‍ നിന്ന് കടല്‍ കടന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തല പുകഞ്ഞാലോചിച്ച ഡിഡാലസ് മകനോടു പറഞ്ഞു-
      "ഈ കോട്ടയ്ക്കുള്ളിലെ മരങ്ങളില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ടല്ലോ. അവയുടെ തൂവലുകള്‍ ആകുന്നിടത്തോളം ശേഖരിക്കൂ, ഒപ്പം തേനീച്ചക്കൂടുകളില്‍ നിന്നു കിട്ടുന്നിടത്തോളം മെഴുകും...''
      അവര്‍ രണ്ടു പേരും കൂടി മെഴുകും പക്ഷികളുടെ തൂവലുകളും ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍ ചെറുതും വലുതുമായ തൂവലുകള്‍ വേര്‍തിരിച്ച് അവ അനുയോജ്യമായ രീതിയില്‍ മെഴുകിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച്  അവര്‍ രണ്ടു ജോഡി വലിയ ചിറകുകള്‍ ഉണ്ടാക്കി. ഡിഡാലസ് അവയിലൊന്ന് തന്റെ കൈകളില്‍ ചേര്‍ത്തു കെട്ടി. കോട്ടയിലെ ഒരു കുന്നിന്റെ മുകളില്‍ നിന്ന് അദ്ദേഹം അത് ആഞ്ഞു വീശി.
      അതാ ഡിഡാലസ് വായുവില്‍ ഒരു പക്ഷിയെപ്പോലെ പറന്നുയരുന്നു. ഇക്കാറസ് അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഡിഡാലസ് പറന്നിറങ്ങിയിട്ട് ഇക്കാറസിനെയും ആ വിദ്യ പരിശീലിപ്പിച്ചു. താമസിയാതെ ബാലനായ ഇക്കാറസും അതില്‍ വിദഗ്ദ്ധനായി. ഡിഡാലസ് മകന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

      "കടലിലൂടെ ദീര്‍ഘദൂരം പറക്കാനുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍  ചിറകു വീശരുത്. താഴ്ന്നു പറക്കരുത്. കടത്തിരകളില്‍ പെട്ട് ചിറകു നനഞ്ഞാല്‍ പറക്കാനാവില്ല... ഉയര്‍ന്നു പറക്കരുത്. സൂര്യന്റെ ചൂടു നിനക്ക് താങ്ങാനാവില്ല...'' ഇക്കാറസ് അതെല്ലാം മൂളിക്കേട്ടു. അങ്ങനെ അവര്‍ പറന്നുയര്‍ന്നു.
      താഴെ കരകാണാക്കടല്‍. മുകളില്‍ അനന്തമായ ആകാശം...   കുറേ ദൂരം പറന്നു കഴിഞ്ഞപ്പോള്‍ ഇക്കാറസിന് ആത്മവിശ്വാസവും ആവേശവും വര്‍ദ്ധിച്ചു. അവന്‍ മുകളിലേക്കു നോക്കി. സൂര്യന്‍ അങ്ങുയരത്തില്‍. ആകാശത്തെ കീഴടക്കുന്ന പക്ഷികള്‍ അവന്റെ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇപ്പോള്‍ പക്ഷികളും താനും തമ്മില്‍ എന്തു വ്യത്യാസം? അവന്‍ ആവേശത്തോടെ സൂര്യനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഉയരുംതോറും സൂര്യന്റെ ചൂട് കഠിനമായി വന്നു. അവന്റെ ചിറകുകള്‍ കൂട്ടി യോജിപ്പിച്ചിരുന്ന മെഴുക് ഉരുകാന്‍ തുടങ്ങി. അധികം താമസിയാതെ അവന്റെ ചിറകിന്റെ തൂവലുകളെല്ലാം കാറ്റില്‍ ഇളകിയടര്‍ന്നു. അവ മെഴുകില്‍നിന്ന് വേര്‍പെട്ട് കാറ്റില്‍ ലയിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ട ഇക്കാറസ് പറക്കാനാവാതെ താഴേക്കു പതിച്ചു. മകനു സംഭവിച്ച അപകടം ഡിഡാലസ് തിരിച്ചറിഞ്ഞപ്പോഴേക്കും താമസിച്ചു പോയിരുന്നു.
      ഇക്കാറസിനുണ്ടായ പതനം കണ്ടില്ലേ. തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.